TopTop

കൂടത്തായി കൊലപാതകം: സയനൈഡ് അന്വേഷണ ഉദ്യോഗസ്ഥർക്ക് വലിയ തലവേദനയാകുമെന്ന് ഫോറൻസിക് വിദഗ്ദർ

കൂടത്തായി കൊലപാതകം: സയനൈഡ് അന്വേഷണ  ഉദ്യോഗസ്ഥർക്ക് വലിയ തലവേദനയാകുമെന്ന് ഫോറൻസിക് വിദഗ്ദർ

കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതിയായ ജോളിക്കെതിരേ സാഹചര്യത്തെളിവുകള്‍ക്കും സാക്ഷിമൊഴികള്‍ക്കും അപ്പുറം ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ബുദ്ധിമുട്ട് നേരിടുമോ? സാധ്യത അതിനാണെന്നാണ് ഫോറന്‍സിക് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ആറുപേരേയും ഒരേപോലെ സയനൈഡ് കൊടുത്താണ് കൊലപ്പെടുത്തിയതെന്ന് ജോളി സമ്മതിക്കുന്നുണ്ടെങ്കിലും ഇത് ശാസ്ത്രീയമായി തെളിയിക്കുക ബുദ്ധിമുട്ടായിരിക്കും. കൊലപാതകങ്ങള്‍ നടന്നിരിക്കുന്ന കാലയളവ് തന്നെയാണ് ഇവിടെ പ്രധാന വില്ലന്‍ എന്നതുകൊണ്ടാണ് ഫോറന്‍സിക് വിദഗ്ദര്‍ ഇത്തരമൊരു അഭിപ്രായം ഉയര്‍ത്തുന്നത്.

