TopTop
Begin typing your search above and press return to search.

വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ നിന്ന് കൂട്ടത്തോടെ 'പുറത്ത് ചാടി' ഡോക്ടർമാർ; കോവിഡ് കോര്‍ കമ്മിറ്റിയില്‍ ആരോഗ്യവിദഗ്ദ്ധര്‍ക്ക് പകരം ഐഎഎസുകാരെ കുത്തിനിറച്ചെന്നും ആരോപണം

വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ നിന്ന്  കൂട്ടത്തോടെ പുറത്ത് ചാടി ഡോക്ടർമാർ; കോവിഡ് കോര്‍ കമ്മിറ്റിയില്‍ ആരോഗ്യവിദഗ്ദ്ധര്‍ക്ക് പകരം ഐഎഎസുകാരെ കുത്തിനിറച്ചെന്നും ആരോപണം

വാട്‌സ് ആപ് ഗ്രൂപ്പുകളും സൂം മീറ്റിങ്ങുകളും ബഹിഷ്‌ക്കരിച്ച് ഡോക്ടര്‍മാര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവിലുള്ള വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ നിന്നെല്ലാം ഡോക്ടര്‍മാര്‍ കൂട്ടത്തോടെ 'പുറത്ത് ചാടി'. നിസ്സഹകരണ സമരത്തിന്റെ ഭാഗമായി ദൈംനംദിന ജോലികളല്ലാതെ മറ്റൊന്നിലും ഇടപെടില്ലെന്ന് ഡോക്ടര്‍മാര്‍ മുമ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സയും ഉള്‍പ്പെടെ നിയന്ത്രിക്കുന്ന വാട്‌സ് ആപ് ഗ്രൂപ്പുകള്‍ ബഹിഷ്‌ക്കരിക്കാന്‍ കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്.

