TopTop
Begin typing your search above and press return to search.

EXCLUSIVE | പ്ലാച്ചിമടയില്‍ നടന്നത് ചതി, കൊക്കകോള കമ്പനി സ്വാധീനിക്കാന്‍ ശ്രമിച്ചു-വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഐ എ എസ്

EXCLUSIVE | പ്ലാച്ചിമടയില്‍ നടന്നത് ചതി, കൊക്കകോള കമ്പനി സ്വാധീനിക്കാന്‍ ശ്രമിച്ചു-വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഐ എ എസ്


പ്ലാച്ചിമടയില്‍ ജലമലിനീകരണം സംഭവിച്ചത് കൊക്കകോള പ്ലാന്റിന്റെ പ്രവര്‍ത്തനം മൂലമാണോ അല്ലയോ എന്ന് പറയാന്‍ കഴിയില്ലെന്ന് പോലീസ് മണ്ണാര്‍ക്കാട് എസ് സി, എസ് ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഹിന്ദുസ്ഥാന്‍ കൊക്കകോള ബീവറേജസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കണം എന്നവശ്യപ്പെട്ട് പ്ലാച്ചിമട വിജയനഗര്‍ കോളനി നിവാസികള്‍ ഫയല്‍ ചെയ്ത കേസിലാണ് പോലീസിന്റെ വിവാദ റിപ്പോര്‍ട്ട്. എന്നാല്‍ 2010ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തലുകള്‍ക്ക് കടകവിരുദ്ധമാണ് ഈ റിപ്പോര്‍ട്ട്. ഈയവസരത്തില്‍ ഉന്നതാധികാര സമിതിയുടെ അധ്യക്ഷനായിരുന്ന കെ ജയകുമാര്‍ ഐഎഎസ് അഴിമുഖത്തോട് സംസാരിക്കുന്നു. പ്ലാച്ചിമടയില്‍ നടന്നത് ഒരു ചതിയായി പോയെന്നും സാധുക്കളുടെ ശബ്ദത്തിന് യാതൊരു വിലയുമില്ലെന്നും അദ്ദേഹം അഴിമുഖം പ്രതിനിധിയുമായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞു. കൊക്കകോള കമ്പനി സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ താന്‍ വഴങ്ങിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ച് പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ സ്ഥാപിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ബില്ല് പാസാക്കുകയും ട്രിബ്യൂണല്‍ നിലവില്‍ വരികയും ചെയ്തതാണ്. എന്നാല്‍ ഹരിത ട്രിബ്യൂണല്‍ ഉണ്ടെന്ന കാരണം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ അത് തടയുകയായിരുന്നു. അതുകൊണ്ട് ഒന്നും സംഭവിച്ചില്ല. ബില്ല് പാസാക്കിയ സമയത്ത് ഹരിത ട്രിബ്യൂണല്‍ ഉണ്ടായിരുന്നില്ല. പോലീസ് കോടതിയില്‍ സമര്‍പ്പിച്ചെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ജലമലിനീകരണം സംഭവിച്ചത് കൊക്കകോള പ്ലാന്റിന്റെ പ്രവര്‍ത്തനം മൂലമാണോ അല്ലെയോ എന്നു പറയാന്‍ സാധിക്കില്ല എന്നല്ലേ. ജലം ഉണ്ടെങ്കില്‍ അല്ലേ മലിനമാകുകയുള്ളൂ. