TopTop
Begin typing your search above and press return to search.

സ്ഥാനാര്‍ത്ഥികളില്‍ 66 ശതമാനവും സ്ത്രീകള്‍, 15 പേര്‍ 30 വയസില്‍ താഴെ; തിരുവനന്തപുരത്ത് രണ്ടുംകല്‍പ്പിച്ച് സിപിഎം

സ്ഥാനാര്‍ത്ഥികളില്‍ 66 ശതമാനവും സ്ത്രീകള്‍, 15 പേര്‍ 30 വയസില്‍ താഴെ; തിരുവനന്തപുരത്ത് രണ്ടുംകല്‍പ്പിച്ച് സിപിഎം

സംസ്ഥാനത്ത് വീണ്ടും ഒരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിക്കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ഭരണ സമിതി ഡിസംബര്‍ 25 ന് നിലവില്‍ വരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നണികളും പാര്‍ട്ടികളും സജീവമാവുകയാണ്.

തദ്ദേശ സ്ഥാപനങ്ങളിലെ 50 ശതമാനം സീറ്റുകളും വനിതകള്‍ക്കായി നീക്കിവച്ചിട്ടുമുണ്ട്. വിദ്യാഭ്യാസ രംഗത്തും, സാമൂഹികമായും ഏറെ മുന്നിലാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം. എന്നിട്ടും വനിതാ സംവരണ വാര്‍ഡുകളില്‍ ഭര്‍ത്താവിന്റെ ചിത്രമുള്ള പോസ്റ്ററുകളുമായി വോട്ട് തേടുന്ന സംഭവവും ഇതേ കേരളത്തിലുണ്ട്. വനിത സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കേണ്ടി വരുന്നത് ഗത്യന്തരമില്ലാതെയാണെന്ന് വ്യക്തമാക്കുന്ന ഉദാഹരണങ്ങളാണ് ഇവ.

എന്നാല്‍, വ്യത്യസ്ത നിലപാടാണ് ഇക്കാര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷം സ്വീകരിക്കുന്നത്. സ്ത്രീകള്‍ക്കും ഒപ്പം യുവാക്കള്‍ക്കും മുന്‍ഗണന നല്‍കുകയാണ് തങ്ങളെന്നാണ് മുന്നണിയുടെയും പ്രത്യേകിച്ച് സിപിഎമ്മിന്റെയും നിലപാട്. ഇത് അടിവരയിടുന്നതാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം. 66 ശതമാനം സ്ഥാനാര്‍ത്ഥികളും വനിതകളാണ് എന്നത് തന്നെയാണ് പ്രത്യേകത. ഭരണം നിലര്‍ത്തുക എന്ന ലക്ഷ്യം കൂടിയാണ് യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിലൂടെ മുന്നണി ലക്ഷ്യമിടുന്നത്. നൂറു വാര്‍ഡുകളുള്ള കോര്‍പറേഷനില്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരാണ്. സ്ത്രീ വോട്ടര്‍മാര്‍ 4,10,660 പേരും പുരുഷ വോട്ടര്‍മാര്‍ 3,77,535 പേരുമാണ് ഉള്ളത്. രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും പട്ടികയിലുണ്ട്.

കോര്‍പ്പറേഷനിലെ മൊത്തം 100 വാര്‍ഡുകളില്‍ 70 വാര്‍ഡുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ ആണ് മത്സരിക്കുക. സിപിഐ 17 വാര്‍ഡുകളിലും ജനതാദള്‍ (എസ്), എല്‍ജെഡി എന്നിവര്‍ രണ്ട് വീതം വാര്‍ഡുകളിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് (എസ്), ഐഎന്‍എല്‍, എന്‍സിപി എന്നിവര്‍ക്ക് ഓരോ വാര്‍ഡ് വീതവും ആണ് മത്സരിക്കാന്‍ ലഭിക്കുക. ആറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും.

