TopTop
Begin typing your search above and press return to search.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കൊല്ലപ്പെട്ടത് രണ്ട് സ്ത്രീകളടക്കം എട്ട് മാവോയിസ്റ്റുകള്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കൊല്ലപ്പെട്ടത് രണ്ട് സ്ത്രീകളടക്കം എട്ട് മാവോയിസ്റ്റുകള്‍

നാല് വര്‍ഷത്തിനിടെ എട്ട് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഇതുവരെ കൊല്ലപ്പെട്ടത് രണ്ട് സ്ത്രീകളടക്കം എട്ട് മാവോയിസ്റ്റുകള്‍. ഇന്ന് വയനാട്ടില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടത് ഏറ്റവും ഒടുവിലെ സംഭവം. കഴിഞ്ഞ വര്‍ഷം വയനാട്ടിലെ വൈത്തിരിയില്‍ നടന്ന വെടിവയ്പ്പില്‍ മാവോയിസ്റ്റ് സി.പി ജലീല്‍ കൊല്ലപ്പെട്ടിരുന്നു. ജലീലിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഇനിയും തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും വയനാട്ടില്‍ ഇന്ന് ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടിയെന്നും ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്നുമാണ് പോലീസ് വിശദീകരണം.

വയനാട് പടിഞ്ഞാറെത്തറയ്ക്കും ബാണാസുരസാഗര്‍ അണക്കെട്ടിനും സമീപത്ത് പന്തിപൊയില്‍ വാളാരം കുന്നില്‍ വച്ച് ഇന്ന് രാവിലെ 9.15ന് ഏറ്റുമുട്ടല്‍ നടന്നതായാണ് പോലീസ് നല്‍കുന്ന വിവരം. രാവിലെ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് സംഘം മാവോയിസ്റ്റുകളെ കണ്ടെത്തി, മാവോയിസ്റ്റുകള്‍ ആദ്യം വെടിയുതിര്‍ത്തു, പിന്നീട് മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു, സംഘത്തില്‍ ആറ് പേരുണ്ടായിരുന്നു, ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്, സംഘത്തിലുണ്ടായിരുന്നവര്‍ക്ക് വേണ്ടി തിരച്ചില്‍ നടക്കുകയാണ്; ഇത്രയുമാണ് വെടിവയ്പ്പും കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പുറത്ത് വിടുന്ന വിവരം. എന്നാല്‍ കൊല്ലപ്പെട്ടത് ആരെന്നോ മറ്റ് വിവരങ്ങളോ പോലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 35 വയസ്സ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. ഇയാളുടെ പക്കല്‍ നിന്ന് 0.303 മോഡല്‍ റൈഫിളും ലഘുലേഖകളും കണ്ടെത്തിയതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ കൊലയുടെ വാര്‍ഷികത്തില്‍ പോലീസ്, വനം വകുപ്പ് ഓഫീസുകള്‍ ആക്രമിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നതായും എസ് പി ജി. പൂങ്കുഴലി പറയുന്നു. മാവോയിസ്റ്റുകള്‍ ഉപയോഗിച്ചിരുന്നതെന്ന് പറയുന്ന തോക്കിന്റെ ചിത്രം പോലീസ് പുറത്ത് വിട്ടു. മാവോയിസ്റ്റുകള്‍ യൂണിഫോമിലായിരുന്നു എന്നും പോലീസ് എഫ്‌ഐആറില്‍ പറയുന്നു.

കേരളത്തില്‍ നാല് വര്‍ഷത്തിനിടയില്‍ നടന്ന എല്ലാ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഏറെ വിവാദമാവുകയും ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്

നിലമ്പൂരില്‍ തുടങ്ങി

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016ലെ നവംബറില്‍ നിലമ്പൂര്‍ കാടുകളിലാണ് സമീപകാല മാവോയിസ്റ്റ് വേട്ട തുടങ്ങുന്നത്. തണ്ടര്‍ബോള്‍ട്ടിന്റെ വെടിവപ്പില്‍ ഒരു സ്ത്രീയടക്കം രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജും അജിതയുമാണ് അന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കരുളായി വനമേഖലയില്‍ മാവോയിസ്റ്റുകളുമായി ഒന്നര മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലുണ്ടായി എന്നും ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയായിരുന്നു എന്നുമായിരുന്നു പോലീസ് വിശദീകരണം. 60 അംഗ സംഘമാണ് മാവോയിസ്റ്റുകളെ നേരിട്ടതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും വെടിയേറ്റ് മരിച്ച നിലയിലുള്ള ചിത്രങ്ങളും പോലീസ് പുറത്ത് വിട്ടിരുന്നു. ഏറ്റുമുട്ടല്‍ കൊലപാതകമല്ലെന്നും ഇരുവരെയും പിടികൂടിയതിന് ശേഷം വെടിവച്ച് കൊല്ലുകയായിരുന്നു എന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു. മരിച്ചവരുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇരുവരുടേയും മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. പോലീസ് പറയുന്ന വാദങ്ങളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഏറ്റുമുട്ടല്‍ കൊലപാതകമല്ല എന്ന സംശയം ഇവര്‍ ഉന്നയിച്ചത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച്, മജിസ്റ്റീരിയല്‍ അന്വേഷണങ്ങള്‍ നടന്നു.

