TopTop
Begin typing your search above and press return to search.

'അശ്ലീലം പറഞ്ഞാല്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തി തോറ്റു പിന്മാറുന്ന പെണ്ണുങ്ങളാണ് ഞങ്ങളെന്ന തെറ്റിദ്ധാരണ ഇവിടെ കുറേപ്പേര്‍ക്കുണ്ട്'

അശ്ലീലം പറഞ്ഞാല്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തി തോറ്റു പിന്മാറുന്ന പെണ്ണുങ്ങളാണ് ഞങ്ങളെന്ന തെറ്റിദ്ധാരണ ഇവിടെ കുറേപ്പേര്‍ക്കുണ്ട്

സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും വിമര്‍ശിക്കുന്നുവെന്ന പേരില്‍ കേരളത്തിലെ ദൃശ്യമാധ്യമരംഗത്തുള്ളവരെ സോഷ്യല്‍ മീഡിയയില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സിപിഎം സൈബര്‍ വിഭാഗത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. മനോരമ ന്യൂസിലെ വാര്‍ത്ത അവതാരക നിഷ പുരോഷത്തമന്‍, ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോര്‍ട്ടര്‍മാരായ കെ.ജി കമലേഷ്, ആര്‍. അജയഘോഷ് എന്നിവരെയാണ് വ്യക്തിഹത്യ ചെയ്തുകൊണ്ടുള്ള പോസ്റ്റുകളുമായി സിപിഎം അണികള്‍ രംഗത്തു വന്നിരിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ക്കൊണ്ട് തങ്ങളുടെ ജോലിയില്‍, എതിരാളികള്‍ ആഗ്രഹിക്കുന്നതുപോലെ എതെങ്കിലും തരത്തിലുള്ള കീഴടങ്ങലിന് തയ്യാറാകില്ലെന്നാണ് ഈ മാധ്യമപ്രവര്‍ത്തകര്‍ ഉറപ്പിച്ച് പറയുന്നത്. ഇവര്‍ക്ക് പിന്തുണയുമായി മാധ്യമരംഗത്തു നിന്നും പൊതുസമൂഹത്തില്‍ നിന്നും ഏറെപ്പേര്‍ രംഗത്തു വന്നിട്ടുമുണ്ട്. സോഷ്യല്‍ മീഡിയ വഴി നടക്കുന്ന, പ്രത്യേകിച്ച് വനിത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഉണ്ടാകുന്ന അധിക്ഷേപങ്ങള്‍ക്കെതിരേ പ്രമുഖ മാധ്യമ പ്രവര്‍ത്തക ജിഷ എലിസബത്ത് സംസാരിക്കുന്നു

തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ പറയുന്ന മാധ്യമസ്ഥാപനങ്ങളെ 'വിമര്‍ശിക്കുന്ന'വരുടെ എണ്ണം സോഷ്യല്‍ മീഡിയ കാലത്തു വര്‍ധിച്ചു വരികയാണ്. ആഘോഷമായ കുര്‍ബാന നടത്തി ചില മാധ്യമ പ്രവര്‍ത്തകരുടെ മരിച്ചടക്കു നടത്തിക്കളയും അവര്‍. അതിനായി പുട്ടിനു പീര കണക്ക് നുണയോ അധിക്ഷേപമോ വളച്ചൊടിക്കലോ നടത്തും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി, മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്നു എന്നതിനാണ് ഏഷ്യാനെറ്റിലെ കെ ജി കമലേഷ്, ആര്‍ അജയഘോഷ് എന്നീ മാധ്യമപ്രവര്‍ത്തകരെ ഇടതുപക്ഷ സൈബര്‍ ഗുണ്ടകള്‍ ഭള്ള് പറഞ്ഞുകൊണ്ടിരിക്കുന്നത്.

