TopTop
Begin typing your search above and press return to search.

പോലീസ് കേസ് അവസാനിപ്പിച്ചിട്ടും കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയുടെ പക തീരുന്നില്ല, രാജ്യദ്രോഹമാരോപിച്ച് വിദ്യാര്‍ത്ഥിയെ ഡിസ്മിസ് ചെയ്തു

പോലീസ് കേസ് അവസാനിപ്പിച്ചിട്ടും കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയുടെ പക തീരുന്നില്ല,  രാജ്യദ്രോഹമാരോപിച്ച് വിദ്യാര്‍ത്ഥിയെ ഡിസ്മിസ് ചെയ്തു

രാജ്യദ്രോഹ കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ടെന്നതിന്റെ പേരില്‍ കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്ത അവല രാമു എന്ന വിദ്യാര്‍ത്ഥിയെ സര്‍വകലാശാല പുറത്താക്കി. രാമുവിനെതിരെയുള്ള രാജ്യദ്രോഹ കേസ് വസ്തുതയ്ക്ക് നിരക്കാത്തതാണെന്നു കണ്ടെത്തി പോലീസ് കേസ് അവസാനിപ്പിച്ചിട്ടും സര്‍വകലാശാലയുടെ നടപടി അലസാനിക്കുന്നില്ല.

രാമുവിനെതിരെ ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ 124 എ /രാജ്യദ്രോഹ കുറ്റത്തിനുള്ള കേസാണ് ചാര്‍ജ് ചെയ്തിരുന്നത്. കേസ് അവസാനിച്ചെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം പൂര്‍ത്തിയാക്കി കേസ് പോലീസ് അവസാനിപ്പിച്ചിട്ടുണ്ട്. വസ്തുതയ്ക്ക് നിരക്കാത്തതാണ് എന്നാണ് അന്വേഷണത്തില്‍ നിന്നും കണ്ടെത്തിയത്. ഡിസംബറിലാണ് അന്വേഷം പൂര്‍ത്തിയാക്കി കേസ് അവസാനിപ്പിച്ചത്.ബേക്കല്‍ പോലീസ് അഴിമുഖത്തോട് പറഞ്ഞു.

രാമു നിരപരാധിയാണെന്നു അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടും എന്തുകൊണ്ട് സര്‍വ്വകലാശാല രാമുവിനെ പുറത്താക്കുന്ന തരത്തിലുള്ള നടപടി എടുത്തു എന്നാണ് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. മാധ്യമങ്ങള്‍ വഴി അറിഞ്ഞതല്ലാതെ രാമുവിന് ഇതുവരെ പുറത്താക്കല്‍ നോട്ടീസ് ലഭിച്ചിട്ടില്ല എന്നാണ് സഹപാഠികള്‍ പറയുന്നത്. അതുപോലെ തന്നെ സര്‍വ്വകലാശാല നടത്തി എന്നു പറയുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് രാമു ചോദിക്കുന്നുണ്ടെങ്കിലും അത് നല്‍കാന്‍ യൂണിവേഴ്‌സിറ്റി തയ്യാറായിട്ടില്ല.

പത്ത് പന്ത്രണ്ട് മാസമായി യൂണിവേഴ്‌സിറ്റി ഈ അന്വേഷണം നടത്തുകയാണ്. ഇതിന്റെ അപ്‌ഡേഷന്‍ എന്തൊക്കെയാണെന്ന് ചോദിച്ചിട്ടൊന്നും ഇവരൊന്നും പറയുന്നില്ല. പെട്ടെന്നൊരു ദിവസം പത്രത്തിലൂടെയാണ് രാമുവിനെ പുറത്താക്കിയ വിവരം ഞങ്ങള്‍ അറിയുന്നത്. ജനുവരി 20 വൈകുന്നേരമാണ് സര്‍വകലാശാല പത്രക്കുറിപ്പ് പുറത്തുവിടുന്നത്. രാമുവിന്റെ സഹപാഠി സുബ്രഹ്മണ്യം പറഞ്ഞു.

