TopTop
Begin typing your search above and press return to search.

കര്‍ണാടകത്തില്‍ നിന്ന് കെപിസിസി ഏര്‍പ്പാടാക്കിയ ബസിലെത്തിയവരെ കോട്ടയത്ത് ഇറക്കി വിട്ടെന്ന ആരോപണം നിഷേധിച്ച് യാത്രക്കാരനും കോണ്‍ഗ്രസും

കര്‍ണാടകത്തില്‍ നിന്ന് കെപിസിസി ഏര്‍പ്പാടാക്കിയ ബസിലെത്തിയവരെ കോട്ടയത്ത് ഇറക്കി വിട്ടെന്ന ആരോപണം നിഷേധിച്ച് യാത്രക്കാരനും കോണ്‍ഗ്രസും

ബംഗളൂരുവിൽ നിന്നും കോൺഗ്രസ് ഒരുക്കിയ ബസ്സിൽ ഏര്‍പ്പാടാക്കിയ ബസിലെ യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കെപിസിസി ഭാരവാഹികളും കോവിഡ് നിര്‍ദേശം ലംഘിച്ച് കേരളത്തിലെത്തിയതിന് പോലീസ് കേസെടുത്ത യാത്രക്കാരും. തങ്ങള്‍ സ്വന്തം നിലയില്‍ വാഹനം സംഘടിപ്പിച്ചാണ് ബംഗളൂരുവിൽ നിന്ന് കേരളത്തിലെത്തിയതെന്നും ഇതില്‍ കെപിസിസിയുടെ പേര് എങ്ങനെയാണ് വന്നതെന്ന് അറിയില്ല എന്നുമാണ് അടൂര്‍ സ്വദേശി വിനോദ് പറയുന്നത്. തുടര്‍ന്ന് തന്നെയും ആലപ്പുഴ നെടുമുടി സ്വദേശി ജീവനെയും പോലീസ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും തനിക്കും ജീവനുമെതിരെ പാസില്ലാതെ നാട്ടിലെത്തിയതിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണെന്നും വിനോദ് പറയുന്നു. കെപിസിസി ഏര്‍പ്പാടാക്കിയ ബസില്‍ വന്ന തങ്ങളെ കോട്ടയത്ത് ഇറക്കി വിട്ടെന്ന് ആരോപിച്ച് ഇവര്‍ സ്റ്റേഷനില്‍ എത്തുകയായിരുന്നു എന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. കോട്ടയത്തേക്ക് കെപിസിസി കർണാടകയിൽ നിന്ന് ബസ് ഒരുക്കിയിട്ടില്ലെന്നാണ് ഡിസിസി ജനറൽ സെക്രട്ടറി മുരളി ഓണംതുരുത്ത് പരയുന്നത്.

ബംഗളൂരുവിൽ എസി മെക്കാനിക്കായി ജോലി നോക്കുകയാണ് വിനോദ്. യാത്രയെ കുറിച്ച് വിനോദ് പറയുന്നതിങ്ങനെ: "വാട്സ്ആപ്പ് ഗ്രൂപ്പുവഴിയാണ് 25 അംഗ സംഘം കേരളത്തിലേക്ക് വരാനുള്ള നടപടികൾ ആരംഭിക്കുന്നത്. ഇതിനായി ഞങ്ങള്‍ സ്വന്തം നിലയിൽ തന്നെ യാത്രാനുമതി സ്വന്തമാക്കുകയും ചെയ്തു. കേരളം, തമിഴ്നാട്, കർണാടക സർക്കാറുകളുടെ അനുമതി വാങ്ങിയാണ് യാത്ര ആരംഭിക്കുന്നത്. ഇതിനുള്ള ചിലവ് വഹിച്ചതും സ്വയം തന്നെ. വിദ്യാര്‍ത്ഥികൾ, തന്നെപ്പോലുള്ളവര്‍, ഇന്റർവ്യൂവിന് വന്ന് നഗരത്തിൽ കുടുങ്ങിയവർ തുടങ്ങിയവരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. കേരളത്തിൽ നിന്നും ബസ് വിളിച്ച് വരുത്തിയാണ് ബംഗളൂരുവിൽ നിന്ന് തിരിക്കുന്നത്. കുമളി വഴി കേരളത്തിൽ എത്തിയ ബസ്സിന്റെ ഡെസ്റ്റിനേഷൻ എറണാകുളം ആയിരുന്നു. ഇത് പ്രകാരമാണ് അടൂർ പോവേണ്ട താനും ആലപ്പുഴ നെടുമുടി സ്വദേശി ജീവനും കോട്ടയത്ത് ഇറങ്ങിയത്. തുടര്‍ന്ന് വീടുകളിലേക്ക് പോകേണ്ടതിനാല്‍ പാസ് തേടി പോലീസ് സ്റ്റേഷനിലെത്തി. കേരളത്തിലേക്ക് എത്താനുള്ള പാസുണ്ട്. എന്നാൽ അന്തർ ജില്ലാ യാത്രയ്ക്കുള്ള പാസ് ഉണ്ടായിരുന്നില്ല. ഈ ആവശ്യം ഉന്നയിച്ചും യാത്രയ്ക്ക് ആംബുലൻസ് ഉൾപ്പെടെ ഒരുക്കാനാവുമോ എന്നുമാണ് ഞങ്ങള്‍ സ്റ്റേഷനില്‍ അന്വേഷിച്ചത്", വിനോദ് പറയുന്നു.