നമ്മള്‍ കരുതും, ഈ സൈബര്‍ ഗുണ്ടകളില്‍, തലച്ചോറ് പണയം വെക്കപ്പെട്ട കുറെ പേരാണ് ഉള്ളതെന്ന്. എന്നാല്‍, കഴിഞ്ഞ രണ്ടുദിവസത്തെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വിലയിരുത്തിയാല്‍, അത്തരം ഗുണ്ടകളെ മൂടുതാങ്ങിക്കൊണ്ട് ഇടതുപക്ഷക്കാരായ മാധ്യമപ്രവര്‍ത്തകര്‍ കൂടി രംഗത്തു വരുന്നുവെന്നു കാണാം. ആദ്യം ജേര്‍ണലിസ്റ്റ്, പിന്നെയും ജേര്‍ണലിസ്റ്റ് എന്നതായിരിക്കണം ഒരു ജേര്‍ണലിസ്റ്റിന്റെ നയം എന്നു കരുതുന്ന ആളാണ് ഞാന്‍. ആദ്യം പാര്‍ട്ടി പ്രവര്‍ത്തകന്‍, പിന്നെ ആരെങ്കിലും ഉന്തി തള്ളിയാല്‍ ജേര്‍ണലിസ്റ്റ് എന്ന നിലപാടിലാണ് അവരില്‍ കുറെ പേര്‍ പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ടാണ് ഭരണാധികാരിയെ ചോദ്യം ചെയ്യുന്ന മാധ്യമ സഹപ്രവര്‍ത്തകരെ അവര്‍ക്കിഷ്ടമല്ലാതെ പോകുന്നത്. ഇത് ഇടതുപക്ഷത്തെ മാത്രം പ്രത്യേകതയാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. ബിജെപിയും കോണ്‍ഗ്രസ്സും ഇതില്‍ മോശമല്ല. എല്ലാ പാര്‍ട്ടിയിലും ഇത്തരം സൈബര്‍ പോരാളികള്‍ ഉണ്ട്. സൈബര്‍ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ കേഡര്‍ സ്വഭാവമുള്ളത് ആദ്യം സംഘപരിവാറിനും പിന്നെ ഇടതുപക്ഷത്തിനും ആണെന്ന് മാത്രം. അവരുടെ പേര് എടുത്തെഴുതി എന്നത് കൊണ്ട് കോണ്‍ഗ്രസ്സും അവരുടെ ഘടകകക്ഷികളും വിശുദ്ധരാണ് എന്ന് അര്‍ത്ഥമില്ല.

വയലാര്‍ രവി കേന്ദ്ര മന്ത്രി ആയിരുന്ന സമയത്ത്, സൂര്യനെല്ലി കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ട പി ജെ കുര്യനെ സംബന്ധിച്ച ബൈറ്റ് എടുക്കാനെത്തിയ ആലപ്പുഴയിലെ മാധ്യമ പ്രവര്‍ത്തകയോട്, എളിയില്‍ കൈകുത്തി ചുമരില്‍ ചാരി നിന്ന് അശ്ളീല ചുവയോടെ ''നിങ്ങള്‍ക്ക് വ്യക്തിപരമായി അനുഭവമുണ്ടോ'' എന്ന് മറുചോദ്യമുന്നയിച്ചു. അദ്ദേഹത്തിനും പറയാം അന്ന് മാധ്യമവിമര്‍ശനമാണ് നടത്തിയത് എന്ന്. എന്നാല്‍, കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹം മാപ്പ് പറഞ്ഞു.

സൈബര്‍ ലോകത്തു ഏറ്റവും കൂടുതല്‍ ആക്രമണം നേരിടുന്നതു സ്ത്രീകളാണ്. ജേര്‍ണലിസ്റ്റുകളുടെ കാര്യമെടുത്താല്‍ അവിടെയും വനിതകള്‍ക്ക് നേരെയാണ് ആക്രമണ തോത് കൂടുതല്‍. മനോരമയിലെ ഷാനി പ്രഭാകര്‍ സ്വരാജിന്റെ ഫ്‌ളാറ്റില്‍ പോയി വസ്ത്രം മാറി എന്ന് പറയുന്ന അശ്ളീല ആക്രമണം ഒരിക്കല്‍ നടന്നിരുന്നു. ഷാനി ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ വട്ടം വരച്ചൊക്കെയാണ് പോസ്റ്റുകള്‍ തയ്യാറാക്കി പ്രചരിപ്പിച്ചത്. പോകുമ്പോള്‍ ഒരു വസ്ത്രം, തിരിച്ചിറങ്ങിയപ്പോള്‍ വേറെ വസ്ത്രം എന്ന നിലയില്‍.

