TopTop
Begin typing your search above and press return to search.

ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തോ, ഒന്നും പറയാതെ കസ്റ്റംസ്

ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തോ, ഒന്നും പറയാതെ കസ്റ്റംസ്

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി ബന്ധപ്പെട്ട കസ്റ്റംസ് നടപടികളില്‍ അഭ്യൂഹങ്ങള്‍ തുടരുന്നു. വെള്ളിയാഴ്ച വൈകീട്ട് 5.30-നാണ് പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടില്‍ കസ്റ്റംസ് സംഘമെത്തിയത്. പിന്നാലെ സംഘത്തിനൊപ്പം മടങ്ങുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതും കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷവും ഉദ്യോഗസ്ഥര്‍ ഇവിടെ തുടര്‍ന്നതോടെ ശിവശങ്കര്‍ കസ്റ്റഡിയിലാണെന്നും, അറസ്റ്റിനുള്ള നീക്കമാണ് നടന്നതെന്നും അഭ്യൂഹങ്ങളും ശക്തമായി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് എടുത്ത പുതിയ കേസില്‍ ചോദ്യംചെയ്യുന്നതിനായി കൊണ്ടുവരുന്നതിനായാണ്് കസ്റ്റംസ്് ശിവശങ്കറിന്റെ വീട്ടില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം കൊച്ചിയിലുള്ള അഭിഭാഷകനെ അറിയിക്കുകയും ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കാറില്‍ കയറി യാത്രയാരംഭിക്കുകയുമായിരുന്നു. പിന്നാലെയാണ് നെഞ്ചുവേദനിക്കുന്നതായി അറിയിക്കുകയും കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ ്പ്രവേശിപ്പിക്കുകയും ചെയ്തത്.

ഇ.സി.ജി.യില്‍ വ്യതിയാനം കണ്ടതിനെത്തുടര്‍ന്ന് ഹൃദ്രോഗതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നാലെ സ്വര്‍ണക്കടത്ത് കേസ് പിടികൂടിയ അസി. കമ്മിഷണര്‍ രാമമൂര്‍ത്തി ഉള്‍പ്പെടെ പ്രിവന്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി ഡോക്ടര്‍മാരില്‍നിന്ന് ശിവശങ്കറിന്റെ ചികിത്സാവിവരങ്ങള്‍ ശേഖരിച്ചു. അപകടാവസ്ഥയില്‍ അല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം. ഇതോടെയാണ് അറസ്റ്റിനുള്ള നീക്കമാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ കസ്റ്റംസ് തയ്യാറായിട്ടില്ല.

സ്വര്‍ണക്കടത്ത് കേസ് ഉയര്‍ന്നതിന് പിന്നാലെ കസ്റ്റംസിന് പുറമെ, എന്‍ഐഎ.യും ഇ.ഡി തുടങ്ങിയ ഏജന്‍സികള്‍ ശിവശങ്കറിനെ 90 മണിക്കൂറിലേറെ ചോദ്യംചെയ്തിരുന്നു. കൊച്ചിയിലുള്‍പ്പെടെ നടന്ന ചോദ്യം ചെയ്യല്‍ നടപടികള്‍ക്ക് ഇതുവരെയാല്ലാം സ്വന്തം കാറിലായിരുന്നു ശിവശങ്കര്‍ എത്തിയിരുന്നത്. എന്നാല്‍ ഇത്തവണ കസ്റ്റംസ് സംഘം നേരിട്ടെത്തി കൂട്ടാന്‍ ശ്രമിച്ചതും അറസ്റ്റ് നീക്കമായിരുന്നെന്ന വാദം ശക്തമാക്കി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ ഈ മാസം 23 വരെ അദ്ദേഹത്തിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ജാമ്യാപേക്ഷ 23-ന് പരിഗണിക്കും. കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെങ്കിലും അറസ്റ്റിന് സാധ്യതയുണ്ടെന്നറിഞ്ഞാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയത്. വ്യാഴാഴ്ചയും അദ്ദേഹത്തെ എട്ടരമണിക്കൂര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തിരുന്നു.


Next Story

Related Stories