TopTop
Begin typing your search above and press return to search.

തൊഴിലും തീരവും കവര്‍ന്ന് അദാനി പോര്‍ട്ട്; വിഴിഞ്ഞം 'സ്വപ്നപദ്ധതി'ക്കരയിലെ മനുഷ്യരുടെ ജീവിതം

തൊഴിലും തീരവും കവര്‍ന്ന് അദാനി പോര്‍ട്ട്; വിഴിഞ്ഞം സ്വപ്നപദ്ധതിക്കരയിലെ മനുഷ്യരുടെ ജീവിതം


ഝാര്‍ഖണ്ഡിലെ ഗോഢ ഗ്രാമത്തില്‍ അദാനി പ്രൈവറ്റ്‌ ലിമിറ്റഡിന്റെ പവര്‍‌സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇത്‌ നിര്‍മിക്കാനായി അവിടുത്തെ ജനങ്ങളെ പോലീസിന്റെ സഹായത്തോടെ ബലം പ്രയോഗിച്ച്‌ ഒഴിപ്പിച്ചു. ഭൂമിയും കിടപ്പാടവും നഷ്ടമായ ഗോഢയിലെ സന്താല്‍ ഗോത്രവംശത്തിലെ യുവാക്കള്‍ക്ക്‌ തൊഴില്‍ നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തു. അവരുടെ അപ്പനപ്പൂപ്പന്മാര്‍ കൃഷി ചെയ്‌തിരുന്ന പൊന്നുവിളയുന്ന മണ്ണ്‌ അവര്‍ തരിശാക്കി. കുടിവെള്ള സ്രോതസുകളെ നാമാവശേഷമാക്കി. പവര്‍പ്ലാന്റില്‍ നിന്ന്‌ ഉണ്ടാകുന്ന മാലിന്യത്തിനും ജലദൗര്‍ലഭ്യതയ്‌ക്കും ചുറ്റിലും ജീവിക്കുന്ന മനുഷ്യര്‍ വില കൊടുക്കുന്നു. ഇത്‌ 2017-18 കാലത്ത്‌ ഇന്ത്യന്‍ സര്‍ക്കാരും അദാനിയും ചേര്‍ന്ന്‌ ഇന്ത്യയില്‍ നടപ്പിലാക്കിയ പവര്‍പ്ലാന്റ്‌ പ്രൊജക്ടിന്റെ കഥയാണ്‌.

ഇനി നമുക്ക്‌ കേരളത്തിലേക്ക്‌ വരാം. 2015ലാണ്‌ അദാനി വിഴിഞ്ഞം പോര്‍ട്ട്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ തിരുവനന്തപുരത്തെ കടലോര ഗ്രാമത്തില്‍ നിര്‍മാണം ആരംഭിക്കുന്നത്‌. വിഴിഞ്ഞം ഹാര്‍ബറിന്‌ സമീപം മറ്റൊരു പോര്‍ട്ട്‌ വരുന്നതിനെതിരെ അന്ന്‌ മുതല്‍ തന്നെ എതിര്‍പ്പുകളും സമരങ്ങളും അവിടുത്തെ പരമ്പരാഗത മല്‍സ്യബന്ധനത്തൊഴിലാളികളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന്‌ നടത്തിയിരുന്നു. അവരെ വികസന വിരുദ്ധര്‍ എന്ന്‌ അദാനിയുടെ പോര്‍ട്ട്‌ വരുന്നതിനെ സ്വാഗതം ചെയ്‌തവര്‍ മുദ്രകുത്തി. ഇടയില്‍ ഓഖി ചുഴലിക്കാറ്റ്‌, അനവധി കടലാക്രമണങ്ങള്‍, എന്നിവ ഉണ്ടായി. അക്കാരണം ചൂണ്ടിക്കാട്ടി നിര്‍മാണകാലാവധിയും കഴിഞ്ഞ്‌ പോര്‍ട്ട്‌ നിര്‍മാണം നീണ്ടു. കഴിഞ്ഞ സര്‍ക്കാരും നിലവിലെ സര്‍ക്കാരും അദാനി എന്ന കുത്തക കമ്പനിക്ക്‌ വേണ്ട എല്ലാ സഹായങ്ങളും നല്‍കിക്കൊണ്ട്‌ കൂടെയുണ്ടായിരുന്നു. 2020ല്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന അദാനി പോര്‍ട്ടിനെ കുറിച്ച്‌ അവിടുത്തെ മല്‍സ്യത്തൊഴിലാളി സമൂഹത്തിന്‌ പറയാനുള്ളതെന്തെന്ന്‌ ഇനി നോക്കാം;

"സ്വപ്‌നപദ്ധതിയെന്നൊക്കെ പറഞ്ഞ്‌ തുടങ്ങിയതാണ്‌. ഇന്ന്‌ നമ്മുടെ ജീവിതം തന്നെ ആശങ്കയിലാണ്‌." വിഴിഞ്ഞത്ത്‌ പ്രവര്‍ത്തനമാരംഭിച്ച അദാനി വിഴിഞ്ഞം പോര്‍ട്ട്‌ പ്രൈവറ്റ്‌ ലിമിറ്റഡിനെക്കുറിച്ച്‌ ചോദിക്കുമ്പോള്‍ ഭൂരിഭാഗം മല്‍സ്യത്തൊഴിലാളികള്‍ക്കും പറയാനുള്ളതിന്റെ ആകെച്ചിത്രമാണ്‌ ഈ വാക്കുകളില്‍. ഇന്റര്‍നാഷണല്‍ പോര്‍ട്ട്‌ വരുന്നതോടു കൂടി വിഴിഞ്ഞം എന്ന കടലോരഗ്രാമം സിംഗപ്പൂര്‍ ആകുമെന്നൊക്കെയാണ്‌ അദാനി കമ്പനിയും അന്നത്തെ യുഡിഎഫ്‌ സര്‍ക്കാരുമൊക്കെ ചേര്‍ന്ന്‌ തീരദേശവാസികളായ മല്‍സ്യത്തൊഴിലാളികള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍. എന്നാല്‍ തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനമാരംഭിച്ചതോടെയാണ്‌ തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന്റെ വ്യാപ്‌തിയെക്കുറിച്ച്‌ ഇവര്‍ മനസിലാക്കുന്നത്‌.

