TopTop
Begin typing your search above and press return to search.

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഘട്ടംഘട്ടമായി; സൗകര്യങ്ങള്‍ ഉറപ്പ് വരുത്തിയശേഷം തുടര്‍ ക്ലാസുകള്‍: വിദ്യാഭ്യാസ മന്ത്രി

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഘട്ടംഘട്ടമായി; സൗകര്യങ്ങള്‍ ഉറപ്പ് വരുത്തിയശേഷം തുടര്‍ ക്ലാസുകള്‍: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് ഇത്തവണയും ഡിജിറ്റല്‍ ക്ലാസുകള്‍ രണ്ട് ആഴ്ച ട്രയല്‍ അടിസ്ഥാനത്തിലായിരിക്കുമെന്ന് വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മുഴുവന്‍ കുട്ടികള്‍ക്കും കാണാന്‍ അവസരം ഉറപ്പാക്കിയ ശേഷമാകും തുടര്‍ ക്ലാസുകള്‍ നടക്കുകയെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. റോജി എം ജോണിന്റെ അടിയന്തിര പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള നോട്ടീസിനായിരുന്നു മന്ത്രിയുടെ മറുപടി.

2020-21 അധ്യയനവര്‍ഷം സ്‌കൂള്‍ തുറന്ന് ക്ലാസ് തുടങ്ങാന്‍ സാധിച്ചില്ല. ആയതിനാല്‍ പരമാവധി അധ്യയന ദിനം ലഭ്യമാകുന്ന വിധത്തില്‍ അവധിദിനം കൂടി പ്രയോജനപ്പെടുത്തി കൈറ്റ്-വിക്ടേഴ്‌സ് ചാനല്‍ വഴി ഡിജിറ്റല്‍ ക്ലാസ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 2020 ജൂണ്‍ ഒന്നുമുതല്‍ രണ്ടാഴ്ചത്തേക്ക് ട്രയല്‍ ആയും പിന്നീട് സാധാരണ രീതിയിലും ക്ലാസുകള്‍ക്ക് തുടക്കംകുറിച്ചു. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ ക്ലാസ് എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ട്രയല്‍ നടത്താന്‍ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ വീഡിയോ ക്ലാസ് കാണുന്നതിന് ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികളെ കണ്ടെത്താന്‍ സര്‍വേ നടത്തി. ഏകദേശം 2.6 ലക്ഷം കുട്ടികള്‍ക്ക് ഇപ്രകാരമുള്ള സൗകര്യം ഇല്ലെന്ന് പ്രാഥമികമായി കണ്ടെത്തി.

ട്രയല്‍ ക്ലാസുകളില്‍ കുട്ടികള്‍ പങ്കെടുക്കുന്നുണ്ടോ എന്നും അവര്‍ക്ക് ക്ലാസുകള്‍ കാണുന്നതിനുള്ള ഉപകരണങ്ങളുടെ ദൗര്‍ലഭ്യത ഉണ്ടോയെന്നും സ്‌കൂള്‍- ക്ലാസ് തലത്തില്‍ അധ്യാപകര്‍ നേരിട്ട് വിലയിരുത്തുകയും കുടുംബശ്രീ, പിടിഎ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ അടിയന്തര യോഗങ്ങള്‍ ചേര്‍ന്ന് ഓരോ കുട്ടിക്കും ക്ലാസുകള്‍ ലഭിക്കുന്നതിനുള്ള ശ്രമം നടത്തി. സ്‌കൂള്‍തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്തവ എഇഒ, ഡിഇഒ തലത്തിലും അല്ലാത്തവ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തലംവരെയുള്ളവര്‍ ഇടപെട്ടും പരിഹരിക്കാന്‍ ശ്രമിച്ചു. ഇപ്രകാരം ഡിജിറ്റല്‍ സൗകര്യമില്ലാതെ വരുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞു വന്നു. ട്രയല്‍ ക്ലാസുകള്‍ പൂര്‍ത്തിയായ മുറയ്ക്ക് ഏകദേശം പൂര്‍ണമായും കുട്ടികളെ ഡിജിറ്റല്‍ ക്ലാസ് സൗകര്യം ലഭിക്കുന്നവര്‍ ആക്കി മാറ്റി.

ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ കൈറ്റ് - വിക്ടേഴ്‌സ് ചാനലിലൂടെ ആരംഭിച്ചിട്ടുണ്ട്. ഇപ്രാവശ്യവും ട്രയല്‍ കാലയളവില്‍ മുഴുവന്‍ കുട്ടികള്‍ക്കും കാണാന്‍ അവസരം ഉറപ്പാക്കിയശേഷമാണ് തുടര്‍ ക്ലാസുകള്‍ നടക്കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഘട്ടംഘട്ടമായി നടപ്പാക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് ആവശ്യമായ സൗകര്യങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടോ എന്ന് ഉറപ്പുവരുത്തും. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍നെറ്റ് സൗകര്യവും 1,20,000 ലാപ്‌ടോപ്പുകളും 70,000 പ്രോജക്ടുകളും ഈ പഠനത്തിന് ഉപയോഗിക്കാന്‍ ഈ വര്‍ഷവും അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


Next Story

Related Stories