TopTop
Begin typing your search above and press return to search.

'വയലില്‍ വിളയേണ്ടത് വിളയാണ് പെട്രോളിയമല്ല'; കേരളപ്പിറവി ദിനം മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങി കണ്ടങ്കാളി ജനത

വയലില്‍ വിളയേണ്ടത് വിളയാണ് പെട്രോളിയമല്ല; കേരളപ്പിറവി ദിനം മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങി കണ്ടങ്കാളി ജനത

'വയലില്‍ വിളയേണ്ടത് പെട്രോളിയമല്ല, വയലില്‍ വിളയേണ്ടത് വിളകള്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി നവംബര്‍ ഒന്നു കേരളപ്പിറവി ദിനം മുതല്‍ പയ്യന്നൂരിലെ കണ്ടങ്കാളിയില്‍ അനിശ്ചിതകാല സമരം ആരംഭിക്കുകയാണ്. സ്വന്തം കൃഷിഭൂമി സംരക്ഷിക്കാന്‍ സമരം ചെയ്യേണ്ടി വരുന്നവരാണ് കണ്ടങ്കാളിയിലെ ജനങ്ങള്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി വലിയൊരു ജനകീയസമരത്തിന് സാക്ഷിയാണ് കണ്ടങ്കാളിയിലെ താലോത്ത് വയല്‍. എണ്ണ സംഭരണ ശാലയ്ക്ക് വേണ്ടി സര്‍ക്കാര്‍ 85 ഏക്കറോളം വരുന്ന ഈ കൃഷി ഭൂമി ഏറ്റെടുക്കുന്നതാണ് ഇവരെ കൃഷിയില്‍ നിന്ന് സമരത്തിലേക്ക് തള്ളിയിട്ടത്.

നവംബര്‍ ഒന്നാം തിയതി മുതല്‍ അനിശ്ചിതകാല സമര പരിപാടികള്‍ ആരംഭിക്കുകയാണ്. ഇവിടെ ഭൂമിയേറ്റെടുക്കുന്നതിനു വേണ്ടി ഒരു ഓഫീസ് തുറന്നു വെച്ചിട്ടുണ്ട്. ഒരു പൈസപോലും ഇതിനു വേണ്ടി കമ്പനി നീക്കിവെച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം കൊടുത്ത് രണ്ട് രണ്ടരവര്‍ഷമായി പ്രവര്‍ത്തിപ്പിക്കുകയാണ്. അത് അടിയന്തരമായി അടച്ചുപൂട്ടണമെന്നും സര്‍ക്കാര്‍ ഈ പദ്ധതിമായിട്ടുള്ള ഭൂമിയേറ്റെടുക്കലില്‍ നിന്നും പിന്മാറണമെന്നും കോര്‍പ്പറേറ്റ് ഭീമന്‍ ആരാംകൊയെ ഈ മണ്ണില്‍ ഇറക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടും അനിശ്ചിതകാലമായൊരു സമരം നവംബര്‍ ഒന്നാം തിയതി കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കുകയാണ്. കേരളപ്പിറവി ദിനം തന്നെ അതിന് തിരഞ്ഞെടുക്കാനുള്ള കാരണം കേരളത്തില്‍ ഇന്ന് അനുവര്‍ത്തിച്ചുവരുന്ന വികസന സങ്കല്‍പ്പങ്ങളെല്ലാം തന്നെ ജനജീവിതത്തെ വിനാശമായി ബാധിക്കുന്നു എന്നുള്ള തിരിച്ചറിവിലാണ് . സമരസമിതി ചെയര്‍മാന്‍ പത്മനാഭന്‍ മാസ്റ്റര്‍ അഴിമുഖത്തോട് പറഞ്ഞു. പയ്യന്നൂര്‍ നഗരസഭയില്‍ ഇന്ന് അവശേഷിക്കുന്ന വിസ്തൃതമായ ഏക നെല്‍പ്പാടമാണ് കണ്ടങ്കാളി താലോത്ത് വയല്‍. പതിറ്റാണ്ടുകളായി ജനങ്ങള്‍ കൃഷി ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോയ പ്രദേശം. പെരുമ്പപ്പുഴയും രാമപുരംപുഴയും ചേരുന്ന കവ്വായി കായലോരത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്നതാണ് ഈ കൃഷിഭൂമി. മറ്റു ഭാഗങ്ങള്‍ തീവണ്ടി പാതയും ജനവാസ കേന്ദ്രവുമാണ്.

