മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനുമായി ബന്ധപ്പെട്ട് വിവാദത്തിൽ മുസ്ലിം ലീഗിൽ ഭിന്നത രൂക്ഷം. സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ കമറുദ്ദീൻ എംഎൽഎയെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ രംഗത്തെത്തി. ഇതോടെയാണ് ഇന്ന് രാവിലെ പാണക്കാട് ചേരാനിരുന്ന യോഗം മാറ്റിയതെന്നാണ് റിപ്പോർട്ട്.
എം സി കമറുദ്ദീനെതിരെ ശക്തമായ നടപടി വേണമെന്നാണ് ഒരു വിഭാഗം കാസർകോടുനിന്നുള്ള നേതാക്കളുടെതുൾപ്പെടെയുള്ള നിലപാട്. ഇക്കാര്യം വ്യക്തമാക്കാൻ ഇവർ നേരിട്ട് മലപ്പുറത്തെത്തുകയും ചെയ്തു. ഇതിന് പുറമേ എംസി കമറുദ്ദീന് വേണ്ടി മറുവിഭാഗവും സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് യോഗം മാറ്റിയത്. വിഷയത്തിൽ ഉച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. മഞ്ചേശ്വരത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കമറുദ്ദീനെ സ്ഥാനാർത്ഥിയാക്കിയപ്പോഴും ഇരു വിഭാഗങ്ങളും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.
നിക്ഷേപ തട്ടിപ്പുമായി ബന്ധുപ്പെട്ട് എം സി കമറുദ്ദീനിൽ നിന്നും ലീഗ് നേതൃത്വം നേരത്തെ വിശദീകരണം ചോദിച്ചിരുവന്നു. വിഷയത്തിൽ പാണക്കാട് നേരിട്ടെത്തി അറിയിക്കണമെന്നായിരുന്നു നിർദേശം. ഇതനുസരിച്ച് എം സി കമറുദ്ദീന് എംഎല്‍എ ഉച്ചയ്ക്ക് പാണക്കാടെത്തുമെന്നാണ് വിവരം.
അതിനിടെ, സാമ്പത്തിക തട്ടിപ്പ് കേസിൽ എംഎൽഎ എംസി കമറുദ്ദീനെതിരെ 14 കേസുകൾ കൂടി പുതുതായി രജിസ്റ്റർ ചെയ്തു. പുതുതായി വന്ന 14 പരാതികൾ ഉൾപ്പെടെ 26 കേസുകളാണ് ചന്തേര പൊലീസിൽ മാത്രം ഇതുവരെ രജിസ്റ്റർ ചെയ്തത്. ചന്തേര പൊലീസിൽ മാത്രം രജിസ്റ്റർ ചെയ്ത കേസിൽ 2 കോടി മുപ്പത്തിനാലര ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് പുറത്ത് വരുന്നത്.