വിഴിഞ്ഞം കടല്‍ സ്വാഭാവികമായി ആഴമുള്ളതാണെന്നും അതുകൊണ്ട്‌ തന്നെ ഡ്രെഡ്‌ജിങും പൈലിങും ആവശ്യമില്ലെന്നുമാണ്‌ 2013ലെ പാരിസ്ഥിതിക ആഘാത പഠനം വ്യക്തമാക്കിയത്‌. എന്നാല്‍ പോര്‍ട്ടിന്റെ നിര്‍മാണം തുടങ്ങിയത്‌ തന്നെ കടപ്പുറവും കടലും നികത്തി കൊണ്ടാണ്‌. ഇതോട്‌ കൂടി വിഴിഞ്ഞവും അനുബന്ധ കടല്‍ത്തീരങ്ങളുടെയും സ്വഭാവം മാറി. മല്‍സ്യബന്ധനത്തൊഴിലാളികള്‍ക്ക്‌ സുരക്ഷിതമായിരുന്ന വിഴിഞ്ഞം ഫിഷിങ്‌ ഹാര്‍ബറിന്റെ അഴിമുഖത്തേക്ക്‌ തിരയടിക്കുന്ന പ്രതിഭാസമുണ്ടാകാന്‍ തുടങ്ങി. അങ്ങനെ പലവിധത്തില്‍ മല്‍സ്യബന്ധനത്തൊഴിലാളികള്‍ക്ക്‌ തൊഴില്‍ നഷ്ടം ഉണ്ടാകാന്‍ തുടങ്ങി.

നഷ്ടമായ തീരവും തൊഴിലും

"2015ല്‍ പോര്‍ട്ട്‌ നിര്‍മാണത്തിനായി അവര്‍ ആദ്യം ചെയ്‌തത്‌ പൈലിങാണ്‌. പൈലിങ്‌ തുടങ്ങിയപ്പോള്‍ കടല്‍ വെള്ളം കലങ്ങി. മീനുകള്‍ കരയ്‌ക്ക്‌ വരാതെയായി. ഇപ്പോള്‍ പോര്‍ട്ടിന്റെ പണി നടക്കുന്ന ഭാഗത്ത്‌, പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ കട്ടമരത്തിലും ചെറുവള്ളങ്ങളിലും പണിയെടുക്കുമായിരുന്നു. ഉള്‍ക്കടലില്‍ പോകേണ്ട ആവശ്യം തന്നെ അവര്‍ക്കുണ്ടായിരുന്നില്ല. ഇന്നവര്‍ നാല്‌പത്തഞ്ച്‌ നോട്ടിക്കല്‍ മൈലിനുമപ്പുറം പോയാണ്‌ മല്‍സ്യബന്ധനം നടത്തുന്നത്‌." മല്‍സ്യത്തൊഴിലാളിയും സിന്ധു യാത്രാ ദേവാലയത്തിന്റെ പാരിഷ്‌ സെക്രട്ടറിയുമായ ബെനന്‍സ്‌ ലോപ്പസ്‌ പോര്‍ട്ട്‌ നിര്‍മാണം തുടങ്ങിയതു മുതല്‍ കടലില്‍ കണ്ട മാറ്റങ്ങളെ, അവര്‍ക്കുണ്ടായ നഷ്ടങ്ങളെ എണ്ണിപ്പറയാന്‍ തുടങ്ങി.

കടല്‍ ചിപ്പികള്‍ ധാരാളം ലഭിക്കുന്ന ഭാഗങ്ങളായിരുന്നു മുള്ളൂര്‍, പുളിങ്കുടി തുടങ്ങിയ കടല്‍ത്തീരങ്ങള്‍. പവിഴപ്പുറ്റുകളുടെ സാന്നിധ്യം കൂടുതലായിരുന്നതിനാല്‍ ഈ ഭാഗങ്ങളില്‍ മീനുകള്‍ മുട്ട ഇടുന്ന ആവാസ വ്യവസ്ഥയായിരുന്നു. എന്നാല്‍ പോര്‍ട്ട്‌ നിര്‍മാണത്തിനായി ഡ്രെഡ്‌ജിങ്‌ ആരംഭിച്ചപ്പോള്‍ ഇവയെല്ലാം നഷ്ടമായി. ഇതുമുന്‍കൂട്ടി കണ്ട്‌ ചിപ്പിവാരല്‍ തൊഴിലാളികള്‍ക്കും ചെറുവള്ളങ്ങളിലും, കട്ടമരങ്ങളിലും പണിയെടുക്കുന്നവര്‍ക്കും, കമ്പവലക്കാര്‍ക്കും തൊഴില്‍നഷ്ടത്തിന്റെ പേരില്‍ തൊഴില്‍നഷ്ടപരിഹാര പാക്കേജ്‌ നല്‍കാമെന്ന്‌ അദാനി കമ്പനി പറഞ്ഞു.

