നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ബിഡിജെഎസിന്റെ ആവശ്യം ബിജെപി തള്ളി. ഇക്കുറി 37 സീറ്റുകള്‍ വേണമെന്നായിരുന്നു ബിഡിജെഎസിന്റെ ആവശ്യം. എന്നാല്‍ 20 സീറ്റുകളില്‍ മാത്രമേ നല്‍കൂവെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. മാത്രമല്ല, പ്രധാനപ്പെട്ട സീറ്റുകള്‍ ഏറ്റെടുക്കാനും തീരുമാനമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനമാണ് ബിഡിജെഎസിന് വിനയായത്.
37 സീറ്റുകള്‍ സാധ്യമല്ലെങ്കില്‍ 30 സീറ്റുകളെങ്കിലും നല്‍കണമെന്നായിരുന്നു ബിഡിജെഎസ് ആവശ്യപ്പെട്ടത്. എന്നാല്‍ 20 സീറ്റുകളില്‍ താഴെ മാത്രം നല്‍കാനാണ് ബിജെപിയുടെ തീരുമാനം. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ക്കു പകരം മറ്റു സീറ്റുകള്‍ നല്‍കണമെന്ന ബിഡിജെഎസ് ആവശ്യവും ബിജെപി തള്ളി. കോവളം, വര്‍ക്കല, വാമനപുരം, കരുനാഗപ്പള്ളി, കൊടുങ്ങല്ലൂര്‍, നാട്ടിക, കുട്ടനാട്, തിരുവല്ല, തൊടുപുഴ ഉള്‍പ്പെടെ സീറ്റുകളാകും തിരിച്ചെടുക്കുക. ഇക്കാര്യത്തില്‍ ബിജെപി ഉടന്‍ തീരുമാനം അറിയിക്കും.
അതേസമയം, എന്‍ഡിഎയില്‍ ഐക്യമില്ലാതിരുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നാണ് ബിഡിജെഎസ് വിമര്‍ശനം. ഇക്കാര്യത്തിലുള്ള അതൃപ്തി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തുഷാര്‍ വെള്ളാപ്പള്ളി പറയുകയും ചെയ്തിരുന്നു. ശക്തി കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞില്ലെന്നാണ് ബിഡിജെഎസ് വിലയിരുത്തല്‍. കൂടുതല്‍ സീറ്റുകളില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന വാദമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ബിജെപി സംസ്ഥാന ഘടകത്തിന് അത് സ്വീകാര്യമല്ല.