Top

സ്വർണക്കടത്ത്: ആറ് മാസത്തിനിടയിൽ കേരളത്തിൽ രജിസ്റ്റർ ചെയ്തത് 277 കേസുകൾ, പിടിച്ചത് 43 കോടിയുടെ സ്വർണം

സ്വർണക്കടത്ത്: ആറ് മാസത്തിനിടയിൽ കേരളത്തിൽ രജിസ്റ്റർ  ചെയ്തത് 277 കേസുകൾ, പിടിച്ചത് 43 കോടിയുടെ സ്വർണം

സ്വര്‍ണക്കടത്തില്‍ രാജ്യത്തെ പ്രധാന ഹബ്ബ് ആയി കേരളം മാറുന്നു. നിലവിലെ കണക്ക് അനുസരിച്ച് ഏറ്റവുമധികം സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ മുന്നിലാണ് ഇപ്പോള്‍ കേരളം. കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് തന്നെയാണ് സംസ്ഥാനം പേറുന്ന ഈ കുപ്രസിദ്ധിയെ കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കുന്നത്. കഴിഞ്ഞ ആറുമാസത്തിനകത്ത് സംസഥാനത്ത് പിടികൂടിയത് 43.28 കോടിയുടെ കള്ളക്കടത്ത് സ്വര്‍ണമാണ്. ഇതുവരെയായി 277 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

ഴിഞ്ഞ ദിവസം തൃശൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് കേരളത്തിലെ അനധികൃത സ്വര്‍ണ വ്യപാരത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി കസ്റ്റംസ് നടത്തിയ റെയ്ഡില്‍ പിടികൂടിയത് 123 കിലോ സ്വര്‍ണമാണ്. സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുന്ന 23 വീടുകള്‍, റെയില്‍ വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സ്വര്‍ണം കണ്ടെത്തിയത്. ഏകദേശം 50 കോടി രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

ഇക്കഴിഞ്ഞ സെപ്തംബര്‍ 30 വരെയുള്ള ആറു മാസക്കാലയളവില്‍ സംസ്ഥാനത്ത് നിന്നും 150.479 കിലോ സ്വര്‍ണം പിടികൂടിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ നല്‍കുന്ന വിവരം. ഇതിനു പുറമെയാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്നും വന്‍തോതില്‍ സ്വര്‍ണം പിടികൂടിയത്. കസ്റ്റംസിന്റെ നേതൃത്വത്തില്‍ വ്യാപകമായി സ്വര്‍ണം കള്ളക്കടത്തിനെതിരേ നടപടികള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതെല്ലാം മറികടന്നും കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി സ്വര്‍ണം കടത്തല്‍ നടക്കുന്നുണ്ടെന്നതിന്റെ തെളിവാണ് പുതിയ പുതിയ കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതെന്ന് തെളിയിക്കുന്നത്.

വിമാനത്താവളങ്ങള്‍ വഴിയാണ് കേരളത്തില്‍ കള്ള സ്വര്‍ണത്തിന്റെ ഇടപാടുകള്‍ കൂടുതലും നടക്കുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളാണ് ഇടപാടുകളുടെ പ്രധാന കേന്ദ്രങ്ങള്‍. ഇതില്‍ കോഴിക്കോട് വിമാനത്താവളമാണ് സ്വര്‍ണക്കടത്തിന്റെ കാര്യത്തില്‍ കൂടുതല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നത്.

