TopTop
Begin typing your search above and press return to search.

അള്‍ത്താര ബാലനില്‍ നിന്നും കൊലയാളിയിലേക്ക്; 'ആരുമായും സ്നേഹബന്ധമില്ല, ക്രിമിനൽ പശ്ചാത്തലുമുണ്ട്' സഹോദരിയെ കൊലപ്പെടുത്തിയായി കരുതുന്ന 22 കാരൻ ആൽബിനെക്കുറിച്ച് നാട്ടുകാർ

അള്‍ത്താര ബാലനില്‍ നിന്നും കൊലയാളിയിലേക്ക്; ആരുമായും സ്നേഹബന്ധമില്ല, ക്രിമിനൽ പശ്ചാത്തലുമുണ്ട് സഹോദരിയെ കൊലപ്പെടുത്തിയായി കരുതുന്ന 22 കാരൻ ആൽബിനെക്കുറിച്ച് നാട്ടുകാർ

ബളാല്‍ സെന്റ്. ആന്റണീസ് പള്ളിയിലെ അള്‍ത്താര ബാലനായിരുന്ന ഒരു ബാല്യമുണ്ടായിരുന്നു അരിങ്കലില്‍ ഓലിക്കല്‍ ബെന്നിയുടെ മകന്‍ ആല്‍ബിന്. അവിടെ നിന്നാണ് സ്വന്തം സഹോദരിയുടെ ഘാതകനായി മാറിയ ഒരു ക്രിമിനലിലേക്ക് ആ ഇരുപത്തിരണ്ടുകാരന്‍ മാറുന്നത്. അതിനിടയിലെ ജീവിതത്തില്‍ അയാള്‍പല തവണ തന്നിലെ ക്രിമിനല്‍ വാസന പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വീട്ടിലും നാട്ടിലും ആരോടും അധികം ഇടപഴകാത്ത, ഈ ചെറിയപ്രായത്തിലെ ജീവിതം തന്നെ മറ്റുള്ളവര്‍ക്കിടയില്‍ നിന്നും ദുരൂഹമായി ഒളിപ്പിക്കാനും സാധിച്ച ആല്‍ബിന് 16 കാരിയായ അനിയത്തി ആൻ മേരി മരിയയയോട് ചെയ്ത ക്രൂരതയും കുറച്ചു ദിവസങ്ങളിലേക്കെങ്കിലും എല്ലാവരില്‍ നിന്നും മറച്ചു പിടിക്കാന്‍ സാധിച്ചിരുന്നു. പക്ഷേ, പൊലീസ് ഒരുക്കിയ തന്ത്രത്തില്‍ ആല്‍ബിന് അടിതെറ്റിപ്പോയി.

