Top

പിണറായി വിജയന് ബിജെപി പത്രത്തിന്റെ 'ബിഗ് സല്യൂട്ട്'

പിണറായി വിജയന് ബിജെപി പത്രത്തിന്റെ


മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി ബിജെപി അനുകൂല പത്രം ജന്മഭൂമി. യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയതതും, മാവോയിസ്റ്റുളെ വെടിവെച്ചു കൊലപെടുത്തിയതുമാണ് ജന്മഭൂമിയെ പിണറായിയെ പുകഴ്ത്താന്‍ കാരണം. ജന്മഭൂമിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ കുഞ്ഞികണ്ണനാണ് പിണറായിക്ക് ബിഗ് സല്യൂട്ട് എന്ന ലേഖനം പ്രസിദ്ധീകരിച്ചത്.
പിണറായി വിജയന്റെ ആദ്യ കാല രാഷ്ട്രീയ ജീവിതത്തെ മുതല്‍ ആദരവോടെയെന്ന മട്ടിലാണ് ലേഖനം കാണുന്നത്. അടിയന്തരവസ്ഥകാലത്ത് നേരിട്ട മര്‍ദ്ദനവും വിശദീകരിച്ച് ജന്മഭൂമി ഇങ്ങനെ എഴുതുന്നു '
"അടിയന്തരാവസ്ഥക്കാലത്ത് കരുണാകരന്റെ പോലീസിനെ കണ്ണൂര്‍ ജില്ലയില്‍ നയിച്ചത് കോണ്‍ഗ്രസ് നേതാവായിരുന്ന എന്‍. രാമകൃഷ്ണനായിരുന്നു. വിജയനെ ഒതുക്കേണ്ടത് രാമകൃഷ്ണന് അനിവാര്യമായിരുന്നു. പോലീസിനെ അതിനായി നിയോഗിച്ചു. കസ്റ്റഡിയില്‍ പോലീസിന്റെ ലാത്തിക്ക് പരിചയമില്ലാത്ത ഒരുഭാഗവും വിജയന്റെ ശരീരത്തിലുണ്ടായിരുന്നില്ല. അതിനുശേഷം വിജയന്‍ നിയമസഭയില്‍ മുഖ്യമന്ത്രി അച്യുതമേനോനെയും കെ. കരുണാകരനെയും നോക്കി നടത്തിയ പ്രസംഗം ചരിത്രരേഖയാണ്. അത് പൂര്‍ണമായും ദേശാഭിമാനിപോലും പ്രസിദ്ധീകരിച്ചിരുന്നില്ല. പക്ഷേ 'ജന്മഭൂമി' ഒരു ദിവസം എഡിറ്റോറിയല്‍ പേജ് പൂര്‍ണമായും വിജയന്റെ പ്രസംഗത്തിന് നീക്കിവച്ചിരുന്നു.''
ലേഖനം ഇങ്ങനെ തുടരുന്നു: പാര്‍ട്ടികകത്ത് കോലാഹലം ഉയര്‍ന്നുകൊണ്ടിരിക്കുമ്പോഴും നിയമസഭയില്‍ ഒരു വിഭാഗക്കാര്‍ പിതൃശൂന്യ നിലപാടെടുക്കുന്ന സമയത്തും മാവോയിസ്റ്റുകള്‍ ആട്ടിന്‍കുട്ടികളല്ലെന്ന് ഒരു മാര്‍ക്‌സിസ്റ്റ് കാരന് പറയാന്‍ തോന്നിയത് നിസ്സാരകാര്യമല്ലെന്നാണ് എഡിറ്റ് പേജില്‍ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. ' മാവോവാദി ആശയങ്ങളിലേക്കുള്ള റിക്രൂട്ടിംങ് ഏജന്റുമാരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പന്തിരാങ്കാവില്‍ അറസ്റ്റിലായ മാവോവാദികളായ കുഞ്ഞാടുകള്‍ പാര്‍ട്ടിയുടെ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണെന്ന സത്യം അതല്ലേ വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്ത യുഎപിഎ ചുമത്തിയ പൊലീസിനെ തള്ളിപറയാന്‍ തയ്യാറായ മുഖ്യമന്ത്രിയെ നിസ്സാരനായി കാണാന്‍ പറ്റില്ലല്ലോ.
മുന്‍ ജനറല്‍ സെക്രട്ടറിയും പിബി മെമ്പര്‍മാരും യുഎ പിഎ ചുമത്തിയതിനെതിരെ അരിവാള്‍ വീശുമ്പോള്‍ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ വിജയനേ പറ്റൂ. അതുകൊണ്ടാണ് 'പിണറായിക്ക് ബിഗ് സല്യൂട്ട്' ഓഫര്‍ ചെയ്യാന്‍ തോന്നിയത്.' ലേഖനം പറയുന്നു
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലയെ വിമര്‍ശിച്ച സിപിഐയെയും കോണ്‍ഗ്രസിനെയും ശക്തമായി വിമര്‍ശിക്കുന്നുമുണ്ട് ലേഖനം.
"മാവോയിസ്റ്റുകളെ (നക്സലൈറ്റ്) കൊന്ന് കണ്ണ് ചൂഴ്ന്നെടുത്ത കോണ്‍ഗ്രസ്-സിപിഐ ഭരണകാലം മറക്കാന്‍ കഴിയുമോ? വയനാട്ടില്‍ വര്‍ഗീസ് കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലായിരുന്നോ? കുന്നിക്കല്‍ നാരായണനേയും അജിതയേയും പീഡിപ്പിച്ച കാലഘട്ടം മറയ്ക്കാന്‍ പറ്റുമോ! പി. രാജന്‍ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ ജഡം പോലും കാണാനുള്ള ഭാഗ്യം പിതാവ് പ്രൊഫ. ഈച്ചരവാര്യര്‍ക്ക് ഉണ്ടായോ? ഇതൊക്കെ മറന്ന് കോണ്‍ഗ്രസ്-സിപിഐ നേതാക്കള്‍ നടത്തുന്നത് കറകളഞ്ഞ കാപട്യമല്ലേ?' എന്നാണ് ലേഖനം ചോദിച്ചക്കുന്നത്
മാവോയിസ്റ്റ് അനുഭാവം ആരോപിച്ച് അറസ്റ്റിലായവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ പൊലീസ് ആഭ്യന്തര വകുപ്പിന് കൈമാറിയതോടെയാണ് യുഎപിഎ പിന്‍വലിക്കാനുള്ള നീക്കം അവസാനിപ്പിച്ചതെന്നും ലേഖനം അവകാശപ്പെടുന്നു.
മഞ്ചങ്കണ്ടി ഏറ്റുമുട്ടല്‍ കൊലകള്‍ക്കും കോഴിക്കോട്ടെ യുഎപിഎ അറസ്റ്റിനും തുടക്കം മുതല്‍ പിന്തുണ നല്‍കിയ പാര്‍ട്ടിയാണ് ബിജെപി.


Next Story

Related Stories