TopTop
Begin typing your search above and press return to search.

'ഈ പിടിച്ചുപറി നിര്‍ത്തണം'; എം.ജി യൂണിവേഴ്സിറ്റിയിലെ 'കൊള്ളയടി'ക്കെതിരെ രൂക്ഷ പ്രതികരണവുമായി ബി. ഉണ്ണികൃഷ്ണന്‍

ഈ പിടിച്ചുപറി നിര്‍ത്തണം; എം.ജി യൂണിവേഴ്സിറ്റിയിലെ കൊള്ളയടിക്കെതിരെ രൂക്ഷ പ്രതികരണവുമായി ബി. ഉണ്ണികൃഷ്ണന്‍

എം.ജി യൂണിവേഴ്സിറ്റിയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ അസി. പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചതിന് ഭീമമായ ഫീസ്‌ ഏര്‍പ്പെടുത്തിയ അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചലച്ചിത്ര സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ജനറല്‍ കാറ്റഗറിയില്‍ 5000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ 2500 രൂപയുമാണ് അപേക്ഷിക്കാനായി സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ ഇന്നലെ അഴിമുഖം പ്രതികരണം തേടിയപ്പോള്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ പറഞ്ഞത് ഇങ്ങനെ: "കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍, രജിസ്ട്രാര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള നോട്ടിഫിക്കേഷനില്‍ ഇതേ ഫീസ് സ്ട്രക്ചര്‍ തന്നെയായിരുന്നു. അതിന് ശേഷം ഇറങ്ങുന്ന നോട്ടിഫിക്കേഷനാണിത്. വിസി യുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നോട്ടിഫിക്കേഷനില്‍ ഫീസ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊന്നും അറിയില്ല", എന്നായിരുന്നു. (റിപ്പോര്‍ട്ട് ഇവിടെ വായിക്കാം: ഉദ്യോഗാര്‍ഥികളെ കൊള്ളയടിച്ച് എംജി യൂണിവേഴ്‌സിറ്റി; അസി. പ്രൊഫ. തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ജനറല്‍ കാറ്റഗറിയില്‍ ഫീസ്‌ 5000 രൂപ, എസ്.സി/എസ്.ടി - 2500)

"ഇന്ത്യയിലെ പേരെടുത്ത മറ്റ് പല സർവ്വകലാശാലകളും ഇപ്പോഴും 500 ഉം 1000-വും മാത്രം അപേക്ഷാ ഫീസായി വാങ്ങുന്നിടത്താണ് എംജി യൂണിവേഴ്സിറ്റി തൊഴിൽരഹിതരായ ചെറുപ്പക്കാരിൽ നിന്നും ഈ പിടിച്ചു പറിനടത്തുന്നത്. 2019-ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ നോട്ടിഫിക്കേഷനിൽ 2000 രൂപയും 2017-ൽ കേരള യൂണിവേഴ്സിറ്റി ഇതേ തസ്തികയിലേക്ക് വിളിച്ചപ്പോൾ 1000 രൂപയുമായിരുന്നു. പല ചെറുപ്പക്കാരുടെയും വീട്ടിലുളളവരുടെ പോലും വരുമാനം നഷ്ടപ്പെട്ടിരിക്കുന്ന ഈ കാലത്ത് യൂണിവേഴ്സിറ്റി നടത്തുന്ന ഈ ' കൊള്ളയടി' അധികാരപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് താല്പര്യപ്പെടുന്നു", എന്ന് ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആത്മകഥാംശം പരമാവധി പറച്ചിലുകളിൽ ഒഴിവാക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ ഇതു പറയാതെ വയ്യ. 94-ൽ എനിക്കൊരു ജോലി അത്യന്ത്യാ പേക്ഷിതമായൊരു സാഹചര്യമുണ്ടായി. മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാൻ നിർബന്ധിതമായ ഒരു സാഹചര്യം. അന്ന് യുജിസി മാനദണ്ഡങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലക് ചറർ ഒഴിവുകൾ വരാറില്ലാതിരുന്ന ആ കാലത്ത്, അത്യപൂർവ്വമായി വന്ന രണ്ട് ഒഴിവുകളിൽ ഒന്ന് എറണാകുളത്തേയും കോട്ടയത്തേയും സ്വകാര്യ കോളേജുകളിലേതായിരുന്നു. അവിടെ ഇംഗ്ലീഷ് അദ്ധ്യാപകനായി അപേക്ഷ കൊടുത്തു. ആ സമയത്ത് എന്റെ കയ്യിലാകെയുള്ളത് ഒരു ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റും എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫിൽ ഒന്നാം റാങ്കോടെ പാസായ സർട്ടിഫിക്കറ്റുമാണ്. ഇന്റർവ്യൂവിന് പോകാൻ തയ്യാറായിരിക്കേ കോട്ടയത്തെ കോളേജ് മാനേജ്മെന്റ് പ്രതിനിധി നേരിട്ട്‌ അറിയിച്ചു, അവർക്ക് താല്പര്യമുളള ഒരാൾക്കായിരിക്കും ആ പോസ്റ്റ് കൊടുക്കുന്നുണ്ടാവുക എന്ന്. എന്തായാലും അത് പറയാനുളള മനസ് അവർ കാണിച്ചല്ലോ എന്ന് സമാധാനിച്ചു. എറണാകുളത്തെ കോളേജ് മാനേജ്മെന്റ് പ്രതിനിധി എന്നെ ഒരു കൂടിക്കാഴ്ചക്കു വിളിച്ചു. നേരിൽ കണ്ടപ്പോൾ ഒന്നര ലക്ഷം രൂപ അടയ്ക്കണമെന്നാണ്‌ അദ്ദേഹമെന്നോട് ആവശ്യപ്പെട്ടത്. ഞാനദ്ദേഹത്തോട് ഉള്ള കാര്യം പറഞ്ഞു, 'എന്റെ കയ്യിൽ പതിനായിരം രൂപ തികച്ചെടുക്കാൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ പിഎച്ച്ഡി പൂർത്തിയാക്കിയേനെ. ഈ ജോലി അന്വേഷിച്ച് വരില്ലായിരുന്നു".

