TopTop
Begin typing your search above and press return to search.

ബാര്‍കോഴക്കേസ് ഗൂഢാലോചന; 'കിങ് പിന്‍' രമേശ് ചെന്നിത്തലയെന്ന് കേരള കോണ്‍ഗ്രസ് റിപ്പോര്‍ട്ട്, ആര്‍ ബാലകൃഷ്ണപിളളയും പി സി ജോര്‍ജും പങ്കാളികള്‍

ബാര്‍കോഴക്കേസ് ഗൂഢാലോചന; കിങ് പിന്‍ രമേശ് ചെന്നിത്തലയെന്ന് കേരള കോണ്‍ഗ്രസ് റിപ്പോര്‍ട്ട്, ആര്‍ ബാലകൃഷ്ണപിളളയും പി സി ജോര്‍ജും പങ്കാളികള്‍

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരിക്കെ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിക്കെതിരെ ഉയര്‍ന്ന ബാര്‍ക്കോഴക്കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഗൂഡാലോചനയെന്ന് ആരോപണം. വിഷയം പരിശോധിക്കാന്‍ കേരള കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെയാണ് രൂക്ഷ വിമര്‍ശനം. ഗൂഢാലോചനയുടെ കിങ് പിന്‍ എന്നാണ് രമേശ് ചെന്നിത്തലയെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഐ ഗ്രൂപ്പിന്റെ ഈ ഗൂഢാലോചനയെ കുറിച്ച് ഉമ്മന്‍ചാണ്ടിക്കും അറിവുണ്ടായിരുന്നു എന്ന പ്രത്യേക പരാമര്‍ശവും അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ അന്തരിച്ച ചങ്ങനാശ്ശേരി എംഎല്‍എ സി എഫ് തോമസിന്റെ നേതൃത്വത്തിലായിരുന്നു ബാര്‍കോഴക്കേസ് ഗൂഢാലോചന അന്വേഷിച്ചത്. സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെയാണ് അന്വേഷണം നടത്തിയതും പുര്‍ത്തീകരിച്ചതും. ജോസ് കെ മാണി യുഡിഎഫ് വിട്ടതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നതെന്നതും ശ്രദ്ധേയമാണ്.

കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു ഗൂഢാലോചനയെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇതിന്റെ വിവിധ ഘട്ടങ്ങളില്‍ അടൂര്‍ പ്രകാശും ജോസഫ് വാഴയ്ക്കനും ഇടപെട്ടു. ആര്‍. ബാലകൃഷ്ണപിളളയും പി.സി.ജോര്‍ജും വിവിധ ഘട്ടങ്ങളില്‍ ഗൂഢാലോചനയില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്. ഒരു അഭിഭാഷകന്റെ സാന്നിധ്യത്തില്‍ എറണാകുളത്ത്, മുണ്ടക്കയത്തെ ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലായിരുന്നു പ്രധാന ഗൂഢാലോചന. ജേക്കബ് തോമസുമായും സുകേശനുമായും ബാറുടമയായ ബിജു രമേശുമായും ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2016 മാര്‍ച്ച് 31-നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ നാലുവര്‍ഷത്തോളം കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ മാത്രം കൈവശമുണ്ടായിരുന്ന റിപ്പോര്‍ട്ട് പുതിയ സാഹചര്യത്തിലാണ് പുറത്ത് വന്നതെന്നതും ശ്രദ്ധേയമാണ്. യൂഡിഎഫ് വിട്ടതിന് പിന്നാലെ കെ.എം.മാണിയെ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് ജോസ് കെ മാണി നിരന്തരം ആരോപിച്ചിരുന്നു. ആരോപണങ്ങളുടെ അടിസ്ഥാനം കൂടിയാണ് ഇപ്പോള്‍ റിപ്പോര്‍ട്ടിലൂടെ പുറത്ത് വരുന്നത്.


Next Story

Related Stories