TopTop
Begin typing your search above and press return to search.

സ്പ്രിംഗ്‌ളര്‍: പ്രതിപക്ഷമാണ് ശരിയെന്ന് തെളിഞ്ഞു; മുഖ്യമന്ത്രിയെക്കൊണ്ട് ജനങ്ങളുടെ മുന്നില്‍ ഉത്തരം പറയിപ്പിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സ്പ്രിംഗ്‌ളര്‍: പ്രതിപക്ഷമാണ് ശരിയെന്ന് തെളിഞ്ഞു; മുഖ്യമന്ത്രിയെക്കൊണ്ട് ജനങ്ങളുടെ മുന്നില്‍ ഉത്തരം പറയിപ്പിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോവിഡ് 19 രോഗവിശകലനത്തില്‍ നിന്നും സ്പ്രിംഗ്‌ളറിനെ ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ സര്‍ക്കാരിനെതിരേ ഈ വിഷയത്തില്‍ തങ്ങള്‍ ഉന്നയിച്ച പരാതികള്‍ ശരിയാണെന്നു തെളിഞ്ഞതായി പ്രതിപക്ഷം. കോവിഡ് 19 രോഗികളുടെ വിവര വിശകലനത്തില്‍ നിന്നും സ്പ്രിംഗ്‌ളറിനെ ഒഴിവാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇനി മുതല്‍ രോഗികളുടെ വിവരശേഖരണവും വിശകലനവും സര്‍ക്കാര്‍ സ്ഥാപനമായ സി.ഡിറ്റ് ചെയ്യുമെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. സ്പ്രിംഗ്‌ളര്‍ കമ്പനിയുടെ പക്കലുള്ള രോഗികളുടെ ഡാറ്റ പൂര്‍ണമായും നശിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചെന്നുള്ള സര്‍ക്കാരിന്റെ ഏറ്റു പറച്ചിലാണ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം എന്നാണ് മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അഴിമുഖത്തോട് പറഞ്ഞത്. സ്വകാര്യത സംരക്ഷിക്കാനുള്ള ജനങ്ങളുടെ മൗലികാവകാശമാണ് സര്‍ക്കാര്‍ ലംഘിച്ചിരിക്കുന്നതെന്നും ഡാറ്റകള്‍ നശിപ്പിക്കണമെന്ന നിര്‍ദേശം അമേരിക്കന്‍ കമ്പനി പാലിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്നും തിരുവഞ്ചൂര്‍ അഴിമുഖത്തോട് പറഞ്ഞു.

"പ്രതിപക്ഷം ഈ വിഷയത്തില്‍ എന്താണോ ജനങ്ങളോട് പറഞ്ഞത് അത് പൂര്‍ണമായും ശരിയായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. കോടതിയില്‍ ഇതെത്തിയില്ലായിരുന്നുവെങ്കില്‍ പ്രതിപക്ഷം ഇതുമായി മുന്നോട്ടു പോകുമായിരുന്നു. അല്ലാതെ, പാതിവഴിയില്‍ ആരോപണം പിന്‍വലിച്ചു മിണ്ടാതിരിക്കുകയായിരുന്നില്ല. പക്ഷേ, സര്‍ക്കാര്‍ ചെയ്തതെന്താണ്? തെറ്റാണെന്ന് അറിഞ്ഞിട്ടും മുന്നോട്ടു പോവുകയായിരുന്നു. പ്രതിപക്ഷം ഈ വിഷയം ജനമധ്യത്തില്‍ കൊണ്ടുവന്നു. സര്‍ക്കാര്‍ പക്ഷേ, എല്ലാം നിഷേധിക്കുകയായിരുന്നു. അങ്ങനെ വന്നപ്പോഴാണ് ഹൈക്കോടതിയില്‍ ഇതെത്തുന്നത്. കോടതിയുടെ ഇടപെടല്‍ ഉണ്ടായതോടെ സര്‍ക്കാരിന് തെറ്റ് സമ്മതിക്കേണ്ടി വന്നു. കോടതിയില്‍ ഇതെത്തിയില്ലായിരുന്നുവെങ്കിലോ? സ്പ്രിംഗ്‌ളറുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമായിരുന്നു. ജനങ്ങളോട് കാണിക്കുന്ന വഞ്ചനയാണെന്ന് അറിഞ്ഞിട്ടും കരാറുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാര്‍ സമീപനം സംസ്ഥാനത്തിനോടുള്ള വെല്ലുവിളിയായിരുന്നു.

