സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ഒന്നിനു പിറകെ മറ്റൊന്നായി ഉയരുന്ന ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സിപിഎം ഒരുങ്ങുന്നു. അടുത്ത ദിവസങ്ങളില്‍ ചേരുന്ന പാര്‍ട്ടി നേതൃയോഗങ്ങളില്‍ ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാകും. മാധ്യമങ്ങളുടെ ഏകപക്ഷീയമായ ആക്രമണങ്ങള്‍ക്കെതിരെ സിപിഎം നടത്തുന്ന പ്രതിരോധം വലിയ തോതില്‍ ഫലപ്രദമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളിലൂടെ പാര്‍ട്ടിക്കെതിരായ സംഘടിത ആക്രമണങ്ങളെ ചെറുക്കാന്‍ കഴിയുമെന്നാണ് സിപിഎം കരുതുന്നത്.
മന്ത്രി കെ ടി ജലീല്‍ , ഇ പി ജയരാജന്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് എന്നിവര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളാണ് ഇപ്പോള്‍ മുഖ്യമായും പാര്‍ട്ടിക്കെതിരെ തിരിയുന്നത്. ഇതില്‍ കോടിയേരിയുടെ മകന് ബിനീഷ് കോടിയേരിക്കെതിരായ അന്വേഷണങ്ങള്‍ക്ക് പാര്‍ട്ടിക്ക് നേരിട്ട് പറയേണ്ട ബാധ്യതയില്ലെങ്കിലും എതിരാളികള്‍ അത് ആയുധമാക്കുമെന്ന ബോധ്യം സിപിഎമ്മിനുണ്ട്. സെപ്റ്റംബര്‍ 18 ന് പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചയാവും.
കെ ടി ജലീലിനെ സംരക്ഷിച്ച് രാജി ആവശ്യം പൂര്‍ണമായി തളളിക്കളയുകയാണ് പാര്‍ട്ടി നേതൃത്വം ചെയ്തത്. ഇക്കാര്യത്തില്‍ പ്രതിപക്ഷം സമരം ശക്തമാക്കുകയാണെങ്കില്‍ കൂടുതല്‍ ശക്തമായി അതിനെ പ്രതിരോധിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിന് സിപിഐയുടെ പിന്തുണ ഏറെ നിര്‍ണായകമായിരുന്നു. അത് ലഭിച്ചതില്‍ സിപിഎം നേതൃത്വം സന്തുഷ്ടരാണ്. കെ ടി ജലീലിന് വേണ്ടി മന്ത്രി ഇ ചന്ദ്രശേഖരനാണ് രംഗത്തുവന്നത്. സാധാരണ സിപിഎം പ്രതിരോധത്തില്‍ നില്ക്കുന്ന സമയങ്ങളില്‍ സിപിഐയുടെ പിന്തുണ കിട്ടാറില്ല. എന്നാല്‍ ഇത്തവണ സ്ഥിതി മാറിയതോടെ എല്‍ ഡി എഫ് ഒന്നടങ്കം രംഗത്തുവരും. അതിനിടെ, എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെതെന്ന് പറഞ്ഞ ചില മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ സിപിഎമ്മിന് ആശ്വാസകരമാണ്. ജലീലിനെ ഇനി ചോദ്യം ചെയ്യില്ലെന്ന് ഇ ഡി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇനിയും ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയാണെങ്കില്‍ പ്രതിരോധിക്കുക എളുപ്പമാകില്ലെന്നും സിപിഎമ്മിനറിയാം. എന്നാല്‍ അങ്ങനെയൊരു സാഹചര്യം ഉണ്ടാകില്ലെന്നാണ് പാര്‍ട്ടി കരുതുന്നത്.
