TopTop
Begin typing your search above and press return to search.

കൊച്ചിയില്‍ ഇന്നലെ സംഭവിച്ചത് ഇതാണ്; ഇനി അര്‍ബന്‍ ഫ്ലഡ് പ്രതിഭാസവും, ചുരുങ്ങിയ സമയത്ത് അതിശക്ത മഴ ആവര്‍ത്തിച്ചേക്കുമെന്ന് വിദഗ്ധര്‍

കൊച്ചിയില്‍ ഇന്നലെ സംഭവിച്ചത് ഇതാണ്; ഇനി അര്‍ബന്‍ ഫ്ലഡ് പ്രതിഭാസവും, ചുരുങ്ങിയ സമയത്ത് അതിശക്ത മഴ ആവര്‍ത്തിച്ചേക്കുമെന്ന് വിദഗ്ധര്‍

കൊച്ചിയില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ശക്തമായ മഴയും വെള്ളക്കെട്ടും, പുതുതായി ഉടലെടുത്ത അര്‍ബന്‍ ഫ്ലഡ് എന്ന പ്രതിഭാസത്തിന്റെ ഭാഗമാണെന്ന് വിദഗ്ദര്‍. സംസ്ഥാനത്ത് ഇത്തരത്തിലുള്ള മഴ ഇനിയും ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്നും മഴയെ നീരീക്ഷിച്ച കാലാവസ്ഥ വിദഗ്ദര്‍ പറയുന്നു.

വളരെ ചുരുങ്ങിയ സമത്തിനുള്ളില്‍ അതിശക്തമായ മഴ പെയ്തുണ്ടാവുന്ന വെള്ളപ്പൊക്കങ്ങള്‍ കേരളത്തില്‍ അസാധാരണമാണ്. മറ്റ് സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ വളരെ ചുരുങ്ങി സമയത്തിനുള്ളില്‍ വെള്ളപ്പൊക്കമുണ്ടാവുന്നത് സാധാരണമാണെങ്കിലും കേരളത്തില്‍ ഇത് സംഭവിച്ചിരുന്നില്ല. ഉച്ചവരെ പെയ്ത മഴ കൊച്ചിയില്‍ ദിവസം മുഴുവനും തുടര്‍ന്നിരുന്നുവെങ്കില്‍ സ്ഥിതി പ്രവചനാതീതമായേനെ എന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മേഘവിസ്ഫോടനത്താല്‍ ഉണ്ടായതെന്ന് നിര്‍വചിക്കാന്‍ കഴിയുന്ന മഴയോടെ കേരളം പ്രവചനാതീതമായ കാലാവസ്ഥാ സാഹചര്യങ്ങളിലേക്ക് നീങ്ങുകകയാണെന്നും ഇവര്‍ പറയുന്നു.

