ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വിമര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. യോഗി ആദിത്യനാഥിന്റെ കാല്‍കഴുകി വെള്ളം കുടിക്കാന്‍ മാത്രമേ പിണറായിക്ക് യോഗ്യതയുള്ളൂവെന്ന് സുരേന്ദ്രന് പറഞ്ഞു. രാഹുലിനെ വിമര്‍ശിക്കാനും പിണറായിക്ക് അര്‍ഹതയില്ല. മറ്റ് സംസ്ഥാനങ്ങളിലെ സിപിഎമ്മിന്റെ നിലനില്പ് കോണ്‍ഗ്രസിന്റെ ഔദാര്യത്തിലാണെന്നും സുരേന്ദ്രന് പറഞ്ഞു.
'വികസനങ്ങളുടെ കാര്യത്തിലും ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന കാര്യത്തിലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ കാലുകഴുകിയ വെളളം കുടിക്കാനുളള യോഗ്യത മാത്രമേ പിണറായി വിജയനുളളൂ. യോഗി ആദിത്യനാഥ് അധികാരത്തിലിരുന്ന് അഴിമതി നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഓഫീസില്‍ കളളക്കടത്തുകാര്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോഴും സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുകയാണ്, ജയിലില്‍ കിടക്കുകയല്ല. യോഗി ആദിത്യനാഥിന്റെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണമോ ഡോളറോ കടത്തിയിട്ടില്ല. അദ്ദേഹത്തിനെതിരേ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. സ്വന്തം പരാജയം മറച്ചുവെക്കാനാണ് യുപി മുഖ്യമന്ത്രിയെ പിണറായി വിജയന് ആക്ഷേപിക്കുന്നത്. യോഗിയെ അധിക്ഷേപിക്കുന്നതിന് മുമ്പ് സ്വന്തം വീഴ്ച മുഖ്യമന്ത്രി അംഗീകരിക്കണം.' സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
യുപിയില്‍ ടെസ്റ്റ് നടക്കുന്നില്ല എന്നാണ് പിണറായി വിജയന് പറയുന്നത്. എല്ലാ സംസ്ഥാനങ്ങളുടെയും കോവിഡ് ടെസ്റ്റ് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ വെബ്സൈറ്റില്‍ പരിശോധിച്ചാല്‍ പിണറായിക്ക് മനസ്സിലാകും. കേരളത്തില്‍ എല്ലാം ശരിയാക്കി എന്നു പറഞ്ഞിട്ട് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യാതെ, ആന്റിജന്‍ പരിശോധന നടത്തി ആളുകളെ കബളിപ്പിച്ച് ഇവിടെ എല്ലാം ഭദ്രമാണെന്നും, ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആണെന്നും പ്രചാരണം നടത്തിയെന്നും കെ. സുരേന്ദ്രന് പറഞ്ഞു.