TopTop

മോഷണശ്രമം തടയാന്‍ കേരള പോലീസ് നടപ്പാക്കിയ സിംസ് പദ്ധതിയിലും ക്രമക്കേട്; സ്വകാര്യ കമ്പനിക്ക് വൻ സാമ്പത്തിക നേട്ടമെന്ന് ആരോപണം, നിഷേധിച്ച് കെൽട്രോൺ

മോഷണശ്രമം തടയാന്‍ കേരള പോലീസ് നടപ്പാക്കിയ സിംസ് പദ്ധതിയിലും ക്രമക്കേട്; സ്വകാര്യ കമ്പനിക്ക് വൻ സാമ്പത്തിക നേട്ടമെന്ന് ആരോപണം, നിഷേധിച്ച് കെൽട്രോൺ

സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതരമായ കണ്ടെത്തലുകള്‍ക്ക് പിന്നാലെ സ്വകാര്യസ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി പോലീസ് തയാറാക്കിയ സിംസ് പദ്ധതിയിലും ക്രമക്കേടുകളുണ്ടെന്ന് ആരോപണം. പദ്ധതിയുടെ നടത്തിപ്പ് ചുമതല പോലീസിനാണെങ്കിലും സാങ്കേതിക പങ്കാളിത്തം ഗാലക്‌സണ്‍ ഇന്റര്‍നാഷണല്‍ എന്ന സ്വകാര്യ കമ്പനിക്കാണ്. സിംസിനെതിരെയുള്ള അഴിമതിയാരോപണം അടിസ്ഥാന രഹിതമാണെന്നും പദ്ധതിയുടെ നിയന്ത്രണവും ചുമതലയും കെല്‍ട്രോണിനാണെന്നുമായിരുന്നു ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി.

സ്വകാര്യസുരക്ഷയ്ക്കായി നടപ്പാക്കുന്ന സിംസ് പദ്ധതിയുടെ ചുമതല കെല്‍ട്രോണും പോലീസും ചേര്‍ന്ന് നടപ്പാക്കുന്നുവെന്നാണ് ഡി.ജി.പി ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഇക്കാര്യം തന്നെയാണ് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ പി.ടി തോമസ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയും നല്‍കിയത്. മോഷണശ്രമം തടയാന്‍ രാജ്യത്ത് ആദ്യമായി കേരള പോലീസ് തയാറാക്കിയ പദ്ധതിയാണ് സിംസ്. ഈ പദ്ധതിയുടെ നിയന്ത്രണം, നടത്തിപ്പ് ചുമതല എന്നിവ കെല്‍ട്രോണിനാണ്. ഇതിനായി സര്‍ക്കാരോ പോലീസോ യാതൊരു തുകയും ചിലവഴിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത് സംബന്ധിച്ച അഴിമതിയരോപണത്തില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നത് പോലീസിന്റെ പേരിലാണെങ്കിലും സാമ്പത്തികനേട്ടം കൊയ്യുന്നത് ഗ്യാലക്‌സോണ്‍ ഇന്റര്‍നാഷണല്‍ എന്ന സ്വകാര്യകമ്പനിയാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പദ്ധതിയില്‍ അംഗമാകുന്ന സ്ഥാപനങ്ങളില്‍ സെര്‍വര്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് ഈ കമ്പനിയാണ്. അതിന്റെ പണവും മാസംതോറും നിശ്ചിത ഫീസും ഇവര്‍ വാങ്ങും. അതില്‍ നിന്ന് ചെറിയ തുക മാത്രമാണ് പോലീസിന് കൈമാറുക. കൂടുതല്‍ സ്ഥാപനങ്ങളെ പദ്ധതിയില്‍ ചേര്‍ക്കാന്‍ ഡി.ജി.പി എസ്.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

പദ്ധതിയുടെ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം പോലീസ് ആസ്ഥാനത്തിനുള്ളിലാണ്. രണ്ടു ജീവനക്കാര്‍ക്ക് ഇതിനുള്ളില്‍ പ്രവര്‍ത്തിക്കാനും പോലീസുകാരെ നിയന്ത്രിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. അതേസമയം സിംസ് പദ്ധതിയ്ക്ക് സാങ്കേതിക സഹായം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് കമ്പനി പ്രതിനിധികള്‍ പറയുന്നു. കെല്‍ട്രോണിന്റെ ഇ-ടെന്‍ഡറിലൂടെയാണ് തങ്ങള്‍ സിംസിന്റെ ഭാഗമായത്. പദ്ധതിയുടെ പ്രധാന പങ്കാളി കെല്‍ട്രോണ്‍ ആണെന്നും അവര്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും കമ്പനി വിശദീകരിക്കുന്നു. ദുബായ് ആസ്ഥാനമായ കമ്പനി ആദ്യമായാണ് ഇന്ത്യയില്‍ കരാര്‍ ഏറ്റെടുക്കുന്നതെന്നും ഷാര്‍ജ, ദുബായ് പോലീസിനുള്‍പ്പെടെ തങ്ങള്‍ സാങ്കേതിക സഹായം ചെയ്ത് നല്‍കാറുണ്ടെന്നും ഇവര്‍ വിശദീകരിച്ചു.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മേല്‍ മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ പോലീസ് ആസ്ഥാനത്ത് കെല്‍ട്രോണിന് പ്രത്യേക സ്ഥലം അനുവദിച്ച് സ്വകാര്യ കണ്‍ട്രോള്‍ റൂം തുറക്കാനായിരുന്നു സിംസ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. കെല്‍ട്രോണിനെ ചുമതല ഏല്‍പ്പിക്കാനായിരുന്നു തീരുമാനമെങ്കിലും കരാര്‍ വ്യവസ്ഥകള്‍ കെല്‍ട്രോണ്‍ ലംഘിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതല കെല്‍ട്രോണിന് തന്നെയാണെന്നാണ് ഡി.ജി.പിയും മുഖ്യമന്ത്രിയും ആവര്‍ത്തിക്കുന്നത്.

എന്നാൽ സിംസ് പദ്ധതിയെ കുറിച്ച് ഉയർന്ന് ആരോപണങ്ങൾ തള്ളി കെൽട്രോൺ രംഗത്തെത്തി. കെൽട്രോൺ എംഡി ടിആർ ഹേമലത എഷ്യാനെറ്റ് ന്യൂസിനോട് നടത്തിയ പ്രതികരണത്തിലാണ് ആരോണം തള്ളിയത്. ടെണ്ടറിനെതിരെ ആരും പരാതി തന്നിട്ടില്ലെന്ന് വ്യക്തമാക്കിയ എംഡി നാല് തവണ ടെണ്ടർ വിളിച്ചാണ് ഗാലക്സോണിലെ സിംസ് പദ്ധതിക്കായി തിരഞ്ഞെടുത്തത് എന്നും വ്യക്തമാക്കുന്നു. ‌വിഷയം സിഎജിക്ക് പരിശോധിക്കാമെന്നും ഹേമലത വ്യക്തമാക്കി.

പോലീസ് ആസ്ഥാനത്ത് കമ്പനിക്ക് പ്രതിനിധിയില്ല. സെർവർ മുറിയിൽ മാത്രമാണ് പ്രതിനിധി പ്രവർത്തിക്കുന്നത്. ഇതിന്റെ പൂർണ നിയന്ത്രണം പോലീസിനാണെന്നും എംഡി വ്യക്തമാക്കുന്നു. സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് കെൽട്രോൺ മറുപടി നൽകുമെന്നും എംഡി പ്രതികരിച്ചു.


Next Story

Related Stories