Top

'സമ്പത്ത് പ്രശ്‌നമല്ല, വിശ്വാസമാണ് എല്ലാം' രണ്ടാം കൂനന്‍ കുരിശ്' പ്രതിജ്ഞയുമായി യാക്കോബായ വിശ്വാസികള്‍


കേരള സഭാ ചരിത്രത്തില്‍ നിര്‍ണായകമായ 'കൂനന്‍ കുരിശ് സത്യം' ആവര്‍ത്തിക്കാന്‍ യാക്കോബായ വിശ്വാസികള്‍ ഇന്ന് ഒത്തുകൂടും. 'ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും ഭൂമിയും സൂര്യചന്ദ്രന്‍മാരും ഉള്ളിടത്തോളം കാലം അന്ത്യോഖ്യ സത്യ വിശ്വാസത്തില്‍ നിലകൊള്ളുമെന്ന് സത്യം ചെയ്യുന്നു' എന്ന ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനത്തിന്റെ 366-ാം വാര്‍ഷിക വേളയിലാണ് യാക്കോബായ സഭ രണ്ടാം കൂനന്‍ കുരിശ് സത്യത്തിനൊരുങ്ങുന്നത്. സുപ്രീം കോടതി വിധിക്ക് ശേഷവും ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ടു നല്‍കാത്ത പള്ളികള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ' രണ്ടാം കൂനന്‍ കുരിശ് സത്യം' നടത്തുന്നത്. കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് രണ്ടാം കൂനന്‍ കുരിശ് സത്യം നടക്കും. ഇനിയൊരു പള്ളിയും എതിര്‍ വിഭാഗത്തിന് വിട്ടു കൊടുക്കില്ല എന്ന് വിശ്വാസികള്‍ സത്യം ചെയ്യും. അന്ത്യോഖ്യാ വിശ്വാസത്തില്‍ നിന്ന് ഏത് കാരണവശാലും മാറില്ല എന്നും പ്രതിജ്ഞയെടുക്കും.

ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് മുന്നോട്ട് പോവാനുള്ള സത്യ വാചകം ചൊല്ലില്ലെങ്കിലും കൂനന്‍കുരിശിലെ പ്രതിജ്ഞകള്‍ നടപ്പിലാക്കുമ്പോള്‍ സ്വാഭാവികമായും അത് തന്നെ സംഭവിക്കും എന്ന് കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി ട്രസ്റ്റി സി.ഐ. ബേബി പറയുന്നു. പരസ്പരമുള്ള വിവാഹങ്ങള്‍ പോലും ഇല്ലാതാക്കാനുള്ള തീരുമാനത്തിലേക്കെത്താന്‍ യാക്കോബായ സഭ നിര്‍ബന്ധിതരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും അന്ത്യോഖ്യ പാത്രിയാര്‍ക്കീസ് വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കില്ല എന്ന് ഉറപ്പിക്കുന്നതാവും രണ്ടാം കൂനന്‍ കുരിശ് സത്യം. അചഞ്ചലമായി മുന്നോട്ട് പോവാനുള്ള ഉറപ്പിക്കലാണിത്. സമ്പത്ത് ഞങ്ങള്‍ക്ക് പ്രശ്നമല്ല. പക്ഷെ വിശ്വാസം നിലനിര്‍ത്തലാണ് പ്രധാനം. നിലവില്‍ ഓര്‍ത്തഡോക്സ് സഭയുമായി ഒരു ബന്ധവുമുണ്ടാവില്ല എന്ന തരത്തില്‍ പ്രതിജ്ഞയെടുക്കുന്നില്ല. എന്നാല്‍ ഫലത്തില്‍ അതാണുണ്ടാവുക. അവര്‍ വാശിപിടിക്കുമ്പോള്‍ വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലും പരസ്പരം നടക്കില്ല എന്ന തീരുമാനിക്കേണ്ട സാഹചര്യമാണ്. അതിനുള്ള ആലോചനകള്‍ നടക്കുന്നു.'

