TopTop
Begin typing your search above and press return to search.

'മോദിക്കെതിരെ ആവാം, പിണറായിക്കെതിരെ പറ്റില്ല എന്നാണോ?'; കോവിഡ് പടര്‍ന്നു പിടിക്കുന്നതിന്റെ പേരില്‍ സമരം നിര്‍ത്താന്‍ പറ്റില്ലെന്ന് ബിജെപി

മോദിക്കെതിരെ ആവാം, പിണറായിക്കെതിരെ പറ്റില്ല എന്നാണോ?; കോവിഡ് പടര്‍ന്നു പിടിക്കുന്നതിന്റെ പേരില്‍ സമരം നിര്‍ത്താന്‍ പറ്റില്ലെന്ന് ബിജെപി

കോവിഡിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ സമരം നിര്‍ത്തി വയ്ക്കില്ലെന്ന് ബിജെപി. സംസ്ഥാനത്ത് കോവിഡ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈകിട്ട് സര്‍വകക്ഷി യോഗം ചേരാനിരിക്കെയാണ് സര്‍ക്കാരിനെതിരായ സമരം നിര്‍ത്തി വയ്ക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കിയത്.

ഇക്കാര്യം സര്‍വകക്ഷി യോഗത്തില്‍ അറിയിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് നരേന്ദ്ര മോദി സര്‍ക്കാരിനെതിരായി സമരം ചെയ്യുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തു വരുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മോദി സര്‍ക്കാരിനെതിരെ സമരമാവാം, പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ സമരം പാടില്ല എന്നാണോ പറയുന്നത്. ജനാധിപത്യപരമായി ജനങ്ങള്‍ നടത്തുന്ന പ്രതിഷേധമാണ് സമരം. സമരം ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ ആവശ്യമെങ്കില്‍ ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ആള്‍ക്കൂട്ടമില്ലാതെ സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് കോവിഡ് ബാധ ദിവസവും 7000 വീതം എന്ന കണക്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. സ്വര്‍ണ കള്ളക്കടത്ത് മുതല്‍ ലൈഫ് മിഷന്‍ പദ്ധതി ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരിനെതിരെ സമരത്തിലാണ്. ഈ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.


Next Story

Related Stories