TopTop
Begin typing your search above and press return to search.

ഭീഷണി കൊണ്ട് പിന്മാറുന്നവരല്ല ബിജെപിയെന്ന് പിണറായി വിജയന് നന്നായി അറിയാം, പിന്തിരിഞ്ഞോടുന്നവരല്ല ഞങ്ങള്‍: കെ. സുരേന്ദ്രന്റെ മറുപടി

ഭീഷണി കൊണ്ട് പിന്മാറുന്നവരല്ല ബിജെപിയെന്ന് പിണറായി വിജയന് നന്നായി അറിയാം, പിന്തിരിഞ്ഞോടുന്നവരല്ല ഞങ്ങള്‍: കെ. സുരേന്ദ്രന്റെ മറുപടി

ഭീഷണി കൊണ്ട് പിന്മാറുന്നവരല്ല ബിജെപിയെന്ന് പിണറായി വിജയന് നന്നായി അറിയാമെന്നും മാനസിക നില തെറ്റിയത് അദ്ദേഹത്തിനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ മാനസിക നില തെറ്റിയെന്നും അങ്ങനെയുള്ള ഒരാളെ പാര്‍ട്ടിയുടെ അധ്യക്ഷനായി ഇരുത്തേണ്ടി വന്ന കാര്യം ആ പാര്‍ട്ടി ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ഇന്ന് ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉത്ഘാടനം ചെയ്തുകൊണ്ട് സുരേന്ദ്രന്‍.

"മറ്റു തലത്തില്‍ മറുപടി തരും എന്നാണ് ഭീഷണി. അത് ഞങ്ങള്‍ കാത്തിരിക്കുകയാണ്. വാടിക്കല്‍ രാമകൃഷ്ണന്‍ മുതല്‍ ആ മറുപടി ഞങ്ങള്‍ കണ്ടിട്ടുമുണ്ട്, അതിനെ നേരിട്ടിട്ടുമുണ്ട്. പിന്തിരിഞ്ഞോടുന്നവരല്ല ഞങ്ങള്‍. നേര്‍ക്കുനേര്‍ നിന്ന് ശക്തമായി നേരിട്ടിട്ടുണ്ട്. അതെല്ലാം ബോധ്യമുള്ള ആളാണ് പിണറായി", സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് തന്റെ കുടുംബത്തിനെതിരെ ബിജെപി പ്രസിഡന്റ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയായിരുന്നു പിണറായിയുടെ പരാമര്‍ശം. "സുരേന്ദ്രനല്ല പിണറായി വിജയനെന്ന് ഓര്‍ക്കണം. എന്തു നടപടി സ്വീകരിക്കുമെന്ന് പിന്നീട് പറയാം ഇതങ്ങനെ വിട്ടു പോകാന്‍ പാടുള്ളതല്ല. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ ബിജെപി പ്രസിഡന്റ് പറയുകയാണ്. മാധ്യമങ്ങള്‍ അതിന്റെ മെഗാഫോണായി മാറുന്നു. ശുദ്ധ അപവാദം പറയുമ്പോള്‍ അങ്ങനെ കാണാന്‍ മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും കഴിയേണ്ടതുണ്ട്. അനാവശ്യ കാര്യങ്ങള്‍ വിവാദമാക്കുമ്പോള്‍ മാധ്യമങ്ങള്‍ അതിന്റെ ഭാഗമാകുന്നതെന്തിനാണ്" എന്നായിരുന്നു പിണറായിയുടെ വാക്കുകള്‍.

രാഷ്ട്രീയമായ ആരോപണങ്ങള്‍ക്ക് അത്തരത്തിലുള്ള മറുപടിയാണ് വേണ്ടതെന്നും ഭീഷണിപ്പെടുത്തി തങ്ങളുടെ സമരത്തെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. "പോലീസിനൊപ്പം ഡിവൈഎഫ്‌ഐ ക്രിമിനലുകളും ബിജെപിയെ നേരിടാന്‍ രംഗത്തുണ്ട്. ഡിവൈഎഫ്‌ഐയെ അതേ നാണയത്തില്‍ നേരിടാന്‍ ഞങ്ങള്‍ തയാറാണ്. ബിജെപിയുടെ പെണ്‍പുലികള്‍ മാത്രം മതി അതിന്. വകവരുത്തിയാലും ഞങ്ങള്‍ മുന്നോട്ടു പോകും. ഞങ്ങള്‍ക്കെതിരെ പരസ്യ വെല്ലുവിളി നടത്തിയ മുഖ്യമന്ത്രി പാര്‍ട്ടി ക്രിമിനലുകള്‍ക്കും സിപിഎമ്മിന്റെ പോലീസിനും അക്രമം നടത്താനുള്ള സന്ദേശമാണ് നല്‍കുന്നത്. ബിജെപി അധ്യക്ഷനെ വേറെ കണ്ടോളാം എന്ന് പറയുന്ന പിണറായിയുടെ ഉദ്ദേശം വ്യക്തമാണ്. ചതിയും അക്രമവും നടത്തി സമരത്തെ നേരിടാനാണ് ഭാവമെങ്കില്‍ ഞങ്ങളും തയാറാണ്", പിണറായിയുടേയും മന്ത്രി കെ.ടി ജലീലിന്റെയും രാജി ആവശ്യപ്പെട്ടു കൊണ്ട് ബിജെപി പ്രസിഡന്റ് പറഞ്ഞു.

മാനസിക നില തെറ്റിയത് മുഖ്യമന്ത്രിക്കാണെന്നു ഭയമാണ് അദ്ദേഹത്തെ വേട്ടയാടുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. "സ്വന്തം നിഴലിനെ പോലും അദ്ദേഹം ഭയപ്പെടുന്നു. അന്വേഷണ ഏജന്‍സികള്‍ എപ്പോഴാണ് തന്നിലേക്ക് എത്തുക എന്ന പേടിയിലാണ് മുഖ്യമന്ത്രി. സ്വര്‍ണക്കള്ളക്കടത്ത് കേസിലും മയക്കുമരുന്ന് കേസിലുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിനും മറ്റ് മന്ത്രിമാര്‍ക്കും സിപിഎം നേതാക്കള്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയത് അന്വേഷണ ഏജന്‍സികളാണ്. എന്നാല്‍ ആരോപണത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പോലും മുഖ്യമന്ത്രി തയാറായിട്ടില്ലെ"ന്നും സുരേന്ദ്രന്‍ പറഞ്ഞു.

Next Story

Related Stories