TopTop
Begin typing your search above and press return to search.

കരിപ്പൂര്‍ വിമാനത്താവള വികസനം സ്വകാര്യലോബി അട്ടിമറിക്കുന്നെന്ന് ആരോപണം; സംസ്ഥാന സര്‍ക്കാരാണ് ഇച്ഛാശക്തി കാണിക്കേണ്ടതെന്ന് സ്ഥലം എംഎല്‍എ

കരിപ്പൂര്‍ വിമാനത്താവള വികസനം   സ്വകാര്യലോബി അട്ടിമറിക്കുന്നെന്ന് ആരോപണം; സംസ്ഥാന സര്‍ക്കാരാണ് ഇച്ഛാശക്തി കാണിക്കേണ്ടതെന്ന് സ്ഥലം എംഎല്‍എ

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കെ.പി കേശവ മേനോന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന് ശേഷം ൧൯൭൭-ലാണ് കൊണ്ടോട്ടിയിലെ കരിപ്പൂരില്‍ വിമാനത്താളത്തിന് അനുമതി ലഭിക്കുന്നത്. പിന്നെയും ഒരു പതിറ്റാണ്ടെടുത്ത്, 1988 ഏപ്രില്‍ 13-നാണ് വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുന്നത്. തുടക്കത്തില്‍ ബോംബെയിലേക്ക് മാത്രമായിരുന്നു വിമാന സര്‍വ്വീസ്. 1992 ഏപ്രില്‍ 23നാണ് കരിപ്പൂരില്‍ നിന്ന് ആദ്യ അന്താരാഷ്ട്ര വിമാനം പറന്നുയര്‍ന്നത്. യു.എ.ഇയിലെ ഷാര്‍ജയിലേക്കായിരുന്നു എയര്‍ ഇന്ത്യയുടെ ആ വിമാനത്തിന്റെ യാത്ര.

1990-കളില്‍ ഗള്‍ഫ് മലയാളികള്‍ ഈ വിമാനത്താവളത്തിന്റെ വികസനത്തിന് സുപ്രധാനമായ പങ്ക് വഹിച്ചു വിമാനത്താവളത്തിന്റെ വികസനത്തിന് തങ്ങളുടെ പക്കല്‍ പണമില്ലെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ കൈമലര്‍ത്തിയപ്പോള്‍ അവര്‍ പിരിവ് എടുത്ത് പണം സ്വരൂപിച്ചു. അന്ന് പിരിവെടുത്ത് വിമാനത്താവളത്തിന് പണം നല്‍കിയവര്‍ ഇന്ന് വിമാനത്താവളത്തിന്റെ വികസനത്തിന് ഭൂമി വിട്ട് നല്‍കാന്‍ തയ്യാറാവുന്നില്ല എന്ന ആക്ഷേപമാണ് കരിപ്പൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും സജീവ ചര്‍ച്ചയായിരിക്കുന്നത്. അതിന്റെ നേരും നുണയുമാണ് പരിസരവാസികളും രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും അഴിമുഖവുമായി പങ്കുവെക്കുന്നത്.

''ജനങ്ങള്‍ ഭൂമി വിട്ടുകൊടുക്കാത്തത് കൊണ്ടാണ് വിമാന ദുരന്തമുണ്ടായത് എന്ന് പറഞ്ഞ് ജനങ്ങളെ കുറ്റക്കാരാക്കുന്നത് ശരിയല്ല, സര്‍ക്കാരാണ് ഭൂമി ഏറ്റെടുക്കേണ്ടത്, അതിന് സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണം, സര്‍ക്കാരിന് വില്‍പ്പവറുണ്ടെങ്കില്‍ ഭൂമി കിട്ടും, പക്ഷെ, ജനങ്ങളെ വിശ്വാസത്തിലെടുത്താവണം ചെയ്യാനെന്ന് മാത്രം'', കൊണ്ടോട്ടി എംഎല്‍എ ടി.വി ഇബ്രാഹിം അഴിമുഖത്തോട് പറഞ്ഞു.