ചെറിയ പള്ളി പെരുന്നാളിന്റെ സമാപന ദിവസമാണ് കുര്‍ബാനക്കിടയില്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക് ബാവ രണ്ടാം കൂനന്‍ കുരിശ് സത്യം പ്രഖ്യാപിച്ചത്. എന്നാല്‍ സഭാ നേതൃത്വ തലത്തില്‍ ആലോചിക്കാതെ ഇക്കാര്യം തീരുമാനിച്ചതിനെതിരെ സഭയ്ക്കുള്ളില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. കാതോലിക്കാ ബാവയ്ക്കോ കോതമംഗലം പള്ളി അധികാരികള്‍ക്കോ തീരുമാനിക്കാവുന്നതല്ല കൂനന്‍ കുരിശ് സത്യമെന്നും ഇത് സഭയുടെ അറിവോടെയല്ല എന്നും സഭാ നേതൃത്വം വാദിക്കുന്നു. എന്നാല്‍ 'വിശ്വാസികള്‍ ആണ് സഭയ്ക്ക് വലുത്. വിശ്വാസികളാണ് ആദ്യം ഉണ്ടായത്. പിന്നീടാണ് സഭ. അതിനാല്‍ തന്നെ വിശ്വാസികള്‍ക്കായി നടത്തുന്നതാണ് രണ്ടാം കൂനന്‍ കുരിശ് സത്യം. അതിന് ബാവയുടെ പൂര്‍ണ പിന്തുണയുമുണ്ട്.' എന്ന് ബേബി പ്രതികരിച്ചു.

സഹനത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗത്തില്‍ ഗാന്ധിയന്‍ സമര മുറകളിലൂടെ ശക്തമായ മുന്നേറ്റവും പ്രതിരോധവും തീര്‍ക്കുന്നതിന് മുന്നോടിയായാണ് സഭയുടെ നേതൃത്വത്തില്‍ രണ്ടാം കൂനന്‍ കുരിശ് സത്യമെന്ന് കോതമംഗലം പള്ളി ഭാരവാഹികള്‍ പറഞ്ഞിരുന്നു. അന്ത്യോഖ്യാ വിശ്വാസവും ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നുള്ള ആവശ്യം അധികാരികളേയും പൊതു സമൂഹത്തേയും ബോധ്യപ്പെടുത്തുകയെന്നതാണ് സഭയുടെ ലക്ഷ്യം. ഇനി ഒരു പള്ളിയും മറുവിഭാഗത്തിന് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കാനാണ് 'രണ്ടാം കൂനന്‍ കുരിശ് സത്യം'. 1600 പള്ളികളിലെ ഒരു ലക്ഷം യാക്കോബായ വിശ്വാസികള്‍ ഇതില്‍ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. മാര്‍ത്തോമാ ചെറിയ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധ യെല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ കബറിങ്ങല്‍ നിന്ന് ശ്രേഷ്ഠ കാതേലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ സത്യവിശ്വാസ പ്രഖ്യാപനം ചൊല്ലിക്കൊടുക്കും.

കബറില്‍ നിന്ന് പടിഞ്ഞാറ് കല്‍ക്കുരിശ് വരെ ശ്രേഷ്ഠ ബാവയും സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും കൈകള്‍ കോര്‍ത്തുപിടിച്ച് വിശ്വാസ പ്രഖ്യാപനം നടത്തുമ്പോള്‍ കല്‍ക്കുരിശില്‍ കെട്ടുന്ന വടത്തില്‍ പിടിച്ച് വിശ്വാസികള്‍ സത്യവിശ്വാസ സംരക്ഷണ പ്രതിജ്ഞ ഏറ്റു ചൊല്ലുന്നതാണ് 'രണ്ടാം കൂനന്‍ കുരിശ് സത്യം' എന്ന് പള്ളി അധികാരികള്‍ പറയുന്നു. പള്ളികളൊന്നായി നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിക്ക് മുന്നില്‍ യാക്കോബായ വിശ്വാസികള്‍ പ്രതിരോധം തീര്‍ക്കുന്നതെന്നും പള്ളി വികാരി ഫാ.ജോസ് പരവത്തുവയല്‍ പറഞ്ഞു.