പയ്യന്നൂര്‍ നഗരസഭയിലെ വെള്ളപ്പൊക്ക പ്രദേശമാണിത്. പ്രദേശത്തു പെയ്യുന്ന മഴവെള്ളം മുഴുവന്‍ സംഭരിച്ചു വയ്ക്കുന്ന ഒരു മേഖലകൂടിയാണിത്. ഇത്തവണ ഇവിടെ 11 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ഏതാനം കുടുംബങ്ങള്‍ക്ക് ബന്ധുവീടുകളിലേക്ക് പാലായനം ചെയ്യേണ്ടിവരികയുമുണ്ടായി. ഈ ഒരു സാഹചര്യം പരിഗണിക്കുമ്പോള്‍ ഏഴ് കോടി ലിറ്റര്‍ സംഭരണശേഷിയുള്ള പെട്രോളിയം ഈ മണ്ണിനൊരിക്കലും താങ്ങാന്‍ സാധിക്കില്ല. അതുപോലെ തന്നെ 17 പഞ്ചായത്തുകളോളം ഇതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുകയും ചെയ്യും. ദൂഷ്യഫലങ്ങള്‍ എന്നു പറയുമ്പോള്‍ വായുവിനും വെള്ളത്തിനും മണ്ണിനും ഉണ്ടാകുന്ന മലിനീകരണം തന്നെ . ജൈവവൈവിധ്യ കലവറയായ കണ്ടല്‍ക്കാടുകളും പുഴയും കായലോരങ്ങളും എണ്ണ സംഭരണ ശാലയ്ക്ക് വേണ്ടി ഇല്ലാതാക്കപ്പെടും. പത്മനാഭന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്തിനും കാസര്‍ഗോഡിനും ഇടയ്ക്കുള്ള മുഴുവന്‍ എണ്ണസംഭരണ ശാലകളെയും ഒറ്റ കേന്ദ്രത്തിലേക്ക് കൊണ്ടു വരുന്നതിനായി ഭാരത് പെട്രോളിയം കോര്‍പ്പറേനും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും ചേര്‍ന്ന് 7 കോടി ലിറ്റര്‍ പെട്രോള്‍ സംഭരണശേഷിയുള്ള 20 കൂറ്റന്‍ ടാങ്കുകളാണ് ഇവിടെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശം കടല്‍ കയറിക്കിടന്നിരുന്ന മേഖലയായിരുന്നുവെന്നും ചെറിയ മണ്‍തിട്ടകളും കളിമണ്ണുമുള്ള പ്രദേശം 7 കോടി ലിറ്ററോളം സംഭരണശേഷിയുള്ള ടാങ്കുകളെ താങ്ങാന്‍ ഈ മണ്ണിനു കഴിയുമോ എന്ന ചോദ്യമാണ് സമരസമിതി അംഗള്‍ ഉന്നയിക്കുന്നത്. ഭൂമിയുടെ രണ്ട് വശം വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നതിനാല്‍ തന്നെ ഈ പ്രദേശം ദുര്‍ബലമാണ്. അതിനാല്‍ മൂന്ന് മീറ്ററോളം മണ്ണിട്ടു നികത്തിയാല്‍ മാത്രമെ ഇവിടെ എണ്ണസംഭരണ ടാങ്കുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കയുള്ളൂ. അതിന് ഏകദേശം 3 ലക്ഷം ലോഡ് മണ്ണ് ആവശ്യമാണ്. ഇതോടെ പ്രദേശത്തെ ചെങ്കല്‍ കുന്നുകളുടെ നിലനില്‍പ്പും അപകടത്തിലാകുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.