''ജനങ്ങളോട് സര്‍ക്കാര്‍ പലപ്പോഴും പലതാണ് പറയുന്നത്. ആദ്യം പറഞ്ഞത് 480 ഏക്കര്‍ ഭൂമി വേണമെന്നാണ്. പിന്നെ പറഞ്ഞു 237 ഏക്കര്‍ മതിയെന്ന്, ഇപ്പോള്‍ ലേറ്റസ്റ്റ് 110 ഏക്കര്‍ ഭൂമിയാണ്. 137 ഏക്കര്‍ ഭൂമിയും അതിന് പുറമെ ഒരു 15 ഏക്കറും അവിടെ ഏറ്റവും ജനവാസമില്ലാത്ത സ്ഥലത്ത് തന്നെ ലഭ്യമാകും. പക്ഷെ, ജനങ്ങളെ വിശ്വാസത്തിലെടുക്കണം. ജനങ്ങള്‍ക്കു കൂടി സ്വീകാര്യമായ രീതിയില്‍ ഒരു പാക്കേജ് കൊണ്ടുവന്നാല്‍ മതി.

ഡിജിസിഎയുടെയും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും എല്ലാ മാനദണ്ഡവും പാലിക്കുന്ന ഒരു വിമാനത്താവളമാണ് കരിപ്പൂരിലേത്. വലിയ വിമാന കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, സൗദി എന്നീ കമ്പനികള്‍ അവര്‍ക്ക് ഈ വിമാനത്താവളം സൗകര്യപ്രദമായത് കൊണ്ടാണ് അവരുടെ വിമാനങ്ങള്‍ ഇവിടെ ഇറക്കാന്‍ തയ്യാറായത്. ഡിജിസിഎ കരിപ്പൂരില്‍ റണ്‍വേയുടെ നീളം കൂട്ടണമെന്ന് പറഞ്ഞിട്ടില്ല, റണ്‍വേയുടെ നീളം കഴിഞ്ഞിട്ടുളള ആര്‍ഇഎസ്എ - റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ- നീട്ടിയാല്‍ മതി എന്നാണ് അവര്‍ പറഞ്ഞത്. കരിപ്പൂരില്‍ ആര്‍ഇഎസ്എ 90 മീറ്ററുള്ളത് 240 മീറ്ററാക്കാനാണ് ഡിജിസിഎ നിര്‍ദ്ദേശിച്ചത്. കരിപ്പൂരില്‍ ചെറിയ വിമാനമാണ് അപകടത്തില്‍ പെട്ടത്. അതിനാല്‍ തന്നെ, കരിപ്പൂരില്‍ റണ്‍വേയോ ഭൂമി ഏറ്റെടുക്കുന്നതുമായോ ബന്ധപ്പെടുത്തേണ്ട കാര്യമില്ല", എം.എല്‍.എ പറയുന്നു.

അതേസമയം, പരിസരവാസികളില്‍ 90 ശതമാനവും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനായി ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറുള്ളവരാണ്. എന്നാല്‍, മലപ്പുറം ജില്ലയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാണ് ഇതിന് വിലങ്ങ് നില്‍ക്കുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

എയര്‍പ്പോര്‍ട്ടിന്റെ വികസനത്തിനായി ഇനി ഭൂമി ഏറ്റെടുക്കരുത് എന്ന നിലപാടാണ് കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി അവസാനമായി എടുത്തത്. മുന്‍സിപ്പാലിറ്റി ഐകകണേ്ഠ്യനെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ജില്ലയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാ പ്രാദേശിക നേതാക്കളും പങ്കെടുത്ത് കൊണ്ടുള്ള ഒരു ബഹുജന പ്രക്ഷോഭവും നടന്നിരുന്നു. പ്രദേശവാസികളുടെ പ്രയാസങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ഒപ്പമായിരുന്നു അന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വം നിന്നിരുന്നത്. എന്നാല്‍, ഭൂമി വിട്ട് നല്‍കാന്‍ തയ്യാറായ കുറേ ആളുകളുമുണ്ടെന്നാണ് കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലെ പ്രതിപക്ഷ നേതാവായ സിപിഎമ്മിലെ പി. അബ്ദുറഹ്മാന്‍ അഴിമുഖത്തോട് പറഞ്ഞത്.

