TopTop
Begin typing your search above and press return to search.

സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകള്‍; സര്‍ക്കാരിന്റെ 'ലൈഫ്' അപകടത്തിലോ?

സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകള്‍; സര്‍ക്കാരിന്റെ ലൈഫ് അപകടത്തിലോ?

സ്വര്‍ണക്കടത്ത്-ഇലക്‌ട്രോണിക്‌സ് കളളക്കടത്തുകള്‍, ലൈഫ് മിഷന്‍, കെ ഫോണ്‍ ഇടപാടുകള്‍; എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ഇനി പൂര്‍ണമായി മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചായിരിക്കും നടക്കുകയെന്ന സൂചനകളാണ് പുറത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും അനധികൃത ഇടപാടുകളില്‍ പങ്കുണ്ടെന്ന കണ്ടെത്തലുകളോടെയാണ് എല്ലാ വിരലുകളും പിണറായി വിജയന്റെ ഓഫീസിനു നേരെ ഉയര്‍ന്നിരിക്കുന്നത്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇതുവരെ എടുത്തിരുന്ന പ്രതിരോധങ്ങള്‍ സര്‍ക്കാരിനും സിപിഎമ്മിനും ഒരുപോലെ പാളുന്ന അവസ്ഥയാണ് നിലവില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ 'ലൈഫ്' തന്നെ അപകടത്തിലായിരിക്കുന്ന സാഹചര്യം.

എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതരമായ പരാതികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉയര്‍ത്തിയിരിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ മൊഴിയടിസ്ഥാനമാക്കിയാണ് ഇഡി ഓരോരോ കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. നയതന്ത്ര ചാനല്‍ ദുരുപയോഗം ചെയ്ത് തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് എം ശിവശങ്കറിനു പുറമെ മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ മറ്റു ചിലര്‍ക്കു കൂടി അറിയാമായിരുന്നുവെന്ന വെളിപ്പെടുത്തല്‍ സര്‍ക്കാരിനെതിരേയുള്ള ഗുരുതരമായ ആക്ഷേപമാണ്. സ്വപ്‌ന നല്‍കിയ മൊഴി പ്രകാരം പിണറായി വിജയന്റെ രണ്ട് സ്റ്റാഫുകളെ ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനു പുറമെയാണിത്. കോവിഡ് ബാധിതനായ രവീന്ദ്രനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. പല നിര്‍ണായക വിവരങ്ങളും രവീന്ദ്രനില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇഡിക്കുള്ളത്. എം ശിവശങ്കറിനെ തള്ളിയതുപോലെ എളുപ്പത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും രവീന്ദ്രന്റെ കാര്യത്തില്‍ കൈകഴുകി മാറാനും കഴിയില്ല. അദ്ദേഹത്തില്‍ നിന്നും പ്രതികൂലമായ മൊഴികള്‍ എന്തെങ്കിലും ഇഡിക്ക് കിട്ടുകയാണെങ്കില്‍ മുഖ്യമന്ത്രി വ്യക്തിപരമായി തന്നെ പ്രതിരോധത്തിലാകും. ഇതിനു പുറമെയാണ് മറ്റ് രണ്ടു സ്റ്റാഫുകളെക്കൂടി ചോദ്യം ചെയ്യുന്നത്. അവിടം കൊണ്ട് അവസാനിക്കില്ലെന്ന സൂചന കൂടി ഇഡി നല്‍കുന്നതിനാല്‍ വരുംദിവസങ്ങള്‍ ഏറെ നിര്‍ണാകമാണ് പിണറായിക്ക്.