"കരമടിക്ക്‌ പോകുന്ന കുറച്ച്‌ പേര്‍ക്ക്‌ 5,60,000 രൂപ വീതം അദാനിയുടെ കൈയില്‍ നിന്ന്‌ കിട്ടിയിട്ടുണ്ട്‌. അവരുടെ വള്ളവും വലയും അദാനി കമ്പനി തന്നെ എടുത്തിട്ട്‌ പോയി. അവരിപ്പോള്‍ മറ്റ്‌ വള്ളങ്ങളില്‍ കൂലിപ്പണിക്കാരായാണ്‌ പോകുന്നത്‌. കാശ്‌ കിട്ടാത്ത ഒന്നോ രണ്ടോ കമ്പവലക്കാര്‍ ഉള്ള സ്ഥലത്ത്‌ നിന്ന്‌ കരമടി നടത്തുന്നുണ്ട്‌." ചെറുവള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ജോര്‍ജ്‌ ചൂണ്ടിക്കാട്ടിയത്‌ പോര്‍ട്ടിന്റെ വരവോടെ നഷ്ടമായ തീരത്തെയാണ്‌. കര നഷ്ടമാകുന്നതോടു ഇവരുടെ വിശ്രമസ്ഥലം, കുട്ടികളുടെ കളിസ്ഥലം എന്നിവ കൂടിയാണ്‌ നഷ്ടമാകുന്നത്‌.


കരയില്‍ നിന്ന്‌ വലയിട്ട്‌ മല്‍സ്യബന്ധനം നടത്തിയിരുന്ന മല്‍സ്യത്തൊഴിലാളികളുടെ വളളവും വലയുമടങ്ങിയ ജീവനോപാധികള്‍ കൂടി വാങ്ങിയാണ്‌ അവര്‍ പണിയെടുത്തിരുന്ന തീരം വാങ്ങിയത്‌. ഡ്രെഡ്‌ജിങ്ങും പൈലിങ്ങും നടക്കുമ്പോള്‍ മീനുകള്‍ കരയ്‌ക്ക്‌ വരാത്തത്‌ കൊണ്ട്‌ മല്‍സ്യത്തൊഴിലാളികള്‍ക്ക്‌ ഉള്‍ക്കടലിലേക്ക്‌ പോയി വേണം മല്‍സ്യബന്ധനം നടത്താന്‍. ഈ പ്രശ്‌നം എന്നാല്‍ സര്‍ക്കാര്‍ പരിഹരിച്ചത്‌ നാല്‌ ലിറ്റര്‍ മണ്ണെണ്ണ ഒരു ബോട്ടിന്‌ രണ്ട്‌ വര്‍ഷത്തേക്ക്‌ സബ്‌സിഡി നല്‍കികൊണ്ടാണ്‌. അതായത്‌, തീരവും തൊഴിലിനുമൊപ്പം കടലും അവര്‍ക്ക്‌ വിട്ടു നല്‍കേണ്ടി വരും.

"കഴിഞ്ഞ തിങ്കളാഴ്‌ച ഏഴ്‌ വലകള്‍ കപ്പലിന്റെ പ്രൊപ്പല്ലര്‍ കൊണ്ട്‌ മുറിഞ്ഞു പോയിട്ടുണ്ട്‌." ബെനന്‍സ്‌ നഷ്ടങ്ങളുടെ ലിസ്റ്റിലേക്ക്‌ കൂട്ടിച്ചേര്‍ത്തു. "അയല, ചൂര എന്നീ മീന്‍ പിടിക്കുന്നത്‌ വല ഉപയോഗിച്ചാണ്‌. കപ്പലുകള്‍ വരുമ്പോള്‍ ഈ വലകള്‍ വള്ളങ്ങളില്‍ വലിച്ചിടാനുള്ള സമയം കിട്ടിയെന്ന്‌ വരില്ല. അപ്പോള്‍ വല അവിടെ ഇട്ടിട്ട്‌ ബോട്ടുകളും വള്ളങ്ങളും മാറി കൊടുക്കും. കപ്പല്‍ചാലില്‍ നിന്നാല്‍ അവര്‍ക്ക്‌ ആളപകടങ്ങള്‍ വരെയുണ്ടാകാം." ഇത്‌ ചെറുകിട മല്‍സ്യബന്ധത്തൊഴിലാളികളെയെല്ലാം ബാധിക്കും. പോര്‍ട്ട്‌ നിര്‍മ്മാണം ഏദേശം പൂര്‍ണ്ണമായതില്‍ പിന്നെ ഒരുപാട്‌ ക്രൂസ്‌ ചേഞ്ചറുകള്‍ വിഴിഞ്ഞം തീരത്ത്‌ വരുന്നുണ്ട്‌. വിഴിഞ്ഞം തീരക്കടലിന്‌ ആഴമുള്ളത്‌ കൊണ്ട്‌ തന്നെ ക്രൂസ്‌ ചേഞ്ചിങ്‌ എളുപ്പമാണെന്നും പോര്‍ട്ട്‌ തുടങ്ങി ഒരു മാസം കൊണ്ട്‌ 53 കപ്പലുകളാണ്‌ വന്നു പോയതെന്നും മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. അഴിമുഖത്ത്‌ നിന്ന്‌ 50 കിലോമീറ്റര്‍ മാറി ഇവര്‍ക്ക്‌ കപ്പല്‍ ഇടാന്‍ കഴിയും എന്നാല്‍ കൊച്ചി തുറമുഖത്ത്‌ ഇത്‌ സാധ്യമല്ല. അതുകൊണ്ട്‌ തന്നെ ഇപ്പോള്‍ പല കപ്പലുകളും വിഴിഞ്ഞം തീരത്താണ്‌ അടുപ്പിക്കുന്നത്‌. ഇത്‌ ചെറുകിട മല്‍സ്യത്തൊഴിലാളികളുടെ ജീവനും ജീവനോപാധിക്കും ഭീഷണിയാണ്‌.