"ഇത്രയും കാലം താമസിച്ചിരുന്ന വീടും പരിസരവും വിട്ടു പോവാന്‍ മാനസികമായ പ്രയാസമുണ്ടെങ്കിലും വിമാനത്താവളത്തിന്റെ വികസനത്തിനായി അവ വിട്ടുനല്‍കാന്‍ തയ്യാറായവരാണിവര്‍. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തികളും മറ്റും നടത്തികൊണ്ടുപോവാന്‍ പരിസരവാസികള്‍ക്ക് ഇപ്പോള്‍ സാധിക്കുന്നില്ല. കാരണം, തങ്ങളുടെ വീടും ഭൂമിയും വിമാനത്താവളത്തിന് വേണ്ടി പിടിച്ചെടുക്കുമോ ഇല്ലയോ എന്ന ആശങ്കയിലാണ് ഇവിടത്തെ ജനങ്ങള്‍. വീടിന്റെ പുനരുദ്ധാരണം പോലും നടത്താന്‍ കഴിയാതെ വിഷമിക്കുന്ന ധാരാളം ആളുകള്‍ ഇവിടെയുണ്ട്. ഇവിടെ നിന്ന് മാറി താമസിച്ചാല്‍ ഉണ്ടാകുന്ന തങ്ങളുടെ നഷ്ടങ്ങളും കുടുംബ ബന്ധങ്ങള്‍ കുറ്റിയറ്റുപോകുമെന്ന ആശങ്കകളും വളരെ വികാരത്തോടെ പങ്കുവെക്കുന്ന നിരവധി പേരും ഇവിടെയുണ്ട്."

ഭൂമി വിട്ടുകൊടുത്ത് അവിടെ വിമാനത്താവളത്തിന്റെ വികസനം നടത്തണമെന്ന് അഭിപ്രായമുള്ളവരാണ് ജില്ലയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങള്‍ എന്നാണ് അബ്ദുറഹ്മാന്‍ പറയുന്നത്. എന്നാല്‍, പ്രാദേശികമായ ജനവികാരത്തോടൊപ്പം നില്‍ക്കാനേ പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വത്തിന് സാധിക്കുകയുള്ളുവെന്നാണ് അദ്ദേഹം പറയുന്നത്.

ഭൂമി വിട്ടുകൊടുക്കാമെന്ന് പറഞ്ഞ 90 ശതമാനം ആളുകളില്‍ 50 ശതമാനത്തില്‍ അധികവും അവിടെ നിന്ന് ഇതിനകം തന്നെ വേറെ സ്ഥലങ്ങളിലേക്ക് താമസം മാറ്റിയിട്ടുണ്ടെന്നാണ് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം ഡല്‍ഹി സ്‌റ്റേറ്റ് പ്രസിഡന്റ് അബ്ദുള്ള കാവുങ്ങല്‍ അഴിമുഖത്തോട് പറഞ്ഞത്. "ഇതിന് പിന്നില്‍ കളിക്കുന്നത് സ്വകാര്യ എയര്‍പ്പോര്‍ട്ട് ലോബികളാണ്. ഞങ്ങള്‍ക്ക് ന്യായമായ വില നല്‍കുകയാണെങ്കിൽ ഭൂമി വിട്ടു തരാന്‍ തയ്യാറാണെന്നാണ് പ്രദേശത്തെ ജനങ്ങള്‍ പറയുന്നത്. ഭൂമി ഏറ്റെടുക്കാന്‍ മാറി മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല, അതിന് പ്രധാന കാരണം സ്വകാര്യ എയര്‍പ്പോര്‍ട്ട് ലോബികളാണ്. കണ്ണൂര്‍, കൊച്ചി എയര്‍പ്പോര്‍ട്ടുകള്‍ എല്ലാം വലിയ മുതലാളിമാരുടേതാണ്. കരിപ്പൂരില്‍ ഭൂമി ഏറ്റെടുത്ത് വികസനം വന്നാല്‍ അവരുടെ വരുമാനം കുറയും. അപ്പോള്‍, മുതലാളിമാരെ പിണക്കാന്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍ തയ്യാറാവില്ല. 2800 മീറ്റര്‍ റണ്‍വേയുള്ള കരിപ്പൂരില്‍ ഇതുവരെ നിരവധി വൈഡ് ബോഡി വിമാനങ്ങളും, ജംബോ വിമാനങ്ങളും ഇറങ്ങിയിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് തടസ്സം രാഷ്ട്രീയ ലോബിയാണ്...'' - അബ്ദുള്ള പറയുന്നു.

