TopTop
Begin typing your search above and press return to search.

സ്ത്രീകളുടെ വീട്ടുജോലിഭാരം ലഘൂകരിക്കാനുള്ള സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി; മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയമിച്ചു

സ്ത്രീകളുടെ വീട്ടുജോലിഭാരം ലഘൂകരിക്കാനുള്ള സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി; മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയമിച്ചു

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിയുടെ മാര്‍ഗരേഖയും ശുപാര്‍ശയും സമര്‍പ്പിക്കാന്‍ വനിത ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കേണ്ട സഹായം, ഗാര്‍ഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കാന്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കല്‍ എന്നിവ സംബന്ധിച്ച മാര്‍ഗരേഖ സമര്‍പ്പിക്കാനാണ് സമിതിയെ രൂപീകരിച്ചത്. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങള്‍. ജൂലൈ പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗാര്‍ഹിക അധ്വാനത്തിലേര്‍പ്പെടുന്നത് മഹാഭൂരിപക്ഷവും സ്ത്രീകളാണ്. വീട്ടിലെ ജോലിക്കൊപ്പം പുറമേയുള്ള ജോലിയിലും ഇവര്‍ ഏര്‍പ്പെടുന്നുണ്ട്. സ്ത്രീകളുടെ വീട്ടിലെ അധ്വാനം നമ്മുടെ സമ്പദ് വ്യവസ്ഥയുെടെ ആകെ മൂല്യം കണക്കാക്കുമ്പോള്‍ ഉള്‍പ്പെടുന്നില്ല. ഗാര്‍ഹിക അധ്വാനത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുക, വീട്ടുജോലിഭാരം ലഘൂകരിക്കുക എന്നിവയാണ് സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഗാര്‍ഹിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത് ഉള്‍പ്പെടെ പദ്ധതിയുടെ ഭാഗമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Next Story

Related Stories