TopTop
Begin typing your search above and press return to search.

മാവോയിസ്റ്റുകള്‍ മാര്‍ക്‌സിസം-ലെനിനിസം പിന്തുടരുന്ന പാര്‍ട്ടിയല്ല; ശക്തമായ പ്രചരണവുമായി സിപിഎം

മാവോയിസ്റ്റുകള്‍ മാര്‍ക്‌സിസം-ലെനിനിസം പിന്തുടരുന്ന പാര്‍ട്ടിയല്ല; ശക്തമായ പ്രചരണവുമായി സിപിഎം

മാവോയിസ്റ്റ്, യുഎപിഎ പ്രശ്നങ്ങളില്‍ ശക്തമായ പ്രചരണവുമായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഈ വിഷയങ്ങളില്‍ സിപിഎമ്മിനെയും എല്‍.ഡി.എഫ് സര്‍ക്കാരിനെയും ദുര്‍ബലപ്പെടുത്താന്‍ വലതുപക്ഷവും ഇടതു തീവ്രവാദ ശക്തികളും സ്വീകരിക്കുന്ന നിലപാടിനെതിരെയാണ് കാമ്പെയ്ന്‍. ഇതനുസരിച്ച് പ്രചരണം നടത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മുഴുവന്‍ പാര്‍ട്ടി ഘടകങ്ങളോടും അംഗങ്ങളോടും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലിരുന്ന സംസ്ഥാനങ്ങളില്‍ അട്ടിമറി പ്രവര്‍ത്തനം നടത്തുന്നതിന് എക്കാലത്തും മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നുണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിക്കുന്നത്. ബംഗാളിലെ ഇടതു സര്‍ക്കാരിനെ താഴെയിറക്കാന്‍ മമതാ ബാനര്‍ജിയെ മുന്നില്‍ നിര്‍ത്തിയ വിശാല അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായിരുന്നു മാവോയിസ്റ്റുകള്‍. അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ കൊലപ്പെടുത്തുമെന്ന് വരെ പ്രഖ്യാപിച്ച ഇവര്‍, മമതാ ബാനര്‍ജിയെ മുഖ്യമന്ത്രിയാക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നും പ്രഖ്യാപിച്ചു. കേരളത്തില്‍ 1967ലെ ഐക്യമുന്നണി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ നക്സലെറ്റുകള്‍ നടത്തിയ പ്രവര്‍ത്തനവും ഇത്തരത്തിലുള്ളതാണെന്ന് സിപിഎം പ്രചരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇടതുപക്ഷത്തിനും സി.പി.എമ്മിനുമെതിരെ കടുത്ത നിലപാടുകളെടുക്കുന്ന മാവോയിസ്റ്റുകള്‍ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് സിദ്ധാന്തം പിന്തുടരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല. അതൊരു ഭീകരവാദ സംഘടന മാത്രമാണ്. ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പകരം സായുധ കലാപമാണ് ഇവര്‍ മുന്നോട്ടു വെയ്ക്കുന്നത്. ഇവരുടെ ഉന്മൂലന സിദ്ധാന്തം വര്‍ഗ ശത്രുക്കള്‍ക്ക് എതിരെയല്ലെന്നും പകരം സി.പി.എം ഉള്‍പ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങളെ ആക്രമിക്കാനും ദുര്‍ബലപ്പെടുത്താനും എതിരാളികള്‍ക്ക് അവസരം നല്‍കിയതാണ് അനുഭവമെന്നുമാണ് പ്രചരിപ്പിക്കേണ്ടത്. സി.പി.എം പ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെടുന്ന സാധാരണക്കാരെ കൊലപ്പെടുത്തുന്നതിനാണ് മാവോയിസ്റ്റുകള്‍ തയ്യാറായത്. ഈ ചിന്താധാര ആധുനിക കേരളം തള്ളിക്കളഞ്ഞതാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു.

