കടലിനോട് പോരാടി ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തിന്റെ ഫലം ലഭിക്കുന്നത് മറ്റാര്‍ക്കോ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ഇടപെടുന്നതിന് രാജ്യത്ത് കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് മന്ത്രാലയമില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുമായി നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായി അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെ രാഹുല്‍ ഗാന്ധി അവര്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്തു.
ഒപ്പം യാത്ര ചെയ്തപ്പോള്‍ അവരുടെ കഷ്ടപ്പാട് നേരിട്ടറിഞ്ഞു. ഒപ്പം ചേര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. മല്‍സ്യത്തൊഴിലാളികള്‍ക്കായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് രൂപീകരിക്കും. തൊഴിലാളികളുെട അധ്വാനത്തിന്റെ ലാഭം കൊയ്യുന്നത് മറ്റുള്ളവരാണെന്നും മത്സ്യത്തൊഴിലാളികളുമായുള്ള സംവാദത്തില്‍ രാഹുല്‍ പറഞ്ഞു.
'ഇന്ന് രാവിലെ ഞാന്‍ എന്റെ സഹോദരന്മാര്ക്കൊപ്പം കടലില്‍ പോയി. തീരത്ത് നിന്ന് ബോട്ടെടുത്ത നിമിഷം മുതല്‍ തിരിച്ചെത്തും വരെ എന്റെ സഹോദരന്മാര് പോരാടുകയായിരുന്നു. വലിയ വെല്ലുവിളികള്‍ നേരിട്ടാണ് അവര്‍ മത്സ്യബന്ധനം നടത്തുന്നത്. അവര്‍ കടലിനോട് പോരാടുന്നു, സ്വന്തം വലകള്‍ വാങ്ങുന്നു, എന്നാല്‍ ലാഭം കിട്ടുന്നത് മറ്റാര്‍ക്കോ ആണ്. അവരുടെ അധ്വാനത്തിനുളള പ്രതിഫലം ലഭിക്കുന്നില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതം നശിപ്പിക്കുന്നതിനായി ട്രോളര്‍ വാങ്ങാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. കേരളത്തിലെ സര്‍ക്കാര്‍ ട്രോളറുമായി ബന്ധപ്പെട്ട് എന്താണ് ചെയ്യുന്നതെന്ന് പഠിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ ഒരുപരിധിവരെ തനിക്കിപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ തനിക്ക് കഴിയണമെന്നില്ല. എന്നാല്‍ കഴിയുന്നിടത്തോളം മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 'പലപ്പോഴും മത്സ്യം കഴിക്കുമ്പോള്‍ അതിനുപിറകിലുളള കഠിനാധ്വാനത്തെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ സാധിക്കില്ല. എന്നാലിപ്പോള്‍ എനിക്കത് മനസ്സിലാകുന്നുണ്ട്. നിങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് ഞാന്‍ മനസ്സിലാക്കുന്നു, അതിനെ ബഹുമാനിക്കുന്നു. നിങ്ങള്‍ എന്തുചെയ്യുന്നോ അതിനെ ആരാധിക്കുന്നു.' രാജ്യാന്തര വില കുറഞ്ഞിട്ടും ഇന്ത്യയില്‍ ഇന്ധനവില കൂട്ടുന്നു. ലാഭം രണ്ടോ മൂന്നോ കമ്പനികള്‍ക്കെന്നും രാഹുല്‍ പറഞ്ഞു.