നിലവിൽ കോട്ടയത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ തനിക്കും ജീവനുമെതിരെ പാസില്ലാതെ നാട്ടിലെത്തിയതിന് കേസുൾപ്പെടെ രജിസ്റ്റർ ചെയ്തിരിക്കുകയാണെന്നും വിനോദ് പറഞ്ഞു. എറെ ദുരിതങ്ങൾ സഹിച്ചാണ് കേരളത്തിലെത്തിയതെന്നും എന്നാൽ ഇവിടെ നേരിട്ട അനുഭവങ്ങൾ മടങ്ങി വരേണ്ടിയിരുന്നില്ലെന്ന് ചിന്തിപ്പിച്ചെന്നും ഇയാള്‍ പറയുന്നു.

കോട്ടയത്തേക്ക് കെപിസിസി കർണാടകയിൽ നിന്ന് ബസ് ഒരുക്കിയിട്ടില്ലെന്നാണ് മുരളി ഓണംതുരുത്ത് പറയുന്നത്; "കർണാടക കോൺഗ്രസ് പ്രദേശ് കമ്മിറ്റി കേരളത്തിലേക്ക് ആളുകളെ എത്തിക്കാൻ ബസ് തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ അതെല്ലാം കർണാടക ആർടിസിയുടെ ബസ്സുകളാണ്. യാത്രക്കാരെ ഇറക്കിവിട്ട ബസ് കേരളത്തിൽ നിന്നുള്ളതാണ്. ഇത്തരത്തിൽ ഒരു സജ്ജീകരണവും പാർട്ടി ഒരുക്കിയിട്ടില്ല". കർണാടകത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കാൻ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആരംഭിച്ച ബസ്സ് കോട്ടയത്ത് രണ്ടു യാത്രക്കാരെ ഇറക്കി വിട്ടു എന്ന് മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കെപിസിസി കോവിഡ് കണ്ട്രോൾ റൂം ഇൻ ചാർജ്ജ് കെ പി അനിൽ കുമാറും നിഷേധിച്ചു. "അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കാൻ ഇടപെടൽ നടത്തുന്ന ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. ഇതിന്റെ സദുദ്ദേശത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ് സിപിഎം സൈബർ ഇടങ്ങളിലും ചില വാർത്താമാധ്യമങ്ങളും വ്യാജ വാർത്തകൾ നൽകുന്നതെ"ന്നും അനിൽ കുമാർ പത്രക്കുറിപ്പിൽ ആരോപിച്ചു.

"ഇന്നലെ കോട്ടയത്ത് ഇത് സംഭവിച്ച നിർഭാഗ്യകരമായ സംഭവത്തിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കോ, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കോ യാതൊരു ബന്ധവുമില്ല. കർണാടകത്തിലെ മലയാളി സമാജം കേരള അതിർത്തിവരെ എത്തിച്ച 3 ബസ്സുകൾക്ക് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ധനസഹായം ചെയ്തിരുന്നു. ആ ബസ്സുകളിൽ എത്തിയ 73 പേർ കൃത്യമായി അവരുടെ വീടുകൾ എത്തിച്ചേർന്നിട്ടുണ്ട്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഒരുക്കുന്ന വണ്ടികളിൽ എത്തുന്നവർ അവർ കേരളത്തിന്റെ അതിർത്തിയിൽ നിന്നും അവരവർ ഏർപ്പെടുത്തുന്ന വണ്ടിയിലോ സ്വകാര്യ വാഹനങ്ങളിലോ ആണ് സ്വന്തം ജില്ലകളിലേക്ക് യാത്ര ചെയ്തതത്. ഇതുവരെ 10 ബസുകൾ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സഹായത്താൽ കേരളത്തിലേക്ക് സർവീസ് നടത്തിയിരുന്നു. ആദ്യത്തെ ബസ്സ് കായംകുളം വരെ എത്തിയിരുന്നു. ഇന്നലെ രാവിലെ കാസർകോട് വരേണ്ട കെപിസിസിയുടെ വണ്ടി തലപ്പാടിയിൽ തടഞ്ഞിരുന്നു, ഇതിനെത്തുടർന്ന് കാസർകോട് ഡിസിസി പ്രസിഡന്റ് ഏർപ്പെടുത്തിയ വാഹനത്തിൽ യാത്രക്കാരെ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ എത്തിച്ചിരുന്നു. ഇന്ന് മുത്തങ്ങ വഴി കോഴിക്കോട് വരെ ഒരു വണ്ടി എത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ സാമൂഹ്യ സേവനം എന്ന നിലയിൽ സൗജന്യമായി യാത്ര സംഘടിപ്പിക്കുന്ന കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വിശ്വാസ്യത തകർക്കാനും യാത്ര ചെയ്യാൻ രജിസ്റ്റർ ചെയ്തിരിക്കുന്ന ആളുകളുടെ മനോവീര്യം തകർക്കാനും സംഘടിതമായ സിപിഎം ശ്രമത്തിന്റെ ഭാഗമാണ് ഈ വ്യാജ വാർത്തകള്‍", കെപിസിസി കോവിഡ് കണ്ട്രോൾ റൂം പറയുന്നു.


Next Story

Related Stories