കോട്ടയം പാല ഭാഗങ്ങളില്‍ നിന്നുള്ള കുടിയേറ്റ ക്രിസ്ത്യാനികള്‍ അധികമുള്ള പഞ്ചായാത്താണ് കാസറഗോഡ് ബെളാല്‍. 20 കിലോമീറ്റര്‍ ദൂരത്തിലുള്ള കര്‍ണാടക അതിര്‍ത്തിയായ പാണത്തൂരിനും കൊന്നക്കാടിനും ഇടയിലുള്ള ഈ മലോയാരഗ്രാമത്തില്‍ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടതാണ് ഭൂരിഭാഗം ജനങ്ങളുടെയും ജീവിതം. കിഴക്കന്‍ മേഖലയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ പെട്ടതായിരുന്നു ബളാല്‍ അരിങ്കല്ലില്‍ ഓലിക്കല്‍ ബെന്നിയുടെ കുടുംബവും. കോഴിക്കോട് വിളങ്ങാടായിരുന്നു ആദ്യം താമസിച്ചിരുന്നത്. അവിടെ നിന്നാണ് ബെളാലില്‍ എത്തുന്നത്. കര്‍ഷകനായിരുന്നു ബെന്നി. നാലരയേക്കറോളം ഭൂമിയില്‍ റബര്‍ ആയിരുന്നു മുഖ്യം. ഇതുകൂടാതെ സ്വന്തമായി പന്നി ഫാമും കോഴി ഫാമും ബെന്നിക്കുണ്ടായിരുന്നു. കൃഷിയും കാര്യങ്ങളും നോക്കുന്നതിനൊപ്പം തന്നെ കാടുവെട്ടാനും ബെന്നി പോകുമായിരുന്നു. ഇവിടെയുള്ളവരുടെ ഒരു പ്രധാന തൊഴിലായിരുന്നു കാടുവെട്ടല്‍. ദിവസം 200 രൂപയോളം കൂലി കിട്ടുമായിരുന്നു. ബെന്നിയെക്കുറിച്ച് അദ്ധ്വാനിയായൊരു മനുഷ്യന്‍ എന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞിരുന്നത്. ' ആരും തന്നെ ആ കുടുംബത്തെക്കുറിച്ച് ഒരു മോശം പറയുന്നത് ഇതുവരെ കേട്ടിട്ടില്ല. എനിക്ക് അടുത്ത് അറിയാവുന്നൊരാള്‍ കൂടിയായിരുന്നു ബെന്നി. നല്ലതുപോലെ അദ്ധ്വാനിച്ചാണ് ബെന്നിയും ഭാര്യയും കുട്ടികളുടെ കാര്യവും കുടുംബവും നോക്കിയിരുന്നത്. ഇങ്ങനെയൊന്ന് ആ വീട്ടില്‍ സംഭവിക്കുമെന്ന് ഞങ്ങളാരും സ്വപ്‌നത്തില്‍പ്പോലും കരുതിയതല്ല. അയല്‍ക്കാരുമായും നാട്ടുകാരുമായുമൊക്കെ നല്ല സഹകരണമായിരുന്നു ബെന്നിക്കും ഭാര്യയ്ക്കും. പത്തു പതിനാറ് പന്നികളുണ്ടായിരുന്നു ബെന്നിയുടെ ഫാമില്‍. കൂടാതെ കോഴികളും. അവര്‍ ആശുപത്രിയാലയതിനുശേഷം അതുങ്ങള്‍ക്കെല്ലാം വെള്ളവും തീറ്റയും കൊടുത്തിരുന്നത് അയല്‍ക്കാരായിരുന്നു. അപ്പോഴൊന്നും ഈ ചെറുക്കനാണ് ഇങ്ങനെയൊരു ക്രൂരത ചെയ്തതെന്ന് ആരും കരുതിയതേയില്ല. പഠിക്കാന്‍ മിടുക്കിയായിരുന്നു ബെന്നിയുടെ മോള്‍. പത്താം ക്ലാസ് ജയിച്ചതേയുള്ളൂ. ആ കൊച്ച് മരിച്ചുപോയെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കാര്‍ക്കും വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോകുംവരെ എല്ലാക്കാര്യത്തിലും ഒപ്പമുണ്ടായിരുന്ന ഒരാളാണ് ഞാന്‍. ആ ചെറുക്കനെ(ആല്‍ബിന്‍)കുറിച്ച് അപ്പോഴൊന്നും ആര്‍ക്കും ഒരു സംശയവും തോന്നിയിരുന്നില്ല. ഭാവവ്യത്യാസമൊന്നും ഇല്ലായിരുന്നു. ആകപ്പാടെ തോന്നിയയൊരു സംശയം സ്വന്തം പെങ്ങള് മരിച്ചിട്ടും അപ്പന്‍ ഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുക്കയാണെന്നറിഞ്ഞിട്ടും അവന്റെ മുഖത്ത് അതിന്റെതായൊരു ദുഃഖമൊന്നും കാണുന്നില്ലല്ലോ എന്നതില്‍ മാത്രമായിരുന്നു. നാട്ടുകാരില്‍ പലരും അത് പറയുകയും ചെയ്തതാണ്. എന്നിട്ടും അവനങ്ങിനെ ചെയ്യുമെന്ന് ആരുടെയും മനസില്‍ തോന്നിയില്ല. എന്തെങ്കിലും സംശയമുണ്ടോയെന്ന് പൊലീസ് ഞങ്ങളോടൊക്കെ ചോദിച്ചതാണ്. ഐസ്‌ക്രീമില്‍ എന്തോ കുഴപ്പം വന്നതാണെന്നതല്ലാതെ ഇതൊരു കരുതികൂട്ടിയുള്ള കൊലപാതകമാണെന്ന് ചിന്ത പോകാത്തതുകൊണ്ട് പൊലീസുകാരോട് പ്രത്യേകിച്ച് ഒന്നും പറഞ്ഞുമില്ല. പിന്നീട് ഈ ചെറുക്കനെ പിടിച്ചപ്പോഴാണ് ഞങ്ങളെല്ലാവരും ഞെട്ടിപ്പോയത്. ബളാല്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ അത്തിക്കടവിലെ മെംബറായ കെ മാധവന്‍ നായര്‍ അഴിമുഖത്തോട് സംഭവങ്ങൾ വിവരിച്ചു. അത്തിക്കടവ് വാര്‍ഡിലാണ് ബെന്നിയും കുടുംബവും താമസിക്കുന്നത്.

