സ്വർണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത ജനം ടി വി കോഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർക്ക് വിദേശയാത്ര നടത്താൻ താനിടപെട്ടിരുന്നെന്ന് സ്വപ്ന സുരേഷ്. കസ്റ്റംസിന് സ്വപ്ന നൽകിയ മൊഴിയിലാണ് അനിൽ നമ്പ്യാരുമായുള്ള അടുത്ത ബന്ധം പുറത്ത് വരുന്നത്. സ്വർണം അടങ്ങിയ ബാഗ് വിമാനത്താവളത്തിൽ വച്ച് പിടിച്ചെടുത്തതിന് പിന്നാലെ രക്ഷപ്പെടാൻ വഴിതേടി അനിൽ നമ്പ്യാരെ സമീപിച്ചിരുന്നെന്ന് സ്വപ്ന മൊഴി നൽകിയിരുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നാലെയാണ് കൂടുതൽ വിശദാംശങ്ങൾ പുറത്ത് വരുന്നത്. മൊഴിയുടെ പകർപ്പും പുറത്തുവരുന്നത്.
ഒരു വഞ്ചനാ കേസ് നിലവിലുണ്ടായിരുന്നതിനാൽ . ഇക്കാരണത്താൽ അനിൽ നമ്പ്യാര്‍ക്ക് വിദേശത്തേക്ക് പോവാൻ കഴിയുമായിരുന്നില്ല. എന്നാൽ ജയിൽ മോചിതനായ അത്ലറ്റ് രാമചന്ദ്രനെ ഇന്റർവ്യൂ ചെയ്യുന്നതിനായി വിദേശയാത്ര ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതിനുള്ള യാത്ര തടസം നീക്കാൻ താൻ ഇടപെട്ടിരുന്നു. സരിത്ത് മുഖേനയാണ് അനിൽ നമ്പ്യാർ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത്തരത്തിൽ യാത്രാവിലക്ക് നീക്കുന്നതിന് അടക്കം താൻ ഇടപെട്ടെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു.
അനിൽ നമ്പ്യാരുടെ സുഹൃത്തിന്റെ നവീൽ ടൈൽസ് കമ്പയിയുടെ ഉദ്ഘാടനത്തിന് കോൺസുലേറ്റ് ജനറലിനെ പങ്കെടുപ്പിക്കാൻ ഇടപെട്ടിരുന്നു. ഇതിന് സമ്മാനമായി ജനറലിന് മാക് ബുക്ക് സമ്മാനമായി നൽകിയിരുന്നു. തന്നോട് ചോദിച്ചാണ് ഇത് നല്‍കിയത്. തിരുവനന്തപുരത്തെ ഹോട്ടല്‍ വച്ച് ഡിന്നറിൽ പങ്കെടുത്തു. 2018 മുതൽ സുഹൃത്തുക്കളാണെന്നും സ്വപ്ന മൊഴിയിൽ പറയുന്നു.
യുഎഇ ഇന്ത്യയിൽ നടത്താനുള്ള നിക്ഷേപങ്ങളെ കുറിച്ച് അനിൽ അന്വേഷിച്ചിരുന്നു. ഇതിന് പുറമെ കോൺസുലേറ്റിന്റെ ഭാഗത്തുനിന്നും ബിജെപിക്ക് വേണ്ട എല്ലാ സഹായങ്ങളും അനിൽ ആവശ്യപ്പെട്ടിരുന്നു എന്നും സ്വപ്ന മൊഴിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ എന്ത് സഹായമാണ് ചോദിച്ചതെന്നുൾപ്പെടെയുള്ള വിശദാംശങ്ങൾ മൊഴിയിലില്ല.
അതേസമയം, നയതന്ത്രബാഗേജ് വഴിയല്ല സ്വര്‍ണം വന്നത്, സ്വകാര്യ ബാഗേജ് വഴിയാണെന്ന് വ്യക്തമാക്കിയാൽ രക്ഷപ്പെടാമെന്നായിരുന്നു അനിൽ സ്വപ്നയ്ക്ക് ഉപദേശം നൽകിയെന്നും വിവരമുണ്ട്. ഇക്കാര്യം വ്യക്തമാക്കി കോണ്‍സുല്‍ ജനറലിനെക്കൊണ്ട് വാര്‍ത്താക്കുറിപ്പിറക്കാന്‍ സ്വപ്നയെ അനില്‍ നമ്പ്യാര്‍ ഉപദേശിച്ചെന്നും നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കോണ്‍സുല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം ഈ വാര്‍ത്താക്കുറിപ്പ് തയാറാക്കി നല്‍കാമെന്ന് അനില്‍ നമ്പ്യാര്‍ ഉറപ്പും നല്‍കിയിരുന്നു. പിന്നീടുള്ള തിരക്കിൽ താനിത് വിട്ടുപോയെന്നും സ്വപ്ന പറയുന്നുണ്ട്. എന്നാല്‍ കത്ത് തയാറാക്കി നല്‍കിയോ എന്ന് വ്യക്തമല്ല.
എന്നാൽ, അഞ്ച് മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിൽ ഈ ആരോപണത്തിനെതിരായ കൃത്യമായ വിശദീകരണം നല്കാന് അനില്‍ നമ്പ്യാര്‍ക്ക് കഴിഞ്ഞില്ലെന്നാണ് സൂചന. സ്വപ്ന നൽകിയ മൊഴികൾ നിഷേധിക്കുകയാണ് അനിൽ ചെയ്തതെന്നാണ് സൂചന്. ഇതിന് പുറമെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് സ്വർണം കണ്ടെടുത്ത ജൂലൈ 5-ന് അനിൽ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. സ്വപ്നയുടെ മൊഴി ശരിയാണെങ്കിൽ കേസ് വഴി തിരിച്ചുവിടാന്‍ അനില്‍നമ്പ്യാര്‍ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്നതാണെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. അനിൽ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.