കണ്ടങ്കാളിലയില്‍ വരാന്‍ പോകുന്ന പദ്ധതി നിലവില്‍ ബിപിസിഎല്ലും എച്ച്ബിസിഎല്ലുമൊക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടാണ് ഇവിടെ സ്ഥാപിക്കാന്‍ പോകുന്നത്. കാരണം അവരു പറഞ്ഞിരിക്കുന്നത് നിലവിലുള്ള ചെറുകിട എണ്ണസംഭരണ കേന്ദ്രങ്ങളെ മുഴുവന്‍ കണ്ടങ്കാളിയില്‍ ഒറ്റ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ്. അങ്ങനെ അത് കൊണ്ടുവരികയാണെങ്കില്‍ തന്നെ അതിനൊരു 20 ഏക്കറോളം സ്ഥലമൊക്കെ ധാരാളം മതിയാകും. എന്നിട്ടും അവര്‍ ഇവിടെ 130 ഏക്കറയാണ് ആവശ്യപ്പെട്ടത്. അതില്‍ നിന്നു തന്നെ വ്യക്തമാണ് ഇതിനു പിന്നില്‍ ദുരൂഹമായ മറ്റെന്തൊക്കെയൊ ഉണ്ടെന്ന്.

ഈ എണ്‍പത്തഞ്ച് ഏക്കര്‍ സ്ഥലത്ത് മൂന്നോ നാലൊ മീറ്റര്‍ ഉയരത്തില്‍ മണ്ണിടണമെന്നുണ്ടെങ്കില്‍ ഏകദേശം കണ്ണൂര്‍ ജില്ലയിലെ ഇനി അവശേഷിക്കുന്ന ഇടനാടന്‍ ചെങ്കല്‍ കുന്നുകളുടെ വലിയൊരു ഭാഗം ഇടിച്ച് കണ്ടങ്കാളിയില്‍ കൊണ്ടുവന്നിടേണ്ടി വരും. ഈ ഇടനാടന്‍ ചെങ്കല്‍ കുന്നുകളാണ് ഭൂഗര്‍ഭ ജലം വളരെയേറെ താഴ്ന്നു കൊണ്ടിരിക്കുന്ന കണ്ണൂര്‍ ജില്ലയിലെ ഭൂഗര്‍ഭ ജല നിരപ്പ് അതു പോലെ നിലനിര്‍ത്തുന്നത്. ആ ചെങ്കല്‍ കുന്നുകളെ ഇടിച്ചു കൊണ്ടുവന്ന് ഒരേ സമയം കുന്നും, വയലും, രണ്ട് ജല സംഭരണികളെ ഇല്ലാതാക്കുന്ന പദ്ധതിയാണ് ഇവിടെ വരാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ അത് പാരിസ്ഥിതികമായി തെറ്റാണ്. സാമൂഹികമായി തെറ്റാണ്, സാമ്പത്തികമായിട്ടും തെറ്റാണ്. അതുകൊണ്ട് തന്നെ ദുരൂഹമായി, ജനങ്ങളോട് സംവദിക്കാതെ, സുതാര്യമല്ലാതെ ജനങ്ങളെ കബളിപ്പിച്ചിട്ടാണ് ഇത്തരത്തിലൊരു പദ്ധതി വരാന്‍ പോകുന്നത്. ലാഭമുണ്ടാകാന്‍ പോകുന്നത് എണ്ണക്കമ്പനികള്‍ക്ക് മാത്രമാണ്. അപ്പോള്‍ എണ്ണക്കമ്പനികളുടെ ലാഭത്തിനു വേണ്ടി നമുക്ക് പുനര്‍ നിര്‍മ്മാണം സാധ്യമല്ലാത്ത ഒരു വ്യവസ്ഥയെ നശിപ്പിക്കാന്‍ യാതൊരു അവകാശവുമില്ല. പുനര്‍ നിര്‍മ്മാണം സാധ്യമല്ലാത്ത ഏതെങ്കിലുമൊരു പാരിസ്ഥിതിക വ്യവസ്ഥയെ നശിപ്പിക്കുമ്പോള്‍ ആയിരം വട്ടം ആലോചിക്കണം എന്നാണ്. എന്നാല്‍ അതിവിടെ നടന്നിട്ടില്ല. സമരസമിതി പ്രവര്‍ത്തകന്‍ നിശാന്ത് പരിയാരം പ്രതികരിച്ചു.

