രണ്ടു ദിവസമായി പോലീസുമായി നേര്‍ക്കുനേര്‍ എട്ടുമുട്ടിയും ഹരിയാന സര്‍ക്കാര്‍ സൃഷ്ടിച്ച തടസങ്ങള്‍ മറികടന്നും മാര്‍ച്ച് ചെയ്യുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ ഒടുവില്‍ അനുമതി. ദേശീയ തലസ്ഥാന അതിര്‍ത്തിയിലുള്ള ബുരാഡിയിലെ നിരങ്കാരി മൈതാനം വരെയാണ് കര്‍ഷകര്‍ക്ക് പ്രവേശിക്കാന്‍ അനുമതി. ഇന്നലെയും ഇന്നുമായി ദേശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷകരെ തടയാന്‍ എല്ലാ മാര്‍ഗങ്ങളും ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് അവരെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയത്. കര്‍ഷക സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു തീരുമാനം.
"കര്‍ഷകര്‍ക്ക് അവരുടെ ദുരിതങ്ങള്‍ രാജ്യതലസ്ഥാനത്ത് വന്ന് വ്യക്തമാക്കാനുള്ള അവകാശമുണ്ട്. ഇന്നു രാവിലെ മുതല്‍ പഞ്ചാബിലേയും ഹരിയാനയിലേയും ആയിരക്കണക്കിന് വരുന്ന കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് സഞ്ചരിക്കുകയായിരുന്നു. എന്നാല്‍ ബിജെപി-ആര്‍എസ്എസ് സര്‍ക്കാര്‍ ജലപീരങ്കിയും ടിയര്‍ ഗ്യാസും ഉപയോഗിച്ച് അവരെ തടയാന്‍ ശ്രമിച്ചെങ്കിലും അച്ചടക്കത്തോടെയും സംയമനത്തോടെയും സമാധാനമായും കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി സഞ്ചരിച്ചു. കര്‍ഷകര്‍ കടന്നു പോകാതിരിക്കാന്‍ റോഡുകള്‍ നിറയെ കുഴിച്ചെങ്കിലും സ്വന്തം കൈകളാല്‍ ആ കുഴികള്‍ മൂടി കര്‍ഷകര്‍ യാത്ര തുടരുകയായിരുന്നു. ഇത് സര്‍ക്കാര്‍ സ്വന്തം കുഴിതോണ്ടുകയായിരുന്നു", പ്രതിഷേധം നടത്തുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ അംഗമായ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണ് കര്‍ഷകരുടെ ആവശ്യം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു മാറ്റാന്‍ ഡല്‍ഹിയിലെ സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കി മാറ്റാന്‍ പോലീസ് അനുമതി തേടിയെങ്കിലും ഡല്‍ഹി സര്‍ക്കാര്‍ അനുവദിച്ചില്ല.
ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയെങ്കിലും പോലീസും പ്രതിഷേധക്കാരും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടലുണ്ടായി എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് വെളുപ്പിനെ മുതല്‍ അഞ്ചു മണിക്കൂറോളം കര്‍ഷകരും പോലീസും പലയിടത്തായി ഏറ്റുമുട്ടി. ആയിരക്കണക്കിന് കര്‍ഷകരാണ് പോലീസ് നടപടികളും കൊടും തണുപ്പും വകവയ്ക്കാതെ 'ഡല്‍ഹി ചലോ' മാര്‍ച്ചിന്റെ ഭാഗമായി ഡല്‍ഹിയിലേക്കെത്തുന്നത്.
ഇന്നലെ രാത്രി വിവിധ ദേശീയ, സംസ്ഥാന ഹൈവേകളിലായി തമ്പടിച്ച കര്‍ഷകര്‍ ഡല്‍ഹിയിലെത്താതിരിക്കാന്‍ വലിയ തോതിലുള്ള തടസങ്ങളാണ് പോലീസ് ഉയര്‍ത്തിയത്. ബാരിക്കേഡുകള്‍, മുള്ളുകമ്പികള്‍ ചുറ്റിയ കോണ്‍ക്രീറ്റ് സ്ലാബുകള്‍, റോഡില്‍ വന്‍ കുഴികള്‍, ജലപീരങ്കി, ടിയര്‍ ഗ്യാസ് തുടങ്ങിയവയൊന്നും ഇന്നലെ കര്‍ഷകരെ പിന്തിരിപ്പിച്ചിരുന്നില്ല. ഹരിയാനയില്‍ നിന്നുള്ള വലിയൊരു സംഘം കര്‍ഷകര്‍ ഡല്‍ഹിയില്‍ നിന്ന് 65 കിലോ മീറ്റര്‍ അകലെ ഡല്‍ഹി-അംബാല ഹൈവേയിലെ പാനിപ്പത്ത് ടോള്‍ പ്ലാസയ്ക്ക് സമീപം തമ്പടിച്ചിരിക്കുകയായിരുന്നു. പ്രധാനമായും പഞ്ചാബില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ഇതേ ഹൈവേയില്‍ ഡല്‍ഹിയില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരത്തിലും ഇന്നലെ രാത്രി തമ്പടിച്ചു. ഡല്‍ഹി-സിര്‍സ ഹൈവേയിലുടെ സഞ്ചരിക്കുന്ന മറ്റൊരു സംഘം കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെയുള്ള ഹിസാര്‍ ജില്ലയിലെ ഹന്സിയിലും എത്തിയിരുന്നു. കര്‍ഷകരെയും നയിച്ചുകൊണ്ട് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവിനെ ഗുഡഗ്ാവിനു സമീപമുള്ള ബിലാസ്പൂര്‍ ഗ്രാമത്തില്‍ വച്ച് തടഞ്ഞ് കസ്റ്റഡിയിലെടുത്തിരുന്നു.
അനേകം നാളുകള്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാനുള്ള തയാറെടുപ്പുമായാണ് കര്‍ഷകര്‍ മാര്‍ച്ച് ചെയ്യുന്നത്. ട്രാക്ടറുകളില്‍ ഭക്ഷണസാധനങ്ങളും കിടക്കാനുള്ള വസ്തുക്കളുമൊക്കെ ശേഖരിച്ചിട്ടുണ്ട്. ട്രക്ക്, ബസ്, ജീപ്പ് എന്നിവയ്ക്കു പുറമെ കാല്‍നടയായും കര്‍ഷകര്‍ സഞ്ചരിക്കുന്നുണ്ട്.