കേരള കോണ്‍ഗ്രസ് എം ഇടത് പക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് സുപ്രധാന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം. കഴിഞ്ഞ ദിവസം നടത്താനിരുന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച ഇന്ന് നടക്കും. കോടിയേരിയുടെ അസൗകര്യത്തെ തുടര്‍ന്നാണ് ചര്‍ച്ച ഇന്ന് രാവിലെത്തേക്ക് മാറ്റിയത്.
ഇന്നലെ വൈകീട്ട് നാലിനായിരുന്നു സിപിഎമ്മും സിപിഐയും തമ്മിലുള്ള ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്ന് നടക്കുന്ന കോടിയേരി - കാനം കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും വിഷയമുള്‍പ്പെടെ പരിഗണിക്കുന്ന എല്‍ഡിഎഫ് യോഗത്തെ കുറിച്ച് തീരുമാനം ഉണ്ടാവുക. ഇന്നത്തെ യോഗത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ബുധനാഴ്ച ചേരുന്ന സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയിലും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനകാര്യത്തില്‍ അഭിപ്രായം രൂപീകരിച്ച ശേഷമായിരിക്കും എല്‍ഡിഎഫ് യോഗം.
പാലാ സീറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്ന എന്‍സിപി ഉള്‍പ്പെടെയുള്ള മറ്റുഘടകക്ഷികളും നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. പാലായില്‍ എന്‍സിപി അസ്വസ്ഥത പ്രകടിപ്പിക്കുമ്പോള്‍ കാഞ്ഞിരപ്പള്ളിയാണ് സിപിഐയ്ക്ക് പ്രശ്നം. എന്നാല്‍ സീറ്റുകളുടെ കാര്യത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന ഉറച്ച വിശ്വാസമാണ് സിപിഎം പുലര്‍ത്തുന്നത്.
അതിനിടെ, എല്‍ഡിഎഫില്‍ അര്‍ഹമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കുന്ന ജോസ് കെ മാണി തങ്ങള്‍ ചിലത് പ്രതീക്ഷിക്കുന്നു എന്ന് കൂടിയാണ് പറഞ്ഞ് വയ്ക്കുന്നത്. രാജ്യസഭാ സീറ്റിന് പാര്‍ട്ടി അര്‍ഹരാണെന്ന ജോസ് കെ മാണിയുടെ വാദമാണ് ഇതില്‍ പ്രധാനം.