എല്‍ഡിഎഫ് പ്രവേശത്തിനുള്ള അവസാന കടമ്പയും കടന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. യുഡിഎഫിനെ തള്ളിപ്പറയുകയും എംപി സ്ഥാനം രാജിവെക്കുകയും ചെയ്ത ജോസ് കെ മാണിയെയും സംഘത്തെയും സിപിഐ എതിര്‍ക്കില്ല. ഇന്ന് ചേര്‍ന്ന സിപിഐ എക്സിക്യൂട്ടീവിലാണ് ഇതുസംബന്ധിച്ച തീരുമാനം. തീരുമാനം ഒദ്യോഗികമായി മുന്നണിയെ അറിയിക്കും.
ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കി. യുഡിഎഫിനെ തള്ളിപ്പറഞ്ഞ ജോസ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എം.പി സ്ഥാനവും രാജിവെച്ചു. പഴയതുപോലെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതില്‍ കാര്യമില്ല. മുന്നണിയോട് ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള താല്പര്യം അവര്‍ അറിയിച്ചുകഴിഞ്ഞു. ഇക്കാര്യത്തില്‍ വ്യാഴാഴ്ച മുന്നണി യോഗത്തില്‍ തീരുമാനമുണ്ടാകും. അതിനസൃതമായ നിലപാടാകും സിപിഐ സ്വീകരിക്കുക. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം സഹായകമാകുമെന്ന പ്രതീക്ഷയും കാനം പങ്കുവെച്ചു. ജോസ് വിഭാഗത്തെ അതിവേഗം മുന്നണിയിലേക്ക് എടുക്കേണ്ടതില്ലെന്നും തദ്ദേശതെരഞ്ഞെടുപ്പില്‍ സഹകരിപ്പിച്ച ശേഷം ജനസ്വാധീനം പരിശോധിച്ച് തീരുമാനം എടുത്താല്‍ മതിയെന്നുമായിരുന്നു സിപിഐയില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നത്.
അതേസമയം, മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ കൂടി പച്ചക്കൊടി കാട്ടിയതോടെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശത്തിന് ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ശേഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് ജോസ് വിഭാഗത്തെ മുന്നണിയിലെത്തിക്കുന്നത് ഗുണം ചെയ്യുമെന്നാണ് സിപിഎം നിലപാട്. എന്നാല്‍, സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളിയും എന്‍സിപി മത്സരിക്കുന്ന പാലായും വേണമെന്ന ജോസ് പക്ഷത്തിന്റെ ആവശ്യം എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ ബാക്കിയാണ്.