വര്‍ദ്ധിക്കുന്ന കടലാക്രമണങ്ങളും അപകടങ്ങളും

"അദാനി പോര്‍ട്ടിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനൊപ്പം വടക്കോട്ടുള്ള തീരങ്ങളില്‍ തിരമാലകള്‍ കൂടുതല്‍ ശക്തിയില്‍ വന്നടിക്കുകയും തെക്കോട്ട്‌ തീരം ഏറുകയും ചെയ്യുന്ന പ്രതിഭാസം ഉണ്ടായി‌. മുമ്പ്‌ ഞങ്ങളോട്‌ പറഞ്ഞിരുന്നത്‌ ഇത്‌ ആഗോളതാപനം കൊണ്ട്‌ സംഭവിക്കുന്ന കടല്‍ക്ഷോഭമാണെന്നാണ്‌. പക്ഷേ ഇപ്പോള്‍ ഞങ്ങളുടെ അനുഭവം അത്‌ വിശ്വസിക്കാന്‍ സമ്മതിക്കുന്നില്ല." ഇനിയും ഞങ്ങളെ വിഡ്‌ഢികളാക്കാന്‍ ശ്രമിക്കേണ്ട എന്ന ശക്തമായ നിലപാടായിരുന്നു മല്‍സ്യത്തൊഴിലാളികളുടെ വാക്കുകളില്‍. ജനിച്ചത്‌ മുതല്‍ കടലിനെ കാണുകയും അറിയുകയും ഇണങ്ങി ജീവിക്കുകയും ചെയ്യുന്നവരോടാണ്‌ ആഗോളതാപനം എന്ന ഉടുക്ക്‌ സര്‍ക്കാരും അദാനിയും കൊട്ടിക്കാണിച്ചത്‌.

"പുലിമുട്ട്‌ നീളം കൂട്ടുന്തോറും വടക്കോട്ട്‌ തീരം കരയെ വിഴുങ്ങും. കടലിന്റെ ഒരു ഭാഗത്ത്‌ നിന്ന്‌ മണല്‍ വാരിയാല്‍ കടല്‍ത്തിര എവിടുന്നെങ്കിലും മണല്‍ കൊണ്ടുവന്ന്‌ നികത്തും. വേറെ ഏതെങ്കിലും ഭവനം പൊളിച്ചെങ്കിലും അത്‌ മണല്‍ കൊണ്ടുവരും. പ്രകൃതിക്ക്‌ ഒന്നും നഷ്ടപ്പെടില്ല. പ്രകൃതി എല്ലാം തിരിച്ച്‌ പിടിക്കും. മനുഷ്യര്‍ക്ക്‌ മാത്രമേ നഷ്ടം സംഭവിക്കുളളൂ. നാല്‌ കിലോമീറ്റര്‍ കടല്‍ നികത്തിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ കടലാക്രമണം ഉണ്ടാകുന്നതും പൂന്തുറ വലിയതുറ ഭാഗങ്ങളില്‍ കടലേറ്റം സംഭവിക്കുന്നതും." ചെറുകിട മല്‍സ്യത്തൊഴിലാളിയായ ആരോഗ്യദാസന്‍ അഭിപ്രായപ്പെട്ടു.

പോര്‍ട്ട്‌ നിര്‍മാണത്തെ തുടര്‍ന്ന്‌ ഫിഷിങ്‌ ഹാര്‍ബര്‍ തിരതള്ളല്‍ ഉണ്ടാകുമെന്നും ഫിഷിങ്‌ ഹാര്‍ബര്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കാലാകാലങ്ങളില്‍ ഉണ്ടാകുന്ന അറ്റകുറ്റപ്പണികള്‍ സര്‍ക്കാര്‍ വഹിക്കണമെന്നും വന്നതിനെ തുടര്‍ന്നാണ്‌ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്‌ ലിമിറ്റഡ്‌ (വിസില്‍) എന്ന കമ്പനി രൂപീകരിക്കുന്നത്‌. എന്നാല്‍ അടുത്തകാലത്തൊന്നും വിസില്‍ അധികൃതര്‍ അറ്റകുറ്റപ്പണികള്‍ ഹാര്‍ബറില്‍ നടത്തിയിട്ടില്ലെന്ന്‌ മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. കടലില്‍ മല്‍സ്യബന്ധനത്തിന്‌ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക്‌ സുരക്ഷയ്‌ക്കാണ്‌ ഫിഷിങ്‌ ഹാര്‍ബറുകള്‍ നിര്‍മ്മിക്കുന്നത്‌. ആ അര്‍ത്ഥത്തില്‍ വിഴിഞ്ഞം ഫിഷിങ്‌ ഹാര്‍ബര്‍ സുരക്ഷിതമായിരുന്നു. എന്നാല്‍ 2016 മുതല്‍ അസാധാരണമായ തിരയിളക്കങ്ങളാണ്‌ വിഴിഞ്ഞം ഹാര്‍ബറിനുള്ളില്‍ സംഭവിക്കുന്നതെന്ന്‌ മല്‍സ്യത്തൊഴിലാളികള്‍ സാക്ഷ്യം പറയുന്നുണ്ട്‌. 2013 ല്‍ നടന്ന പാരിസ്ഥിതിക ആഘാത റിപ്പോര്‍ട്ടില്‍ തന്നെ 7 മല്‍സ്യബന്ധനഗ്രാമങ്ങളില്‍ നിന്നുമുള്ള 56746 മല്‍സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം ഹാര്‍ബറിനെ ആശ്രയിച്ചു കഴിയുന്നുണ്ട്‌. സുരക്ഷിതമായി കടലിലേക്ക്‌ പോകാനും കരയ്‌ക്ക്‌ അടുപ്പിക്കാനും ഭൂരിഭാഗം മല്‍സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്ന ഹാര്‍ബറിനുള്ളില്‍ ഇപ്പോള്‍ അസാധാരണമായ തിരയിളക്കമാണ്‌ അനുഭവപ്പെടുന്നത്‌. സെപ്‌റ്റംബര്‍ 29ന്‌ പള്ളി ഇടവക അധികാരി ഫാദര്‍ മൈക്കിള്‍ തോമസിന്റെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ അവര്‍ ആവശ്യപ്പെട്ടതിലൊന്ന്‌ ഹാര്‍ബറിലേക്കുള്ള തിര തള്ളല്‍ പഠിക്കണമെന്നാണ്‌. നവംബര്‍ 18ന്‌ പൂനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുമുള്ള സെന്‍ട്രല്‍ വാട്ടര്‍ ആന്റ്‌ പവര്‍ റിസര്‍ച്ച്‌ സ്റ്റേഷനില്‍ നിന്നുള്ള ഒരു സംഘം എന്തുകൊണ്ട്‌ ഫിഷിങ്‌ ഹാര്‍ബറിനുള്ളില്‍ തിര തള്ളല്‍ ഉണ്ടാകുന്നുവെന്നതിനെ പഠിക്കാന്‍ തീരുമാനമായിട്ടുണ്ട്‌. മല്‍സ്യത്തൊഴിലാളികള്‍ നിര്‍ദ്ദേശിച്ച വിദഗ്‌ദരും ചേര്‍ന്നതാണ്‌ പഠനസംഘം.