ഇപ്പോഴിതോർക്കാൻ കാരണം എന്റെയൊരു സുഹൃത്ത് എം.ജി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കുളള നോട്ടിഫിക്കേഷൻ അയച്ചു തന്നപ്പോഴാണ്. 5000 രൂപയാണ് തൊഴിൽ രഹിതനായ ഒരു അപേക്ഷകനിൽ നിന്നും ഈ യൂണിവേഴ്സിറ്റി അപേക്ഷാ ഫീസായി ഇടാക്കുന്നത്. എസ്.സി/എസ്ടി വിഭാഗത്തിന് 2500 ഉം. അന്നത്തെ ഒന്നരലക്ഷവുമായി തട്ടിച്ചു നോക്കുമ്പോൾ ഈ സംഖ്യ ചെറുതായി തോന്നുമെങ്കിലും ഒരു മഹാമാരിയുടെ പശ്ചാത്തലത്തിൽ നില്ക്കുന്ന കേരളത്തിലെ തൊഴിലന്വേഷകരിൽ നിന്ന് 5000/ രൂപാ (ഒരു പക്ഷേ കയ്യിലുണ്ടായിരുന്ന പാരലൽ കോളേജ് അദ്ധ്യാപനം പോലും നിന്നു പോയ കാലമാണെന്നോർക്കണം) അതും ഒരു പബ്ലിക് ഉടമസ്ഥയിലുളള യൂണിവേഴ്സിറ്റി വാങ്ങുന്നു എന്നു പറഞ്ഞാൽ എന്താണ് നമ്മൾ മനസിലാക്കേണ്ടത്? ധാർമ്മികമായി, ഞാൻ സൂചിപ്പിച്ച സ്വകാര്യ മാനേജ്മെന്റുകളിൽ നിന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലേക്ക് വലിയ ദൂരമില്ല എന്നല്ലേ? അന്ന് കാശ് ചോദിച്ച കൊച്ചിയിലെ കോളേജ് മാനേജ്മെന്റ് പ്രതിനിധിയുടെ മുന്നിൽ നിന്ന് നിരാശനായി ഇറങ്ങിപ്പോരുമ്പോൾ ഞാൻ കടന്നുപോയ ഒരു വൈകാരിക വിക്ഷുബ്ധത ഓർമ്മവരുന്നു. ഈ 5000 രൂപാ അടക്കാൻ കയ്യിലില്ലാത്ത എത്രയോ യോഗ്യതയുളള അപേക്ഷകർ ഇപ്പോ ഈ അപേക്ഷാ ഫോറം നോക്കി അതേ വിക്ഷുബ്ധത അനുഭവിക്കുന്നുണ്ടാകുമെന്നുളളതിൽ എനിക്ക് ഒരു സംശയവുമില്ല.

ഇന്ത്യയിലെ പേരെടുത്ത മറ്റ് പല സർവ്വകലാശാലകളും ഇപ്പോഴും 500 ഉം 1000/വും മാത്രം അപേക്ഷാ ഫീസായി വാങ്ങുന്നിടത്താണ് എം.ജി യൂണിവേഴ്സിറ്റി തൊഴിൽരഹിതരായ ചെറുപ്പക്കാരിൽ നിന്നും ഈ പിടിച്ചു പറിനടത്തുന്നത്. 2019-ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ നോട്ടിഫിക്കേഷനിൽ 2000 രൂപയും 2017-ൽ കേരള യൂണിവേഴ്സിറ്റി ഇതേ തസ്തികയിലേക്ക് വിളിച്ചപ്പോൾ 1000 രൂപയുമായിരുന്നു. പല ചെറുപ്പക്കാരുടെയും വീട്ടിലുളളവരുടെ പോലും വരുമാനം നഷ്ടപ്പെട്ടിരിക്കുന്ന ഈ കാലത്ത് യൂണിവേഴ്സിറ്റി നടത്തുന്ന ഈ ' കൊള്ളയടി' അധികാരപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് താല്പര്യപ്പെടുന്നു.


Next Story

Related Stories