അതെ സമയം ഇ ഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട ് കെ ടി ജലീൽ സ്വീകരിച്ച സമീപനം വിവാദം ആളിക്കത്തിക്കാൻ ഇടയാക്കിയെന്ന് ചില പാർട്ടി നേതാക്കൾക്ക് അഭിപ്രായമുണ്ട്. ചോദ്യം ചെയ്ത കാര്യം സമ്മതിച്ചിരുന്നുവെങ്കിൽ കളവ് പറഞ്ഞുവെന്ന ആരോപണം ഒഴിവാക്കി കിട്ടുമായിരുന്നുവെന്നാണ് ചിലർ കരുതുന്നത്. എന്നാൽ മാധ്യമങ്ങളെ നേർക്ക് നേരെ നേരിടുന്നതാണ് നല്ലതെന്ന് കരുതുന്നവർ ഇതിനോട് യോജിക്കുന്നില്ല
ലോക്സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സമീപനവും ഈ അവസ്ഥയില്‍ സിപിഎമ്മിന് വലിയ ഗുണമാണ് ചെയ്തത്. സ്വര്‍ണക്കടത്ത് നടത്തിയത് നയതന്ത്ര ബാഗിലൂടെയല്ലെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രസ്താവനയാണ് അദ്ദേഹം തന്നെ അംഗമായ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. ബിജെപിക്കെതിരായ പ്രചാരണത്തിന് ഈ സംഭവം സിപിഎം ഉപയോഗിക്കും.
18-ന്റെയും 25-ന്റെയും സെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്ക് ശേഷം 26-ന് സിപിഎമ്മിന്റെ സംസ്ഥാന സമിതിയോഗം ചേരും. അഴിക്കോടന്‍ രാഘവന് ദിനമായ 23 മുതല്‍ ശക്തമായ പ്രതിരോധ പരിപാടികളുമായി സിപിഎം രംഗത്തിറങ്ങും.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ പ്രത്യക്ഷത്തില്‍ സിപിഎം അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ രംഗത്തുവന്നിട്ടില്ല. ആ സമീപനം തുടരാനാണ് സാധ്യത. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്തവനയില്‍ അന്വേഷണ സംഘത്തിന്റെ രീതിയുമായി ബന്ധപ്പെട്ട ചില സംശയങ്ങള്‍ ഉന്നയിക്കുകയാണ് സിപിഎം ചെയ്തത്. എന്നാല്‍ അതിനപ്പുറം അന്വേഷണ ഏജന്‍സികളെ വിമര്‍ശിക്കുന്നത് ദോഷം ചെയ്യുമെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളതെന്നാണ് അറിയുന്നത്. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന സംഘത്തിന്റെ നീക്കങ്ങള്‍ ശരിയായ ദിശയില്‍ തന്നെയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതിന് തെളിവാണ്. സെക്രട്ടറിയേറ്റിന്റെ പ്രസ്താവന പുറത്തുവന്ന ദിവസങ്ങളില്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികള്‍ അന്വേഷണ ഏജന്‍സികളെക്കുറിച്ചുള്ള വിമര്‍ശനം വളരെ ചെറുതായാണ് അവതരിപ്പിച്ചത്.
ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും ഉയർന്നുവന്നേക്കുമോ എന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. മന്ത്രിയുടെ മകനും സ്വപ്ന സുരേഷുമായുള്ള പടം അന്വേഷണ സംഘത്തിന് കിട്ടിയെന്നാണ് വാർത്തയാണ് പ്രചരിക്കുന്നത്. ഇത്തരത്തിലൊരു ചിത്രം പല വാട്സ്ആപ് ഗ്രുപ്പുകളിലും പ്രചരിക്കുന്നുമുണ്ട്. പാർട്ടി സെക്രട്ടറിയുടെ മകനു പുറമെ മന്ത്രിസഭയിലെ രണ്ടാമനായി കരുതുന്ന ഇ പി ജയാരാന്റെ മകനെയും സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി ചോദ്യം ചെയ്താൽ അതു വിശദീകരിക്കുക കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് പാർട്ടിയിലെ ചില നേതാക്കൾക്കുമറിയാം. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന ജി സുധാകരന്റെ പ്രസ്താവന ഇതിന്റെ ഭാഗമാണ്. എന്തായാലും മാധ്യമങ്ങള്ക്കെരായ വിമർശനവും സർക്കാരിനെ പ്രതിരോധിക്കലും ഒന്നിച്ചുകൊണ്ടുപോകുന്നതാണ് ഫലപ്രദമെന്ന നിലപാടാണ് സിപിഎമ്മിന്റെ നേതൃത്വത്തിന്. അടുത്തയാഴ്ചകളിൽ നടക്കുന്ന യോഗങ്ങളോടെ ഇത് കൂടുതൽ ശക്തമാക്കും.