TopTop
Begin typing your search above and press return to search.

VIDEO| മാസ്‌ക് ധരിച്ചിട്ടും ആദ്യ ഡോസ് വാക്‌സിന്‍ എടുത്തിട്ടും മുഖ്യമന്ത്രിക്ക് എങ്ങനെ കോവിഡ് വന്നു? ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു

VIDEO| മാസ്‌ക് ധരിച്ചിട്ടും ആദ്യ ഡോസ് വാക്‌സിന്‍ എടുത്തിട്ടും മുഖ്യമന്ത്രിക്ക് എങ്ങനെ കോവിഡ് വന്നു? ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു

പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ മാസ്‌ക് ധരിക്കാറുള്ള, കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ എങ്ങനെ കോവിഡ് ബാധിതനായി എന്ന സംശയം പലര്‍ക്കും തോന്നാം. മാസ്‌ക് ധരിച്ചാലും കോവിഡ് വരുമോ? വാക്‌സിന്‍ സ്വീകരിച്ചാലും കോവിഡ് വരുമോ? എന്നിങ്ങനെ ആശങ്കകള്‍ നേരത്തെയും പലരും ഉന്നയിച്ചിട്ടുണ്ട്. അവയ്‌ക്കെല്ലാം കൃത്യവും വ്യക്തവുമായ മറുപടി നല്‍കിയിരിക്കുകയാണ് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ ഡോ. മനോജ് വെള്ളനാടും

സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലും. വീടുകളില്‍ മാസ്‌ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത, കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ എങ്ങനെയാണ് രോഗ പ്രതിരോധം സാധ്യമാകുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇരുവരും വിവരിക്കുന്നത്.

ഡോ. മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് കുറിപ്പ്

മുഖ്യമന്ത്രി മാസ്‌ക് ഉപയോഗിച്ചിരുന്നു. ആദ്യ ഡോസ് വാക്‌സിനും എടുത്തിട്ടുണ്ട്. എന്നിട്ടും കൊവിഡ് വന്നത് ചിലര്‍ക്കെങ്കിലും ആശങ്കയുണ്ടാക്കുന്നുണ്ട്.

1. ഓരോ വാക്‌സിനെ പറ്റി പറയുമ്പോഴും നമ്മള്‍ അതിന്റെ എഫിക്കസി 75% അല്ലെങ്കില്‍ 80% എന്ന് പറയാറുണ്ടല്ലോ. ഇത് രണ്ടു ഡോസ് വാക്‌സിനും എടുത്ത് രണ്ടാഴ്ച കഴിഞ്ഞ് നമുക്ക് കിട്ടാന്‍ പോകുന്ന രോഗപ്രതിരോധമാണ്. അപ്പോള്‍ പോലും സമൂഹത്തില്‍ രോഗമുണ്ടെങ്കില്‍, വാക്‌സിനെടുത്ത ആളിനും രോഗം വരാനുള്ള സാധ്യത 20-25% ബാക്കിയുണ്ട്. എന്നുവച്ചാല്‍ വാക്‌സിനെടുത്താലും രോഗം സമൂഹത്തില്‍ ചുറ്റിക്കറങ്ങുന്ന കാലത്തോളം മറ്റു പ്രതിരോധ മാര്‍ഗങ്ങളും തുടരണം എന്ന്..

2. അദ്ദേഹത്തിന്റെ മകള്‍ നേരത്തേ പോസിറ്റീവായിരുന്നു. അവരില്‍ നിന്നായിരിക്കാം അദ്ദേഹത്തിനും പകര്‍ന്നത്. വീട്ടില്‍ അധികമാരും മാസ്‌ക് വയ്ക്കില്ലല്ലോ, ആര്‍ക്കെങ്കിലും രോഗമുണ്ടെന്ന് അറിയും വരെ.

മറ്റൊന്ന്, അദ്ദേഹം സാധാ തുണി മാസ്‌കാണ് വച്ചു കണ്ടിട്ടുള്ളത്. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്ത് സമ്പര്‍ക്കം വരുമ്പോള്‍ ആ മാസ്‌കിനും ഏതാണ്ട് 30-40% പ്രതിരോധമേ നല്‍കാന്‍ കഴിയൂ. അങ്ങനെയും, മാസ്‌ക് വച്ചിരുന്നാലും, ചിലപ്പോള്‍ രോഗം പകര്‍ന്ന് കിട്ടാം.

3. അദ്ദേഹം 1 ഡോസ് വാക്‌സിനേ എടുത്തിരുന്നുള്ളൂ. രണ്ടാം ഡോസെടുത്ത് രണ്ടാഴ്ച കഴിഞ്ഞാലാണ് ഈ പറയുന്ന 70-80% പ്രതിരോധം ലഭിക്കുക. ഇത്രയും പ്രതിരോധം ഇപ്പോള്‍ അദ്ദേഹത്തിനുണ്ടാവില്ല.

4. 2 ഡോസ് വാക്‌സിനും എടുത്ത നിരവധി പേര്‍ക്ക് ഇതിനകം രോഗം വന്നതിനെ പറ്റിയുള്ള ആശങ്കയും ഇതിനൊപ്പം ചേര്‍ക്കാം. പിന്നെന്തിന് വാക്‌സിന്‍ എന്നാണ് പലരുടെയും ചോദ്യം. അതിന്റെ ഉത്തരം,

a)വാക്‌സിന്‍, നിങ്ങള്‍ക്ക് രോഗം വരാതിരിക്കാന്‍ 75-80% വരെ പ്രതിരോധം നല്‍കും (നേരത്തെ പറഞ്ഞത് തന്നെ)

b) വാക്‌സിനെടുത്തവരില്‍ ഇനിയഥവാ രോഗം വന്നാലും ഗുരുതരപ്രശ്‌നങ്ങളുണ്ടാവുന്നത് 95% വരെ തടയും. ചെറിയ കാര്യമല്ല.

c) വാക്‌സിനു ശേഷം രോഗം പിടിപെട്ടാലും മരിക്കാനുള്ള സാധ്യത 99-100% വരെ തടയും.

ഇതൊക്കെ കൊണ്ടാണ് വാക്‌സിന്‍ എല്ലാവരും എടുക്കണമെന്ന് പറയുന്നത്. അങ്ങനെ സമൂഹത്തില്‍ വാക്‌സിനെടുത്തിട്ടോ അല്ലാതെയോ പ്രതിരോധശേഷിയുള്ളവര്‍ 60-70% ആവുമ്പോള്‍ രോഗം പതിയെ കെട്ടടങ്ങുമെന്നാണ് കണക്കുകൂട്ടല്‍. പക്ഷെ അതിപ്പോഴും 10%-ല്‍ താഴെയാണെന്നതാണ് സത്യം.

ഇന്ത്യയിലും ലോകത്തിന്റെ പലഭാഗങ്ങളും ഇപ്പോള്‍ വീണ്ടും ലോക്ക് ഡൗണിലേക്ക് പോകുന്ന അവസ്ഥയിലാണ്. അതിവിടെ സംഭവിക്കാതിരിക്കണമെങ്കില്‍ ഇനിയെങ്കിലും നമ്മളെല്ലാം കുറച്ചൂടി ജാഗ്രത പാലിക്കണം.

പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് വേഗം നെഗറ്റീവായി, ആരോഗ്യവാനായി കര്‍മ്മനിരതനാകാന്‍ കഴിയട്ടെ എന്നും ആശംസിക്കുന്നു..

മനോജ് വെള്ളനാട്

ഡോ. മുഹമ്മദ് അഷീലിന്റെ ഫേസ്ബുക്ക് വീഡിയോ


Next Story

Related Stories