കഴിഞ്ഞ വര്‍ഷം തോക്കിനിരയായത് അഞ്ച് പേര്‍

2019 മാര്‍ച്ച് ആറിന് രാത്രിയില്‍ വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ വച്ചാണ് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീല്‍ കൊല്ലപ്പെട്ടത്. രാത്രി ഒമ്പത് മണിയോടെ റിസര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ റിസോര്‍ട്ട് ഉടമയോട് പണം ആവശ്യപ്പെട്ടു. പണം നല്‍കാത്തതിനെ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. റിസോര്‍ട്ട് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി. തുടര്‍ന്ന് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായി എന്നും ജലീല്‍ കൊല്ലപ്പെടുകയായിരുന്നു എന്നുമായിരുന്നു പോലീസ് വിശദീകരണം. ജലീല്‍ ആണ് ആദ്യം വെടിയുതിര്‍ത്തത് എന്നായിരുന്നു പോലീസ് വാദം. എന്നാല്‍ സംഭവം പുറത്തറിഞ്ഞത് മുതല്‍ ഇത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. എന്നാല്‍ ജലീലിനെ ഏറ്റുമുട്ടലിനിടെയാണ് കൊലപ്പെടുത്തിയതെന്ന പോലീസ് വാദം തള്ളുന്നതായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് പോലീസിന് അനുകൂലമായിരുന്നു. സംഭവത്തില്‍ പോലീസ് ഗൂഢാലോചനയില്ലെന്ന റിപ്പോര്‍ട്ട് ജില്ലാ മജിസ്‌ട്രേറ്റ് ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം ജലീലിന്റെ കയ്യിലുണ്ടായിരുന്ന എസ് ബി ബി എല്‍ റൈഫിളില്‍ നിന്ന് വെടി പൊട്ടിയിട്ടില്ലെന്നും പോലീസ് ഹാജരാക്കിയ സര്‍വീസ് പിസ്റ്റലുകളില്‍ ഒമ്പത് എണ്ണത്തില്‍ നിന്ന് വെടിപൊട്ടിയിട്ടുണ്ടെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വെടിവച്ചിട്ടുണ്ടെങ്കില്‍ കയ്യില്‍ വെടിമരുന്നിന്റെ അവശിഷ്ടം കാണേണ്ടതാണെങ്കിലും ജലീലിന്റെ കയ്യില്‍ നിന്ന് ഇത് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28-നായിരുന്നു അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയില്‍ നാല് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. മണിവാസകം, രമ, അരവിന്ദ്, കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം ആദ്യം തമിഴ്‌നാട് സ്വദേശി രമയുടേതെന്ന് പോലീസ് പറഞ്ഞിരുന്നു. പിന്നീട് ചിക്മംഗളൂരു സ്വദേശി ശ്രീമതിയുടേതാണെന്നും കന്യാകുമാരി സ്വദേശി അജിതയുടേതാണെന്നും പോലീസ് തന്നെ സംശയിച്ചു. എന്നാല്‍ ഇവരുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചതോടെ പോലീസ് സംസ്‌ക്കരിച്ചു. ഒടുവില്‍ മരിച്ചത് രമയാണെന്ന് പോലീസ് പറയുന്നു. ഇതും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണെന്ന് ആക്ഷേപം ശക്തമായിരുന്നു. എന്നാല്‍ പിന്നീട് അന്വേഷണങ്ങള്‍ ഉണ്ടായില്ല.

മാവോയിസ്റ്റ് സാന്നിധ്യം മുമ്പ് തിരിച്ചറിഞ്ഞിട്ടുള്ള പടിഞ്ഞാറെത്തറയിലാണ് ഇന്ന് വെടിവപ്പ് നടന്നത്. ഇതും വ്യാജ ഏറ്റുമുട്ടലാണോ എന്ന സംശയങ്ങള്‍ പലരും ഉന്നയിക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തകരടക്കം കൊലപാതകത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട എട്ട് പേരും മാവോയിസ്റ്റുകളാണെന്നും പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊലകളെന്നും പോലീസ് പറയുന്നു. എന്നാല്‍ പോലീസ് വിശദീകരണങ്ങളിലും വാദങ്ങളിലും ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ക്കൊന്നും തന്നെ ഇതുവരെ മറുപടിയും ലഭിച്ചിട്ടില്ല.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories