കേരള കോണ്‍ഗ്രസ് എം ഇടത് പക്ഷത്തേക്ക് എന്ന് നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍ഡിഎഫ് നേതാക്കളെ സന്ദര്‍ശിച്ച് ജോസ് കെ മാണിയും നേതാക്കളും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് എന്നിവരെ എകെജി സെന്ററിലെത്തി കണ്ട ജോസ് കെ മാണി എംഎന്‍ സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും കൂടിക്കാഴ്ച നടത്തി.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതിനിടെ ആയിരുന്നു ജോസ് കെ മാണി എകെജി സെന്ററിലെത്തിയത്. യോഗത്തിനിടയില്‍ നിന്നും കോടിയേരിയും എം വിജയ രാഘവനും ജോസ് കെ മാണിയുമായി കണ്ട് സംസാരിച്ചു. അല്പ നേരം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മടങ്ങിയ ജോസിനെ എകെജി സെന്റെറിന്റെ വാതില്ക്കൽ വരെ കോടിയേരിയും വിജയ രാഘവനും അനുഗമിച്ചു. പിന്നാലെ പരസ്പരം വണങ്ങി ജോസ് മടങ്ങി.
രാവിലെ സിപിഐ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ജോസ് കെ മാണി സിപിഎം നേതാക്കളെ കാണാനെത്തിയത്. എംഎന്‍ സ്മാരകത്തിലേക്ക് ജോസ് എത്തിയത് എകെജി സെന്ററിന്റെ കാറിലായിരുന്നു എന്നതും ശ്രദ്ധേയമായി. എം.എന്‍. സ്മാരകത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുന്നണി പ്രവേശനത്തില്‍ തര്‍ക്കങ്ങളില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. ഭാവി പരിപാടികള്‍ മുന്നണിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ജോസ് വ്യക്തമാക്കി.
എകെജി സെന്ററില്‍ നിന്നു മടങ്ങുമ്പോള്‍ ജോസ് കെ മാണിയുടെ വാക്കുകളില്‍ കൂടുതല്‍ ആത്മവിശ്വാസവും പ്രകടമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ് പ്രവേശനം ഉണ്ടാവുമെന്നാണ് കരുതുന്നത് എന്നായിരുന്നു ജോസ് കെ.മാണിയുടെ വാക്കുകള്‍. ആഗ്രഹം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയെയും എല്‍ഡിഎഫ് കണ്‍വീനറെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനേയും അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനം സബന്ധിച്ച തീരുമാനം ഉണ്ടാവുമെന്നും സൂചനകളുണ്ട്.