ആര്‍ എസ് എസ് അജണ്ടയാണ് സര്‍വകലാശാലയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. നിലവിലെ പ്രോ വൈസ് ചാന്‍സലറായ ജയപ്രസാദ് ക്ലാസുകളില്‍ വന്ന് വര്‍ഗ്ഗീയതയാണ് പറയുന്നത് എന്നും, അതിനെതിരെ സംസാരിക്കുന്ന കുട്ടികളെ ടാര്‍ഗറ്റ് ചെയ്താണ് പ്രതികാര നടപടികളെടുക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അത്തരത്തിലുള്ളൊരു പ്രതികാര നടപടിയാണ്‌ രാമുവിന് നേരെയും നടത്തുന്നതെന്നാണ് സഹപാഠികള്‍ പറയുന്നത്. ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡണ്ട് കൂടിയാണ് ജയപ്രസാദ്.


ഞങ്ങളിവിടെ ഒരു കുട്ടിയേയു പുറത്താക്കിയിട്ടില്ല. കേരള ഹൈക്കോടതിയാണ് അയാളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നത്. ഇതില്‍ക്കൂടുതലൊന്നും എനിക്കറിയില്ല. എന്നായിരുന്നു പ്രോ വൈസ്ചാന്‍സലര്‍ ജയപ്രസാദിന്റെ പ്രതികരണം.

2019 ഏപ്രിലില്‍ കോഴ്സ് അവസാനിക്കാനിരിക്കെ, അതിന് രണ്ട് മാസം മുന്‍പാണ് രാമുവിനെ സസ്പെന്റ് ചെയ്യുന്നത്. അവസാന സെമസ്റ്ററില്‍ ചില പേപ്പറുകള്‍ എഴുതാനും, ഒരു പ്രൊജക്ട് വയ്ക്കാന്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് രാമുവിനെതിരെ സര്‍വകലാശാലയുടെ നടപടിയുണ്ടാവുന്നത്. അതിനാല്‍ തന്നെ രാമുവിന്റെ ബാച്ചിലുണ്ടായിരുന്നവര്‍ കോഴ്സ് കഴിഞ്ഞിറങ്ങിയിട്ടും രാമുവിന്റ കാര്യത്തില്‍ തീരുമാനം ഉണ്ടായില്ല.

ഈ അക്കാദമിക വര്‍ഷം പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാമു കേരള ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. അതിന്റെ ഒരു ഹിയറിങ് നിലവില്‍ കഴിഞ്ഞിട്ടുണ്ട്. ഇനിയും രണ്ട് ഹിയറിങ് കൂടി കഴിഞ്ഞാല്‍ വിധിയറിയാം. എന്റെ ഒരു വര്‍ഷമാണ് നഷ്ടപ്പെട്ടത്. ഈ വര്‍ഷം പരീക്ഷ എഴുതാനായി ഞാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ഇപ്പോള്‍ കോടതിയിലായതിനാല്‍ തന്നെ എനിക്കിപ്പോള്‍ അതിനെക്കുറിച്ചൊന്നും പ്രതികരിക്കാനാകില്ല. രാമു അഴിമുഖത്തോട് പ്രതികരിച്ചു.

ഇത് പ്രതികാരമനോഭാവത്തോടെയുള്ള നടപടിയാണെന്നാണ് യൂണിവേഴിസിറ്റിയിലെ അധ്യാപകരും പറയുന്നത്. ഇന്ന് മാധ്യമങ്ങളില്‍ വന്നപ്പോഴാണ് ഞാന്‍ ഇക്കാര്യം അറിയുന്നത്. രാമുവിനെ പുറത്താക്കുന്ന കാര്യം ഞങ്ങള്‍ അധ്യാപകരൊന്നും അറിഞ്ഞിട്ടില്ല. എനിക്കു തോന്നുന്നത് ഇതൊരു പ്രതികാര മനോഭാവത്തോടെ ചെയ്തിട്ടുള്ളൊരു നടപടിയാണ്. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അധ്യാപകന്‍ അഴിമുഖത്തോട് പ്രതികരിച്ചു.


Next Story

Related Stories