എന്നാല്‍ തൃശൂരിലെ കേസുകളിലൂടെ പുറത്തു വരുന്ന വിവരം സ്വര്‍ണക്കടത്തിന് ഇപ്പോള്‍ വിമാനത്താവളങ്ങളെക്കാള്‍ മറ്റു മാര്‍ഗങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നതന്നൊണ്. വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പരിശോധന കൂടുതല്‍ കര്‍ശനമാക്കിയതായും പിടിക്കപ്പെടുന്ന സാഹചര്യം വര്‍ദ്ധിക്കുന്നതുമാണ് മറ്റു മാര്‍ഗങ്ങള്‍ തിരയാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിപ്പിക്കുന്നവരെ പ്രേരിപ്പിച്ചിരിക്കുന്നത്. വിമാനാത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിവിധ മാര്‍ഗങ്ങള്‍ ഉണ്ടെന്നത് കസ്റ്റംസിന് ഗുണം ചെയ്യുന്നുണ്ട്. എന്നാല്‍ റോഡ് മാര്‍ഗം നടത്തുന്ന കടത്തലുകള്‍ കണ്ടെത്താന്‍ ഏറെ പ്രയാസവുമാണ്. ബസ്, മറ്റ് സ്വകാര്യ വാഹനങ്ങള്‍, ട്രെയിന്‍ എന്നിവയാണ് ഇപ്പോള്‍ സ്വര്‍ണം കടത്താന്‍ കൂടുതലും ഉപയോഗപ്പെടുന്നത്. കര മാര്‍ഗത്തിലൂടെ സ്വര്‍ണക്കടത്ത് കണ്ടെത്തുക പ്രയാസമേറിയ കാര്യമാണെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറും മാധ്യമങ്ങളോട് സമ്മതിക്കുന്നുണ്ട്. രഹസ്യവിവരങ്ങള്‍ കിട്ടുന്ന കേസുകളിലാണ് കസ്റ്റംസിന് പലപ്പോഴും വിജയിക്കാന്‍ കഴിയുന്നത്. വിവരങ്ങള്‍ കൈമാറാന്‍ ആളുകളെ പ്രേരിപ്പിക്കാന്‍ വലിയ ഓഫറുകളും കസ്റ്റംസ് നല്‍കുന്നുണ്ട്. ഒരു കിലോ സ്വര്‍ണം പിടികൂടാന്‍ അധികൃതരെ സഹായിക്കുന്നവര്‍ക്ക് ഒന്നരലക്ഷം രൂപ പാരിതോഷികം നല്‍കും. ഈ തുകയുടെ അമ്പതു ശതമാനം അഡ്വാന്‍സ് ആയി കൊടുക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ വിവരം നല്‍കിയവര്‍ക്കായി 19 ലക്ഷം രൂപയാണ് കൈമാറിയത്. ഈ വര്‍ഷത്തെ ഇതുവരെയുള്ള കണക്കു പ്രകാരം 30 പേര്‍ രഹസ്യവിവരം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്കായി 19.28 ലക്ഷം രൂപ പാരിതോഷികം കൊടുക്കുകയും ചെയ്‌തെന്നും സുമിത് കുമാര്‍ പറയുന്നു.

എന്നാല്‍ ഭൂരിഭാഗം സ്വര്‍ണക്കടത്ത് സംഭവങ്ങളും ഇരുചെവിയറിയാതെ നടക്കുന്നതാണെന്ന് സുമിത് കുമാര്‍ സമ്മതിക്കുന്നുണ്ട്. കരയിലൂടെ നടത്തുന്ന കള്ളക്കടത്ത് തടയാന്‍ അതീവ ജാഗ്രതയോടെ നില്‍ക്കേണ്ടതുണ്ട്. ആഭരണങ്ങളായും കഷ്ണങ്ങളാക്കിയും ബിസ്‌കറ്റ് രൂപത്തിലും കുഴമ്പ് പരുവത്തിലുമൊക്കെ സ്വര്‍ണം കടത്തുന്നുണ്ട്. ഇവ കണ്ടെത്താന്‍ ശക്തമായ പരിശോധനയാണ് ആവശ്യം. എന്നാല്‍ നിലവിലെ അവസ്ഥയില്‍ പര്യാപ്തമായ ആള്‍ബലം കസ്റ്റംസിന് ഇല്ല. അതുകൊണ്ട് തന്നെ പരിശോധനയും വിചാരിച്ച രീതിയില്‍ കാര്യക്ഷമമാക്കാന്‍ കഴിയില്ല. എങ്കില്‍പ്പോലും സ്വര്‍ണക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ടെന്നും കസ്റ്റംസ് കമ്മീഷണര്‍ അറിയിക്കുന്നു.

