TopTop
Begin typing your search above and press return to search.

ഗ്രാമീണ മേഖലകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കര്‍ശന നിയന്ത്രണം അനിവാര്യം: മുഖ്യമന്ത്രി

ഗ്രാമീണ മേഖലകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കര്‍ശന നിയന്ത്രണം അനിവാര്യം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പ്രവണത കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളില്‍ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. എങ്കിലും നഗരത്തിലേതുപോലെ കര്‍ശന നിയന്ത്രണം ഗ്രാമപ്രദേശത്തും അനിവാര്യമാണെന്നാണ് വസ്തുതകള്‍ കാണിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡിന്റെ ഒന്നാമത്തെ തരംഗത്തില്‍നിന്ന് വ്യത്യസ്തമായി രണ്ടാം തരംഗം ഇന്ത്യയില്‍ ഗ്രാമീണ മേഖലയിലേക്കും വ്യാപിച്ചു. ഇതാണ് മരണസംഖ്യ വര്‍ധിക്കാനുള്ള കാരണമായി പഠനങ്ങള്‍ വിലയിരുത്തുന്നത്. രാജ്യത്തെ ഗ്രാമീണ മേഖലകളിലെ ആരോഗ്യ സംവിധാനങ്ങളുടെ ദൗര്‍ലഭ്യം സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. പഞ്ചാബില്‍ 80 ശതമാനത്തോളം പേര്‍ ലക്ഷണങ്ങള്‍ വളരെ കൂടിയ ഘട്ടത്തിലാണ് ചികിത്സ തേടി എത്തിയതെന്നും പഠനം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ മുമ്പുള്ളതിനേക്കാള്‍ കേസുകള്‍ കൂടുന്ന പ്രവണതയുണ്ട്. എന്നാല്‍ ഇവിടെ നഗര-ഗ്രാമ അന്തരം താരതമ്യേന കുറവാണ്. ഗ്രാമീണ മേഖലകളിലെ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നത് ആശ്വാസകരമാണ്. എങ്കിലും നഗരത്തിലുള്ളതു പോലെ തന്നെ ശക്തമായ നിയന്ത്രണം ഗ്രാമപ്രദേശത്തും അനിവാര്യമാണ് എന്നതാണ് വസ്തുതകള്‍ കാണിക്കുന്നത്. നിയന്ത്രണങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ ഗ്രാമപ്രദേശങ്ങളിലും നടപ്പാക്കും. തദ്ദേശസ്ഥാപനങ്ങള്‍ അത് ഉറപ്പാക്കണം. ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് ഓക്സിജന്‍ നില ഇടയ്ക്കിടെ പരിശോധിക്കണം. എന്തെങ്കിലും പ്രശ്നങ്ങളോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ വാര്‍ഡ് മെമ്പര്‍മാരുമായോ ആരോഗ്യപ്രവര്‍ത്തകരേയോ ബന്ധപ്പെട്ട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണം. ആര്‍ക്കും ചികിത്സ കിട്ടാതെ പോകുന്ന സാഹചര്യം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Next Story

Related Stories