TopTop
Begin typing your search above and press return to search.

കോവിഡ് നിയന്ത്രണം കടുപ്പിച്ച് സർക്കാർ; രണ്ട് രോഗികളുള്ള പ്രദേശങ്ങൾ കൺടൈയ്ന്റ്മെന്റ് സോണുകളാക്കുന്നു

കോവിഡ് നിയന്ത്രണം കടുപ്പിച്ച് സർക്കാർ; രണ്ട് രോഗികളുള്ള പ്രദേശങ്ങൾ കൺടൈയ്ന്റ്മെന്റ് സോണുകളാക്കുന്നു

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍. രണ്ട് രോഗികള്‍ ഉള്ള വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം. കോവിഡ് രോഗികള്‍ എണ്ണത്തില്‍ കൂടുതലുള്ള മലപ്പുറം ജില്ലയിലുള്‍പ്പെടെ ഈ നിയന്ത്രണങ്ങള്‍ ആരംഭിച്ചു. മറ്റ് ജില്ലകളിലേക്കും ഇത്തരം കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. പ്രതിദിന കണക്കുകളില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും പരിശോധനകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ കണക്കുകള്‍ നല്ല സൂചനകളല്ല നല്‍കുന്നതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. സമൂഹത്തില്‍ മുഴുവന്‍ വ്യാപിച്ചിരിക്കുന്ന രോഗത്തെ പരമാവധി തടഞ്ഞ് നിര്‍ത്തുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കോവിഡ് പ്രതിദിന കണക്കുകളില്‍ പതിനായിരത്തിലധികം രോഗികള്‍ ഉണ്ടായ സംസ്ഥാനങ്ങളില്‍ മിക്കതിലും പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോവിഡ് പ്രതിദിന കണക്കുകള്‍ വലിയ തോതില്‍ കുറഞ്ഞു. കേരളത്തില്‍ ആദ്യ ഘട്ടത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രോഗത്തെ പിടിച്ച് നിര്‍ത്തിയിരുന്നു. എന്നാല്‍ സെപ്തംബര്‍ അവസാന ആഴ്ച മുതല്‍ പ്രതിദിനം രോഗികളാവുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയുണ്ടായി. 'മറ്റ് ‌സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വരുമ്പോള്‍ കേരളത്തില്‍ കേസുകള്‍ സമൂഹത്തില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ആദ്യം, രോഗത്തെ പിടിച്ച് നിര്‍ത്തി എന്ന് പറയുന്നുണ്ടെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിട്ട് പോയി. അതിന്റെ സമ്മര്‍ദ്ദം സര്‍ക്കാരിനുണ്ട്. അതിനാല്‍ താഴെത്തട്ടില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി രോഗത്തെ പ്രതിരോധിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.' മലപ്പുറം ജില്ലയിലെ രോഗപ്രതിരോധ സംഘത്തിലെ ഡോക്ടര്‍ വ്യക്തമാക്കുന്നു.

അതേസമയം പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായില്ല. ചൊവ്വാഴ്ചത്തെ കണക്കുകള്‍ പ്രകാരം 46,193 സാമ്പിളുകള്‍ മാത്രമാണ് 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചത്. അമ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയിലായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി പരിശോധനകളുടെ എണ്ണം. 5457 പോസിറ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. പരിശോധന ഉയര്‍ത്തിയാല്‍ കേസുകളുടെ എണ്ണം വര്‍ധിക്കും എന്ന് ആരോഗ്യപ്രവര്‍ത്തകരും ആരോഗ്യ വിദഗ്ദ്ധരും മാസങ്ങളായി ആവര്‍ത്തിക്കുന്നു. ദിവസേന 70,000 പരിശോധനകള്‍ നടത്താനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. സ്വകാര്യ ലാബുകളിലുള്‍പ്പെടെ പരിശോധനാ നിരക്ക് കുറച്ച് കൊണ്ട് കോവിഡ് പരിശോധന തുടങ്ങിയിരുന്നു. മൂന്ന് കാരണങ്ങളാണ് പരിശോധനയിലെ കുറവിന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ പരിശോധനകളേക്കാള്‍ ഫോളോ അപ് പരിശോധനകള്‍ക്കാണ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രധാന്യം നല്‍കുന്നത്.ഒരു ദിവസം പരിശോധനാ കേന്ദ്രത്തില്‍ എത്തുന്ന നൂറ്റമ്പത് പേരില്‍ നൂറ് പേരിലധികം ഫോളോ അപ് പരിശോധനകള്‍ക്കാണ് എത്തുന്നതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടുതല്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും വേണ്ടത്ര ജീവനക്കാരോ ഡോക്ടര്‍മാരോ നഴ്‌സുമാരോ ഇല്ലാത്തതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് കേന്ദ്രങ്ങള്‍ തയ്യാറാവുന്നില്ല എന്നതാണ് മറ്റൊരു കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. സോഫ്റ്റ് വെയര്‍ മാറ്റിയതുള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്‌നങ്ങളും പരിശോധനകള്‍ കുറയാന്‍ കാരണമാവുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

ഒരു വശത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുമ്പോള്‍ വിവാഹം, മരണാനന്തര ചടങ്ങുകള്‍ പോലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്ന ആളുകളുടെ നിശ്ചിത എണ്ണം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ' അമ്പത് പേര്‍ എന്നൊക്കെ പറയും. ചുരുങ്ങിയത് അഞ്ഞൂറ് പേരെങ്കിലും കാണും. പരിശോധിക്കാന്‍ ചെല്ലുമ്പോള്‍ എല്ലാം കോവിഡ് മാനദണ്ഡപ്രകാരണാണെന്ന് അവര്‍ എഴുതിവരെ വയ്ക്കും. എന്നാല്‍ കോമ്പൗണ്ടില്‍ നിരപ്പിന് ആളുകളായിരിക്കും. മുമ്പ് കോണ്ടാക്ട് ട്രേസിങ് ഉണ്ടായിരുന്നപ്പോള്‍ അത്തരത്തിലെങ്കിലും ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ ഏതാണ്ട് എണ്‍പത് ശതമാനവും നിലച്ചിരിക്കുകയാണ്.' ആരോഗ്യപ്രവര്‍ത്തകനായ ഒരാള്‍ പറഞ്ഞു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പാക്കിയ കേരളത്തിന്റെ താളം തെറ്റിക്കുന്നതില്‍ മരണ, വിവാഹ ചടങ്ങുകള്‍ക്കും പങ്കുണ്ട്.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories