യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലെ 'എട്ടപ്പന്മാരെ' പുറത്താക്കാൻ സർക്കാർ നിർദ്ദേശം

യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥികളല്ലാത്തവരുടെ താമസം അവസാനിപ്പിക്കാൻ വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. നഗരത്തിലെ കുപ്രസിദ്ധരായ ഗുണ്ടകളടക്കം നിരവധി പേർ ഈ ഹോസ്റ്റലിൽ അനധികൃതമായി താമസിക്കുന്നതായി ദീർഘകാലമായുള്ള പരാതിയാണ്.
ഇങ്ങനെ അനധികൃതമായി ഹോസ്റ്റലിൽ തങ്ങുന്ന എട്ടപ്പൻ മഹേഷ് എന്നയാൾ കഴിഞ്ഞദിവസം കെഎസ്യു വിദ്യാർത്ഥി നേതാക്കളെ മർദ്ദിക്കുകയും രാഷ്ട്രീയപ്രവർത്തനം തുടർന്നാൽ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതമായി. കഴിഞ്ഞ കുറെ നാളുകളായി യുണിവേഴ്സിറ്റി കോളജ് അക്രമങ്ങളുടെ പേരിൽ വാർത്തകളില്‍ നിറഞ്ഞിരുന്നു. സ്ഥിതിഗതികൾക്ക് കാര്യമായ മാറ്റമൊന്നുമില്ലെന്നാണ് വീഡിയോ പുറത്തു വന്നതോടെ വ്യക്തമായത്.
ഡിസിപി ആദിത്യയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയിരുന്നു. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്ന് എസ്ഐമാരെ വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്. ഹോസ്റ്റലില്‍ നിന്ന് ചിലരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
എട്ടപ്പൻ മഹേഷിനെ തള്ളിപ്പറഞ്ഞ് കഴിഞ്ഞദിവസം എസ്എഫ്ഐ രംഗത്തു വന്നിരുന്നു. യൂണിവേഴ്സിറ്റി കോളജിൽ സംഘർഷമുണ്ടാക്കിയത് കെഎസ്യു ആണെന്നും കെഎസ്യു നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ മാർച്ച് നടത്തുകയും ചെയ്തു. ഈ മാർച്ചിൽ പൊലീസുകാരെ ആക്രമിച്ചതിലുള്‍പ്പെടെ പൊലീസ് തിരയുന്ന കേരള യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് എ റിയാസ് പങ്കെടുത്തത് വാർത്തയാകുകയും ചെയ്തിരുന്നു.
യൂത്ത് ഹോസ്റ്റല്‍, യൂണിവേഴ്സിറ്റി ഹോസ്റ്റല്‍, സ്റ്റുഡന്റ്സ് സെന്റര്‍ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് എസ്എഫ്ഐയിലെ ഒരു വിഭാഗമാളുകൾ സമാന്തരമായി പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവർക്ക് സിപിഎം നേതൃത്വവുമായോ സംഘടനയുടെ സംസ്ഥാന നേതൃത്വവുമായോ കാര്യമായ ബന്ധമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ആരാണ് എട്ടപ്പന്‍? യൂണിവേഴ്സിറ്റി കോളേജ് ഭരിക്കുന്ന ഗുണ്ടാ നേതാക്കന്മാര്