സ്വര്‍ണക്കടത്ത് പുതുവഴികളിലൂടെ വ്യാപകമായ രീതിയില്‍ നടക്കുന്നുണ്ടെന്ന കസ്റ്റംസിന്റെ കണക്കുക്കൂട്ടല്‍ ശരിവയ്ക്കുന്നതായിരുന്നു തൃശൂരിലെ റെയ്ഡുമായി ബന്ധപ്പെട്ട് കിട്ടിയ വിവരങ്ങള്‍. വിദേശത്ത് നിന്നും സ്വര്‍ണം അനധികൃതമായി കടത്തിക്കൊണ്ടുവരുന്നത് മാത്രമല്ല, അന്തര്‍സംസ്ഥാന ശൃംഖലകള്‍ വഴിയും വലിയ തോതില്‍ സ്വര്‍ണക്കടത്ത് നടക്കുന്നുണ്ട്. അതില്‍ പ്രധാന പങ്ക് കേരളമാണ് വഹിക്കുന്നതെന്നാണ് കസ്റ്റംസിന് കിട്ടിയ വിവരങ്ങള്‍. തൃശൂരില്‍ കള്ള സ്വര്‍ണം എത്തിയിരുന്നത് കൂടുതലും തമിഴ്‌നാട്ടില്‍ നിന്നായിരുന്നു. ഈ സ്വര്‍ണ്ണം ജില്ലയിലുടെ വിവിധപ്രദേശങ്ങളിലേക്ക് മാറ്റും. നികുതി വെട്ടിയ്ക്കുകയാണ് പ്രധാന ഉദ്ദേശം. കേരളത്തില്‍ എത്തിക്കുന്ന സ്വര്‍ണം ആഭരണങ്ങളാക്കി തിരികെ കൊണ്ടുപോവുകയാണ് ഇവിടെ നടക്കുന്ന ബിസിനസ്. ഇടനിലക്കാരായും മറ്റും ഇരുപതും മുപ്പതും പേര്‍ ഉണ്ടായിരിക്കും. പല കൈകള്‍ മറിഞ്ഞാണ് സ്വര്‍ണം എത്തുന്നതും തിരിച്ചു പോകുന്നതും. ഇതാണ് അധികൃതരെ കുഴയ്ക്കുന്നതും സ്വര്‍ണം കണ്ടുപിടിക്കാന്‍ കഴിയാതെ വരുന്നതും.

കസ്റ്റംസ് നല്‍കുന്ന വിശദീകരണമനുസരിച്ച് കേരളത്തില്‍ ഇപ്പോള്‍ ഇടപാടുകള്‍ നടക്കുന്നത് ഈ വിധമാണ്; നികുതി വെട്ടിച്ച് അനധികൃതമായി കേരളത്തിലേക്ക് ആദ്യം സ്വര്‍ണം എത്തിക്കും. സ്വര്‍ണക്കട്ടയായിട്ടായിരിക്കും അവിടെ നിന്നും സ്വര്‍ണം എടുക്കുക. ഇത് പിന്നീട് ഉരുക്കും. കടത്തുന്നയാള്‍ അരയില്‍ തുണികൊണ്ട് രൂപപ്പെടുത്തി ബല്‍റ്റ് ധരിക്കും. ഈ തുണി ബല്‍റ്റിന് പല അറകള്‍ ഉണ്ടായിരിക്കും. ഇതിനകത്തേക്ക് ഉരുക്കിയെടുത്ത സ്വര്‍ണം നിറയ്ക്കും. ഈ സ്വര്‍ണവുമായി ഇടനിലക്കാരന്‍ മിക്കവാറും ബസ്, ട്രെയിന്‍ തുടങ്ങി പൊതുവാഹനങ്ങളിലായിരിക്കും യാത്ര ചെയ്യുക. പെട്ടെന്ന് ആര്‍ക്കും സംശയം തോന്നുകയില്ല. ആഴ്ച്ചയില്‍ ഒരിക്കല്‍ ആയിരിക്കും കടത്ത് നടക്കുന്നത്. എത്ര കിലോ സ്വര്‍ണം കടത്തുന്നു എന്നതിനനുസരിച്ചാണ് ഇടനിലക്കാരന് പ്രതിഫലം നിശ്ചയിക്കുക. യാത്രാക്കൂലിയും മറ്റു ചെലവുകള്‍ക്കും പുറമെയാണ് പ്രതിഫലം. ഒറ്റ ദിവസം കൊണ്ട് അയ്യായിരം മുതല്‍ പതിനായിരം വരെ പണം കിട്ടുമെന്നതാണ് സ്വര്‍ണക്കടത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.

