കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തെ ഘടക കക്ഷിയാക്കുന്നതിന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി. ജോസിന്റെ കടന്ന് വരവ് എല്‍ഡിഎഫിനെ ശക്തിപെടുത്തുന്നതാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെയും വിലയിരുത്തല്‍. ഇക്കാര്യത്തില്‍ മുന്നണിയില്‍ ഉടന്‍ ധാരണയുണ്ടാവുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ളയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇടത് പക്ഷത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ജോസിന്റെ തീരുമാനത്തിനോട് സിപിഐക്ക് എതിര്‍പ്പില്ലാത്തതിനാല്‍ മുന്നണി പ്രവേശത്തില്‍ ധാരണയിലെത്താന്‍ പ്രതിസന്ധിയുണ്ടാവില്ലെന്ന സൂചനയും എസ്ആര്‍പി നല്കുന്നു.
എന്നാല്‍, ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് മുന്നണിയിലെത്തുമ്പോഴും പാലാ ഉള്‍പ്പെടെയുള്ള ഒരു സീറ്റിലും മാറ്റം ഉണ്ടാവില്ലെന്ന് എന്‍സിപി വ്യക്തമാക്കുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ എന്‍സിപി നാലിടത്ത് മത്സരിക്കുമെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന് വ്യക്തമാക്കുന്നു. മാറണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല. ചര്‍ച്ചയും നടന്നിട്ടില്ല. ഇക്കാര്യം ഇന്ന് ചേരുന്ന പാര്‍ട്ടിയോഗത്തില്‍ ചര്‍ച്ചയാവില്ലെന്നും ടിപി പീതാംബരന് മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. കൊച്ചിയിൽ നടക്കാനിരിക്കുന്ന നേതൃയോഗത്തിന് മുന്നോടിയായിട്ടാണ് പിതാംബരൻ മാസ്റ്ററുടെ പ്രതികരണം.
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിന് മുന്നോടിയായി എല്‍ഡിഎഫില്‍ സമവായ ചര്‍ച്ചകള്‍ക്കും ഇന്നുമുതല്‍ തുടക്കമാവുകയാണ്. ഇന്ന് ചേരുന്ന സിപിഎം സെക്രട്ടേയേറ്റും എന്‍സിപി നേതൃയോഗവും വിഷയം പരിഗണിക്കുന്നുണ്ട്. കൂടാതെ സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച ഇന്ന് നടക്കും. കോടിയേരിയുടെ അസൗകര്യത്തെ തുടര്‍ന്നാണ് ചര്‍ച്ച ഇന്നത്തേക്ക് മാറ്റിയത്.
പാലാ സീറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്ന എന്‍സിപി ഉള്‍പ്പെടെയുള്ള മറ്റുഘടകക്ഷികളും നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. പാലായില്‍ എന്‍സിപി അസ്വസ്ഥത പ്രകടിപ്പിക്കുമ്പോള്‍ കാഞ്ഞിരപ്പള്ളിയാണ് സിപിഐയ്ക്ക് പ്രശ്നം. എന്നാല്‍ സീറ്റുകളുടെ കാര്യത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന ഉറച്ച വിശ്വാസമാണ് സിപിഎം പുലര്‍ത്തുന്നത്.
അതിനിടെ, എല്‍ഡിഎഫില്‍ അര്‍ഹമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കുന്ന ജോസ് കെ മാണി തങ്ങള്‍ ചിലത് പ്രതീക്ഷിക്കുന്നു എന്ന് കൂടിയാണ് പറഞ്ഞ് വയ്ക്കുന്നത്. രാജ്യസഭാ സീറ്റിന് പാര്‍ട്ടി അര്‍ഹരാണെന്ന ജോസ് കെ മാണിയുടെ വാദമാണ് ഇതില്‍ പ്രധാനം.