കോര്‍പറേഷനിലെ 100 വാര്‍ഡുകളിലായി സിപിഎം പുറത്തിറക്കിയ 70 പേരുകളില്‍ 46 പേരും വനിതകളാണ്. അതായത് 66 ശതമാനവും സ്ത്രീകള്‍. അവരില്‍ പലരും 30 വയസ്സിന് താഴെയുള്ളവരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ആകെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ മൂന്നിലൊന്നും യുവാക്കള്‍ക്ക് നല്‍കി എന്ന പ്രത്യേകതയും ഇത്തവണത്തെ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്കുണ്ട്. ആകെയുള്ള സ്ഥാനാര്‍ത്ഥികളില്‍ 15 പേര്‍ 30 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്.

വിദ്യാഭ്യാസ യോഗ്യതയാണ് മറ്റൊരു പ്രത്യേകത. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ച കൂടുതല്‍ പേരും. 70 സ്ഥാനാര്‍ത്ഥികളില്‍ മൂന്ന് പേര്‍ പ്രൊഫഷണല്‍ ഡിഗ്രി യോഗ്യതയായുള്ളവരാണ്. മൂന്ന് പേര്‍ ബിരുദാനന്തര ബിരുദമുള്ളവരും 25 പേര്‍ ബിരുദധാരികളുമാണ്.

തിരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്ക് മുന്‍ഗണ നല്‍കണമെന്ന് നേരത്തെ തന്നെ സിപിഎം സംസ്ഥാന നേതൃത്വത്തില്‍ നിന്നും നിര്‍ദേശമുണ്ടായിരുന്നു. സ്ഥാനാര്‍ഥികള്‍ പരമാവധി യുവജനങ്ങളായിരിക്കണമെന്നായിരുന്നു കര്‍ശന നിര്‍ദേശം. തുടര്‍ച്ചയായി രണ്ടുതവണ മത്സരിച്ചവരെ ഒഴിവാക്കാമെന്നും വിജയസാധ്യത മുഖ്യ മാനദണ്ഡമാക്കണമെന്നുമായിരുന്നു നിര്‍ദേശങ്ങള്‍.

കളങ്കിതരെയും ആരോപണവിധേയരെയും സ്ഥാനാര്‍ഥികളാക്കരുത്, തദ്ദേശപ്രതിനിധിയായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരെ പരിഗണിക്കണം, ജനറല്‍ വാര്‍ഡിലും വനിതകളാകാമെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് സിപിഎമ്മും ഇടത് പക്ഷവും നടപ്പാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പുറത്ത് വരുന്ന പ്രചാരണ പോസ്റ്ററുകളില്‍ ഇക്കാര്യം ഏറെക്കുറെ നടപ്പാക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതുമാണ്.

വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെയും നിലപാട്. വിജയസാധ്യതയുളളവര്‍ക്ക് മുന്തിയ പരിഗണന നല്‍കും. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയോട് ആലോചിച്ച് അവരുടെ തീരുമാനത്തിനായിരിക്കും മുന്‍ഗണനയെന്നുമാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. ഈ തീരുമാനം കാര്യക്ഷമമായി നടപ്പായാല്‍ കേരളത്തിലെ തദ്ദേശ സ്ഥാപങ്ങള്‍ക്ക് യുവത്വം തുളുമ്പുന്ന ഭരണസമിതികളായിരിക്കും വരുന്ന അഞ്ച് വര്‍ഷം ഉണ്ടാവുകയെന്ന് ഉറപ്പാക്കാം.

ബിജെപിയും ഇത്തവണ ആത്മവിശ്വാസത്തില്‍ തന്നെയാണ്. 2015-ല്‍ നഷ്ടപ്പെട്ട കോര്‍പറേഷന്‍ ഭരണം ഇത്തവണ പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി. സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ തന്നെയാണ് ബിജെപിയുടെ പ്രധാന പ്രചരണായുധം. നേരത്തെ 51 സീറ്റുകള്‍ ഉണ്ടായിരുന്ന സിപിഎമ്മിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 43 സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നപ്പോള്‍ 35 സീറ്റുകളുമായി ബിജെപി ഇവിടെ കരുത്തു കാട്ടിയിരുന്നു. 21 സീറ്റായിരുന്നു യുഡിഎഫിന്റെ അക്കൗണ്ടില്‍.


Next Story

Related Stories