കളിയിക്കാവിളയില്‍ തമിഴ്നാട് എഎസ്ഐയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ നിരോധിത സംഘടനയായ അല്‍ ഉലമയ്ക്ക് ബന്ധമുണ്ടെന്ന് സംശയം. പിടിലായവര്ക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പിടിലായവരില്‍ ഇജാസ് പാഷ, അനീസ്, സഹീദ്, ഇമ്രാന് ഖാന്, സലിം ഖാന് എന്നിവര്‍ക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലുകള്‍ പുരോഗമിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇജാസ് നിലവില്‍ അല്‍ ഉലമയുടെ പുതിയ രൂപമായ തമിഴ്നാട് നാഷണല്‍ ലീഗിലെ പ്രവര്‍ത്തകനാണ്. കൊല നടത്തിയെന്ന് കരുതുന്ന തൗഫീക്കും അബ്ദുള്‍ സലീമും ചെന്നൈ കേന്ദ്രീകരിച്ച് തമിഴ്നാട് നാഷ്ണല്‍ ലീഗില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കര്‍ണാടകത്തില്‍ നിന്നാണ് ഇജാസ് പാഷ പിടിയിലായത്. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്ന് പിടിയിലായവരെ തമിഴ്നാട് ക്യൂബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്. കര്‍ണാടകത്തിലെ രാമനഗര, ഷിമോഗ, കോലാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെയെല്ലാം പിടികൂടിയത്.
പ്രതികളിലൊരാളായ തൗഫീഖിന് മുംബൈയില്‍ നിന്ന് തോക്ക് എത്തിച്ചു നല്‍കിയത് ഇജാസാണ്. ഇയാള്‍ ടാക്സി ഡ്രൈവറാണ്.
കൂടുതല്‍ പേര്‍ക്കായി ബെംഗളൂരു ക്രൈംബ്രാഞ്ച് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പ്രധാന നേതാവ് മഹബൂബ് പാഷ, മൊയ്തീന് ഖാജ എന്നിവരടക്കം 14 പേരെയാണ് ഇനി കിട്ടാനുള്ളത്.