അടഞ്ഞ്‌ പോയ പൊഴികള്‍ തകരുന്ന ജീവിത സാഹചര്യങ്ങളും

ഇപ്പോള്‍ അദാനി പോര്‍ട്ട്‌ സ്ഥിതി ചെയ്യുന്ന തീരത്ത്‌ രണ്ട്‌ പൊഴികളാണ്‌ പ്രധാനമായും കടലിലേക്ക്‌ ചേര്‍ന്നിരുന്നത്‌. കടലില്‍ മണ്ണ്‌ ഡ്രെഡ്‌ജ്‌ ചെയ്‌ത്‌ തീരം കൂട്ടിയതോടെ വിഴിഞ്ഞം ഹാര്‍ബറിന്റെ അരികത്തൂടെ പോയിരുന്ന തോടിന്റെ സ്വാഭാവിക ഒഴുക്ക്‌ നിലച്ചു. പദ്ധതി പ്രദേശത്തിന്റെ ഒത്ത നടുക്കായി ഉണ്ടായിരുന്ന കരുമ്പൊഴിക്കര എന്ന പൊഴി രണ്ട് മീറ്റര്‍ വീതിയിലാക്കി ചുരുക്കി. ഇത്‌ വര്‍ഷകാലങ്ങളില്‍ മറ്റ്‌ വിപത്തുകള്‍ക്കാണ്‌ വഴി തുറക്കുക.

കരുമ്പൊഴിക്കരയോട്‌ ചേര്‍ന്ന്‌ ഉണ്ടായിരുന്ന ഭൂമി മുമ്പ്‌ വയല്‍പ്രദേശമായിരുന്നു. പിന്നീട്‌ വയലിന്‍കര എന്ന്‌ ഈ ഭാഗം അറിയപ്പെട്ടു. തുച്ഛമായ വിലയ്‌ക്ക്‌ വയല്‍ ഭൂമി ലഭിച്ച മല്‍സ്യത്തൊഴിലാളികള്‍ അവിടെ വീടുകള്‍ വെച്ച്‌ കുടിയേറി പാര്‍ത്തു. 39 വീടുകളാണ്‌ ഇന്നവിടെയുള്ളത്‌. അവിടെ മഴക്കാലത്ത്‌ വെള്ളം ഒഴുകിപ്പോകാനായി 100 മീറ്റര്‍ വീതിയിലാണ്‌ പൊഴി ഉണ്ടായിരുന്നത്‌. എന്നാല്‍ പോര്‍ട്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇപ്പോള്‍ അദാനി കമ്പനി ആ പൊഴിയുടെ വീതി രണ്ട് മീറ്ററായി കുറച്ചു. ഇതോടെ വെള്ളം ഒഴുകി പോകാനിടമില്ലാതായി. മഴ സമയങ്ങളില്‍ വെള്ളം ഒഴുകി പോകാനിടമില്ലാതായതോടെ കക്കൂസ്‌ മാലിന്യങ്ങള്‍ പോലും വീടുകള്‍ക്കുള്ളില്‍ നിറഞ്ഞു. അദാനി പോര്‍ട്ടിന്റെ പാര്‍ക്കിങ്‌ ഏരിയ ആണ്‌ ഈ ഭാഗത്തേക്ക്‌ കെട്ടിപ്പൊക്കാന്‍ പോകുന്നത്‌. ആ കെട്ടിടം കൂടി ഉയരുന്നതോടെ അവിടെ താമസിക്കുന്ന ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാകും. ഇപ്പോള്‍ അദാനി കമ്പനി അവിടെ മഴവെള്ളം ഒലിച്ചുപോകാനുള്ള ഓവ്‌ചാല്‌ നിര്‍മിച്ചു നല്‍കുന്നുണ്ട്‌. എങ്കിലും വലിയ മഴക്കാലങ്ങളെ അതിന്‌ അതിജീവിക്കാന്‍ കഴിയില്ല.

