മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം സി കമറുദ്ദീന് ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണം നടക്കുന്നതിനിടെ പ്രതിസ്ഥാനത്തുള്ള ജ്വല്ലറി കോടികളുടെ നികുതി വെട്ടിപ്പും നടത്തി. ജ്വല്ലറി ചരക്കുസേവന നികുതി (ജി.എസ്.ടി.) ഇനത്തില്‍ നടത്തിയത് 1,41,85,831 രൂപയുടെ വെട്ടിപ്പാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.
ചെറുവത്തൂരിലെ ന്യൂ ഫാഷന്‍ ഗോള്‍ഡ്, കാസറഗോഡ് ഖമര്‍ ഫാഷന്‍ ഗോള്‍ഡ് ജൂവലറികളിലായി കാസറഗോഡ് ഡെപ്യൂട്ടി കമ്മിഷണര്‍(എന്‍ഫോഴ്സ്മെന്റ്) നടത്തിയ പരിശോധനയിലാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്. നികുതിയും പിഴയും പലിശയും ഉള്‍പ്പെടെ ഖമര്‍ ഫാഷന്‍ ഗോള്‍ഡ് 84,82,744 രൂപയും ന്യൂ ഫാഷന്‍ ഗോള്‍ഡ് 57,03,087 രൂപയുമാണ് ഓഗസ്റ്റ് 30നുള്ളില്‍ അടയ്ക്കേണ്ടിയിരുന്നത്. പിഴ അടച്ചു തീര്‍ക്കേണ്ട അവസാന തീയതി കഴിഞ്ഞതിനാല്‍ നികുതിയുടെ 50 ശതമാനം കൂടി ചേര്‍ത്ത് തിരിച്ചടയ്ക്കേണ്ട തുക പുതുക്കിനിശ്ചയിച്ച് നോട്ടീസ് നല്‍കാനൊരുങ്ങുകയാണ് അധികൃതരെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കമറുദ്ദീന് എംഎല്‍എയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സമവായം ഉണ്ടാക്കാന്‍ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം നിയോഗിച്ച മധ്യസ്ഥ ചര്‍ച്ചയും വഴിമുട്ടുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ആരോപണ വിധേയമായ ഫാഷന്‍ഗോള്‍ഡ് ഇന്റര്‍നാഷണലിന്റെ ആസ്തിയും ബാധ്യതയുമടങ്ങിയ വിശദാംശങ്ങള്‍ പതിനഞ്ച് ദിവസത്തിനകം കൈമാറാനായിരുന്നു മാഹീന് കല്ലട്രയോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ യഥാര്‍ഥ ആസ്ഥി വിവര കണക്കു പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇവ ലഭ്യമാവാതെ നിക്ഷേപകരുടെ യോഗം പോലും വിളിച്ച് ചേര്‍ക്കാന്‍ കഴിയില്ലെന്നുമാണ് സമവായ ചുമതലയുള്ള പാര്‍ട്ടി ജില്ലാ ട്രഷറര്‍ കല്ലട്ര മാഹീന് ഹാജിയുടെ നിലപാട്.
ഇതിന് പുറമെ, മധ്യസ്ഥ സമിതിക്കെതിരെ ആരോപണവുമായി മുന്‍ ജീവനക്കാര്‍ രംഗത്തെത്തിയതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട് . മധ്യസ്ഥചര്‍ച്ചയ്ക്കായി വീട്ടില്‍ വിളിച്ചുവരുത്തി ക്രൂരമായി മര്ദിച്ചെന്നാണ ഇന്നലെ ചില ജീവനക്കാര്‍ ആക്ഷേപം ഉന്നയിച്ചത്. ഫാഷന്‍ ജ്വല്ലറിയുടെ മുന്‍ പിആര്‍ഒ ആയ മുസ്തഫയെ ബന്ദിയാക്കി മര്‍ദിച്ചെന്നാണ് പരാതി. വീട്ടില്‍ വിളിച്ചുവരുത്തി മണിക്കൂറോളം ബന്ദിയാക്കിയെന്നും ക്രൂരമായി മര്‍ദിച്ചെന്നുമാണ് പരാതിക്കാരനായ മുസ്തഫ പറയുന്നത്. കല്ലട്ര മാഹിന്‍ ഹാജി മുഖത്തടിച്ചെന്ന് ഫാഷന്‍ ഗോള്‍ഡ് പിആര്‍ഒ മുസ്തഫ ആരോപിച്ചു.
സാഹചര്യങ്ങള്‍ ഇത്തരത്തില്‍ തുടരുന്ന സാഹചര്യത്തിലും കമറുദ്ദീന് ജ്വല്ലറിയുടെ മാനേജിങ് ഡയറക്ടറായ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം പി കെ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെ കൂടുതല്‍ പരാതികളും ഉയരുന്നുണ്ട്. എംഎല്‍എക്കെതിരെ 4 പുതിയ പരാതികളാണ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പുതിയതായി ലഭിച്ചത്.
തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ ആസന്നമായ സാഹചര്യത്തില്‍ മുസ്ലീം ലീഗിനെ ഏറെ പ്രതിസന്ധിയിലാക്കിയ തട്ടിപ്പ് കേസ് രാഷ്ട്രീയമായും ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് എതിരാളികള്‍. എംസി കമറുദ്ദീനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സിപിഎം തീരുമാനം. പരാതി നല്‍കിയവരെ അണിനിരത്തി പ്രത്യക്ഷ സമരം ഉള്‍പ്പെടെയാണ് സിപിഎം പദ്ധതിയിടുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.