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് എന്തുകാര്യമെന്നും അദ്ദേഹം ചോദിക്കുന്നു. ഇപ്പോള്‍ വാട്ടര്‍ ക്വാളിറ്റി പരിശോധിച്ചാല്‍ മലിനീകരണം അറിയാന്‍ സാധിക്കുകയില്ല. കരണം ഫാക്ടറി പൂട്ടിയിട്ട് പത്ത് വര്‍ഷത്തിലേറെയായി. ഇപ്പോള്‍ മാലിന്യം നിക്ഷേപിക്കാത്തതിനാല്‍ കുളങ്ങളിലും കിണറുകളിലും ശുദ്ധജലം നിറഞ്ഞിട്ടുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പക്ഷെ, ഫാക്ടറി നടത്തിക്കൊണ്ടിരുന്ന വര്‍ഷവും അതിന് ശേഷവും ആളുകള്‍ അനുഭവിച്ച ദുരിതത്തിന് ഒരു നഷ്ടപരിഹാരവും സര്‍ക്കാരോ കൊക്കകോളയോ കൊടുത്തിട്ടില്ല. ഫാക്ടറികൊണ്ട് നഷ്ടപരിഹാരം കൊടുപ്പിക്കണം അതിന് വേണ്ടി ട്രിബ്യൂണല്‍ രൂപീകരിക്കണമെന്ന ശുപാര്‍ശ ഇന്നും നടപ്പാക്കിയിട്ടില്ല. സാധാരണക്കാരനെ എല്ലാവരും കൂടി അവഗണിച്ചുവെന്നതാണ് പ്ലാച്ചിമടയില്‍ നടന്നത്. എസ് സി, എസ് ടി അട്രോസിറ്റി കേസ് മാത്രമല്ല കൊക്കകോളയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജലനിയമം (മലിനീകരണ നിയന്ത്രണവും തടയലും), പരിസ്ഥിതി (സംരക്ഷണം) നിയമവും, ഫാക്ടറി നിയമവും, അപകട മാലിന്യ(മാനേജ്മെന്റ്, കൈകാര്യം ചെയ്യല്‍ ചട്ടങ്ങള്‍) നിയമവും, പട്ടികജാതി-വര്‍ഗ്ഗം (അതിക്രമം തടയല്‍) നിയമവും, ഇന്ത്യന്‍ പീനല്‍ കോഡ്, ഭൂജല വിനിയോഗ ഉത്തരവും, കേരള ഭൂജല (നിയന്ത്രണവും ക്രമീകരണവും) നിയമം, ഇന്ത്യന്‍ ഈസ്മെന്റ് ആക്ടും ലംഘിച്ചുവെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമം ലംഘിച്ചവരെ ശിക്ഷിക്കാന്‍ അല്ലേ നമുക്ക് പറ്റൂവെന്നും അദ്ദേഹം ചോദിക്കുന്നു. കൊക്കകോളയുടെ ഒരു മാനേജരെ പിടിച്ച് ജയിലില്‍ ഇട്ടിട്ട് യാതൊരു പ്രയോജനവുമില്ല. നമുക്ക് വേണ്ടത് അവര്‍ ഉണ്ടാക്കി വച്ച ആപത്തുകൊണ്ട് ദുരിതവും നഷ്ടവും അനുഭവിച്ചവര്‍ക്ക് നഷ്ടപ്പെട്ട തൊഴില്‍ ദിവസങ്ങളും ആരോഗ്യവും വിദ്യാഭ്യാസം എന്നിവ ഓരോ വ്യക്തിയെയും വിലയിരുത്തി ട്രിബ്യൂണല്‍ നിശ്ചയിക്കുന്ന തുക ഫാക്ടറി അവര്‍ക്ക് കൊടുക്കണമെന്നാണ് നമ്മുടെ ആഗ്രഹം. അതാണ് ന്യായം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊക്കകോളക്കാരന്റെ ശ്രമം ആ ട്രിബ്യൂണല്‍ ഉണ്ടാകാതിരിക്കാനാണ്. കാരണം ജന്മകാലത്ത് ആ നഷ്ടപരിഹാരം കൊടുക്കില്ല. സംസ്ഥാന സര്‍ക്കാരാണെങ്കില്‍ രണ്ടാമത് അതിന് വേണ്ടി ശ്രമിച്ചില്ല. വേണമെങ്കില്‍ അത് ഇനിയും ചെയ്യാവുന്നതാണ്. കര്‍ഷകര്‍ക്ക് വേണ്ടി മുമ്പ് ട്രിബ്യൂണല്‍ രൂപീകരിച്ചത് പോലെ പ്ലാച്ചിമടയില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് വേണ്ടിയും ട്രിബ്യൂണല്‍ രൂപീകരിക്കാവുന്നതാണ്. സംസ്ഥാന സര്‍ക്കാരിന് അതിന് അധികാരമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുവാദത്തിന് പോയതാണ് തെറ്റ്. അന്ന് സര്‍ക്കാരിന് ലഭിച്ച ഉപദേശം അനുസരിച്ചാണ് അങ്ങനെ ചെയ്തത്. ട്രിബ്യൂണല്‍ നിലവില്‍ വന്നിരുന്നെങ്കില്‍ കമ്പനി സുപ്രിംകോടതിയില്‍ പോയി വാദിച്ച് ജയിച്ച വരേണ്ടി വരുമായിരുന്നു. കേന്ദ്രസര്‍ക്കാരാണെങ്കില്‍ ബില്‍ അഞ്ച് വര്‍ഷം ഒന്നും ചെയ്യാതിരുന്നിട്ടാണ് തള്ളിയത്.