"ഇവിടെ ഞങ്ങള്‍ 38 വീടുകളാണ്‌ ആകെ ഉള്ളത്‌ പക്ഷേ ഒരു വീട്ടില്‍ മൂന്ന് കുടുംബങ്ങളെങ്കിലും ഉണ്ടാകും. അത്രയും തിങ്ങിഞെരുങ്ങിയാണ്‌ ഞങ്ങള്‍ താമസിക്കുന്നത്‌. ഞങ്ങള്‍ക്ക്‌ കുറഞ്ഞ വിലയില്‍ സ്ഥലം കിട്ടിയത്‌ ഇവിടെയാണ്‌. പക്ഷേ ഇത്രയും ദുരിതമാകുമെന്ന്‌ അന്ന്‌ ഞാന്‍ കരുതിയില്ല. ഞങ്ങളുടെ വീട്‌ ഇരിക്കുന്ന ഭാഗം കൂടി പോര്‍ട്ട്‌ നിര്‍മാണത്തിനായി എടുത്തിരുന്നെങ്കില്‍ ഞങ്ങള്‍ രക്ഷപ്പെട്ടേനെ. വേറെ കിടപ്പാടം ഇല്ലാത്തതുകൊണ്ട്‌ മാത്രമാണ്‌ ഞങ്ങളിങ്ങനെ ജീവിക്കുന്നത്‌." മല്‍സ്യത്തൊഴിലാളിയായ സില്‍വയ്യന്‍ പറയുന്നു. വെള്ളക്കെട്ടുള്ള ഈ പ്രദേശം മൊത്തത്തില്‍ അദാനി ഏറ്റെടുത്ത്‌ മറ്റൊരിടത്ത്‌ സ്ഥലം ഏര്‍പ്പെടുത്തണമെന്നാണ്‌ ഇവിടെയുള്ള ജനങ്ങളുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം. തൊട്ടുമുമ്പിലുള്ള സ്ഥലത്ത്‌ ഏഴ്‌ വീടുകള്‍ കൂടിയുണ്ടായിരുന്നു. അത്‌ അദാനി പോര്‍ട്ടിനായി വാങ്ങി. അവര്‍ക്ക്‌ മുള്ളുമുക്ക്‌ എന്ന സ്ഥലത്ത്‌ അഞ്ച്‌ സെന്റ്‌ സ്ഥലവും വീടും കൊടുത്ത്‌ മാറ്റി പാര്‍പ്പിച്ചു. അതുപോലെ ഞങ്ങളെയും രക്ഷിച്ചെങ്കില്‍ എന്നാണ്‌ വീട്ടമ്മയായ സിനി പറയുന്നത്.

"വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇത്‌ നമുക്ക്‌ സഞ്ചരിക്കാനുണ്ടായിരുന്ന വഴിയായിരുന്നു. ആ വഴിയിലേക്കാണ്‌ നാല്‌ ടണ്ണോളം ഭാരമുള്ള ഈ കല്ലുകള്‍ അടുക്കിയിരിക്കുന്നത്‌. അതിര്‌ തിരിക്കുന്ന മതിലായാണ്‌ അവരത്‌ വെച്ചിരിക്കുന്നത്‌. സത്യത്തില്‍ അത്‌ അദാനി കമ്പനിക്ക്‌ നല്‍കിയ സ്ഥലത്തില്‍ ഉള്‍പ്പെടുന്നില്ല. പക്ഷേ ഞങ്ങള്‍ക്കിപ്പോള്‍ നടക്കണമെങ്കിലോ, ഹാര്‍ബറിലേക്ക്‌ പോകണമെങ്കിലോ സെക്യൂരിറ്റിക്കാരുടെ ചോദ്യം ചെയ്യലുകള്‍ കഴിഞ്ഞല്ലാതെ പോകാന്‍ കഴിയില്ല." തങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന്‌ നേരെ ചോദ്യചിഹ്നമായി ഉയര്‍ന്ന്‌ നില്‍ക്കുന്ന കൂറ്റന്‍ കല്‍ക്കെട്ടുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ പ്രദേശവാസിയായ ഷൈജു ആശങ്കപ്പെട്ടു.

പോര്‍ട്ട്‌ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ നടത്തിയ പൈലിങ്‌ സമയത്ത്‌ ഭൂമിക്കുണ്ടാകുന്ന പ്രകമ്പനത്തില്‍ ഒട്ടനവധി വീടുകള്‍ക്കാണ്‌ ഇവിടെ കോട്ടം തട്ടിയിരിക്കുന്നത്‌. എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന്‌ വീഴാവുന്ന തരത്തില്‍ വിള്ളല്‍ വീണിരിക്കുന്ന വീടിന്റെ ചുവരുകള്‍ വീട്ടമ്മമാരായ വിര്‍ജിന്‍ മേരി, ജൂലിയറ്റ്‌ എന്നിവര്‍ കാട്ടിത്തന്നു. ചെറുകിട മല്‍സ്യബന്ധനം കൊണ്ട്‌ ഉപജീവനം നടത്തുന്ന ഇവര്‍ ലോണും മറ്റു വായ്‌പകളുമെടുത്ത്‌ വിള്ളലുകള്‍ അടയ്‌ക്കുകയും അറ്റകുറ്റപ്പണികള്‍ തീര്‍ക്കുകയും ചെയ്യാറുമുണ്ട്‌. പക്ഷേ മല്‍സ്യബന്ധന സമൂഹത്തെ തന്നെ വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ്‌ ഇത്‌ തള്ളിയിടുന്നത്‌. അതിനിടയിലാണ്‌ കൊറോണ എന്ന മഹാമാരി കൂടി എത്തുന്നത്‌. "കോവിഡ്‌ സമയത്ത്‌ പട്ടിണിക്കിട്ട്‌ ഞങ്ങളെ നാമവശേഷമാക്കി. മീന്‍ വില്‍ക്കാന്‍ പോയാല്‍ കൊറോണ വരുമെന്നും അതുകൊണ്ട്‌ മല്‍സ്യഫെഡ്‌ വഴി വില്‍പ്പന നടത്തണമെന്നും പറഞ്ഞു. മല്‍സ്യഫെഡ്‌ ന്യായമായ വില മല്‍സ്യത്തൊഴിലാളികള്‍ക്ക്‌ നല്‍കുമോ? നമ്മള്‍ സ്വന്തമായി മീന്‍ വിറ്റാല്‍ കൊറോണ വരും. മല്‍സ്യഫെഡ്‌ വഴി കൊടുത്താല്‍ കൊറോണ വരില്ല. അതെന്തോന്ന്‌ കൊറോണ?" മല്‍സ്യത്തൊഴിലാളിയായ ബെനന്‍സ്‌ ലോപ്പസ്‌ ചോദിക്കുന്നു. കടലിലെ തണുപ്പ്‌ സമയമാണ്‌ മീനുകള്‍ കൂടുതല്‍ ലഭിക്കുന്നത്‌. പക്ഷേ ഇത്തവണ ആ സമയം ലോക്ക്‌ഡൗണ്‍ ആയി. അതുകൊണ്ട്‌ തന്നെ സീസണില്‍ വലിയ നഷ്ടമാണ്‌ മല്‍സ്യബന്ധന സമൂഹത്തിന്‌ ഉണ്ടായിരിക്കുന്നത്.