കോവിഡ് ചികിത്സയേയോ മറ്റ് ദൈനംദിന ജോലികളേയോ ബാധിക്കാത്ത തരത്തില്‍ സര്‍ക്കാരിനോട് നിസ്സഹകരണ സമരം തുടരുകയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച സമരത്തിന്റെ ഭാഗമായി അധിക ജോലികള്‍ ചെയ്യേണ്ടതില്ലെന്ന് കെജിഎംഒഎ തീരുമാനിച്ചിരുന്നു. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ട് നില്‍ക്കുന്നത്. കോവിഡ് ജാഗ്രത, സിഎഫ്എല്‍ടിസി ജില്ലാതല നോഡല്‍ ഓഫീസേഴ്‌സ്, കണ്‍ട്രോള്‍ റൂം, കോവിഡ് ഹോസ്പിറ്റല്‍ നോഡല്‍ ഓഫീസേഴ്‌സ്, കോണ്ടാക്ട് ട്രേസിങ്, പകര്‍ച്ചവ്യാധി നിയന്ത്രണം തുടങ്ങി 11 ഔദ്യോഗിക ഗ്രൂപ്പുകളില്‍ നിന്നാണ് ഡോക്ടര്‍മാര്‍ ഒഴിവായത്. ഇത് കൂടാതെ ജില്ലാതലത്തില്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനുള്ള ഏഴ് ഗ്രൂപ്പുകളില്‍ നിന്നും ഒഴിവായി. "ഔദ്യോഗികമായി പ്രഖ്യാപിച്ചതല്ലെങ്കിലും വാട്‌സ് ആപ് ഗ്രൂപ്പുകള്‍ വഴിയായിരുന്നു കോവിഡ് സംബന്ധിച്ച ഭരണം നടന്നിരുന്നത്. നിര്‍ദ്ദേശങ്ങള്‍, ഉത്തരവുകള്‍ തുടങ്ങി താഴെത്തട്ടില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വരെ വാട്‌സ്ആപ് ഗ്രൂപ്പുകള്‍ വഴിയാണ് കമ്മ്യൂണിക്കേറ്റ് ചെയ്തിരുന്നത്. എന്നാല്‍ ഇനി അത് നോക്കേണ്ടതില്ല എന്നാണ് തീരുമാനം", കെജിഎംഒഎ പ്രതിനിധി അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കോ കോവിഡ്- കോവിഡ് ഇതര ചികിത്സയ്‌ക്കോ ഭംഗം വരാതെയാണ് സമരം തുടരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്നിരുന്ന മീറ്റിങ്ങുകളില്‍ നിന്നും സൂം മീറ്റിങ്ങുകളില്‍ നിന്നും അധിക ജോലികളില്‍ നിന്നും വിട്ട് നില്‍ക്കും. "ഷെഡ്യൂള്‍ ടൈമില്‍ മാത്രം ജോലി ചെയ്യും. ആ സമയം കഴിഞ്ഞുള്ള ഒരു ജോലിയും ഇനി ഡോക്ടര്‍മാര്‍ ഏറ്റെടുക്കില്ല", നോഡല്‍ ഓഫീസര്‍ കൂടിയായ ഡോക്ടര്‍ പ്രതികരിച്ചു. ഇതിന് പുറമെ ആരോഗ്യവകുപ്പ് വഴി നടപ്പാക്കിയിരുന്ന ആര്‍ദ്രം പോലുള്ള പദ്ധതികളുടെ ജോലികളില്‍ നിന്നും മാറി നില്‍ക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ഇത്തരത്തില്‍ ഫീല്‍ഡില്‍ ചെയ്തിരുന്ന എല്ലാ ജോലികളും നിര്‍ത്തിവക്കാനും ജില്ലാ തലത്തില്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സാലറി ചലഞ്ച് തുടരാനുള്ള നീക്കം സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ട്. ഇതില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഏഴ് മാസമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചികിത്സയിലും സംസ്ഥാനത്തിന്റെ ശക്തിയായി നിന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം പിടിച്ച് വയ്ക്കുന്നത് അനീതിയാണെന്ന് ഡോക്ടര്‍മാര്‍ പ്രതികരിക്കുന്നു. "മറ്റ് സംസ്ഥാനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍സെന്റീവ് ഉള്‍പ്പെടെ നല്‍കുന്നു. ഇവിടെ അത് വേണമെന്നില്ല. എന്നാല്‍ തരുന്ന ശമ്പളമെങ്കിലും നല്‍കണം. അധിക ജോലി ചെയ്യണം എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്. ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും അധിക ജോലി തന്നെയാണ് ചെയ്യുന്നത്. ഏഴ് മാസമായിട്ടും അത് തുടരുന്നു. ചികിത്സാ ജോലികള്‍ കഴിഞ്ഞാലും ഡോക്ടര്‍മാര്‍ക്ക് വിശ്രമമില്ല. സൂം മീറ്റിങ്ങുകളാണ് പിന്നീട്. അത് കഴിഞ്ഞ് എഫ് എല്‍ ടി സികള്‍, ഹോം ഐസൊലേഷന്‍, അങ്ങനെ 4 മണിക്കൂറും ജോലിയാണ്", കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ ജോസഫ് ചാക്കോ അഴിമുഖത്തോട് പ്രതികരിച്ചു.

കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും നിയമിച്ചിരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നിശ്ചയിച്ചിരുന്ന ശമ്പളം നല്‍കാത്തതിനാല്‍ പലരും ജോലിയില്‍ നിന്ന് വിട്ടു. അതിനാല്‍ ഡോക്ടര്‍മാരുടെ ജോലി ഇരട്ടിയായതായും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. എന്‍എച്ച്എം നിയമിച്ച ഡോക്ടര്‍മാര്‍ക്ക് ശമ്പളവും ഇന്‍സെന്റീവ് ആയി 20 ശതമാനം തുക അധികവും നല്‍കുമ്പോള്‍ രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ ശമ്പളം പിടിച്ച് വയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലാണ് ഇവരുടെ പ്രതിഷേധം. ചികിത്സയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഒഴികെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവക്കാനാണ് ഡോക്ടര്‍മാര്‍ തീരുമാനിച്ചിരിക്കുന്നത്. "സൂം മീറ്റിങ്ങുകളും റിപ്പോര്‍ട്ട് അയക്കലും എല്ലാം അവസാനിപ്പിക്കും. ഞങ്ങളുടെ ജോലി എന്തോ അത് മാത്രം ചെയ്യും. തുടക്കത്തില്‍ അങ്ങനെ. എന്നാല്‍ പിന്നീടും ആരോഗ്യപ്രവര്‍ത്തകരോട് ഈ സമീപനം ആണെങ്കില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോവേണ്ടി വരും. ആറ് മാസത്തിനിടയില്‍ ഒരു ലക്ഷം രൂപയുടെ എങ്കിലും പെട്രോള്‍ കോവിഡ് പ്രതിരോധ പരവര്‍ത്തനത്തിനായി എന്റെ സ്വന്തം വണ്ടിയില്‍ അടിച്ചിട്ടുണ്ടാവും. അതൊന്നും തിരികെ കിട്ടുന്നതല്ല. ഉദാസീനത ഒന്നുമില്ലാതെ ജോലിയെടുത്തവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. എന്നിട്ടും ഞങ്ങളോടും ഇത് ചെയ്യുന്നത് നീതിയല്ല" കെജിഎംഒഎ അംഗമായ ഡോക്ടര്‍ പ്രതികരിച്ചു.

ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കെജിഎംഒഎ ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ രൂക്ഷമായ മാനവ വിഭവശേഷിയുടെ കുറവ് ഉണ്ട്. സി എല്‍ എല്‍ ടി സി, കോവിഡ് ആശുപത്രികള്‍, കോവിഡ് ഹോം ഐസൊലേഷന്‍ ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരേയും ഉടന്‍ നിയമിക്കുക. ശമ്പളം പിടിച്ചുവക്കുന്നതില്‍ നിന്ന് ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും ഒഴിവാക്കുക. കഴിഞ്ഞ ആറ് മാസമായി മാറ്റി വച്ച ശമ്പളം ഉടന്‍ വിതരണം ചെയ്യുക. എന്‍എച്ച്എം ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച 20 ശതമാനം റിസ്‌ക് അലവന്‍സ് കോവിഡ് പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കുക. കഴിഞ്ഞ ഒമ്പത് മാസക്കാലമായി അവധി ദിവസങ്ങളില്‍ പോലും ജോലി ചെയ്യേണ്ടി വരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലീവ് സറണ്ടര്‍ ആനുകൂല്യം പുന:സ്ഥാപിക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന കോവിഡ് രോഗബാധ ഗൗരവമായി എടുക്കുകയും ഇത് ഇന്റേണല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുകയും ചെയ്യുക. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ കോവിഡ് രോഗ ബാധയുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന പിപിഇ കിറ്റ്, എന്‍95 മാസ്‌ക് എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം വൈകിപ്പിക്കുകയോ മുടക്കുകയോ ചെയ്യരുതെന്ന സുപ്രീംകോടതി വിധിയുണ്ട്. ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ സുപ്രീംകോടതിയെയും സമീപിച്ചിട്ടുമുണ്ട്.

അതിനിടെ കോവിഡ് കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടെ ആരോഗ്യ വകുപ്പിനോ ആരോഗ്യ വിദഗ്ദ്ധര്‍ക്കോ പ്രാധാന്യം നല്‍കാത്തതിലും ഡോക്ടര്‍മാര്‍ക്ക് അമര്‍ഷമുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുമതല ആരോഗ്യവകുപ്പിനാണ്. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന പരാതി മുമ്പ് തന്നെ ഡോക്ടര്‍മാര്‍ ഉന്നയിച്ചിട്ടുണ്ട്. "ഈ ആരോപണം വെറുതെയല്ല എന്ന് തെളിയിക്കുന്നതാണ് കോര്‍ ഗ്രൂപ്പ് രൂപീകരണം. ഗ്രൗണ്ട് റിയാലിറ്റി അറിയുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. ഒരു ആരോഗ്യ വിദഗ്ദ്ധന്‍ പോലും ഇല്ലാതെയാണ് കോര്‍ ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്", കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാരിലൊരാള്‍ പറയുന്നു. ചീഫ് സെക്രട്ടറി ചെയര്‍മാനായ കോവിഡ് കോര്‍ ഗ്രൂപ്പ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡിജിപി, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ദേശീയ ആരോഗ്യ മിഷന്‍ സംസ്ഥാന ഡയറക്ടര്‍ എന്നിവരടങ്ങുന്നതാണ് കോര്‍ ഗ്രൂപ്പ്.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories