TopTop
Begin typing your search above and press return to search.

മൂന്നാം ഘട്ടം വെല്ലുവിളി തന്നെ, പരിശോധനകൾ കൂട്ടാൻ കേരളം, കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ ഒരുങ്ങുന്നു

മൂന്നാം ഘട്ടം വെല്ലുവിളി തന്നെ, പരിശോധനകൾ കൂട്ടാൻ കേരളം, കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ ഒരുങ്ങുന്നു

കോവിഡ് രോഗബാധയുടെ മൂന്നാം ഘട്ടം എന്ന് വിശേഷിക്കപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിന് മുന്നിലുള്ളത് വലിയ വെല്ലുവിളികൾ. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരിൽ രോഗം സ്ഥിരീകരിച്ച ഇന്നലെ പതിവ് വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിൽ ഇതുവരെ രോഗബാധ സമൂഹ വ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് വിലയിരുത്തുന്നത്. സമ്പർക്കത്തിലൂടെ രോഗബാധിതരായവരും വളരെ കുറവാണ്. എന്നാൽ ഇളവുകൾക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വരുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടാകുകയും ചെയ്തതോടെയാണ് കേരളത്തിന്റെ മുന്നിലുള്ള വെല്ലുവിളി വര്‍ധിച്ചത്. ദേശീയ തലത്തിനെക്കാള്‍ ലോക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ഫലപ്രദമായ പ്രദേശം കേരളമായിരുന്നു. എന്നാല്‍ ഇനിയുള്ള ദിവസങ്ങളിലെ രോഗവ്യാപനം സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ക്ക് അനുസരിച്ച് നിര്‍ത്തുകയെന്നതാണ് പ്രധാനം.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 183 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 216 ആയി. ഇതുവരെ 732 പേർക്കാണ് സംസ്ഥാനത്ത് കോവി‍ഡ് സ്ഥിരീകരിച്ചത്. നാലുപേർകാണ് ജീവൻ നഷ്ടമായത്. കണ്ണൂരിൽ മരിച്ച മാഹി സ്വദേശിയെ ഉൾപ്പെടുത്തായാൽ ഇത് 5 ആകും. 512 പേരാണ് ഇതുവരെ രോഗമുക്തരായത്. എന്നാൽ മേയ് എട്ട് മുതൽ കഴിഞ്ഞ ദിവസം വരെ രോഗം കണ്ടെത്തിയ 167 പേരിൽ 15 പേർക്കാണ് സമ്പർക്കം വഴി രോഗം പിടിപെട്ടത്. മൊത്തം രോഗ ബാധിതരുടെ 9 ശതമാനം മാത്രമാണിത്.

രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പരിഭ്രമിച്ച് നിസഹായാവസ്ഥ പ്രകടിപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്ന് ഇനിയും കൂടുതൽ പേർ വരും. എന്നാൽ, ഒരു കേരളീയന് മുന്നിലും വാതിൽ കൊട്ടിയടയ്‌‌‌ക്കില്ല. എല്ലാവർക്കും പരിശോധനയും ചികിത്സയും പരിചരണവും നൽകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൂടുതൽ ആളുകൾ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമെത്തുന്ന സാഹചര്യത്തിൽ പരമാവധി ആളുകൾക്ക് വീടുകളിൽ തന്നെ നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും അതിന് സൗകര്യമില്ലാത്തവർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിൽ നിരീക്ഷണ സംവിധാനം ഒരുക്കാനുമാണ് സർക്കാർ തീരുമാനം. അംഗനവാടികൾ ഉൾപ്പെടെ ഇതിനായി സജ്ജമാക്കും. കൂടാതെ ഉടമസ്ഥരിൽ നിന്ന് അനുവാദം വാങ്ങി ഒഴിഞ്ഞ് കിടക്കുന്ന വീടുകൾ ഒരുക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി സുനിൽ കുമാറും വ്യക്തമാക്കുന്നു. എറണാകുളം ജില്ലയിലെ പഞ്ചായത്ത്‌ സെക്രട്ടറിമാരുമായി മന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിലാണ് നിരീക്ഷണ സംവിധാനങ്ങൾ തയ്യാറാക്കാൻ നിർദേശം നൽകിയത്.

ഇതിന് പുറമെ സമ്പർക്കത്തിലൂടെ രോഗബാധ കുറഞ്ഞ സാഹചര്യത്തിൽ, കുറച്ച പരിശോധനകളും വീണ്ടും വർദ്ധിപ്പിക്കാനും സര്‍ക്കാർ നീക്കമിടുന്നുണ്ട്. രോഗലക്ഷണ ങ്ങള്‍ ഉളളവർക്കായുളള വ്യക്തിഗത പരിശോധന എന്നതിന് പുറത്ത് ലക്ഷണങ്ങൾ ഇല്ലാത്തവരുടേത് ഉൾപ്പെടെ നിന്നും കൂട്ടമായി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നത് വർദ്ധിപ്പിക്കാനാണ് തീരുമാനം. അടുത്ത ആഴ്ച ഇത്തരത്തില്‍ 3000 സാമ്പിളുകള്‍ സാധാരണ ജനങ്ങളിൽ നിന്നും ശേഖരിച്ച് പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.

സെന്‍റിനൈല്‍ സർവൈലൻസ് (ആരോഗ്യ, പോലീസ് രംഗത്തുളളവർ അടക്കം മുൻഗണനാ വിഭാഗക്കാർക്ക്), സാധാരണജനങ്ങളിൽ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് നടത്തുന്ന ഓഗ്മെന്‍റഡ് ടെസ്റ്റ് എന്നിവയാണ് വിപുലീകരിക്കുന്നത്. ഏപ്രിൽ അവസാനവാരമാണ് ഇത്തരത്തിൽ വ്യാപകമായി ജനങ്ങളിൽ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചത്. ഇത് പുതിയ സാഹചര്യത്തിൽ വർദ്ധിപ്പിക്കാനാണ് നീക്കം. ദിനംതോറും ശരാശി 450-ഓളം പേരുടെ സാമ്പിളുകളാണ് സെന്‍റിനൈല്‍ സർവൈലൻസിന്‍റെ ഭാഗമായി പരിശോധിക്കുന്നത്. രോഗബാധിതരിൽ ഭൂരിഭാഗവും നിരീക്ഷണത്തിൽ കഴിയുന്നവരാണെങ്കിലും സമ്പര്‍ക്കത്തിലൂടെയുളള വ്യാപനമുണ്ടോയെന്ന് ഉറപ്പാക്കാനായാണ് ജനങ്ങളിൽ നിന്നും അടുത്തഘട്ടമായി കൂടുതൽ സാമ്പിളുകള്‍ ശേഖരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ദിനംതോറും നടത്തുന്ന പരിശോധനയുടെ എണ്ണം ശരാശരി 1400 ആണ്. അടുത്ത ആഴ്ച ഇത് 3000-ത്തിലേക്ക് ഉയർത്തുക എന്നതാണ് സർക്കാർ ലക്ഷ്യമാക്കുന്നത്.

ഇതോടൊപ്പം, ഞായറാഴ്ച സംസ്ഥാനത്തെ മുസ്ലീം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ ഇളവുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ശനിയാഴ്ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്പതു വരെ തുറക്കാനാണ് അനുമതി. പെരുന്നാള്‍ ദിനമായ നാളെ ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലും ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാൽ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെയാകണമെന്നും ആഘോഷങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു.


Next Story

Related Stories