അട്ടപ്പാടിയില്‍, പൊലീസിനെ ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍, ഇത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത വിധത്തില്‍ പൗരാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണ് യുഎപിഎ എന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. യുഎപിഎയുടെ നിയമനിര്‍മാണത്തിലും ഭേദഗതികള്‍ നടത്തിയപ്പോഴും പാര്‍ലമെന്റിലും പുറത്തും തുടര്‍ച്ചയായി എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുള്ളത് ഇടതുപക്ഷം മാത്രമാണ്. എന്നാല്‍, കോണ്‍ഗ്രസും ബിജെപിയും കൈ കോര്‍ത്ത് പാസാക്കിയ ഈ കേന്ദ്രനിയമം ഇന്ന് രാജ്യവ്യാപകമായി ബാധകമാണ്. സംസ്ഥാന വിഷയമായിരുന്ന ക്രമസമാധാന മേഖലയില്‍ നേരിട്ട് ഇടപെടാന്‍ ഈ നിയമം കേന്ദ്രത്തിന് അവസരം നല്‍കുന്നു. ഈ നിയമം ഫെഡറല്‍ കാഴ്ചപ്പാടുകള്‍ക്ക് എതിരാണ്. ഈ പരിമിതിക്കകത്ത് നിന്ന് ജനാധിപത്യ കാഴ്ചപ്പാടോടെയാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ നിയമത്തെ സമീപിക്കുന്നത്. പന്തീരങ്കാവ് സംഭവത്തിലും സത്യസന്ധമായി അന്വേഷണം നടത്തി യുഎപിഎ ദുരുപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനെയും സിപിഎമ്മിനെയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോഴത്തെ പ്രചാരവേല്. അതിനായി വസ്തുതകളെ വളച്ചൊടിച്ച് നുണ പ്രചാരം സംഘടിപ്പിക്കുന്നു. എല്ലാ കമ്മ്യൂണിസ്റ്റ് വിരോധികളെയും ഒന്നിപ്പിക്കാനും ഇടതുപക്ഷ ചിന്താഗതിക്കാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള വ്യാമോഹവും ഇതിലുണ്ട്. അത് തുറന്ന് കാണിക്കുന്നതിനും സിപിഎം നിലപാട് വിശദീകരിക്കുന്നതിനും വിപുലമായ ബഹുജന കാമ്പയിന്‍ സംഘടിപ്പിക്കുവാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തതായി ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നു.

അതേസമയം ദേശാഭിമാനി ദിനപ്പത്രത്തില്‍ മാവോയിസത്തിനെതിരായി പ്രമുഖരുടെ ലേഖന പരമ്പരകളും ആരംഭിച്ചിട്ടുണ്ട്. 'മാവോയിസ്റ്റുകളെ ആദര്‍ശവല്‍ക്കരിക്കുമ്പോള്‍', 'പ്രച്ഛന്ന സംഘികളെ തിരിച്ചറിയണം' എന്നിങ്ങനെയാണ് കെ ടി കുഞ്ഞിക്കണ്ണന്‍ എഴുതിയ ലേഖനങ്ങളുടെ തലക്കെട്ട്. മാവോയിസ്റ്റുകള്‍ പ്രത്യയശാസ്ത്രപരമായ നിലപാടുകളില്ലാത്തവരാണെന്നാണ് ഈമാസം ആറിന് പ്രസിദ്ധീകരിച്ച എസ് രാമചന്ദ്രന്‍ പിള്ളയുടെ അഭിമുഖത്തില്‍ ആരോപിക്കുന്നത്. മാവോയിസം ഉയര്‍ത്തുന്ന വെല്ലിവിളികളെക്കുറിച്ചാണ് ദേശാഭിമാനി മുഖ്യപത്രാധിപര്‍ കൂടിയായ പി രാജീവന്‍ എഴുതുന്ന ലേഖന പരമ്പരയില്‍ പറയുന്നത്. പരമ്പരയുടെ രണ്ടാം ഭാഗമായ ഇന്നത്തെ ലേഖനത്തില്‍ മാവോയിസമെന്ന ഭീകരവാദത്തെക്കുറിച്ച് പറയുന്നു. ഈ ലേഖന പരമ്പര വരുംദിവസങ്ങളിലും തുടരുമെന്നാണ് അറിയുന്നത്.


Next Story

Related Stories