പള്ളിയുടെ മാത്രം കണക്കില്‍ 243 വീടുകള്‍ക്കാണ്‌ വിള്ളലുകളും പൊട്ടിപ്പൊളിയലും ഇക്കാലയളവില്‍ വിഴിഞ്ഞം ഭാഗത്ത്‌ സംഭവിച്ചിട്ടുണ്ട്‌. ക്രിസ്‌ത്യന്‍ വിശ്വാസി സമൂഹമായ മല്‍സ്യത്തൊഴിലാളികള്‍ക്ക്‌ ഇത്രയധികം ജീവിതപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട്‌ അദാനി പോര്‍ട്ട്‌ നിര്‍മാണം തുടരുമ്പാഴും ബിഷപ്പ്‌ ഹൗസ്‌ ഒരു അഭിപ്രായവും മുന്നോട്ട്‌ വെക്കുന്നില്ല എന്ന്‌ ബെനന്‍സ്‌ ലോപ്പസ്‌ സംശയമുണര്‍ത്തി. "പോര്‍ട്ട്‌ വരുന്നതില്‍ പ്രത്യേകിച്ച്‌ നിലപാടൊന്നും ബിഷപ്പ്‌ ഹൗസ്‌ എടുത്തിട്ടില്ല. പോര്‍ട്ട്‌ വരുന്നതിനോട്‌ അവര്‍ യോജിക്കുന്നില്ലെങ്കില്‍ അവര്‍ എന്തെങ്കിലും മുന്‍കൈ എടുത്ത്‌ ഇതിലൊരു തീരുമാനം നടത്തിക്കാന്‍ അവര്‍ മെനക്കെടുന്നില്ല. തീരദേശനിവാസികളില്‍ ഭൂരിഭാഗം ലത്തീന്‍ കത്തോലീക്കരാണ്‌. പക്ഷേ അവരുടെ വിശ്വാസി സമൂഹത്തിന്റെ ഉപജീവന മാര്‍ഗത്തിനും ജീവിതത്തിനും ഒരു പ്രശ്‌നം ഉണ്ടായിട്ടും അതില്‍ ഒരു നിലപാട്‌ എടുക്കാന്‍ കഴിയാത്തവരാണ്‌ ഇവിടുത്തെ രൂപത. ബിഷപ്പ്‌ ഹൗസിന്‌ ഒരു പ്രതിബന്ധത അവരുടെ വിശ്വാസികളോടില്ല. വീടു നഷ്ടപ്പെട്ട്‌ ക്യാംപുകളിലേക്ക്‌ ഒഴുകുന്ന അഭയാര്‍ത്ഥികള്‍ക്ക്‌ ഒരു കിറ്റ്‌ അരിയോ വസ്‌ത്രങ്ങളോ നല്‍കാന്‍ മാത്രമേ അവര്‍ക്ക്‌ കഴിയുന്നുള്ളൂ." ബെനന്‍സ്‌ ലോപ്പസ്‌ അഭിപ്രായപ്പെട്ടു.


തൊഴിലവസരങ്ങളെന്ന പുകമറ

അദാനി പോര്‍ട്ടിന്റെ നിര്‍മാണ കാലഘട്ടത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ 2000 തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും മല്‍സ്യത്തൊഴിലാളികള്‍ക്ക്‌ ഉണ്ടാകുന്ന തൊഴില്‍ നഷ്ടത്തിന്‌ പകരമായി 50% സംവരണം ഏര്‍പ്പെടുത്താമെന്നും വാഗ്‌ദാനമുണ്ടായിരുന്നു. എന്നാല്‍ സമയമായപ്പോള്‍ അദാനി കമ്പനി സബ്‌കോണ്‍ട്രാക്ട്‌ നല്‍കി. അതുകൊണ്ട്‌ തൊഴില്‍ നല്‍കാന്‍ കഴിയില്ലെന്ന ന്യായീകരണമാണ്‌ അധികൃതരുടെ ഭാഗത്ത്‌ നിന്നുമുണ്ടായത്‌.