കരിപ്പൂരിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടണമെന്നാണ് സ്ഥലം എം.എല്‍.എ ടി വി ഇബ്രാഹിം കൂട്ടിച്ചേർക്കുന്നു.

''കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലുള്ള ഏക എയര്‍പ്പോര്‍ട്ടാണ് കരിപ്പൂരിലേത്. അപ്പോള്‍, സ്വാഭാവികമായും ഈ എയര്‍പോര്‍ട്ട് തകര്‍ന്ന് കഴിഞ്ഞാല്‍ അപ്പുറത്തുള്ള കൊച്ചി എയര്‍പ്പോര്‍ട്ടിനും കണ്ണൂര്‍ വിമാനത്താവളത്തിനും ലാഭമുണ്ടാക്കാന്‍ കഴിയും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ യാത്രക്കാരുള്ളത് കരിപ്പൂരിലാണ്. ഈ യാത്രക്കാരില്‍ മഹാഭൂരിഭാഗവും സാധാരണക്കാരായ മിനിമം വേജില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. കേരളത്തിലെ മറ്റു എയര്‍പ്പോര്‍ട്ടുകള്‍ എല്ലാം വലിയ ബിസിനസ്സുക്കാരും ബ്യൂറോക്രാറ്റുകളും ആശ്രയിക്കുന്നവയാണ്. 2005 മുതല്‍ 2014 വരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ ആറു എയര്‍പ്പോര്‍ട്ടുകളില്‍ ഒന്നാണ് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട്.

ഈ എയര്‍പ്പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഡാലോചനയാണ് ഇതിനെതിരായ പ്രചാരണം എന്നാണ് മലബാറിലെ ആളുകള്‍ പറയുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ കണ്ണൂര്‍, കൊച്ചി എയര്‍പ്പോര്‍ട്ടുകളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കും.

സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കരിപ്പൂര്‍ എയര്‍പോര്‍ട്ടിനാണ് സര്‍ക്കാര്‍ നികുതി ഇളവ് നല്‍കേണ്ടത്. എന്നാല്‍, കണ്ണൂര്‍, കൊച്ചി എയര്‍പ്പോര്‍ട്ടുകള്‍ക്കാണ് സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയത്. കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിനും കൊച്ചി എയര്‍പ്പോര്‍ട്ടിനും ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തിയപ്പോള്‍, കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിന് 29 ശതമാനമായിരുന്നു. നിയമസഭയില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇത് അഞ്ചു ശതമാനമാക്കി കുറച്ചത്. ഈ ഒരു ശതമാനവും അഞ്ചു ശതമാനവും തമ്മിലുള്ള വ്യത്യാസം ഈ എയര്‍പ്പോര്‍ട്ടുകളിലേക്കുള്ള യാത്രാ ടിക്കറ്റുകളിലെ ചാര്‍ജിനെ വരെ ബാധിക്കും. ഈ നികുതി ഇളവ് മൂലം, ഇന്ധനം കുറഞ്ഞ വിലയ് ലഭിക്കുമെന്നതിനാല്‍ വലിയ വിമാന കമ്പനികള്‍ അവിടെക്ക് സര്‍വ്വീസ് കൂടുതലായി നടത്തും.