ലോകത്ത് ഇന്ന് ഏറ്റവും വാല്യുബള്‍ ആയിട്ടുള്ള ഒന്നാണ് ഡാറ്റ. മെഡിക്കല്‍ മാനുഫാക്ചറിംഗ് കമ്പനികള്‍ക്ക് ഏറ്റവും അത്യാവശ്യമുള്ളതും ഡാറ്റകളാണ്. ഇന്ത്യയെപ്പോലെ ജനസംഖ്യ കൂടിയ ഒരു രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസംബന്ധമായ വിവരങ്ങളാണ് വന്‍കിട കമ്പനികള്‍ക്ക് കിട്ടുന്നത്. ക്യാച്ചിംഗ് കണ്‍സ്യൂമര്‍ ഡയറക്ടിലി എന്നതാണ് ഇന്ന് ലോകത്തിലെ പുതിയ ട്രെന്‍ഡ്. ഇടനിലക്കാരില്ലാതെ ഉപഭോക്താവനെ നേരിട്ട് സമീപിക്കാന്‍ കമ്പനികള്‍ക്ക് കഴിയുന്നു. സ്പ്രിംഗ്‌ളര്‍ പോലുള്ള കമ്പനികള്‍ വഴി ഇത്തരം സൗകര്യമാണ് കിട്ടുന്നത്. കേരളം പോലെ മൂന്നു മൂന്നരക്കോടി ജനങ്ങളുള്ള ഒരു സ്ഥലത്തെ ആരോഗ്യസംബന്ധമായ എല്ലാ രേഖകളുമാണ് ഈ വഴി പോകുന്നത്. ഇവിടെ തങ്ങളുടെ ബിസിനസ് എങ്ങനെ വേണമെന്നു കണ്ട് അവര്‍ക്ക് മാനുഫാക്ചറിംഗ് നടത്താം. ഇവിടെയാണ് ഡാറ്റകളുടെ മൂല്യം എത്രയാണെന്നു നാം മനസിലാക്കേണ്ടത്. സര്‍ക്കാര്‍ ചെയ്ത തെറ്റിന്റെ ആഴം ഇതില്‍ നിന്നും മനസിലാക്കണം.

കിട്ടുന്ന ഡാറ്റകളൊന്നും പുറത്തു പോകരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് സ്പ്രിംഗ്‌ളര്‍ കരാറിനെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞകൊണ്ടിരുന്നത്. ആ നിര്‍ദേശം പാലിച്ചിട്ടുണ്ടോയെന്നതിന് എന്താണ് ഉറപ്പ്? തങ്ങള്‍ക്ക് കിട്ടിയ വിവരങ്ങള്‍ മരുന്ന് കമ്പനികള്‍ക്ക് സ്പ്രിംഗ്‌ളര്‍ കൈമാറിയിട്ടില്ലെന്ന് എന്താണ് സര്‍ക്കാരിനുള്ള ഉറപ്പ്? അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ജനങ്ങളുടെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണത്. ഇപ്പോള്‍ പറയുന്നത് എല്ലാം നശിപ്പിച്ചു കളയാന്‍ പറഞ്ഞിട്ടുണ്ടെന്നാണ്. എങ്ങനെ നശിപ്പിക്കാന്‍? എന്താണ് സര്‍ക്കാരിന് ഇതിലൊക്കെയുള്ള ഉറപ്പ്? ഇനി ഈ വിഷയത്തിലുള്ള ബാക്കി കാര്യങ്ങളും പ്രതിപക്ഷം പരിശോധിക്കും. ഒന്നും ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. മുഖ്യമന്ത്രിയെക്കൊണ്ട് ജനങ്ങളുടെ മുന്നില്‍ ഉത്തരം പറയിപ്പിക്കും", തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അഴിമുഖത്തോട് പറഞ്ഞു.

കോവിഡ്-19 രോഗവിശകലനത്തില്‍ നിന്നും സ്പ്രിംഗ്‌ളറിനെ ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ ആമസോണ്‍ ക്ലൗഡിലെ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാന്‍ സ്പ്രിംഗ്ളര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി അനുമതിയില്ല. സ്പ്രിംഗ്‌ളറിന്റെ പക്കലുള്ള ഡാറ്റ സി.ഡിറ്റിന്റെ സെര്‍വറിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സോഫ്റ്റ് വെയര്‍ അപ്ഡേഷന് മാത്രമാണ് സ്പ്രിംഗ്ളറുമായി നിലവില്‍ കരാര്‍.

കോവിഡ് രോഗികളുമായി ബന്ധപ്പെട്ട ബിഗ് ഡാറ്റ അനാലിസിസ് കൈകാര്യം ചെയ്യുന്നതിനാണ് സ്പ്രിംഗ്ളറുമായി കരാര്‍ ഉണ്ടാക്കിയത് എന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. സ്പ്രിംഗ്ളറുമായുള്ള സര്‍ക്കാരിന്റെ കരാര്‍ ചോദ്യം ചെയ്ത് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ കരാറുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉന്നയിച്ചെങ്കിലും സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിക്കുകയും കരാറുമായി മുന്നോട്ടുപോകാന്‍ സര്‍ക്കരിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. വ്യക്തികളുടെ അനുമതിയില്ലാതെ വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറി എന്നാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇത് സംബന്ധിച്ച് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കരാര്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഐടി വകുപ്പ് തയ്യാറായത്. സ്വകാര്യ കമ്പനിക്കാണ് വിവരങ്ങള്‍ കൈമാറിയത് എന്ന് വ്യക്തികളെ അറിയിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.


രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories