കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സണെ കൊലപ്പെടുത്തിയ കേസില്‍ 18 പേര് കൂടി പൊലീസിന്റെ പിടിയിലായെന്ന് വിവരം. ഇവരില്‍ രണ്ടുപേര്‍ തമിഴ്നാട് സ്വദേശികളാണ്. കേസിലെ മുഖ്യപ്രതികളായ തൗഫീക്ക് (27), അബ്ദുള്‍ ഷമീം (29)എന്നിവരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
നേരത്തെ പിടിയിലായ തൗഫീഖിനെയും ഷമീമിനെയും ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇവരെ ചോദ്യം ചെയ്യുന്നതില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കങ്ങള്‍. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സംഘത്തില്‍ 17 പേരുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
തമിഴ്നാട് ക്യു ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് ഷമീമും തൗഫീഖുമുള്ളത്. കര്‍ണാടകവും ദില്ലിയും കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. നിരോധിത സംഘടനയായ അല്‍ ഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷണല്‍ ലീഗിന്റെ പ്രവര്‍ത്തകരാണിവര്‍. കര്‍ണാടക പൊലീസിലെ ആഭ്യന്തരസുരക്ഷാ വിഭാഗവും തമിഴ്നാട് ക്യൂ ബ്രാഞ്ചും റെയില്‍വേ സുരക്ഷാ വിഭാഗവും ചേര്‍ന്നാണ് ഇവരെ തിരുവനന്തപുരത്തു നിന്ന് വരാവല്‍ എക്സ്പ്രസ്സില്‍ യാത്ര ചെയ്യവെ പിടിയിലായത്.
ഈ കൂട്ടത്തില്‍ മൂന്നു പേര്‍ക്ക് ചാവേര്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.