ആന്‍മരിയയുടേത് കൊലപാതകമായിരുന്നുവെന്നും ആല്‍ബിനാണ് അതിനു പിന്നിലെന്നും പൊലീസ് പറയുന്നത് വരെ നാട്ടുകാരില്‍ ആരുടെയും സംശയം ആല്‍ബിനു മേല്‍ ഇല്ലായിരുന്നു. ' കഴിച്ച ഐസ്‌ക്രീമില്‍ എന്തോ പ്രശ്‌നം ഉണ്ടായിരുന്നുവെന്നാണ് ആദ്യം അറിഞ്ഞത്. ആന്‍മരിയയ്ക്ക് വയ്യാതെ വന്നതോടെ വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയില്‍ കൊണ്ടു പോയി. അവിടെ പരിശോധിച്ചപ്പോഴാണ് കൊച്ചിന് മഞ്ഞപ്പിത്തം ഉണ്ടെന്ന് മനസിലായത്. ഉടനെ വെസ്റ്റ് വെളേരി പഞ്ചായത്തിലുള്ള ഭീമനടിയില്‍ താമസിക്കുന്ന ബെന്നിയുടെ ഭാര്യ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞു. അവിടെ അടുത്തൊരു വൈദ്യനുണ്ടെന്നും മഞ്ഞപ്പിത്തതിന് അദ്ദേഹം ചികിത്സിക്കുമെന്നും പറഞ്ഞതോടെ കുട്ടിയുമായി അങ്ങോട്ടേയ്ക്ക് പോയി. ആന്‍ മരിയയെ വൈദ്യനെ കാണിക്കുകയും അദ്ദേഹം മരുന്ന് കൊടുക്കുകയും ചെയ്തു. പിറ്റേദിവസം രാവിലെ പതിനൊന്നു മണിക്കും വൈദ്യന്‍ നിര്‍ദേശിച്ച മരുന്ന് കുട്ടിക്ക് കൊടുത്തിരുന്നു. ഉച്ച കഴിഞ്ഞ് മരുന്ന് കൊടുക്കുന്നതിനു മുമ്പായി കുട്ടി തളര്‍ന്നു വീഴുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയുമായിരുന്നു' സംഭവത്തെ കുറിച്ച് ബളാല്‍ വാര്‍ഡ് അംഗം ജേക്കബ് ഇ ജെ അഴിമുഖത്തോട് പറഞ്ഞു ബെന്നിയും കുടുംബവും താമസിക്കുന്ന വാര്‍ഡിന് തൊട്ടടുത്തതാണ് മൂന്നാം വാര്‍ഡ് ആയ ബളാല്‍.

അതേസമയം, പൊലീസിന് ആല്‍ബിന് മേല്‍ ആദ്യം മുതല്‍ സംശയം ഉണ്ടായിരുന്നുവെന്നും ജേക്കബ് പറയുന്നു. പൊലീസ് ആല്‍ബിനെക്കുറിച്ച് തന്നോട് തിരക്കിയിരുന്നതായി ജേ്ക്കബ് പറഞ്ഞു. മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം ആല്‍ബിനും ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. വയറ് വേദനയുണ്ടെന്നായിരുന്നു ആല്‍ബിന്‍ ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ എല്ലാവരെയും പരിശോധിച്ചതില്‍ മറ്റുള്ളവരുടെ ശരീരത്തില്‍ വിഷാംശം ഉണ്ടെന്നു കണ്ടെത്തുകയും ആല്‍ബിന് മാത്രം യാതൊരു കുഴപ്പവുമില്ലെന്ന് മനസിലാവുകയും ചെയ്തു. ഡോക്ടര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തു. ആല്‍ബിന് മേല്‍ പൊലീസിന്റെ സംശയം തുടങ്ങുന്നത് അങ്ങനെയാണ്. പിന്നീട് ഇയാളെക്കുറിച്ച് നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ തേടി. ഇതിനുശേഷമാണ് ആല്‍ബിനെ വിളിപ്പിക്കുന്നതും ഫോണ്‍ പരിശോധിക്കുന്നതും. കഴിഞ്ഞിടയ്ക്ക് ബെന്നിയാണ് ആല്‍ബിന് പുതിയ ഫോണ്‍ വാങ്ങിക്കൊടുക്കുന്നത്. ഫോണ്‍ കിട്ടിയശേഷം മുഴുവന്‍ സമയം ആല്‍ബിന്‍ ഫോണുമായിട്ടിരിക്കുകയായിരുന്നുവെന്നും തന്റെ കൂടെ ജോലിക്ക് വരാന്‍ ബെന്നി നിര്‍ബന്ധിച്ചിട്ടും ആല്‍ബിന്‍ അനുസരിക്കാറില്ലായിരുന്നുവെന്നും മാധവന്‍ നായര്‍ പറയുന്നുണ്ട്. ഇതിന്റെ പേരില്‍ ബെന്നി ആല്‍ബിനെ വഴക്കു പറയാറുണ്ടായിരുന്നുവെന്നും മാധവന്‍ നായര്‍ ഓര്‍ക്കുന്നു. ഒടുവില്‍ ഈ ഫോണ്‍ തന്നെയാണ് ആല്‍ബിനെ കുടുക്കിയതും. ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഇയാള്‍ യൂട്യൂബില്‍ എലിവിഷത്തെപ്പറ്റി തെരഞ്ഞതിനുള്ള തെളിവ് പൊലീസിന് കിട്ടുന്നത്. ആന്‍മരിയയുടെ ശരീരത്തില്‍ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തുക കൂടി ചെയ്തതോടെ പൊലീസിന്റെ അനുമാനം ശരിയായി. എങ്കിലും ആല്‍ബിനെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു ചെയ്തത്. വീട്ടില്‍ മറ്റാരും ഇല്ലാത്തതിനാല്‍ അവിടെ ഒറ്റയ്ക്ക് നില്‍ക്കേണ്ടെന്നും അമ്മയുടെ അനിയത്തിയുടെ വീട്ടില്‍ തന്നെ തുടരാനും പൊലീസ് ഉപദേശിക്കുകയും കൂടി ചെയ്തതോടെ ആല്‍ബിന്റെയുള്ളില്‍ തന്റെമേല്‍ പൊലീസിന് സംശയങ്ങളൊന്നുമില്ലെന്ന ആത്മവിശ്വാസം വന്നു. പക്ഷേ, കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് ആല്‍ബിനെ പൂട്ടാന്‍ വേണ്ടിയുള്ള ഒരുക്കങ്ങളിലായിരുന്നു പൊലീസ്. ആവശ്യമായ തെളിവുകള്‍ കിട്ടിയതോടെ ബുധനാഴ്ച്ച ആല്‍ബിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ അയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.

മൂന്നു മക്കളായിരുന്നു ബെന്നിക്കും ഭാര്യ ബെസിക്കും. രണ്ട് ആണ്‍മക്കളും അവര്‍ക്ക് താഴെയായി ഒരു പെണ്‍കുട്ടിയും. ഇതില്‍ മൂത്തയാളായിരുന്നു ആല്‍ബിന്‍, ഇളയവള്‍ ആന്‍മരിയ. ഇന്നിപ്പോള്‍ ബളാല്‍ പഞ്ചായത്തിലെ അരിങ്കല്‍ എന്ന ഗ്രാമം മുഴുവന്‍ ഞെട്ടിത്തരിച്ച് നില്‍ക്കുന്നത് ആല്‍ബിന്റെയും ആന്‍മരിയയുടെയും പേരിലാണ്. ആന്‍മരിയയെ മാത്രമല്ല, സ്വന്തം അച്ഛനെയും അമ്മയേയും കൂടി ആല്‍ബിന്‍ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നറിഞ്ഞപ്പോഴാണ് ആല്‍ബിനിലെ കുറ്റവാളിയെയോര്‍ത്ത് അരിങ്കല്ല് ഗ്രാമം ഞെട്ടിയത്. ഈ ക്രൂരത ചെയ്യാന്‍ ആല്‍ബിന്‍ പൊലീസിനോട് പറഞ്ഞ കാ്‌ര്യങ്ങള്‍ കൂടി കേട്ടതോടെ ഇങ്ങനെയൊരു സംഭവം തങ്ങളുടെ നാട്ടില്‍ നടന്നല്ലോ എന്നാണ് അരിങ്കല്ലുകാര്‍ പറയുന്നത്.