വലിപ്പത്തില്‍ കേരളത്തില്‍ മൂന്നാം സ്ഥാനമുള്ള കൗവ്വായി കായലോരത്ത് നിര്‍മ്മിക്കുന്ന ഈ പെട്രോളിയം സംഭരണകേന്ദ്രം കായലിലെ വെള്ളത്തേയും കായലിനെ ആശ്രയിച്ചു ജീവിക്കുന്ന ജനങ്ങളേയും പ്രതികൂലമായി ബാധിച്ചേക്കാം. ഏകദേശം 50 ഓളം പേര്‍ക്കുമാത്രം തൊഴില്‍ നല്‍കും എന്നു പറയുന്ന ഈ പദ്ധതി ആയിരക്കണക്കിനാളുകളുടെ ആജീവനാന്ത തൊഴില്‍ നഷ്ടപെടുത്തുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു. ഇതിനൊന്നും മറുപടി പറയാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടുമില്ല.

ഇത് ആതീവ പാരിസ്ഥിതിക ദുര്‍ബലമായൊരു പ്രദേശമാണ്. കവ്വായി കായലിനോട് ചേര്‍ന്നു കിടക്കുന്ന ഒരു പ്രദേശമാണ് കണ്ടങ്കാളി. കവ്വായി കായല്‍ റാംസര്‍ സൈറ്റാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഒരു കായലാണ്. അതു പോലെ തന്നെ കവ്വായി കായലിലാണ് വലിയ. പറമ്പ പോലുള്ള ഒരു വലിയ ദ്വീപ് പഞ്ചായത്തുള്ളത്. ആ പഞ്ചായത്തിലെയെല്ലാം മനുഷ്യ ജീവിതം ഏറെക്കുറെ പൂര്‍ണ്ണമായിട്ടും മത്സ്യബന്ധനത്തെ ആശ്രയിച്ചാണ്. അപ്പോള്‍ കവ്വായി കായലിന്റെ രാസഘടനയെ അതിന്റെ ജൈവ സവിശേഷതയെ ഏത് രീതിയിലാണ് ഒരു പെട്രോളിയം സംഭരണ കേന്ദ്രം ബാധിക്കുക എന്നതിനെക്കുറിച്ച് യാതൊരു പഠനവും നടത്തിയിട്ടില്ല. പയ്യന്നൂരുപോലെ ഇത്രയും ജനവാസമുള്ള ഒരു പ്രദേശത്ത് ഏകദേശം 2030 ഓടെ ഇല്ലാതാകുന്ന ഒരു ഇന്ധനത്തിനു വേണ്ടി എന്തിനാണ് ഇത്രയും വലിയൊരു പ്രദേശം നശിപ്പിക്കുന്നത് എന്നൊരു ചോദ്യമുണ്ട്. പയ്യന്നൂര്‍ എംഎല്‍എയൊ നഗരസഭയൊ ഒന്നും ഇതിലൊരു വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. പദ്ധതി ജനങ്ങള്‍ക്ക് ദോഷമാണെങ്കില്‍ വേണ്ട എന്നൊക്കെ പറയുകയും. എന്നാല്‍ വ്യക്തമായൊരു നിലപാട് സ്വീകരിച്ച് പദ്ധതി വേണമെന്നോ, വേണ്ട എന്നൊ പറയുന്നില്ല. നിശാന്ത് പരിയാരം കൂട്ടിച്ചേര്‍ത്തു.