കൂനന്‍കുരിശ് സത്യം


1653 ജനുവരി മൂന്നിന്, കൂനന്‍കുരിശു സത്യത്തിലൂടെ, ഇനിമുതല്‍ പൗരോഹിത്യ, മതേതര ജീവിതങ്ങളില്‍ പോര്‍ച്ച്യുഗീസ് മേധാവിത്വം അംഗീകരിക്കില്ലെന്ന് കേരളത്തിലെ സെന്റ് തോമസ് ക്രിസ്തീയ സമൂഹം പരസ്യമായി പ്രതിജ്ഞ ചെയ്തു. എഡി 1599ല്‍ ആരംഭിച്ച മലങ്കര സിറിയന്‍ ക്രിസ്ത്യാനികളുടെ മേലുള്ള 54 വര്‍ഷത്തെ പോര്‍ച്ച്യുഗീസ് രക്ഷാധികാര (പാഡ്രോഡോ) ന്യായാധികാരമാണ് ഈ സത്യത്തിലൂടെ അവസാനിച്ചത്. സെന്റ് തോമസ് ക്രിസ്തീയ സമൂഹത്തിന്റെ ചരിത്രത്തിലെ നിര്‍ണായക സംഭവമായിരുന്ന സത്യത്തിലൂടെ പോര്‍ച്ചൂഗീസ് കോളനി ശക്തികളുമായുള്ള അവരുടെ ബന്ധത്തിലെ മലക്കം മറിച്ചിലാണ് സംഭവിച്ചത്.

പതിനേഴാം നൂറ്റാണ്ടില്‍ അന്ത്യോഖ്യയില്‍നിന്ന് വന്ന അഹത്തുള്ള ബാവയെ കല്ലില്‍ കെട്ടി താഴ്ത്തിയതിന്റെ വേദനയിലാണ് വിശ്വാസികള്‍ ഒത്തുകൂടിയത്. കേരളത്തിലെ മാര്‍തോമ വിഭാഗക്കാര്‍ തങ്ങളും സാമ്പാളൂര്‍ പാതിരിമാരുമായി ഒരുമിക്കുകയില്ല എന്ന് സത്യമെടുത്തു. പോര്‍ച്ചുഗീസുകാരും ജെസ്യൂട്ട് പാതിരികളും റോമന്‍ പോപ്പിന്റെ കീഴില്‍ വരുത്തുവാന്‍ നടത്തിയ പീഡനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു അത്. 1653 ജനുവരി മൂന്നിന്, കൂനന്‍ കുരിശ് സത്യം എന്ന് അറിയപ്പെടുന്ന പ്രതിജ്ഞ ചൊല്ലുന്നതിനായി തോമ കത്തനാരും സമൂഹത്തിന്റെ പ്രതിനിധികളും മട്ടാഞ്ചേരിയിലെ മാതാവിന്റെ ദേവാലയത്തില്‍ ഒത്തുകൂടി. പ്രതിജ്ഞ ഉച്ചത്തില്‍ വായിക്കപ്പെടുകയും കൂടി നിന്നവര്‍ ഒരു കല്‍ക്കുരിശില്‍ പിടിച്ചുകൊണ്ട് അത് ഏറ്റുചൊല്ലുകയും ചെയ്തു. കുരിശില്‍ തൊടാന്‍ സാധിക്കാത്തവര്‍, കുരിശില്‍ ആലാത്ത്(വടം) ബന്ധിച്ച് അത് ഒരു കൈയില്‍ പിടിച്ചുകൊണ്ട് പ്രതിജ്ഞ ചൊല്ലി. ഭാരം താങ്ങാനാവാതെ കുരിശ് അല്‍പം ചരിഞ്ഞു. അങ്ങനെയാണ് ചടങ്ങ്, 'കൂനന്‍ കുരിശ് സത്യം' എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. വൈദേശിക താത്പര്യങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്ത് നില്‍പ്പായും ചരിത്രകാരന്‍മാര്‍ ഇതിനെ വിശേഷിപ്പിക്കുന്നു


Next Story

Related Stories