നിലവില്‍ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ കേസില്‍ മാത്രമാണ് സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് ശാസ്ത്രീയമായി തെളിഞ്ഞിരിക്കുന്നത്. അതിനു കാരണം, ആ മൃതദേഹം മാത്രമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തിരിക്കുന്നത് എന്നാണ്. ബാക്കി അഞ്ചു പേരുടെയും ശരീരം പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കിയിട്ടില്ല. ഈ അബദ്ധം തന്നെയാണ് പൊലീസിന് കൂടത്തായി കേസില്‍ തലവേദനയുണ്ടാക്കുകയെന്ന് അഴിമുഖത്തോട് സംസാരിച്ച ഫോറന്‍സിക് സര്‍ജന്‍ ചൂണ്ടിക്കാണിക്കുന്നു.
ഇനി മുന്നിലുള്ള വഴിയാണ്, അഞ്ചു മൃതദേഹങ്ങളും പുറത്തെടുത്ത് പരിശോധന നടത്തുകയെന്നത്. പൊലീസ് പോകുന്നതും ആ വഴിക്കാണ്. എന്നാല്‍ അതിലെ വിജയ സാധ്യത തുലോം കുറവാണെന്നു തന്നെ പറയേണ്ടി വരും. അഞ്ചു പേരുടെയും ശരീരം രാസപരിശോധന നടത്തി അതില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയെങ്കില്‍ മാത്രമാണ് ജോളിക്കെതിരേയുള്ള കുറ്റം ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയൂ. എന്നാല്‍ സയനൈഡ് ആണ് ഇവിടെ മരണകാരണമായ വിഷം എന്നുള്ളതുകൊണ്ട് തന്നെ, അതിന്റെ പ്രത്യേകത മൂലം ഇത്തരമൊരു തെളിവ് കിട്ടാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയുമെന്ന് തോന്നുന്നില്ല. മെറ്റല്‍ പോയിസണ്‍ വിഭാഗത്തില്‍പ്പെട്ടതല്ല സയനൈഡ്. മറ്റ് വിഷങ്ങളായിരുന്നു ശരീരത്തില്‍ കടന്നു ചെന്നിരുന്നതെങ്കില്‍ ഒരുപക്ഷേ കാലങ്ങള്‍ക്കു ശേഷം നടക്കുന്ന പരിശോധനയിലും അവയുടെ അംശം കണ്ടെത്താന്‍ കഴിയും. സയനൈഡ് വേഗം നശിച്ചു പോകുന്ന ഒന്നാണ്. ദിവസങ്ങളോ ആഴ്ച്ചകളോ മാത്രം കഴിഞ്ഞൊരു കേസ് ആണെങ്കില്‍ പോലും ശരീരത്തില്‍ നിന്നും സയനൈഡിന്റെ അംശം കണ്ടെത്താന്‍ കഴിയണമെന്നില്ല. ഇവിടെ സ്വര്‍ണപ്പണിക്കാരന്റെ കൈയില്‍ നിന്നും വാങ്ങിയെന്നു പറയുന്നതിനാല്‍ പൊട്ടാസ്യം സയനൈഡ് ആയിരിക്കാം നല്‍കിയിരിക്കുന്നത്. വെളുത്ത് ക്രിസ്റ്റല്‍ പൗഡര്‍ പോലിരിക്കുന്നതാണ് പൊട്ടാസ്യം സയനൈഡ്. ഇത് ശരീരത്തില്‍ നിന്നും വേഗം നശിച്ചുപോകുന്ന ഒന്നാണ്. പത്തു പതിനേഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നുവെന്നതിനാല്‍ നശിച്ചു പോയിരിക്കാനാണ് തൊണ്ണൂറ്റിയൊമ്പത് ശതമാനവും സാധ്യത; അഴിമുഖവുമായി സംസാരിച്ച പൊലീസ് സര്‍ജന്‍ പറയുന്നു.
ശവപ്പെട്ടിയില്‍ അടക്കിയതുകൊണ്ട് മൃതശരീരങ്ങളില്‍ ജലാംശം അധികം കയറാന്‍ സാധ്യതയില്ലെന്ന നിഗമനം സയനൈഡിന്റെ അംശം കണ്ടെത്തുന്നതില്‍ വലുതായൊന്നും സഹായിക്കാന്‍ സാധ്യതയില്ലെന്നാണ് ഫോറന്‍സിക് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരുപക്ഷേ ഉണ്ടാകാം എന്നു മാത്രമെ പറയാന്‍ കഴിയൂ എന്നാണവര്‍ പറയുന്നത്. 'വിദേശ ലാബുകളില്‍ അയച്ച് രാസപരിധോശന നടത്താനാണ് അന്വേഷണ സംഘം തയ്യാറായിട്ടുള്ളതെന്ന് അറിയുന്നു. അതുകൊണ്ട് ഫലമൊന്നും ഉണ്ടാകില്ലെന്നു നമ്മുക്ക് ഉറപ്പിക്കാന്‍ കഴിയില്ല. ഫലം ഉണ്ടാകും എന്നും ഉറപ്പിക്കാന്‍ കഴിയില്ല. കൊലപാതകങ്ങള്‍ നടന്നിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്നത് തന്നെ അങ്ങനെ പറയാന്‍ കാരണം. ദീര്‍ഘമായ കാലയളവുകള്‍ ഓരോ മരണത്തിലുമുണ്ട്. അതുകൊണ്ട് തന്നെ റോയിയുടെ അല്ലാത്ത അഞ്ചു മരണങ്ങളിലും സയനൈഡിന്റെ അംശം കണ്ടെത്തുക പ്രയാസം തന്നെയായിരിക്കും.