സാധാരണക്കാരായ ജനങ്ങള്‍ പിരിവ് എടുത്ത് നിര്‍മ്മിച്ച എയര്‍പ്പോര്‍ട്ടാണ് കരിപ്പൂരിലേത്. അന്താരാഷ്ട്ര വിമാനത്താവളമായി ഇയര്‍ത്തുന്നതിന് വേണ്ടി പി.വി അബ്ദുല്‍ വഹാബ് ചെയര്‍മാനായി മഡാക്ക് എന്ന പേരില്‍ ഒരു കമ്മിറ്റിയുണ്ടാക്കി വിമാനത്താവളത്തിന്റെ വികസനത്തിനായി വിദേശ നാടുകളില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ മലയാളികളുടെ പക്കല്‍ നിന്ന് പിരിവ് എടുത്തിരുന്നു. കെ മുരളീധരന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി വി വഹാബ് എന്നിവര്‍ വിദേശ നാടുകളില്‍ സഞ്ചരിച്ചാണ് ഇതിന് പണം കണ്ടെത്തിയത്. പിന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഒക്കെ സഹായം കിട്ടാന്‍ തുടങ്ങിയത്.'' ഇബ്രാഹിം എം.എല്‍.എ പറയുന്നു.

കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലും പള്ളിക്കല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലുമായാണ് കരിപ്പൂര്‍ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. തന്റെ വാര്‍ഡിലുള്ള ആളുകള്‍ വിമാനത്താവള വികസനത്തിനായി ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നാണ് വാര്‍ഡ് മെംബര്‍ ജന്‍സാബി പി.ടി അഴിമുഖത്തോട് വ്യക്തമാക്കിയത്.

വിമാനത്താവളത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനായി കഴിഞ്ഞ വര്‍ഷം മുന്‍സിപ്പാലിറ്റി സര്‍വ്വേ നടത്തിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്ത തുടര്‍ന്ന് അത് പൂര്‍ത്തിയാക്കിയിരുന്നില്ല. എന്നാല്‍, പിന്നീട് അതിന്റെ തുടര്‍നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇനി ചിലപ്പോള്‍ ഈ വിമാന ദുരന്തം ഉണ്ടായത് കൊണ്ട് ഡിജിസിഎയുടെ അന്വേഷണവും മറ്റും വന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് എയര്‍പ്പോര്‍ട്ട് ജീവനക്കാരനും പ്രദേശവാസിയുമായ സക്കീര്‍ ആനപ്ര പറയുന്നത്.

കരിപ്പൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റണ്‍വേയുടെ പേരില്‍ പുതിയ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ഗൂഢനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ പറയുന്നത്. ഈ എയര്‍പോര്‍ട്ട് അടച്ച് പൂട്ടാന്‍ കാലങ്ങളായി ശ്രമിക്കുന്ന ലോബിയായിരിക്കാം ഇതിന്റെയും പിന്നില്‍. അപകടകാരണം റണ്‍വേയുടെ പോരായ്മയല്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ദുരന്തത്തെ പുതിയ റണ്‍വേയിലൂടെ തിരിച്ചുവിടാന്‍ ശ്രമിക്കുന്നത് ജാഗ്രതയോടെ കാണേണ്ടതുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

ഈ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാവുമെന്നാണ് ഈ സെക്ടറിലെ യാത്രക്കാരനായ കോഴിക്കോട് സ്വദേശി അന്‍സാര്‍ പറയുന്നത്. എന്നാല്‍, ജനങ്ങളെ മാന്യമായ രീതിയില്‍ പുനരധിവസിപ്പിക്കാന്‍ തയ്യാറാവണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.


Next Story

Related Stories