TopTop
Begin typing your search above and press return to search.

സ്വര്‍ണക്കടത്ത്: എന്‍ഐഎ കേസിന്റെ 'ഗതി' ഇന്നറിയാം, കോടതി തേടിയ അനുബന്ധ തെളിവുകളും കേസ് ഡയറിയും പരിശോധിക്കും

സ്വര്‍ണക്കടത്ത്: എന്‍ഐഎ കേസിന്റെ ഗതി ഇന്നറിയാം, കോടതി തേടിയ അനുബന്ധ തെളിവുകളും കേസ് ഡയറിയും പരിശോധിക്കും

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണക്കടത്തിയെന്ന ആരോപണത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിന്റെ മുന്നോട്ടുള്ള നീക്കങ്ങള്‍ ഇന്ന് വ്യക്തമാവും. കേസില്‍ ദേശവിരുദ്ധ സ്വഭാവം ഉന്നയിച്ച എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കുന്നതിന് സമര്‍പ്പിക്കുന്ന തെളിവുകളുടെ ഗൗരവമായിരിക്കും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിക്ക് മുന്നില്‍ വെളിപ്പെടുത്തുക.

കഴിഞ്ഞ ദിവസം കോടതി വിളിച്ചുവരുത്തിയ കേസ് ഡയറിയിലെ രഹസ്യസ്വഭാവമുള്ള കണ്ടെത്തലുകള്‍ ഇന്ന് പരിശോധിക്കും. കേസിലെ പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാനുള്ള അനുബന്ധ തെളിവുകള്‍ ഉടന്‍ ഹാജറാക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. ശക്തമായ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കേണ്ടി വരുമെന്നു കഴിഞ്ഞ ദിവസം കോടതി മുന്നറിയിപ്പും നല്‍കി.

സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കപ്പെട്ടത് എങ്ങിനെയാണെന്നു വ്യക്തമാക്കാനാണു കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. സാഹചര്യത്തില്‍ എന്‍ഐഎക്ക് വേണ്ടി അഡീ.സോളിസിറ്റര്‍ ജനറല്‍ ഇന്നു നടത്തുന്ന വാദവും കേസിന്റെ വിധി നിര്‍ണയിക്കും. ഇതിന് പുറമെ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റിലായെന്ന് എന്‍ ഐ എ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യവും അന്വേഷണ സംഘം കോടതിയില്‍ അറിയിക്കും.

ദുബായില്‍ വച്ച് യുഎഇ പൊലീസ് ആണ് ഫൈസല്‍ ഫരീദിനെ അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ യുഎഇ യില്‍ നടന്ന അന്വേഷണങ്ങളെക്കുറിച്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഫൈസല്‍ ഫരീദിന്റെയും റബ്ബിന്‍സിന്റെയും അറസ്റ്റിനെ കുറിച്ച് പറയുന്നത്.

ഇയാള്‍ക്കൊപ്പം മറ്റൊരു പ്രതിയായ റബ്ബിന്‍സ് എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജ രേഖകളുടെ നിര്‍മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലെ പങ്കാളിത്തം എന്നീ കുറ്റങ്ങള്‍ ഫൈസല്‍ ഫരീദിനെതിരേ എന്‍ ഐ എ ചുമത്തിയിട്ടുണ്ട്. ഫൈസല്‍, റബ്ബിന്‍സ് അടക്കം ആറു പേര്‍ക്കെതിരേ ഇന്റര്‍ പോള്‍ വഴി ബ്ലൂകോര്‍ണര്‍ നോട്ടീസ് അയച്ചിരുന്നു. ഇവരാണ് യുഎഇയില്‍ നിന്നും സ്വര്‍ണ്ണക്കടത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് എന്‍ ഐ എ പറയുന്നത്.


Next Story

Related Stories