ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ രാധാകൃഷ്ണ മേനോനും

ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിൽ മുൻ സംസ്ഥാന സെക്രട്ടറിയും വക്താവുമായ ബി. രാധാകൃഷ്ണ മേനോനുമുണ്ടെന്ന് റിപ്പോർട്ട്. ചങ്ങനാശ്ശേരിക്കാരനായ മേനോന് എൻഎസ്എസ്സുമായുള്ള ബന്ധം കൂടി കണക്കിലെടുത്താണ് കേന്ദ്ര നേതൃത്വം പരിഗണനയിൽ പെടുത്തിയിരിക്കുന്നത്.
കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ്, കെ സുരേന്ദ്രൻ, എംടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. എൻഎസ്എസ്സുമായി പുലർത്തുന്ന നല്ല ബന്ധവും കോട്ടയത്തെ കേരളാ കോൺഗ്രസ് നേതാക്കളുമായുള്ള അടുപ്പവുമാണ് രാധാകൃഷ്ണ മേനോനുള്ള അനുകൂല ഘടകങ്ങൾ.
നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷന് ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നിട്ടുണ്ട് രാധാകൃഷ്ണ മേനോൻ. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. നിലവിൽ കൊച്ചിൻ ഷിപ്യാർഡ് പാർട്ട് ടൈം ഡയറക്ടറാണ്. ഇദ്ദേഹത്തിന്റെ കാലാവധി അടുത്ത മാർച്ച് വരെയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ഇദ്ദേഹം മത്സരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും അത് നടക്കുകയുണ്ടായില്ല.