Top

രണ്ടാം 'കൂനന്‍ കുരിശില്‍' ആശയക്കുഴപ്പം, പരിപാടി സഭാ നേതൃത്വം അറിയാതെ

രണ്ടാം


യാക്കോബായ സഭ നാളെ നടത്തുമെന്ന് പറയുന്ന 'രണ്ടാം കൂനന്‍ കുരിശ് സത്യം' സഭാ നേതൃത്വത്തിന്റെ അറിവില്ലാതെ. ഇത് സംബന്ധിച്ച് സഭയ്ക്കുള്ളില്‍ ആശയക്കുഴപ്പം ശക്തമായി. കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ഞായറാഴ്ച മൂന്ന് മണിക്ക് 'രണ്ടാം കൂനന്‍ കുരിശ് സത്യം' നടത്തുമെന്ന് യാക്കോബായ സഭ അറിയിച്ചിരുന്നു. എന്നാല്‍ ആ തീരുമാനം പള്ളി അധികാരികള്‍ സഭാ നേതൃത്വവുമായി ആലോചിക്കാതെയുണ്ടായതാണെന്ന് സഭാ വൃത്തങ്ങള്‍ പറയുന്നു. യാക്കോബായ സഭ 'രണ്ടാം കൂനന്‍ കുരിശ് സത്യ'ത്തിനൊരുങ്ങുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കോതമംഗലം പള്ളി അധികാരികള്‍ പ്രഖ്യാപിച്ചിരുന്നു. സഭയുടെ പാരമ്പര്യവും പള്ളികളും സംരക്ഷിക്കാനായാണ് നാളെ 'രണ്ടാം കൂനന്‍ കുരിശ് സത്യം' നടത്തുന്നതായി പറഞ്ഞത്. കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ഞായറാഴ്ച മൂന്ന് മണിക്കാണ് സഭയുടെ നേതൃത്വത്തില്‍ പരിപാടി നടക്കുക.

ചെറുത്ത് നില്‍പ്പിന്റെ ഭാഗമായി ആ തീരുമാനത്തിനൊപ്പം നിന്നാലും കൂനന്‍ കുരിശ് സത്യം എന്ന ചരിത്രപരമായി പ്രാധാന്യമുള്ള ഒന്നിനോട് അത് കൂട്ടിവായിക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കുമെന്നുമാണ് സഭാ നേതൃത്വത്തിന്റെ ആശങ്ക. നിലവില്‍ പള്ളികള്‍ ഇല്ലാതാവുന്ന പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കോതമംഗലം പളളിയില്‍ നടക്കുന്ന പരിപാടി വിജയിപ്പിക്കണം എന്നുള്ള ആലോചനകള്‍ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഓര്‍ത്തഡോക്സ് സഭയുമായി ബന്ധം ഉപേക്ഷിക്കുന്ന തരത്തിലേക്ക് 'രണ്ടാം കൂനന്‍ കുരിശ് സത്യം' വന്നാല്‍ അത് സഭയ്ക്ക് ദോഷം ചെയ്യുമെന്നും അത് ഒട്ടേറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സഭാ ഭാരവാഹികളില്‍ ചിലര്‍ പറയുന്നു. സഭാ നേതൃത്വവുമായി ആലോചിക്കാതെയാണ് പള്ളി അധികാരികള്‍ ഇക്കാര്യം വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചതെന്നും ഇവര്‍ പറയുന്നു.

സഹനത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗത്തില്‍ ഗാന്ധിയന്‍ സമര മുറകളിലൂടെ ശക്തമായ മുന്നേറ്റവും പ്രതിരോധവും തീര്‍ക്കുന്നതിന് മുന്നോടിയായാണ് സഭയുടെ നേതൃത്വത്തില്‍ 'രണ്ടാം കൂനന്‍ കുരിശ് സത്യ'മെന്ന് കോതമംഗലം പള്ളി ഭാരവാഹികള്‍ പറഞ്ഞിരുന്നു. അന്ത്യോഖ്യാ വിശ്വാസവും ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നുള്ള ആവശ്യം അധികാരികളേയും പൊതു സമൂഹത്തേയും ബോധ്യപ്പെടുത്തുകയെന്നതാണ് സഭയുടെ ലക്ഷ്യം. ഇനി ഒരു പള്ളിയും മറുവിഭാഗത്തിന് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കാനാണ് 'രണ്ടാം കൂനന്‍ കുരിശ് സത്യം'. ഒരു ലക്ഷം യാക്കോബായ വിശ്വാസികള്‍ ഇതില്‍ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. മാര്‍ത്തോമാ ചെറിയ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധ യെല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ കബറില്‍ നിന്ന് ശ്രേഷ്ഠ കാതേലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ സത്യവിശ്വാസ പ്രഖ്യാപനം ചൊല്ലിക്കൊടുക്കും. ചെറിയ പള്ളി പെരുന്നാളിന്റെ സമാപന ദിവസത്തില്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക് ബാവയാണ് കൂനന്‍ കുരിശ് സത്യം നടത്തണമെന്ന് പ്രഖ്യാപിച്ചതെന്നും പള്ളി ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ അത്തരത്തില്‍ സഭയില്‍ നിന്ന് തീരുമാനമുണ്ടാവുകയോ സഭാ നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് സഭാ ഭാരവികള്‍ പറയുന്നു.

കബറില്‍ നിന്ന് പടിഞ്ഞാറ് കല്‍ക്കുരിശ് വരെ ശ്രേഷ്ഠ ബാവയും സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും കൈകള്‍ കോര്‍ത്തുപിടിച്ച് വിശ്വാസ പ്രഖ്യാപനം നടത്തുമ്പോള്‍ കല്‍ക്കുരിശില്‍ കെട്ടുന്ന വടത്തില്‍ പിടിച്ച് വിശ്വാസികള്‍ സത്യവിശ്വാസ സംരക്ഷണ പ്രതിജ്ഞ ഏറ്റു ചൊല്ലുന്നതാണ് 'രണ്ടാം കൂനന്‍ കുരിശ് സത്യം' എന്ന് പള്ളി അധികാരികള്‍ പറയുന്നു. പള്ളികളൊന്നായി നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിക്ക് മുന്നില്‍ യാക്കോബായ വിശ്വാസികള്‍ പ്രതിരോധം തീര്‍ക്കുന്നതെന്നും പള്ളി വികാരി ഫാ.ജോസ് പരവത്തുവയല്‍ പറഞ്ഞു. എന്നാല്‍ വടത്തില്‍ പിടിച്ചുള്ള പ്രതിജ്ഞയ്ക്ക് ചരിത്ര പ്രാധാന്യം ഉണ്ടായിരിക്കെ രണ്ടാമതൊരു പ്രതിജ്ഞ ചെയ്യുമ്പോള്‍ ലാഘവത്തോടെ കാണാന്‍ കഴിയില്ലെന്നും അത് സഭാ നേതൃത്വത്തിന്റെ പൂര്‍ണ അറിവോടെയല്ലാതെ, സഭ ചര്‍ച്ച ചെയ്യാതെ സംഭവിച്ചാല്‍ വിപരീത ഫലങ്ങള്‍ ഉണ്ടായേക്കാമെന്നും സഭാ ഭാരവാഹികള്‍ പ്രതികരിച്ചു.


Next Story

Related Stories