മാതൃഭൂമിയില്‍ ഉണ്ടായിരുന്ന എം.എസ് ശ്രീകലയുടെ ഫോട്ടോ മോര്‍ഫ് ചെയ്താണ് പ്രചാരണം നടത്തിയത്. സിന്ധു സൂര്യകുമാറിനെതിരെ സംഘപരിവാര്‍ നടത്തിയ ഹീനമായ പ്രചാരണം ആരും മറന്നു കാണില്ലല്ലോ. ഹണി ട്രാപ്പില്‍ മന്ത്രിയെ കുരുക്കിയ മാധ്യമപ്രവര്‍ത്തകയാണെന്ന് പറഞ്ഞു സുനിതാ ദേവദാസിന്റെ ഫോട്ടോ പ്രചരിപ്പിച്ച ആളുകള്‍ ഉണ്ട്. അതായതു അശ്ലീലം പറഞ്ഞാല്‍ ഇവരൊക്കെ മാധ്യമപ്രവര്‍ത്തനം നിറുത്തി ഓടടാ ഓട്ടം ഓടും എന്നാണ് ഇവരുടെയൊക്കെ ചിന്ത. അങ്ങനെ തോറ്റു പിന്മാറുന്ന പെണ്ണുങ്ങളാണ് ഇവരൊക്കെ എന്ന തെറ്റിദ്ധാരണ കുറെ പേര്‍ക്കുണ്ടായിരിക്കണം. ഇന്നും കൂടി, ഫേസ്ബുക്കില്‍ തമിഴ് ജേര്‍ണലിസ്റ്റ് ആയ കവിന്‍ മലര്‍ ആര്‍.എസ്.എസ് അവര്‍ക്കതിരെ നടത്തി വരുന്ന ഹീനമായ സൈബര്‍ ആക്രമണത്തെ കുറിച്ച് പോസ്റ്റ് എഴുതിയിട്ടുണ്ട്. അവരുടെ ഒരു ഫോട്ടോയില്‍ 'എനിക്ക് വെറും നൂറു രൂപ' എന്ന് എഴുതിയ ശേഷം അവരുടെ ഫോണ്‍ നമ്പര്‍ സഹിതം വ്യാപകമായി പ്രചരിപ്പിക്കുന്നു. ആര്‍.എസ്.എസിനെതിരെ വാര്‍ത്ത എഴുതുന്നതിനുള്ള പ്രതികാരമാണിത്.

ഇനി, ഇത്തരം അശ്ളീല പ്രചാരണത്തിനൊപ്പം മതനിന്ദ, രാജ്യദ്രോഹം തുടങ്ങിയ കേസുകളില്‍ പ്രതികളാക്കപ്പെട്ട എത്രയോ വനിതാ ജേര്‍ണലിസ്റ്റുകളെ നേരിട്ട് അറിയാം. നെറ്റ്‌വര്‍ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ എന്ന ദേശീയ നെറ്റ്‌വര്‍ക്കില്‍ ഉളളത് കൊണ്ട് അത്തരം ധാരാളം വനിതകളെ നേരിട്ട് കേള്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. കെ.കെ. ഷാഹിനയും നേഹാ ദീക്ഷിത്തും ചില ഉദാഹരണങ്ങളാണ്. ഇതെല്ലം വാര്‍ത്ത എഴുതി, ഭരണകൂടത്തിന് പ്രതികൂലമായ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്നതിന് അവര്‍ നേരിടുന്ന അതിക്രമങ്ങളാണ്. വാര്‍ത്തയില്‍ തെറ്റുണ്ട്, വ്യാജ വാര്‍ത്ത ആണ് എങ്കില്‍ അവര്‍ക്കെതിരെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്നല്ലേ കേസ് കൊടുക്കുക. പക്ഷെ, അത്തരം കേസുകള്‍ കാണാന്‍ പൊടിപോലും ഉണ്ടാകില്ല. ഇതൊക്കെയും മാധ്യമവിമര്‍ശനം എന്നാണു ഈ ഗുണ്ടകളുടെ പറച്ചില്‍.