കണ്ടങ്കാളി തലോത്ത് വയല്‍ അവിടെയുള്ളവര്‍ക്ക് കേവലം ഒരു വയല്‍ മാത്രമല്ല. നേരിട്ടും അല്ലാതെയും ഒരുപാട് നാളായിട്ട് അവിടെയുള്ള ജനങ്ങള്‍ അതുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. അതിനടുത്തുള്ള കവ്വായി പുഴയുമായി ബന്ധപ്പെട്ടു കിടക്കുന്ന, പുഴയില്‍ മീന്‍ പിടിച്ചും കക്കവാരിയും കല്ലുമ്മക്കായ കൃഷിചെയ്തുമൊക്കെ ജീവിക്കുന്ന ഒരുപാട് ആളുകളുണ്ട്. ഇങ്ങനെ വികസനമെന്ന പേരില്‍ കൊണ്ടുവരുന്ന ഒരു ദുരന്തം ഇവരുടെയൊക്കെ ജീവിതത്തെയാണ് പ്രതികൂലമായി ബാധിക്കുക. അതൊക്കെ തിരിച്ചറിഞ്ഞുകൊണ്ടാണ് അവിടെ മൂന്ന് വര്‍ഷമായി ഒരു ജനകീയസമരം ആ മണ്ണില്‍ നടക്കുന്നത്. ഇത് കേവലം കണ്ടങ്കാളിക്കാരുടെ മാത്രം പ്രശ്‌നമല്ല. ഈ കമ്പനി തന്നെ പറയുന്നത് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ 17 കിലോ മീറ്ററോളം ചുറ്റളവില്‍ അത് ബാധിക്കുമെന്നാണ്. അങ്ങനെ നോക്കുമ്പോള്‍ ഇത് കേവലം കണ്ടങ്കാളിക്കാരുടെ മാത്രം പ്രശ്‌നമല്ല. അതു കൊണ്ട് തന്നെ ഇത്തരം സമരങ്ങള്‍ വിജയിക്കേണ്ടത്, ജനങ്ങള്‍ ഏറ്റെടുക്കേണ്ടത് കാലത്തിന്റെയും കാലഘട്ടത്തിന്റെയും കൂടി ആവശ്യമാണ്. അത് തിരിച്ചറിഞ്ഞു കൊണ്ടാണ് ഈ സമരത്തില്‍ പങ്കാളിയായതും. പ്രദേശവാസിയായ മണിരാജ് പ്രതികരിച്ചു.

ഏറെ ദുരന്തം എന്താണെന്നു വച്ചാല്‍, ഇത് തുടങ്ങിയിരിക്കുന്നത് ഭാരത് പെട്രോളിയം കോര്‍പ്പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനുമാണ്. അതിന്റെ ഓഹരിയാകെ അമേരിക്കന്‍ അറബ് ഗ്രൂപ്പുകള്‍ക്കായി ആരാംകൊ എന്ന കമ്പനിയിക്കായി സര്‍ക്കാര്‍ വിറ്റിരിക്കുന്ന സാഹചര്യത്തില്‍ നാളെ ബിപിസിഎല്ലോ എച്ച്ബിസിഎല്ലോ ആയിരിക്കില്ല ഇവിടെ കമ്പനി തുടങ്ങാന്‍ എത്തുന്നത്. ഇന്ന് പ്രാദേശികമായുള്ള ചെറുത്തു നില്‍പ്പ് ഇന്ത്യയിലെ ഒരു കമ്പനിക്ക് എതിരെ ആണെന്നുണ്ടെങ്കില്‍ നാളെ ഈ രാജ്യത്തോടും ജനങ്ങളോടും നിരുത്തരവാദിത്വമായി പെരുമാറുന്ന ഒരു വിദേശ കമ്പനിയോടായിരിക്കും ജനങ്ങള്‍ ആപത്തുണ്ടാവുമ്പോള്‍ പ്രതികരിക്കേണ്ടി വരിക എന്നതാണ് ഭീമമായ അപകടം.

ഗ്രെറ്റ തന്‍ബര്‍ഗൊക്കെ ഉന്നയിക്കുന്ന ആഗോള തലത്തിലുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ഉപേക്ഷിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാരുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ എന്തിനാണ് ഒരു പെട്രോളിയം സംഭരണശാല. പത്മനാഭന്‍ മാസ്റ്റര്‍ ചോദിക്കുന്നു. ആര്‍ക്കും വേണ്ടാത്ത തകര കുഞ്ഞിരാമന്‍ കൃഷി ചെയ്തുവളര്‍ത്തുന്നതെന്തിന് - വീഡിയോ

Next Story

Related Stories