2018ല്‍ കൊച്ചിയുടെ സമീപ ഭാഗങ്ങള്‍ പ്രളയത്തില്‍ മുങ്ങിയപ്പോഴും നഗരത്തിലെ പല സ്ഥലങ്ങളേയും അത് ബാധിച്ചിരുന്നില്ല. ഡാം അതിവേഗതയില്‍ തുറന്നപ്പോഴുണ്ടായ വെള്ളവും അതിതീവ്ര മഴയെ തുടര്‍ന്ന് ഉയര്‍ന്ന പെരിയാറിലെ ജലനിരപ്പുമാണ് ആലുവ, കളമശേരി, പറവൂര്‍ പ്രദേശങ്ങളെയടക്കം മുക്കിയത്. 2019ല്‍ പ്രളയമുണ്ടായപ്പോഴും പലയിടങ്ങളിലും വെള്ളക്കെട്ടുകളുണ്ടായതൊഴിച്ചാല്‍ കൊച്ചി നഗരം മുങ്ങിയിരുന്നില്ല. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ സാഹചര്യമായിരുന്നു തിങ്കളാഴ്ച നഗരത്തിലുണ്ടായത്. സാധാരണ ഗതിയില്‍ വെള്ളമുയരാത്ത നഗരത്തിലെ പല സ്ഥലങ്ങളും മഴ ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളത്തിലായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിതീവ്ര മഴ പെയ്തതാണ് എറണാകുളത്തെ മുഴുവനായും വെള്ളത്തിനടിയിലാക്കിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെയുള്ള സമയത്ത് 25 സെന്റിമീറ്ററിലധികം മഴയാണ് എറണാകുളം നഗരത്തില്‍ പെയ്തത്. എറണാകുളം കൂടാതെ വൈക്കം, ആലപ്പുഴ തുടങ്ങിയയിടങ്ങളിലും അതിതീവ്ര മഴ ലഭിച്ചു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചെറുതും വലുതുമായ മേഘവിസ്ഫോടനങ്ങളിലൂടെ ഉണ്ടാവുന്ന അതിതീവ്ര മഴയാണ് ഇവിടങ്ങളിലുണ്ടായത്. ഡ്രെയ്നേജ് സിസ്റ്റത്തിലെ പോരായ്മകളും നഗരാസൂത്രണത്തിലെ പിഴവുകളുമാണ് എറണാകുളത്തെ മുഴുവനായും മുക്കിയത്. പ്രവചനാതീതമായി കേരളത്തിലെ കാലാവസ്ഥ മാറുന്നതിനാല്‍ ഇത്തരം അലംഭാവങ്ങള്‍ വലിയ ദുരന്തങ്ങള്‍ക്ക് വഴി വച്ചേക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആഗോള താപനവും കാലവസ്ഥാ വ്യതിയാനത്തിന്റേയും ഭാഗമായി ലോകത്ത് പലയിടങ്ങളില്‍ ഉണ്ടായ മാറ്റങ്ങളില്‍ നിന്ന് കേരളം ഒരു പരിധി വരെ മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ 2015 മുതല്‍ പ്രവചന സാധ്യമായ കാലാവസ്ഥയില്‍ നിന്ന് കേരളം മാറി. ഓഖി ചുഴലിക്കാറ്റ് മുതല്‍ ആ മാറ്റം അടിക്കടി പ്രകടമാവുകയും ചെയ്തു. രണ്ട് വര്‍ഷങ്ങളിലായി ഉണ്ടായ പ്രളയവും താപനിലയിലെ ഉയര്‍ച്ചയും മഞ്ഞിലുണ്ടായ വ്യത്യാസവും സമുദ്രോപരിതലത്തിലെ കൂടി വരുന്ന ചൂടും എല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങളായാണ് വിദഗ്ദ്ധര്‍ അടയാളപ്പെടുത്തുന്നത്. നിലവില്‍ കേരളത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അസാധാരണമായ തുലാവര്‍ഷ മഴയും മേഘ വിസ്ഫോടനങ്ങളും അതുവഴിയുണ്ടാവുന്ന അതിതീവ്ര മഴയും ഈ മാറ്റത്തിന്റെ ഭാഗമാണ്. 'കാലാവസ്ഥാ ദൈവം ഇനിയും കേരളത്തോട് കനിയുമെന്ന് പ്രതീക്ഷിക്കരുത്' എന്നാണ് ഒരു കാലാവസ്ഥാ വിദഗ്ദ്ധന്‍ പ്രതികരിച്ചത്. ഏത് കാലാവസ്ഥയും അതിന്റെ തീവ്ര സ്വഭാവം വെളിപ്പെടുത്തുന്ന തരത്തിലേക്ക് കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി കേരളം മാറിയിരിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വരള്‍ച്ചയും മഴയും അതിതീവ്ര അവസ്ഥകളില്‍ കേരളം അനുഭവിക്കാനിരിക്കുന്നു എന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ സര്‍ക്കാര്‍ നയങ്ങള്‍ ചിട്ടപ്പെടുത്തുകയും അത് ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കുകയും ചെയിതില്ലെങ്കില്‍ വരും കാലം ദുരന്തങ്ങളുടേതായിരിക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ന്യൂനമര്‍ദ്ദങ്ങള്‍

ഇപ്പോള്‍ കേരളത്തിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത് ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട അതി ശക്തമായ ന്യൂനമര്‍ദ്ദമാണ്. ഇനിയും മൂന്ന് ദിവസത്തിലധികം ഇത് കേരളത്തില്‍ മഴയെത്തിക്കും. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ സമാനമായ രീതിയില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട് വരികയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ അത് ശക്തി പ്രാപിക്കുകയും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയുണ്ടാവാനുള്ള സാഹചര്യമുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇതിനേക്കാള്‍ ഭയക്കേണ്ട ന്യൂനമര്‍ദ്ദം കന്യാകുമാരിക്കും ശ്രീലങ്കയ്ക്കും നടുവില്‍ രൂപം കൊള്ളുന്നതായി കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിക്കുന്നു. ഓഖി ചുഴലിക്കാറ്റുണ്ടായ അതേ പാതയിലൂടെയാവും ഈ ന്യൂനമര്‍ദ്ദവും സഞ്ചരിക്കുക എന്ന സൂചന കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കുന്നു. ഇത് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതകളും അവര്‍ തള്ളിക്കളയുന്നില്ല. എന്നാല്‍ ഇത് കേരള തീരത്തെ ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതരുള്‍പ്പെടെയുള്ളവര്‍. ഏത് സമയവും ശക്തമാകാവുന്ന, ദിശ മാറിയേക്കാവുന്ന മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന കേരളത്തില്‍ നവംബര്‍ ആദ്യ ആഴ്ച വരെ തുടര്‍ച്ചയായി മഴ ലഭിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പങ്കുവക്കുന്നത്.


Next Story

Related Stories