സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പട്ട് വിവാദങ്ങള്‍ കനക്കുന്നതിനിടെ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികളെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജലീല്‍ രാജിവയ്ക്കേണ്ട സാഹചര്യം ഇല്ലെന്ന് ആവര്‍ത്തിച്ച കാനം കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത് സർക്കാറിനെതിരെ പുകമറ സൃഷ്ടിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വര്‍ണക്കടത്ത് കേസില്‍ ഇതാദ്യമായാണ് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു നേതാവ് അന്വേഷണ സംഘത്തെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് എത്തുന്നത്. കേസ് ബിജെപി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണെന്നും കാനം ആരോപിച്ചു. ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളെ കേരളത്തിലെ പ്രതിപക്ഷം ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണ്. സ്വര്‍ണക്കടത്ത് നിയന്ത്രിക്കേണ്ടത് കസ്റ്റംസും കേന്ദ്ര സര്‍ക്കാരുമാണ്. കസ്റ്റംസിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും പരാജയമാണ് രാജ്യത്ത് സ്വര്‍ണക്കടത്ത്. പക്ഷേ സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് പ്രതിക്കൂട്ടില്‍ നില്ക്കുന്നവെന്ന് മനസ്സിലാകുന്നില്ലെന്നും കാനം ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര ഏജന്‍സികള്‍ക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാം. ചോദ്യം ചെയ്തതിന്റെ പേരില്‍ ഒരു മന്ത്രിയും ഇതുവരെ രാജിവെച്ചിട്ടില്ല. കേരളത്തിലെ 19 മന്ത്രിമാരെയും ചോദ്യം ചെയ്താല്‍ എല്ലാവരും രാജിവെക്കണോ എന്ന ചോദ്യം ഉയര്‍ത്തിയ അദ്ദേഹം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം വഴിതിരിച്ചുവിടാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുയാണെന്നും കുറ്റപ്പെട്ടുത്തി. മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് വരെ അന്വേഷണം നീട്ടികൊണ്ടുപോകുന്നതിനുള്ള രാഷ്ട്രീയ തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന് ചുവടുപിടിച്ച് കേരളത്തിലെ പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിന് പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് നടക്കുകയാണെന്നും കാനം ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ ആരോപിതയായ സ്ത്രീയുമായി ബന്ധമുണ്ട് എന്നതിനാലാണ് എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രസിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതും നടപടി എടുത്തതും. എന്നാല്‍ മന്ത്രി പറഞ്ഞിട്ടല്ല ഖുറാന് ഇറക്കുമതിയുടെ ഉത്തരവാദിത്തം മന്ത്രിയുടെ തലയില്‍ കെട്ടിവെക്കരുത്. മന്ത്രി പറഞ്ഞിട്ടല്ല ഖുറാന് കൊണ്ടുവന്നതെന്നും ജലീലിനെ ന്യായീകരിച്ച് കാനം പ്രതികരിച്ചു.