എന്നാല്‍, ഇങ്ങനെയയൊരു ക്രൂരത ആല്‍ബിന്‍ ചെയ്തതില്‍ അത്ഭുതപ്പെടാത്തവരും ഈ നാട്ടിലുണ്ട്. അധികമൊന്നും അറിയില്ലെങ്കിലും ആല്‍ബിന്‍ ചെയ്തിട്ടുള്ള പ്രവര്‍ത്തികളെക്കുറിച്ച് കുറച്ചൊക്കെ അറിയാവുന്നവര്‍ക്ക് ആ 22 കാരന്റെയുള്ളില്‍ ഒരു ക്രിമിനല്‍ ഉണ്ടായിരുന്നുവെന്നതില്‍ സംശയമില്ല. ലഹരി വസ്തുക്കളുടെ ഉപയോഗവും ആല്‍ബിന് ഉണ്ടായിരുന്നുവെന്ന സൂചനകള്‍ കൂടി ചേര്‍ത്ത് അവര്‍ തങ്ങളുടെ അഭിപ്രായം ഉറപ്പിക്കുകയാണ്.

ആല്‍ബിന്റെ ജീവിതത്തില്‍ ആദ്യത്തെ ബ്ലാക്ക് മാര്‍ക്ക് വീഴുന്നത് അള്‍ത്താര ബാലനായിരുന്ന സമയത്താണ്. പഞ്ചായത്തംഗം ജേക്കബ് ഇ ജെ ആണ് അക്കാര്യം പറയുന്നത്.' ആല്‍ബിന്‍ ബെളാല്‍ സെന്റ്. ആന്റണീസ് പള്ളിയില്‍ അള്‍ത്താര ബാലനായിരിക്കുന്ന സമയത്ത്, പുതിയ പള്ളിയുടെ നിര്‍മാണം നടക്കുകയായിരുന്നു. ഒരു ദിവസം പള്ളി പണിക്കെത്തിയ ഒരു പണിക്കാരന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ആല്‍ബിന്‍ പണം മോഷ്ടിച്ചു. ഇത് കൈയോടെ പിടിക്കുകയും ചെയ്തു. അതേ തുടര്‍ന്ന് പള്ളിയില്‍ നിന്നും പുറത്താക്കുകയായിരുന്നു'.

ഈ സംഭവത്തിനുശേഷമാണ് ബെന്നി മകനെ സെമിനാരിയില്‍ ചേര്‍ക്കുന്നത്. മൂത്തമകനെ പുരോഹിതനാക്കാനായിരുന്നു ബെന്നിയുടെയും ബെസിയുടെയും ആഗ്രഹം. എന്നാല്‍, മാതാപിതാക്കളുടെ ആഗ്രഹം ആല്‍ബിന്‍ സാധിച്ചുകൊടുത്തില്ല. ഒരു വര്‍ഷത്തിനുശേഷം സെമിനാരിയില്‍ നിന്നും ആല്‍ബിന്‍ പഠനമുപേക്ഷിച്ച് വീട്ടിലേക്ക് പോന്നു. ആല്‍ബിന്‍ നടത്തിത്തരാത്ത ആഗ്രഹം ബെന്നിയും ബെസിയും രണ്ടാമത്തെ മകനിലൂടെ സാധിക്കാന്‍ തീരുമാനിച്ചു. ആല്‍ബിന് താഴെയുള്ള സോഹദരന്‍ ഇപ്പോള്‍ താമരശ്ശേരിയിലെ ഒരു സെമിനാരിയില്‍ വൈദിക പഠനത്തിലാണ്. ദൈവവഴിയിലേക്ക് മകന് പോകില്ലെന്ന് ഉറപ്പായതോടെയാണ് പ്ലസ് ടുവിന് ശേഷം ആല്‍ബിനെ കോട്ടയത്ത് പഠിക്കാന്‍ ബെന്നി വിടുന്നത്. കോട്ടയത്ത് നിന്നും ഒരു വര്‍ഷത്തെ ഓട്ടോമൊബൈല്‍ ഡിപ്ലോമ കോഴ്‌സ് ആല്‍ബിന്‍ പൂര്‍ത്തിയാക്കി. കോഴ്‌സ് കഴിഞ്ഞ് വന്നിട്ടും ജോലിക്കൊന്നും പോകാതെ കുറെ നാള്‍ വീട്ടില്‍ തന്നെ നിന്നു. പിന്നെയാണ് വെള്ളരിക്കുണ്ടിലെ ഒരു ബേക്കറിയില്‍ ജോലിക്ക പോകുന്നത്. ഇവിടെയും അധികനാള്‍ ആല്‍ബിന്‍ തുടര്‍ന്നില്ല. ' ആ കടയില്‍ നിന്നും ആല്‍ബിന്‍ പണം മോഷ്ടിച്ചെന്നും അങ്ങനെ അവിടെ നിന്നും പറഞ്ഞു വിടുകയാണുണ്ടായതെന്നുമാണ് കേട്ടത്' ജേക്കബ് പറയുന്നു. കോട്ടയത്ത് ഒരു ഹോട്ടലിലും ആല്‍ബിന്‍ ജോലിക്കു നിന്നിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്.