സയനൈഡ് കഴിച്ചു മരിച്ച ഒരാളുടെ ശരീരം ആ സമയത്ത് തന്നെ പരിശോധിക്കുമ്പോള്‍ പോലും വ്യക്തമായ തെളിവുകള്‍ കണ്ടെത്താന്‍ പ്രയാസമാണെന്നും ഫോറന്‍സിക് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. 'രക്തത്തിനുണ്ടാകുന്ന ചെറിയ നിറ വ്യത്യാസം, ആമാശത്തിന്റെ ഭിത്തികളുടെ അകത്തുണ്ടാകുന്ന ചെറിയ നിറവ്യത്യാസം വായുടെ അകത്തുണ്ടാകുന്ന പൊള്ളല്‍ എന്നിവയൊക്കെയാണ് സയനൈഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. ഇതൊക്കെ പക്ഷേ വിദഗ്ദര്‍ക്ക് മാത്രം മനസിലാകുന്ന കാര്യങ്ങളാണ്. സാധരണക്കാര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. പോസ്റ്റോമോര്‍ട്ടം ചെയ്യുമ്പോള്‍ സയനൈഡിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ശരീര സാമ്പിളുകള്‍ എടുത്ത് കെമിക്കല്‍ ലാബിലേക്ക് അയക്കുമ്പോള്‍ പോലും എത്രയും വേഗം പരിശോധന നടത്താന്‍ ആവശ്യപ്പെടാറുണ്ട്. കാരണം, കെമിക്കല്‍ അനാലിസ് വൈകുന്നതുകൊണ്ടു പോലും സയനൈഡിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയാതെ വരാം. ഇത്തരം സാഹചര്യങ്ങള്‍ മുന്നിലുള്ളതുകൊണ്ട് തന്നെ റോയിയുടെ ഒഴിച്ചുള്ള ബാക്കി അഞ്ചു കേസുകളിലും സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് തെളിയിക്കുക ബുദ്ധിമുട്ടാണ്.'
ആറുപേര്‍ മരിച്ചിട്ടും ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ സംശയം തോന്നാതിരുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ഫോറന്‍സിക് വിദഗ്ദര്‍ പറയുന്നുണ്ട്. ജോളി ഇവിടെ ഉപയോഗിച്ചത് സയനൈഡ് ആണ്. മറ്റുള്ള വിഷങ്ങളുടേതുപോലെ ശരീരത്തില്‍ നിറം വ്യത്യാസം ഉണ്ടാക്കുകയോ ദുര്‍ഗന്ധം ഉണ്ടാക്കുകയോ സയനൈഡ് ചെയ്യുന്നില്ല. വായില്‍ നിന്നും നുരയും പതയും വരിക, കണ്ണുകള്‍ പുറത്തേക്ക് തള്ളുക, ശ്വാസം മുട്ടല്‍ അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ സയനൈഡ് അകത്തു ചെന്നൊരാള്‍ കാണിക്കില്ല. അതേസമയം തന്നെ, ശരീര കോശങ്ങള്‍ക്ക് ഓക്സിജന്‍ ആഗിരണം ചെയ്യാന്‍ കഴിയാത്ത വിധം തടസം ഉണ്ടാക്കാന്‍ സയനൈഡിന് സാധിക്കുന്നതുകൊണ്ട് മിനിട്ടുകള്‍ കൊണ്ട് മരണം സംഭവിക്കുകയും ചെയ്യും. ഹൃദയാഘാതം വരുമ്പോള്‍ പോലും നമുക്ക് അല്‍പ്പ സമയം കിട്ടും. മൂര്‍ഖന്‍ പാമ്പിന്റെ വിഷം ശരീരത്തില്‍ കയറിയാല്‍ പോലും എത്രയും പെട്ടന്ന് അതിനുള്ള ആന്റി-ഡോട്ട് നല്‍കാനുള്ള സമയം കിട്ടും. ഇവിടെ, അതിനൊന്നും സാധിക്കില്ല. തമിഴ് പുലികള്‍ സയനൈഡ് അവരുടെ ആയുധമാക്കി കൊണ്ടു നടന്നതിനും കാരണമിതാണ്. ആന്റി-ഡോട്ട് കൊടുത്ത് രക്ഷപ്പെടുത്തിയെടുക്കാന്‍ പോലും സമയം നല്‍കാതെ മരണം സംഭവിച്ചിരിക്കും. ഇക്കാര്യങ്ങളെല്ലാം നന്നായി മനസിലാക്കി തന്നെയാകണം ജോളിയും തന്റെ ഇരകളെ ഇല്ലാതാക്കാന്‍ സയനൈഡ് തെരഞ്ഞെടുത്തത്.
ഇനിയുള്ള ശ്രമങ്ങളില്‍ പൊലീസ് എത്രകണ്ട് വിജയിക്കുമെന്ന് ശാസ്ത്രീയമായി കാര്യങ്ങള്‍ വിശകലനം നടത്തുന്നവരെന്ന നിലയില്‍ പറയാന്‍ ബുദ്ധിമുട്ടാണെങ്കിലും ഇവിടെ പൊലീസിന് തന്നെയാണ് വീഴ്ച്ചയുണ്ടായിരിക്കുന്നതെന്ന വിമര്‍ശനവും പൊലീസ് സര്‍ജന്മാര്‍ ഉയര്‍ത്തുന്നുണ്ട്. റോയിയുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണ് നടന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ തന്നെ പൊലീസ് അന്വേഷണം നടത്തണമായിരുന്നു. എങ്കില്‍ കൊലയാളിയെ പിടികൂടാമെന്നു മാത്രമല്ല, മൂന്നൂ ജീവനുകള്‍ രക്ഷിക്കാനും കഴിയുമായിരുന്നു. റോയി സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഒരുപക്ഷേ ആത്മഹത്യ ചെയ്തതായിരിക്കാം എന്നു കരുതിയാല്‍ പോലും അവിടെ അന്വേഷിച്ചറിയേണ്ട ചില കാര്യങ്ങളുണ്ട്. എങ്ങനെയാള്‍ക്ക് സയനൈഡ് കിട്ടി? ആരു നല്‍കി? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പൊലീസ് ഉത്തരം തേടണമായിരുന്നു. സുലഭമായി ലഭിക്കുന്ന ഒന്നല്ലല്ലോ സയനൈഡ്. ആര്‍ക്കും എവിടെ നിന്നും വേണെങ്കിലും പോയി വാങ്ങിക്കാന്‍ കഴിയില്ല. ലൈസന്‍സുള്ളവര്‍ക്ക് മാത്രമാണ് കിട്ടുക. എന്നിട്ടും റോയിക്ക് എവിടെ നിന്നും സയനൈഡ് കിട്ടിയെന്ന ചോദ്യത്തിന് അന്നേ ഉത്തരം കണ്ടെത്താന്‍ പൊലീസിന് കഴിയണമായിരുന്നു എന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

.


Next Story

Related Stories