സ്വര്‍ണക്കടത്തിനു പുറമെ ലൈഫ് മിഷന്‍ ഇടപാടിലും കെ ഫോണ്‍ പദ്ധതിയിലും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ അനധികൃതമായി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്. ലൈഫ് മിഷന്‍, കെ ഫോണ്‍ പദ്ധതികളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍, യൂണിടാക്ക് ബില്‍ഡേഴ്‌സുമായി പങ്കുവയ്ക്കാനായി ശിവശങ്കര്‍ സ്വപ്‌നയ്ക്ക് കൈമാറിയിരുന്നുവെന്നാണ് ഇഡിയുടെ ആരോപണം. ഇതിനു പ്രതിഫലമായി കോടികള്‍ സ്വപ്‌നയ്ക്ക് യൂണിടാക്കില്‍ നിന്നും കൈക്കൂലിയായി കിട്ടി. ഈ പണത്തിന്റെ ഒരു പങ്ക് ശിവശങ്കറിനുള്ളതായിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ റെഡ് ക്രസന്റിന്റെ കരാര്‍ നല്‍കിയതിന് പ്രതിഫലമായി യുഎഇ കോണ്‍സുലേറ്ററിലെ ഖാലിദിനും സ്വപ്‌നയ്ക്കും യൂണിടാക്ക് വന്‍ തുക കോഴ നല്‍കിയത് ശിവശങ്കര്‍ അറിഞ്ഞിരുന്നു. സ്വപ്‌നയുടെ ലോക്കറില്‍ നിന്നും എന്‍ ഐ എ പിടിച്ചെടുത്ത ഒരു കോടി രൂപ ശിവശങ്കറിന് കിട്ടിയ കോഴ തുകയായിരുന്നു. ഇത് സൂക്ഷിക്കാന്‍ വേണ്ടിയായിരുന്നു ശിവശങ്കറിന്റെ വിശ്വസ്തന്‍ വഴി സ്വപ്ന ലോക്കര്‍ തുറക്കുന്നത്, ഇഡി പറയുന്നു.

സ്മാര്‍ട് സിറ്റി, കെ ഫോണ്‍, ലൈഫ് മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ മേല്‍നോട്ടം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ ശിവശങ്കറിനുണ്ടായിരുന്നു. ഇവയുടെയെല്ലാം വിവരങ്ങള്‍ സ്വപ്‌നയ്ക്ക് ശിവശങ്കര്‍ കൈമാറിയിരുന്നുവെന്നാണ് ഇരുവരുടെയും വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ നിന്നും മനസിലാകുന്നത്. യൂണിടാക്ക് ബില്‍ഡേഴ്‌സും സെയിന്‍ വെഞ്ചേഴ്‌സും വന്‍ തുകകള്‍ സ്വപ്‌നയ്ക്ക് കോഴയായി നല്‍കിയിട്ടുള്ളതിനാല്‍ സര്‍ക്കാര്‍ വിവരങ്ങള്‍ ഈ കമ്പനികളുടെ കൈകളിലും എത്തിയിരിക്കാം; കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

ലൈഫ് മിഷന്‍ കരാര്‍, കെ ഫോണ്‍ പദ്ധതി എന്നിവയുടെ മറവില്‍ നടന്നിരിക്കുന്ന അഴിമതിയെക്കുറിച്ചും മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ കൂടി ചോദിച്ചറിയുകയും ഇഡിയുടെ ലക്ഷ്യമാണ്. കമ്മീഷന്‍ വാങ്ങിച്ച് കരാറുകള്‍ നല്‍കിയിരുന്ന സംഘത്തിലെ അംഗങ്ങളായിരുന്നു ഈ ഉദ്യോഗസ്ഥര്‍ എന്നാണ് ഇഡി പറയുന്നത്. സ്വപ്‌നയുടെ വാട്‌സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാരിന്റെ 26 പദ്ധതികളുടെ കരാര്‍ രണ്ട് കമ്പനികള്‍ക്ക് മാത്രമായി കിട്ടിയതിനെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ പ്രസ്തുത കമ്പനികള്‍ക്ക് ശിവശങ്കര്‍ ഉള്‍പ്പെട്ട സംഘം വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നുവെന്നാണ് ഇഡിയുടെ ആരോപണം. അതുപോലെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകളിലും കൃത്രിമം നടന്നിട്ടുണ്ട്. ഇക്കാര്യങ്ങളുടെയെല്ലാം നിജസ്ഥിതി വെളിച്ചെത്തു കൊണ്ടു വരണമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവരെ ചോദ്യം ചെയ്യണമെന്നാണ് കോടതിയോട് ഇഡി പറയുന്നത്.


Next Story

Related Stories