"കടലില്‍ പണിക്ക്‌ പോകുന്ന മല്‍സ്യബന്ധനത്തൊഴിലാളികള്‍ കരയില്‍ എന്ത്‌ ജോലി കിട്ടിയാലും ചെയ്യും. കടലില്‍ പോകുന്ന പണിക്ക്‌ തിരിച്ചു വരുമെന്ന്‌ ഒരു ഗ്യാരന്റിയുമില്ല. കരയ്‌ക്ക്‌ തിരിച്ചെത്തുന്നത്‌ ഒരു ഭാഗ്യം കൊണ്ട്‌ എത്തുന്നതാണ്‌. അതിനേക്കാള്‍ സുരക്ഷിതമാണ്‌ കരയിലെ പണി എന്ന്‌ കണ്ടാണ്‌ ഇന്ന്‌ പലരും ഡ്രൈവര്‍മാരായും മറ്റും പോകുന്നത്‌. മല്‍സ്യബന്ധനമെന്നത്‌ കരയില്‍ നിന്ന്‌ കാണുന്നത്‌ പോലെ സുഖകരമായ ഒന്നല്ല. കര കാണാത്ത പണികളാണ്‌. കാലാവസ്ഥ വ്യതിയാനം ഒരു കാരണമാണ്‌. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന്‌ കടലില്‍ ചൂട്‌ കൂടുന്നുണ്ട്‌. ഇത്‌ കാരണം മല്‍സ്യലഭ്യത കുറയുന്നുണ്ട്‌. കടലിളക്കങ്ങള്‍ കൂടുകയും ശക്തമായ കാറ്റും ഉണ്ടാകുന്നത്‌ മറ്റ്‌ പ്രകൃതി ദുരന്തങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്‌. കരയില്‍ തോടുകളിലൂടെയും പുഴകളിലൂടെയും എത്തുന്ന മാലിന്യങ്ങള്‍ മുഴുവനും കടലിലേക്കാണ്‌ എത്തുന്നത്‌. ഓഖിക്ക്‌ ശേഷം നിരന്തരം കാറ്റും കടലിളക്കവും ശക്തമാണ്‌. 2020ല്‍ തന്നെ 70 ദിവസത്തോളം കടലില്‍ പോകണ്ട എന്നുള്ള അറിയിപ്പ്‌ കിട്ടിയിട്ടുണ്ട്‌. അങ്ങനെയും തൊഴില്‍ നഷ്ടമാകുന്നുണ്ട്‌. പഠിച്ചോണ്ടിരിക്കുന്ന യുവതലമുറക്ക്‌ തൊഴിലവസരങ്ങലുണ്ടാകുമെന്ന വിശ്വാസത്തിലാണ്‌ ഞങ്ങള്‍ ഈ പദ്ധതിയെ ആദ്യം സ്വാഗതം ചെയ്‌തത്‌. യഥാര്‍ത്ഥത്തില്‍ നിര്‍മ്മാണകാലഘട്ടത്തില്‍ തന്നെ കട്ടമരത്തൊഴിലാളികള്‍, കരമടി തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക്‌ പാക്കേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കുട്ടികള്‍ക്ക്‌ കളിക്കാന്‍ കളിസ്ഥലം തുടങ്ങി നിരവധി പാക്കേജുകള്‍ ഇവര്‍ പറഞ്ഞിരുന്നു. ഒന്നും നടന്നില്ല." കബളിപ്പിക്കപ്പെട്ടതിന്റെ നിരാശയാണ്‌ ക്ലീറ്റസിനുണ്ടായിരുന്നത്‌.

ക്ലീറ്റസിനെ പോലെ നിരവധി മല്‍സ്യബന്ധനത്തൊഴിലാളികള്‍ കബളിപ്പിക്കപ്പെട്ടതിന്റെ നിരാശയിലും ഇനി എന്ത്‌ ചെയ്യുമെന്ന ആശങ്കയിലുമാണ്‌. "പോര്‍ട്ട്‌ വന്നതിന്‌ ശേഷം തീരങ്ങള്‍ നഷ്ടമായിട്ടുണ്ട്‌. ബോട്ടുകള്‍ അടുപ്പിക്കാനോ കരമടി നടത്താനോ ഉള്ള തീരം ഇപ്പോള്‍ ഇവിടെയില്ല. പോര്‍ട്ടിന്റെ പണി നടക്കുന്നത്‌ കൊണ്ട്‌ രാത്രികാലങ്ങളിലും നല്ല വെളിച്ചമാണ്‌ ഈ ഭാഗങ്ങളിലുള്ളത്‌. വെളിച്ചമുള്ളത്‌ കൊണ്ട്‌ മീന്‍ കരയ്‌ക്ക്‌ അടുക്കില്ല. അതുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ വളരെ ദൂരം പോയി മീന്‍ പിടിക്കേണ്ട അവസ്ഥയാണ്‌ ഉള്ളത്‌. പക്ഷേ പോര്‍ട്ട്‌ വരുന്നതിനോട്‌ എനിക്ക്‌ യോജിപ്പ്‌ തന്നെയാണ്‌ ഉള്ളത്‌. ഇനി വരുന്ന തലമുറ നന്നായി ജീവിക്കുമല്ലോ.. ഞങ്ങളുടെ അച്ഛനുമമ്മയും കടല്‍പ്പണിയാണ്‌ പഠിപ്പിച്ചത്‌. അല്ലാതെ പഠിപ്പിക്കാന്‍ വിടാന്‍ അവര്‍ക്ക്‌ കഴിവില്ലായിരുന്നു. പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ മക്കളെ പഠിപ്പിക്കാന്‍ വിട്ടു. അവര്‍ക്ക്‌ കടല്‍പ്പണിയറിയില്ല. അപ്പോ പോര്‍ട്ട്‌ വരുമ്പോള്‍ അവരുടെ പഠിത്തത്തിന്‌ പറ്റുന്ന ജോലി അവര്‍ക്ക്‌ കിട്ടും. അവര്‌ ജീവിക്കും." ഫ്രാന്‍സിസ്‌ ഈ വാക്കുകള്‍ പറയുന്നത്‌ ശുഭാപ്‌തി വിശ്വാസത്തിന്റെ മാത്രം പുറത്തായിരുന്നു. ഇപ്പോള്‍ ഉണ്ടാകുന്ന നഷ്ടങ്ങളൊക്കെ താല്‍ക്കാലികമാണെന്നും തങ്ങളുടെ മക്കള്‍ക്ക്‌ സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുമെന്നും വിശ്വസിച്ച്‌ കഴിയുന്ന ഫ്രാന്‍സിസിനെ പോലെയുള്ള ഒരുപാട്‌ മാതാപിതാക്കളെയും അവരുടെ മക്കളുടെ സ്വപ്‌നങ്ങളെയും ജീവിതവും കൂടിയാണ്‌ ഇവിടെ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്‌. "അദാനി ഗ്രൂപ്പ്‌ വെയര്‍ ഡ്രീംസ്‌ ടേര്‍ണ്‍സ്‌ ടു റിയാലിറ്റി" എന്നുള്ള ടാഗ്‌ ലൈന്‍ ആരുടെ സ്വപ്‌നങ്ങള്‍ ആര്‌ യാതാര്‍ത്ഥ്യമാക്കുന്നു എന്ന്‌ കൂടി ചിന്തിക്കേണ്ടതാണ്‌.


Next Story

Related Stories