ഇനിയിപ്പോള്‍ പ്ലാച്ചിമടയില്‍ നടന്ന ജലചൂഷണത്തിന്റെയും ജല, പരിസ്ഥിതി മലീനകരണത്തിന്റെയും തെളിവുകള്‍ പോയില്ലേ. അതുകൊണ്ട് തന്നെ ഇനി കൊക്കകോള ശിക്ഷിക്കപ്പെടാന്‍ വളരെ ബുദ്ധിമുട്ട് ആയിരിക്കും. പോലീസിന്റെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യാനാകില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവിടെ മലിനീകരണം ഇല്ലായിരിക്കും. പക്ഷെ ഇപ്പോഴത്തെ കാര്യം വച്ച് അല്ല തീരുമാനമെടുക്കേണ്ടത്. അന്ന് എന്ത് സംഭവിച്ചുവെന്നതിനെ അടിസ്ഥാനമാക്കി വേണം തീരുമാനമെടുക്കാനെന്നും അദ്ദേഹം പറയുന്നു. ഉന്നതാധികര സമിതിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് തന്നെയാണ് തെളിവ്. അല്ലെങ്കില്‍ ആ കാലഘട്ടത്തിലെ കണ്ടെത്തലുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കയ്യിലോ പഞ്ചായത്തിലോ ഉണ്ടോയെന്ന് നോക്കണം.
പ്ലാച്ചിമടയില്‍ നടന്നത് ശരിക്കും ഒരു ചതിയായി പോയെന്നും ജയകുമാര്‍ ആരോപിക്കുന്നു. സാധുക്കളുടെ ശബ്ദത്തിന് യാതൊരു വിലയുമില്ലാതായി പോയി. കൊക്കകോളയുടെ ശക്തിയാണ് ഇവിടെ വിജയിച്ചത്. അന്ന് തന്നെ ട്രിബ്യൂണല്‍ രൂപീകരിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമായിരുന്നു. ഓരോ വര്‍ഷം കഴിയുന്തോറും നീതി അകന്ന് അകന്ന് പോകുകയാണ്. അന്ന് ഉണ്ടായിരുന്ന കുറെപ്പേര്‍ മരിച്ച് പോയി. പുതിയതായി വളര്‍ന്ന് വന്ന കുട്ടികള്‍ക്ക് ആ ദുരിതത്തെക്കുറിച്ച് ഒന്നും അറിയില്ല. തെളിവുകളും രേഖകളും നഷ്ടപ്പെടും ഓരോ വര്‍ഷം കഴിയുമ്പോഴും കേസ് ദുര്‍ബലമാകും. അത് തന്നെയാണ് കൊക്കകോളയുടെ തന്ത്രമെന്നും അദ്ദേഹം പറയുന്നു. കേരളത്തില്‍ പത്ത് പൈസയെങ്കിലും നഷ്ടപരിഹാരം കൊടുത്താല്‍ ആഫ്രിക്കയിലും സൗത്ത് അമേരിക്കയിലും ഉളള സകല രാജ്യങ്ങളും കൊക്കകോളയോട് നഷ്ടപരിഹാരം ആവശ്യപ്പെടും. അതുകൊണ്ട് അത്തരമൊരു ചരിത്രമുണ്ടാകാന്‍ അവര്‍ അനുവദിക്കില്ല.

ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടും സംഭവിക്കില്ലായിരുന്നു. അവര്‍ തന്നെ വ്യക്തിപരമായി സമീപിക്കാന്‍ ശ്രമിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അയയ്ക്കുന്ന നോട്ടീസ് അനുസരിച്ച് സമിതിക്ക് മുമ്പാകെ ഹജരാകാനായിരുന്നു തന്റെ നിര്‍ദ്ദേശം. എന്നാല്‍ അവര്‍ അത് ചെയ്തില്ല. കമ്മിറ്റിക്ക് അധികാരമില്ലെന്നാണ് അവര്‍ പറഞ്ഞത്. കേരള സര്‍ക്കാരിന് അധികാരമുണ്ടെങ്കില്‍ സമിതിക്കും അധികാരമുണ്ടെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ വന്നില്ലെങ്കില്‍ ഏകപക്ഷീയമായി തീരുമാനിക്കുമെന്നും വ്യക്തമാക്കിയിരുന്നു. പല നോട്ടീസുകളും കൊടുത്തിട്ടും അവര്‍ വരാതിരുന്നതിനാല്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നെന്നും ജയകുമാര്‍ വെളിപ്പെടുത്തി.


INVESTIGATION | പ്ലാച്ചിമടയില്‍ ജലം മലിനമാക്കിയത് കൊക്കകോള കമ്പനിയാണെന്നതിന് തെളിവില്ല, 10 വര്‍ഷം മുന്‍പത്തെ സര്‍ക്കാര്‍ ഉന്നതാധികാര സമിതിയുടെ കണ്ടെത്തല്‍ തള്ളി കേരള പോലീസ്


Next Story

Related Stories