ഇതാണോ മാധ്യമവിമര്‍ശനത്തിന്റെ രീതി. മനോരമയെ ഇഷ്ടമല്ലെങ്കില്‍, അവിടെയുള്ള ഏതെങ്കിലും ജീവനക്കാരിയുടെ പേരില്‍ അശ്ളീല കഥകള്‍ പടച്ചു വിടുന്നതാണോ മാധ്യമ വിമര്‍ശനം? സ്വയംവിമര്‍ശനം പാടില്ലെന്നാണോ ജിഷ പറഞ്ഞു വരുന്നത് എന്ന് ചോദിക്കുന്ന നിരവധി ഭരണാനുകൂല മാധ്യമപ്രവര്‍ത്തകരുണ്ട്. ഒരു മാധ്യമതൊഴിലാളിയുടെ പേരും കുടുംബ വിവരങ്ങളും കുറെ അശ്ലീലത്തില്‍ ചാലിച്ച് എഴുതുന്നതാണോ മാധ്യമ സ്വയം വിമര്‍ശനം?

അഭിപ്രായം പറയുന്ന മനുഷ്യരില്‍ സ്ത്രീകളെ തെരഞ്ഞു പിടിച്ച്, പുരുഷന്മാരുടെ വീട്ടുകാരികളെ തെരഞ്ഞു പിടിച്ചു അശ്ളീല കഥകള്‍ ഇറക്കുന്നതിനെയാണോ മാധ്യമവിമര്‍ശനം എന്ന് വിളിക്കുന്നത് ??

ഇത് ജേര്‍ണലിസ്റ്റുകളും പൊതുപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അടക്കമുള്ള എല്ലാ മേഖലയിലും ഉള്ള പ്രതിഭാസമാണ്. എന്നാല്‍, സൈബര്‍ പോരിടത്തില്‍ സംഘ്പരിവാര്‍ നടത്തുന്ന സൈബര്‍ ബുള്ളികളെ 'അതവരുടെ കാലങ്ങളായുള്ള മൊഡസ് ഓപറാണ്ടി' എന്ന നിലയില്‍ മാറ്റിവെക്കാം. എന്നാല്‍, വനിതാ ശാക്തീകരണം, ഉന്നമനം എന്നിവയൊക്കെ ലക്ഷ്യമിട്ടു വനിത മതില്‍ കെട്ടിപ്പൊക്കിയ ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന കുറെ പേര്, അവര്‍ തന്നെ ഇത്തരം ക്രിമിനല്‍ പ്രവൃത്തിയില്‍ മുങ്ങി മെഴുകുന്നതിനെ നിങ്ങള്‍ എന്ത് പേരിട്ടാണ് ന്യായീകരിക്കുക?

ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ ശ്രീ പി. രാജീവ്, അദ്ദേഹത്തിന്റെ സ്ഥപാനത്തില്‍ സര്‍ക്കുലേഷന്‍ വിഭാഗത്തിലെ താത്കാലിക ജീവനക്കാരന്‍ നിഷാ പുരുഷോത്തമന് എതിരെ നടത്തിയ വ്യക്തിഹത്യയെ തള്ളി പറഞ്ഞു മുന്നോട്ടു വന്നിരുന്നു. എന്നിട്ടും, അതേ സ്ഥാപനത്തിലെ സൈബര്‍ പോരാളികളായ മാധ്യമപ്രവര്‍ത്തകര്‍ ആ ക്രിമിനലിനെ പരോക്ഷമായി സപ്പോര്‍ട്ട് ചെയ്തു കൊണ്ട് എന്റെ ടൈം ലൈനില്‍ ചോദ്യശരങ്ങള്‍ ഉതിര്‍ത്തു കൊണ്ട് കടന്നു വന്നിരുന്നു. ''അത്തരം രീതികളോട് യോജിപ്പില്ല, വ്യക്തി അധിക്ഷേപ രീതികളെ ഞങ്ങള്‍ തള്ളിപറയുന്നു'' എന്ന് രാജീവ്, ഈ 'ഞങ്ങളില്‍' ആരൊക്കെയുണ്ട് എന്നാണു ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉറ്റു നോക്കുന്നത്.


Next Story

Related Stories