നാട്ടില്‍ അധികമാരോടും ഇടപഴകാത്ത പ്രകൃതമായിരുന്നു ആല്‍ബിനെന്നും ജേക്കബ് പറയുന്നു. 'ഒരു പ്രത്യേക സ്വഭാവമായിരുന്നു. ആരോടും മിണ്ടില്ല. പുറത്തേക്ക് ആ പയ്യനെ അധികം കാണാറുപോലുമില്ലായിരുന്നു. വീട്ടിലും അങ്ങനെ തന്നെയായിരുന്നുവെന്നാണ് കേട്ടിട്ടുള്ളത്'. പിന്നീട് ആല്‍ബിന്‍ കോയമ്പത്തൂരിലേക്ക് പോയി. അവിടെ എന്തായിരുന്നു ജോലിയെന്ന് നാട്ടുകാര്‍ക്ക് അറിയില്ല. മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് ആല്‍ബിന്‍ തമിഴ്‌നാട്ടില്‍ നിന്നും തിരിച്ച് വീട്ടിലെത്തുന്നത്. പിന്നീട് നാട്ടുകാര്‍ ആല്‍ബിനെ കുറിച്ച് കേള്‍ക്കുന്നത് ഈ ക്രൂരതയുമായി ബന്ധപ്പെട്ടാണ്.

എന്തിനുവേണ്ടിയാണ് ആല്‍ബിന്‍ ഈ ക്രൂരത ചെയ്തതെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് ഇപ്പോഴും സംശയമാണ്. സഹോദരിയേയും മാതാപിതാക്കളെയും ഇല്ലാതാക്കിയാല്‍ സ്വത്തെല്ലാം തനിക്ക് കിട്ടുമെന്നും അതുപയോഗിച്ച് സുഖജീവിതം നയിക്കാമെന്നു കരുതിയാണ് താനിങ്ങനെ ചെയ്തതെന്നാണ് ആല്‍ബിന്‍ പൊലീസിന് നല്‍കിയ മൊഴി. ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കണമെന്ന ലക്ഷ്യവും ഇതിനൊപ്പം ഉണ്ടായിരുന്നുവെന്നും പറയുന്നു. ഈ ലക്ഷ്യത്തിന് വീട്ടുകാര്‍ തടസമാകുമോ എന്ന തോന്നലും എല്ലാവരെയും ഇല്ലാതാക്കുന്നതിലേക്ക് ആല്‍ബിന്റെ ചിന്തകളെ എത്തിച്ചെന്നും പൊലീസ് പറയുന്നുണ്ട്.