കേരളത്തില്‍ എത്തിക്കുന്ന സ്വര്‍ണം ആഭരണങ്ങള്‍ ആക്കിയെടുക്കുകയാണ് രണ്ടാമത്തെ ഘട്ടം. സ്വര്‍ണപ്പണിക്കാരുടെ കൈവശമാണ് ആഭരണങ്ങളാക്കിയെടുക്കേണ്ട സ്വര്‍ണം എത്തുന്നത്. സ്വര്‍ണപ്പണി പരമ്പരാഗത കുലത്തൊഴില്‍ ആണെങ്കിലും ഇന്നിത് പുറമെ നിന്നുള്ളവരും പഠിച്ചിട്ടുണ്ട്. പ്രധാനമായും കള്ളക്കടത്ത് സ്വര്‍ണം രൂപമാറ്റം നടത്താന്‍ വേണ്ടിയാണ് സ്വര്‍ണപ്പണി പലരും പഠിച്ചിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലും കസ്റ്റംസുകാരുടെ പരിശോധന ഉണ്ടാകില്ലെന്ന വിശ്വാസത്തിലും തങ്ങളുടെ ജോലി ചെയ്യാന്‍ സ്വര്‍ണപ്പണിയെന്ന ലേബല്‍ സഹായിക്കും. കടത്തിക്കൊണ്ടു വന്ന സ്വര്‍ണക്കട്ടികള്‍ ഇത്തരം പണിശാലകളില്‍ രൂപം മാറ്റം വരുത്തി 916 ക്വാളിറ്റിയില്‍ ആഭരണങ്ങളാക്കി മാറ്റിയാണ് തമിഴ്‌നാട്ടിലേക്ക് എത്തിക്കുന്നത്. അവിടെ നിന്നും ഇതുപോലെ കള്ളക്കടത്ത് സ്വര്‍ണം വീണ്ടും വാങ്ങി ഈ പ്രവര്‍ത്തി തുടര്‍ന്നുകൊണ്ടേയിരിക്കും.

വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയ സാഹചര്യത്തില്‍ സ്വര്‍ണം കടത്തിന്റെ നൂതന വിദ്യകള്‍ അവിടങ്ങളില്‍ പരീക്ഷപ്പെടുന്നുണ്ടെങ്കിലും അവയില്‍ ഭൂരിഭാഗവും കസ്റ്റംസിന് കണ്ടെത്താന്‍ കഴിയുന്നുണ്ട്. മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ കെട്ടിവച്ച് കൊണ്ടു വരുന്ന രീതിയായിരുന്നു സമീപകാലത്ത് വിമനാത്താവളങ്ങളില്‍ പരീക്ഷിച്ചിരുന്നത്. മെറ്റല്‍ ഡിറ്റക്ടറുകളെ കബളിപ്പിക്കാന്‍ കഴിയുമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത. ഓരോ തവണയും കള്ളക്കടത്തുകാര്‍ വ്യത്യസ്ത വഴികള്‍ പരീക്ഷിക്കുമെന്നതിനാല്‍ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ കര്‍ശനമാക്കുകയും മെറ്റല്‍ ഡിറ്റക്ടറുകളെ മാത്രം ആശ്രയിക്കാതെ സൂക്ഷ്മമായ ദേഹപരിശോധകള്‍ നടത്തുകയും ചെയ്തതോടെയാണ് വിമാനത്താവളങ്ങളില്‍ പലപ്പോഴും സ്വര്‍ണം പിടിക്കപ്പെടുന്നത്. എങ്കില്‍പ്പോലും മുന്‍കൂട്ടി വിവരം കിട്ടുന്ന കേസുകളാണ് തങ്ങളെ സഹായിക്കുന്നതെന്നും അല്ലാതെ പോകുന്ന കേസുകള്‍ നിരവധി ഇപ്പോഴും നടക്കുന്നുണ്ടെന്നും കംസ്റ്റസ് സമ്മതിക്കുന്നുണ്ട്. ഇതിനു പുറമെയാണ് കര മാര്‍ഗം നടക്കുന്ന കള്ളക്കടത്ത്. വിദേശത്തു നിന്നും കൊണ്ടുവരുന്ന, പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന കള്ള സ്വര്‍ണങ്ങളാണ് വിമാനത്താവളങ്ങള്‍ വഴി കേരളത്തിലെ മാര്‍ക്കറ്റുകളില്‍ എത്തിയിരുന്നത്. എന്നാല്‍ അന്തര്‍സംസ്ഥാന തലത്തില്‍ നടക്കുന്ന കടത്തിന് വിമാനത്താവളങ്ങളോ റെയില്‍വേ സ്‌റ്റേഷനുകളോ പോലും വേണ്ട. വ്യക്തമായ വിവരങ്ങള്‍ കിട്ടുന്ന കേസുകളില്‍ അല്ലാതെ ഇത്തരം കടത്തലുകള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അത്രയെളുപ്പം സാധിക്കില്ല. വലിയ പരിശോധനകള്‍ നേരിടേണ്ടി വരുന്നില്ലെന്നതുകൊണ്ട് തന്നെയാണ് റോഡ് മാര്‍ഗമുള്ള സ്വര്‍ണ്ണക്കടത്തലുകള്‍ കൂടാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. വലിയ അളവിലുള്ള കടത്തലുകളായിരിക്കില്ല കര മാര്‍ഗം നടക്കുന്നതും. ആഴ്ച്ചയില്‍ ഒന്നെന്ന കണക്കില്‍ ഒരു മാസം നാലു തവണയായിട്ടും ഒരു കിലോ സ്വര്‍ണം കടത്താന്‍ ഇതിനു പിന്നിലുള്ളവര്‍ ശ്രമിക്കുന്നുണ്ട്. കുറഞ്ഞ അളവില്‍ സ്വര്‍ണം കടത്തുമ്പോള്‍ പരിശോധനയില്‍ നിന്നും രക്ഷപ്പെടാനും സാധിക്കും. ഉരുക്കിയ സ്വര്‍ണമാണ് പ്രധാനമായും കടത്തിക്കൊണ്ടു വരുന്നതെന്നതിനാല്‍ പിടിക്കപ്പെട്ടാലും നിയമത്തിന്റെ കൈയില്‍ നിന്നും രക്ഷപ്പെടാനുള്ള സാധ്യതയുമുണ്ട്. ഇവ നിയമപരമായാണ് കൊണ്ടുവരുന്നതെന്നതിന് രേഖകള്‍ ഉണ്ടാക്കിയെടുക്കാന്‍ ഇപ്പോള്‍ വലിയ പ്രയാസമില്ലെന്നതു തന്നെ കാരണം.

ഇത്തരം കടത്തലുകള്‍ കൊണ്ട് പ്രധാനമായും നികുതി വെട്ടിപ്പ് തന്നെയാണ് ലക്ഷ്യമിടുന്നത്. ഇത് വന്‍തോതിലാണ് സംസ്ഥാനത്തിന് നികുതി വരുമാന നഷ്ടം ഉണ്ടാക്കുന്നത്. കേരളത്തിന്റെ ഖജനാവില്‍ എത്തേണ്ട കോടികളാണ് അനധികൃതമായി സ്വര്‍ണ്ണക്കടത്ത് മാഫിയ അവരുടെ പെട്ടിയില്‍ ആക്കുന്നത്. ഈ നിയമലംഘനം പരമാവധി തടയുകയാണ് കസ്റ്റംസ് ലക്ഷ്യമിടുന്നതും .


Next Story

Related Stories