സ്വത്ത് കൈക്കലാക്കാന്‍ വേണ്ടി 22 വയസ് മാത്രമുള്ള ഒരു പയ്യന്‍ സ്വന്തം കുടുംബത്തിലെ എല്ലാവരെയും വകവരുത്താന്‍ തീരുമാനിക്കുമോ എന്ന ചോദ്യവും സംശയവും അരിങ്കല്ലുകാര്‍ക്കുണ്ട്. മറ്റെന്തെങ്കിലും കാരണങ്ങളും ഇതിനു പിന്നില്‍ ഉണ്ടാകുമെന്നാണ് അവര്‍ പറയുന്നത്. വാര്‍ഡ് മെംബറായ ജേക്കബ് ഇ ജെ പറയുന്നത് സ്വത്ത് കൈക്കലാക്കാന്‍ വേണ്ടിയാണെന്ന മൊഴി വിശ്വസിക്കാമെന്നാണ്. 'ബെന്നിയുടെ ബാങ്ക് അക്കൗണ്ടില്‍ തൊണ്ണൂറായിരം രൂപയുണ്ടായിരുന്നു. നാലരയേക്കറോളം ഭൂമിയുമുണ്ട്. ഒരു സഹോദരനുള്ളത് സെമിനാരിയില്‍ പഠിക്കുകയാണ്. അയാള്‍ കുടുംബസ്വത്തില്‍ പങ്കുചോദിച്ചു വരില്ലെന്നറിയാം. പിന്നെയുള്ളത് സഹോദരിയാണ്, ആ കുട്ടിയേയും മാതാപിതാക്കളെയും കൂടി ഇല്ലാതാക്കിയാല്‍ എല്ലാം തനിക്ക് വന്നു ചേരുമെന്ന് ആല്‍ബിന്‍ കണക്കുകൂട്ടിയിരുന്നു. പൊലീസില്‍ നിന്നും കിട്ടിയ വിവരങ്ങളാണെങ്കിലും ഇത് തന്നെയാകാം കൊലപാതക ശ്രമത്തിന് കാരണമെന്ന് കരുതാം. പക്ഷേ, മറ്റ് ചില കാരണങ്ങള്‍ കൂടി ഇതിനൊപ്പം ഉണ്ടാകാം. ആല്‍ബിന് ലഹരി ഉപയോഗം ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്(ഇതേ കാര്യം കെ മാധവന്‍ നായരും പറയുന്നുണ്ട്. നാട്ടുകാരില്‍ ചിലര്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു). ലഹരി ഉപയോഗം കുറച്ച് വ്യാപകമായി വരുന്നുണ്ട്. ഇതില്‍ പൊലീസിന് പരാതി കൊടുക്കുകയും ചിലരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. കഞ്ചാവ് ലഹരിയില്‍ ആല്‍ബിന്‍ സ്വന്തം സഹോദരിയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചതായും പറയുന്നുണ്ട്. ഇക്കാര്യം വീട്ടില്‍ അറിയുകയും അതിന്റെ പേരില്‍ വഴക്ക് ഉണ്ടാവുകയും ചെയ്തതായും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇതിന്റെ കൂടി പ്രതികാരമായാണ് ആല്‍ബിന്‍ സ്വന്തം കുടുംബത്തെ ഇല്ലാതാക്കാന്‍ നോക്കിയതെന്നും സംശയിക്കാം'.

ബളാല്‍ പഞ്ചായത്തിനെ നടുക്കിയ ഒരു ക്രൂരതയില്‍ കുറ്റവാളി പിടിക്കപ്പെട്ടല്ലോ എന്നോര്‍ത്താണ് ഇപ്പോള്‍ നാട്ടുകാര്‍ ആശ്വസിക്കുന്നത്. ആല്‍ബിന് പ്രായത്തിന്റെ പരിഗണന പോലും നോക്കാതെ തക്കതായ ശിക്ഷ നല്‍കണമെന്നും നാട്ടുകാര്‍ പറയുന്നു. പക്ഷേ, ഇതിനിടയിലും നാട്ടുകാരെ നൊമ്പരപ്പെടുത്തുന്നൊരു കാര്യമുണ്ട്. അപകടനില തരണം ചെയ്‌തെങ്കിലും കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബെന്നി ഈ വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ല. സ്വന്തം മകന്‍ തന്നെയാണ് അവന്റെ കൂടപ്പിറപ്പിനെ കൊന്നതെന്നകാര്യം എങ്ങനെ അയാളോട് പറയുമെന്ന പേടിയിലാണ് സഹോദരങ്ങളടക്കമുള്ളവരെന്നാണ് കെ മാധവന്‍ നായര്‍ പറഞ്ഞത്. ഇതറിഞ്ഞാല്‍ അയാള്‍ ഒരുപക്ഷേ നെഞ്ച് പൊട്ടി മരിച്ചേക്കുമെന്നാണ് വേദനയോടെ മാധവന്‍ നായര്‍ പറയുന്നു


Next Story

Related Stories